പാളയം ജുമാ മസ്ജിദ്- പ്രതീകാത്മക ചിത്രം 

പാളയം ജുമ മസ്ജിദ്; സൗഹാർദ്ദവഴിയിലെ പ്രകാശഗോപുരം, അറിയാം പാളയം പള്ളിയുടെ ചരിത്രം...

രിത്രമുറങ്ങുന്ന ഭരണ മന്ദിരങ്ങൾക്കും വൈജ്ഞാനിക പ്രൗഢിയുടെ കലാലയമുറ്റങ്ങൾക്കും ചാരെ സൗഹാർദ്ദത്തിന്‍റെ അടയാളപ്പെടുത്തലായി തലയുയർത്തി നിൽക്കുകയാണ് പാളയം മസ്ജിദിന്റെ വെള്ള മിനാരങ്ങൾ. നഗരഹൃദയം അതിന്റെ ഓരോ ദിവസത്തെയും വേഗതകളിലേക്ക് ഒഴുകിപ്പരക്കുന്നതും തിരക്കൊഴിഞ്ഞ് രാത്രിയിലേക്ക് മടങ്ങുന്നതും തിളങ്ങുന്ന ഈ മിനാരങ്ങളിലൂടെ ഓരങ്ങളിലൂടെയാണ്. കവിയും തത്വചിന്തകനുമായിരുന്നു അല്ലാമാ ഇഖ്ബാൽ മസ്ജിദുകളുടെ മിനാരങ്ങളെ ഉപമിച്ചത് സ്രഷ്ടാവിങ്കലേക്ക് ഉയർത്തിപ്പിടിച്ച പ്രാർത്ഥനാ കരങ്ങളോടാണ്. ഓരോ നിമിഷവും ഈ നഗരത്തിന് വേണ്ടിയുള്ള ഒരു നിശബ്ദ പ്രാർത്ഥനപോലെ അവ വിണ്ണിലേക്ക് മിഴിതുറന്നു നിൽക്കുന്നു.

ആരാധനയ്‌ക്കൊപ്പം അറിവിന്റെയും സാന്ത്വനത്തിന്റെയും സാംസ്കാരിക കേന്ദ്രമാകണം മസ്ജിദുകൾ എന്നതാണ് പ്രവാചക മാതൃക. പ്രവാചകൻ പടുത്തുയർത്തിയ മസ്ജിദുന്നബവിയുടെ ശാഖകളാണ് ലോകത്തെവിടെയുമുള്ള ഓരോ മസ്ജിദുകളും എന്ന ദർശനം ഉൾക്കൊണ്ട്, ആ ആത്മീയ പാരമ്പര്യത്തെ നഗരഹൃദയത്തിൽ പ്രതിഫലിപ്പിക്കുകയാണ് ‘മസ്ജിദ് ജഹാൻ നുമാ’ (ലോകത്തെ പ്രതിഫലിപ്പിക്കുന്ന മസ്ജിദ്) എന്ന് നാമകരണം ചെയ്യപ്പെട്ടിട്ടുള്ള പാളയം ജുമാ മസ്ജിദ്. 1813ൽ ബ്രിട്ടീഷ് റെജിമെന്റിലെ മുസ്‍ലിം സൈനികർക്കായി ഒരുക്കിയ ‘പട്ടാളപ്പള്ളി’ എന്ന എളിയ തുടക്കത്തിൽ നിന്നാണ് തലസ്ഥാന നഗരത്തിന്‍റെ അടയാളപ്പെടുത്തലായി ഇന്ന് കാണുന്ന വിശാലതയിലേക്കുള്ള മസ്ജിദിന്‍റെ വളർച്ച. നഗരത്തിന്റെ തന്നെ നവോത്ഥാനത്തിന്റെയും സൗഹാർദത്തിന്റെയും ചരിത്രത്തോടൊപ്പമായിരുന്നു മസ്ജിദിന്‍റെയും പ്രയാണം. പടവീട്, കൂടാരം, സൈന്യം, പട്ടാളം തങ്ങുന്ന ഇടം എന്നിങ്ങനെയാണ് ‘പാളയം’ എന്ന വാക്കിന് ചരിത്രപരമായ അർത്ഥങ്ങൾ. അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയുടെ ഭരണകാലത്ത് (1729–1758) എട്ടു വീട്ടിൽ പിള്ളമാരുടെ ആഭ്യന്തര കലാപങ്ങളെ അടിച്ചമർത്തുന്നതിനായി അദ്ദേഹം മധുര നായ്ക്കന്മാരുമായി ഒരു സുപ്രധാന ഉടമ്പടി ഒപ്പിട്ടിരുന്നു. ഈ ഉടമ്പടി പ്രകാരം തിരുവിതാംകൂറിലെത്തിയ വിദേശ സൈന്യത്തിൽ വലിയൊരു വിഭാഗം പത്താൻമാരും മുസ്‍ലിം പോരാളികളുമായിരുന്നു.

ദക്ഷിണ തമിഴ് രാജ്യങ്ങളിലെ യുദ്ധമുറകളിൽ പ്രാവീണ്യമുള്ള ഈ സൈനികർ തിരുവിതാംകൂർ സേനയുടെ കരുത്തായി മാറി. പിൽക്കാലത്ത് ഹൈദരാബാദ് നൈസാമുമായുള്ള തിരുവിതാംകൂറിന്റെ അടുത്ത ബന്ധം വഴി കൂടുതൽ മുസ്‍ലിം ഭടന്മാർ നഗരത്തിലെത്തുകയും അവർ പാളയം കേന്ദ്രീകരിച്ച് തങ്ങുകയും ചെയ്തു. ബ്രിട്ടീഷ്-ഇന്ത്യൻ പട്ടാളത്തിലും ധാരാളം മുസ്‍ലിം സൈനികർ ഉണ്ടായിരുന്നു. തിരുവിതാംകൂർ ഒരു നാട്ടുരാജ്യമായിരുന്ന കാലത്ത് ബ്രിട്ടീഷ് സേന താവളമടിച്ചിരുന്നതും പാളയത്തായിരുന്നു. വിവിധ ഭാഷകളും സംസ്കാരങ്ങളും പിന്തുടരുന്ന സൈനികർ ഒത്തുചേർന്ന ഈ പ്രദേശം അങ്ങനെ നഗരത്തിലെ ഒരു പ്രധാന സാംസ്കാരിക കേന്ദ്രമായി മാറി. ഇത്തരത്തിൽ അവിടെ തമ്പടിച്ച സൈനികരുടെ ആത്മീയ ആവശ്യങ്ങൾ മുൻനിർത്തി 1813ൽ രണ്ടാം റെജിമെന്റിന് കീഴിൽ ചെറിയൊരു പള്ളിയും ഈദ്ഗാഹും സ്ഥാപിച്ചു. പാളയം പള്ളിയുടെ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഘട്ടം 1824ലാണ് സംഭവിക്കുന്നത്. പള്ളിയുടെ സ്ഥാപനത്തിന് ശേഷം പത്തു വർഷങ്ങൾ പിന്നിടുമ്പോൾ, സൈനികരുടെ ഇടപെടലിലൂടെ അതൊരു ശാശ്വത സംവിധാനമായി മാറുകയായിരുന്നു. ആറാം റെജിമെന്റിലെ മുസ്‍ലിം സൈനിക ഉദ്യോഗസ്ഥർ ഒത്തുചേർന്ന്, മസ്ജിദ് നിലനിന്നിരുന്ന ഭൂമി വിലയ്ക്ക് വാങ്ങാൻ തീരുമാനിച്ചു. കേവലം ഒരു താത്കാലിക ആരാധനാകേന്ദ്രം എന്ന നിലയിൽ നിന്ന് ഈ പ്രദേശം അവരുടെ സ്വന്തം ഇടമായി മാറിയത് ഈ ഘട്ടത്തിലാണ്. ആരാധനകൾക്കും മറ്റു കർമ്മങ്ങൾക്കും കൃത്യമായ നേതൃത്വം ഉറപ്പുവരുത്താനായി ഒരു ഖാദിയെ അവർ അവിടെ നിയോഗിച്ചു. ചെറിയ സൈനിക കൂടാരമായി തുടങ്ങിയ പള്ളി, ഒരു ജനതയുടെ ആത്മീയ കേന്ദ്രമായി വേരുറപ്പിക്കുന്ന കാഴ്ചയാണ് പിന്നീട് ചരിത്രം സാക്ഷ്യം വഹിച്ചത്.

മുഖഛായാ മാറ്റത്തിലേക്ക്

1849 ആയപ്പോഴേക്കും പള്ളിയിൽ വീണ്ടും പരിഷ്കാരങ്ങൾ നടന്നു. 16ാം റെജിമെന്റിലെ ഉദ്യോഗസ്ഥർ മുൻകൈ എടുത്ത് ഇൻഡോ-സാരസൻ മാതൃകയിൽ കമാനങ്ങളോടു കൂടിയ മനോഹരമായ ഒരു ഗേറ്റ് നിർമ്മിച്ചു. അതുവരെ തികച്ചും പരിമിതമായ സൗകര്യങ്ങളോടെ പ്രവർത്തിച്ചിരുന്ന മസ്ജിദിന്റെ രൂപഘടനയിൽ വന്ന ആദ്യത്തെ പ്രധാന മാറ്റമായിരുന്നു ഇത്.

1898ൽ പ്രമുഖ വ്യാപാരിയായിരുന്ന ഹാജി യൂനുസ് സേട്ട് പള്ളി പൂർണ്ണമായും പൊളിച്ചു പണിതു. അദ്ദേഹം പണികഴിപ്പിച്ച ആ കെട്ടിടം 61 വർഷത്തോളമാണ് നിലനിന്നത്. എന്നാൽ കേരളപ്പിറവിയോടുകൂടി തിരുവനന്തപുരം സംസ്ഥാനത്തിന്റെ തലസ്ഥാനമായി മാറിയതോടെ പാളയത്തിന്റെ മുഖച്ഛായ തന്നെ മാറി. നഗരം വികസിക്കുകയും ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പള്ളിയിലേക്ക് വിശ്വാസികളുടെ ഒഴുക്ക് വർദ്ധിക്കുകയും ചെയ്തതോടെ സ്ഥലപരിമിതി വലിയൊരു പ്രതിസന്ധിയായി. ചില ജുമുഅ ദിവസങ്ങളിൽ പള്ളിക്കകത്ത് ഇടമില്ലാതെ മുറ്റത്ത് പോലും നിന്ന് ആളുകൾക്ക് നമസ്കരിക്കേണ്ടി വന്നു. ഈ ഘട്ടത്തിലാണ് മസ്ജിദ് വീണ്ടും പുതുക്കിപ്പണിയുന്നതിനെക്കുറിച്ചുള്ള ഗൗരവമായ ചർച്ചകൾ ഉയർന്നുവന്നത്. ഇതിനെത്തുടർന്ന് 1959ൽ പഴയ കെട്ടിടം പൊളിച്ച് മാറ്റിക്കൊണ്ട് പുതിയ മസ്ജിദിനായുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. നാല് വർഷം നീണ്ടുനിന്ന നിർമാണത്തിനൊടുവിൽ ആധുനിക വാസ്തുവിദ്യാ വിസ്മയമായി മസ്ജിദ് മാറി.

മുഗൾ ശൈലിയും വാസ്തുവിദ്യാ വിസ്മയവും

പ്രധാനഹാളിന്റെ മധ്യത്തിൽ ഉയർന്നു കാണുന്ന 30 അടി വ്യാസമുള്ള ഖുബ്ബയും ആകാശത്തേക്ക് ഉയർന്നുനിൽക്കുന്ന മിനാരങ്ങളുമാണ് പുതിയ മസ്ജിദിന്റെ ഏറ്റവും വലിയ സവിശേഷത. ആകൃതിയിലും സ്ഥാനനിർണ്ണയത്തിലും അലങ്കാരങ്ങളിലും താജ്‌മഹലിനോടും ഡൽഹി ജുംആ മസ്‌ജിദിനോടും ഇതിന് സാദൃശ്യമുണ്ട്. ബിജാപൂർ ഖുബ്ബകൾക്ക് സമാനമായ രൂപഘടനയിൽ നിർമ്മിക്കപ്പെട്ട ഈ മന്ദിരം ഉത്തരേന്ത്യൻ മുഗൾ ശൈലിയുടെയും ഇൻഡോ-സാരസനിക് മാതൃകയുടെയും പ്രൗഢി വിളിച്ചോതുന്നവയാണ്. സംസ്ഥാന സർക്കാറിന്റെ ചീഫ് ടൗൺ പ്ലാനറും കൺസൾട്ടിങ് ആർകിടെക്റ്റുമായിരുന്ന ജെ.സി. അലക്സാണ്ടർ തയ്യാറാക്കിയ സ്കെച്ചും പ്ലാനും അന്നത്തെ ചീഫ് എൻജിനീയർ ടി.പി. കുട്ടിയമ്മുവിന്റെ നേതൃത്വത്തിലാണ് യാഥാർത്ഥ്യമായത്. ഈ വാസ്തുവിദ്യാ വിസ്മയത്തിന് കലാപരമായ പൂർണത നൽകിയതിൽ പ്രശസ്ത ശില്പി ജി. ഗോപാലകൃഷ്ണന്റെ പങ്ക് നിർണ്ണായകമാണ്. മതസൗഹാർദത്തിന്റെ പ്രതീകമായ അദ്ദേഹം പള്ളിയുടെ മുൻഭാഗത്തെ കമാനങ്ങളിലും മനോഹരമായ അറബിക് കാലിഗ്രാഫിയിൽ ഖുർആൻ സൂക്തങ്ങൾ കൊത്തിയെടുത്തു. അങ്ങേയറ്റം കൃത്യതയോടെയാണ് അദ്ദേഹം പള്ളിയിൽ ആലേഖനം ചെയ്തത്.1967 ഡിസംബർ 20ന് അന്നത്തെ ഇന്ത്യൻ രാഷ്ട്രപതി ഡോ. സാക്കിർ ഹുസൈനാണ് മസ്ജിദിന്‍റെ ഉദ്ഘാടനം നിർവഹിച്ചത്. ഹസൻ മരിക്കാർ, ഡി.ഐ.ജി സയ്യിദ് ഉസ്മാൻ, ഹബീബ് മരിക്കാർ, ഹാജി എസ്. സെയ്ദു മുഹമ്മദ്, പി.കെ. അബ്ദുല്ല ഐ.എ.എസ്, എം. അബ്ദുസലാം ഐ.എ.എസ്, ഡോ. സയ്യിദ് മിയാൻ, കെ. അബ്ദുർറാൻ, ഡോ.ആദം ഖാൻ, അഡ്വ. മീർ ഹുസൈൻ സൈനുൽ ആബിദീൻ(താജ്), ഹാജി സത്താർ സേട്ട്, ഹാജി മുഹമ്മദ് എന്നിവരാണ് നിർമാണച്ചുമതല വഹിച്ചിരുന്ന പ്രമുഖർ.

പരിഷ്കരണ വഴിയിലെ വെള്ളമിനാരങ്ങൾ

സ്‌ലാമിന്റെ ശരിയായ നിയമനിർദ്ദേശങ്ങൾക്കനുസരിച്ച് പാളയം ജമാഅത്തിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ എക്കാലത്തെയും നേതൃത്വം ശ്രദ്ധിച്ചിട്ടുണ്ട്. പ്രവർത്തനങ്ങൾ രൂപപ്പെടുത്തുന്നതിലും തർക്കങ്ങൾ പരിഹരിക്കുന്നതിലും ശരീഅത്തിന്റെ വിധികൾ പരമാവധി പാലിക്കാൻ പരിപാലന സമിതി പരിശ്രമിക്കുന്നു. അന്ധവിശ്വാസങ്ങളിൽ നിന്നും അനാചാരങ്ങളിൽ നിന്നും മുക്തമായ ദീനീ പ്രവർത്തനങ്ങൾക്കാണ് മുസ്‍ലിം ജമാഅത്ത് എന്നും മുൻഗണന നൽകുന്നത്. സമുദായത്തിൽ നിലനിന്ന അന്ധവിശ്വാസങ്ങളെയും അനാചാരപരമായ പ്രവണതകളെയും പിൽക്കാലത്ത് വിവേകത്തോടെ കൈകാര്യം ചെയ്ത് അവസാനിപ്പിക്കാൻ എല്ലാ കാലവും നേതൃത്വത്തിന് സാധിച്ചിട്ടുണ്ട്. പള്ളിയിലെ ഇമാമുമാരായിരുന്ന അബുൽ ഹസൻ അലി നൂരി, പി.കെ.കെ അഹമ്മദ് കുട്ടി മൗലവി, പി. മുഹമ്മദ് മൈതീൻ സാഹിബ് എന്നിവർ ഈ പരിഷ്കരണങ്ങളിൽ മുഖ്യപങ്ക് വഹിച്ചു. ഇതേ ആർജ്ജവത്തോടെയാണ് മുസ്‍ലിം സ്ത്രീകളുടെ പള്ളിപ്രവേശത്തിലും പാളയം ജമാഅത്ത് നിലപാട് സ്വീകരിച്ചത്. തിരുവനന്തപുരം ഫ്രൈഡേ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്ത്രീകൾക്ക് പള്ളിയിൽ തറാവീഹ് നമസ്കാരത്തിന് സൗകര്യം നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ, ഇസ്‌ലാമിക നിയമങ്ങൾക്കനുസൃതമായി സമിതി അത് അംഗീകരിച്ചു. ഇതിനുപുറമെ, സ്ത്രീകൾക്ക് വേണ്ടി സ്ത്രീകൾ തന്നെ നടത്തുന്ന ഖുർആൻ പഠന ക്ലാസുകളും പള്ളിക്ക് കീഴിൽ കാര്യക്ഷമമായി നടക്കുന്നുണ്ട്.

പാളയം മുസ്‍ലിം ജമാഅത്തിന്റെ ആത്മീയ നേതൃത്വം വഹിച്ചവർ:

ശൈഖ് മൻസ്വൂർ ലബ്ബ (1956-58), മൗലവി എൻ. മുഹമ്മദ് മദാർ (1958-62), മൗലവി അബുൽ ഹസൻ അലി നൂരി (1962-79), പി.കെ.കെ. അഹ്മദ് കുട്ടി മൗലവി (1979-89, 1995-98), ഹാഫിള് പി.എച്ച്. അബ്ദുൽ ഗഫാർ മൗലവി (1989-95), പി.കെ. ഹംസ മൗലവി ഫാറൂഖി (1998-2008), മൗലവി ജമാലുദ്ദീൻ മങ്കട (2008-2014), ഡോ. യൂസുഫ് നദ്‌വി (2014-2015). 2015 മുതൽ ഡോ. വി.പി. സുഹൈബ് മൗലവിയാണ് നിലവിലെ ഇമാം.

ആശയവൈവിധ്യങ്ങൾക്കിടയിലെ ഐക്യത്തിന്റെ കരുത്ത്

ന്നും ആരാധനാക്രമങ്ങൾ ഹനഫി രീതിയിലാണെങ്കിലും പള്ളിയിലെത്തുന്ന വിശ്വാസികളിൽ ഭൂരിഭാഗവും ഷാഫി മദ്ഹബുകാരാണ്. എന്നാൽ ഈ വൈവിധ്യം ഒരിക്കൽ പോലും അവിടുത്തെ ഐക്യത്തിന് തടസ്സമായിട്ടില്ല. വ്യത്യസ്തമായ കർമ്മശാസ്ത്ര വീക്ഷണങ്ങളെ അംഗീകരിച്ചുകൊണ്ട് തന്നെ ഒരുമിച്ച് പ്രവർത്തിക്കാമെന്ന പരസ്പര ബഹുമാനത്തിന്റെ വലിയ മാതൃകയാണിത്. 1947ൽ ഹുസൈൻ ഖാൻ സാഹിബിന്റെ നേതൃത്വത്തിൽ രൂപംകൊണ്ട ജനകീയ സമിതിയിലൂടെയാണ് മഹല്ല് പൊതുപങ്കാളിത്തത്തിലധിഷ്ഠിതമായ ഒരു ഭരണക്രമം സ്വീകരിച്ചത്. വ്യക്തികേന്ദ്രീകൃതമായ തീരുമാനങ്ങൾക്ക് പകരം, എല്ലാ വിഭാഗങ്ങളെയും തുല്യമായി പരിഗണിക്കുന്ന ഒരു വ്യവസ്ഥാപിത രീതിയാണ് ഇവിടെ നടപ്പിലാക്കിയത്. മഹല്ലിന്റെ പ്രവർത്തനങ്ങൾ സുതാര്യമാക്കാൻ പാളയം, തൈക്കാട്, ശാസ്തമംഗലം തുടങ്ങി ആറ് മേഖലകളെ 24 വാർഡുകളായി തിരിച്ചാണ് അംഗങ്ങളെ നിശ്ചയിക്കുന്നത്. മുസ്‍ലിം സമൂഹത്തിലെ ഐക്യം ഊട്ടിയുറപ്പിക്കാൻ ഷാഫി , ഹനഫി, ഹനഫി-ദഖ്നി വിഭാഗങ്ങൾക്ക് ഭരണസമിതിയിൽ നിശ്ചിത സീറ്റുകൾ (12, 8, 4 എന്നിങ്ങനെ) ഉറപ്പാക്കുന്നതിലൂടെ, നീതിപൂർവ്വമായ പങ്കാളിത്തമാണ് ജമാഅത്ത് ലക്ഷ്യമിടുന്നത്. മുൻകാലങ്ങളിൽ അയൽപക്ക മഹല്ലുകളിലുണ്ടായ ഭിന്നിപ്പുകൾ ഒരു പാഠമായപ്പോൾ, ടി.പി. കുട്ടിയമ്മു സാഹിബിനെപ്പോലെയുള്ള ദീർഘദർശികളായ നേതാക്കൾ ഈ സമവായത്തിന്റെ പാത വെട്ടിത്തുറന്നു.

പാളയം പള്ളി ഒരു ‘ഹനഫി മുസല്ല’ ആയിട്ടാണ് ചരിത്രത്തിൽ അറിയപ്പെടുന്നതെങ്കിലും, ഹനഫി ഇമാമിന് പിന്നിൽ ഷാഫി , സലഫി വീക്ഷണങ്ങളുള്ളവർ ഒരേ അണിയിൽ തോളുരുമ്മി നിന്ന് നമസ്കരിക്കുന്നത് പാളയത്തിന്റെ വലിയ പ്രത്യേകതയാണ്. ശാഖാപരമായ ഭിന്നതകൾ പൊതുനന്മയ്ക്കായി മാറ്റിവെക്കാനുള്ള ഈ പക്വത, ഈ പ്രദേശത്തെ വിശ്വാസികളുടെ സഹിഷ്ണുതയുടെയും വൈജ്ഞാനികമായ വളർച്ചയുടെയും അടയാളം കൂടിയാണ്. ആഘോഷങ്ങളിലും പഠനവേദികളിലും വിവിധ ചിന്താധാരയിലുള്ള പണ്ഡിതന്മാർ ഒരേ വേദി പങ്കിടുന്നത് ഈ പാരസ്പര്യത്തെ കൂടുതൽ ദൃഢമാക്കുന്നു. ചുരുക്കത്തിൽ, വൈവിധ്യങ്ങളെ തർക്കങ്ങളിലേക്കല്ല, മറിച്ച് വ്യവസ്ഥാപിതമായ ഐക്യത്തിലേക്കാണ് പാളയം പള്ളി വഴിനടത്തുന്നത്.

സേവന-ക്ഷേമ വഴികളിൽ ഒരു പടി മുന്നിൽ

സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളും സേവനദൗത്യങ്ങളും പരിഷ്കരണ ഇടപെടലുകളും ദീനീ പഠന പരിപാടികളുമടക്കം സമഗ്രമായ പദ്ധതികളാണ് പാളയം മഹല്ലിന് കീഴിൽ കാര്യക്ഷമമായി നടക്കുന്നത്. 1995ൽ ആരംഭിച്ച പാളയം മുസ്‍ലിം ജമാഅത്ത് സകാത്ത് കമ്മിറ്റിയിലൂടെ സകാത്ത് ശേഖരണവും വിതരണവും സംഘടിതമായി ഏകോപിപ്പിച്ചു. 1967ൽ ടി.പി. കുട്ടിയമ്മു സാഹിബിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഫിത്ർ സകാത്ത് വിതരണം പിൽക്കാലത്ത് ജമാഅത്ത് ഏറ്റെടുത്ത് കൂടുതൽ വ്യവസ്ഥാപിതമാക്കി. വൈജ്ഞാനിക പരിപാടികൾക്കായി ഇസ്ലാമിക സംസ്കാര സമിതിയും വിദ്യാഭ്യാസ-ഗവേഷണ പ്രവർത്തനങ്ങൾക്കായി എജുക്കേഷൻ ആൻഡ് റിസർച്ച് കമ്മിറ്റിയും സജീവമാണ്. ഇതിനുപുറമെ, പാളയം ദാറുൽ ഉലൂം മദ്റസ, ലൈബ്രറി, നികാഹ് സഹായ ഫണ്ട്, ഖുർആൻ സ്റ്റഡി സെന്റർ എന്നിവ വഴി വിപുലമായ സേവനങ്ങളാണ് നടക്കുന്നത്. മഹാപ്രളയ കാലത്ത് ദുരിതബാധിതർക്കായി വലിയ രീതിയിലുള്ള വിഭവസമാഹരണവും വിതരണവും നടത്തി പാളയം പള്ളി തിരുവനന്തപുരത്തെ സേവനപ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രമായി മാറി. ദീനീ പാണ്ഡിത്യമുള്ളവരെ കൂടി ഉൾപ്പെടുത്തി രൂപീകരിക്കുന്ന സബ് കമ്മിറ്റികളിലൂടെ ഓരോ ഇടപെടലും ഇസ്‌ലാമിക അധ്യാപനങ്ങൾക്കനുസൃതമാണെന്ന് ഉറപ്പുവരുത്താൻ ഭരണസമിതി പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

ദി റിയൽ 'കേരള സ്റ്റോറി'

ക്ഷേത്രത്തിനും കത്തീഡ്രലിനും മധ്യേ പ്രശാന്തമായി നിലകൊള്ളുന്ന പള്ളിമുറ്റം ആറ്റുകാൽ പൊങ്കാലക്കെത്തിയ സഹോദരിമാർക്ക് തണലേകാനും അവർക്ക് ദാഹജലം നൽകാനും തുറന്നുനൽകിയത് ലോകം മുഴുവൻ കണ്ടു മനസ്സ് നിറഞ്ഞ ഹൃദ്യമായ അനുഭവങ്ങളാണ്. ഓരോ വിശ്വാസിയും അവരവരുടെ വിശ്വാസ പ്രമാണങ്ങളിൽ ഉറച്ചുനിൽക്കുമ്പോൾ തന്നെ പുലർത്തുന്ന ഈ മാനവ മൈത്രി തലസ്ഥാന നഗരത്തിന്റെ മതേതര മനസ്സാക്ഷിയെ അടയാളപ്പെടുത്തുന്നു. കലർപ്പില്ലാത്ത സ്നേഹത്തിന്റെയും അറിവിന്റെയും മറുവാക്കായി ഓരോ നഗരവാസിയുടെയും ഉള്ളിൽ നിറഞ്ഞുനിൽക്കുന്നു. ഇത് കാലങ്ങളായി നടന്നു വരുന്ന ഒന്നാണെങ്കിലും ഇത്തവണ വിശുദ്ധ റമദാൻ മാസത്തിൽ വിശ്വാസികൾ നോമ്പ് നോൽക്കുന്ന സമയമായതുകൊണ്ട് ഇത്തരം സേവനങ്ങളിൽ ഒരു കുറവും വരാൻ പാടില്ലെന്ന പ്രത്യേക ഉൽബോധനമാണ് പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി വെള്ളിയാഴ്ച ഖുതുബയിലൂടെ വിശ്വാസികൾക്ക് നൽകിയത്. പൊങ്കാലയിടാൻ എത്തുന്ന സ്ത്രീകൾക്ക് ആവശ്യമായ കുടിവെള്ളം, വിശ്രമ സൗകര്യം, പ്രാഥമിക സൗകര്യങ്ങൾ എന്നിവ ഒരുക്കിക്കൊടുക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. പള്ളിമുറ്റവും വീടുകളും ഭക്തർക്കായി തുറന്നുനൽകണമെന്ന ഇമാമിന്റെ ഈ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഒട്ടേറെ പ്രമുഖർ ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് ‘ഇതാണ് യഥാർത്ഥ കേരള സ്റ്റോറി’ എന്ന് കുറിച്ചത് വിദ്വേഷം പടർത്താൻ ശ്രമിക്കുന്നവർക്കുള്ള കൃത്യമായ താക്കീതായി.

Tags:    
News Summary - Palayam Juma Masjid: The Beacon of Harmony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.