????????????? ????? ?????? ?????????

മോസ്റ്റ് പ്രോമിസിങ് "മലയാളി'

നമ്മള്‍ മലയാളികള്‍ക്ക് ഒരു ശീലമുണ്ട്. ഒന്നും കളയില്ല. എന്നെങ്കിലും ആവശ്യം വരുമെന്ന് കരുതി നാം സൂക്ഷിച്ചുവെച്ച സാധനങ്ങള്‍ കാരണം വീടിന്‍െറ മുകള്‍നിലയില്‍ ഒന്ന് കയറാന്‍പോലും പ്രയാസമായിരിക്കും. മച്ചില്‍ പൊടിപിടിച്ചു കിടക്കുന്ന വസ്തുക്കളില്‍നിന്ന് നമുക്ക് ആവശ്യമുള്ള സാധനം തിരഞ്ഞു കണ്ടുപിടിക്കണമെങ്കില്‍ ഇത്തിരി കഷ്ടപ്പെടേണ്ടിവരും. മലയാളിക്ക് സ്വന്തമെന്ന് പറയാവുന്ന മറ്റൊരു ദുശ്ശീലമുണ്ട്. വീട് വൃത്തിയാക്കി റോഡിലോ അടുത്ത പറമ്പിലോ കൊണ്ടിടും. വീട് വൃത്തിയാക്കുന്ന ശ്രദ്ധ നാട് വെടിപ്പായിരിക്കണം എന്ന കാര്യത്തില്‍ ഇല്ല. അതിന് നമ്മുടെ നിരത്തുകള്‍ സാക്ഷിയാണ്.

ഇനിയൊരു കഥ പറയാം. ഒരു മലയാളിയുടെ കഥ. ഈ സംഭവം നടക്കുന്നത് രണ്ടു കൊല്ലം മുമ്പാണ്. കഥാനായകനായ മലയാളിയുടെ പേര് പ്രേംലാല്‍ പുള്ളിശ്ശേരി. ഒരു ദിവസം ഭാര്യയുമൊന്നിച്ച് അപ്പാര്‍ട്മെന്‍റ് വൃത്തിയാക്കുകയായിരുന്നു അദ്ദേഹം. പലതും പറഞ്ഞ കൂട്ടത്തില്‍ ഭാര്യയോട് തമാശക്ക് പറഞ്ഞു: ''നമുക്ക് എന്നും ആവശ്യമില്ലാത്ത ഈ സാധനങ്ങള്‍ എവിടെയെങ്കിലും കൊണ്ടുപോയിട്ട് ആവശ്യമുള്ളപ്പോള്‍ തിരിച്ചെടുക്കാന്‍ പറ്റിയിരുന്നെങ്കില്‍ നന്നായിരുന്നേനെ... അല്ലേ.'' ''ആ, സംഗതി നല്ലതുതന്നെ. പക്ഷേ, ആരാ അങ്ങനെ കൊണ്ടുതരുക''-ഭാര്യയുടെ മറുപടി കേട്ടപ്പോള്‍ കഥാനായകന്‍െറ തലയില്‍ കൊള്ളിയാന്‍ മിന്നി. മറുപടി ആദ്യം മനസ്സില്‍ പറഞ്ഞു ''ഞാന്‍...'' പിന്നെ ഭാര്യയോടും കൂട്ടുകാരോടും പറഞ്ഞു. സ്ഥലംമുടക്കി സാധനങ്ങള്‍കൊണ്ട് തോറ്റിരിക്കുകയായിരുന്ന കൂട്ടുകാര്‍ക്കും ആശയം പിടിച്ചു.

ഒരുമിച്ചു നില്‍ക്കാനുള്ള മനസ്സും വ്യത്യസ്തമായി ചിന്തിക്കാനുള്ള കഴിവുമുണ്ടെങ്കില്‍ നാലു ചങ്ങാതിമാര്‍ വിചാരിച്ചാലും എന്തെങ്കിലുമൊക്കെ നടക്കുമെന്ന് തെളിഞ്ഞതാണ് ക്ലൈമാക്സ്. പ്രശ്നങ്ങളെല്ലാം സാധ്യതകളും അവസരങ്ങളുമാണെന്ന് അവര്‍ തെളിയിച്ചു. അതെ, അവര്‍ നാലു പേരുണ്ടായിരുന്നു. ട്രിച്ചി നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ പ്രോഡക്ട് എന്‍ജിനീയറിങ് പഠിച്ച പ്രേംലാല്‍ പുള്ളിശ്ശേരി, എം.ബി.എ ബിരുദധാരിയായ അബ്രഹാം തോമസ്, കമ്പ്യൂട്ടര്‍ സയന്‍സില്‍ എട്ടു വര്‍ഷത്തെ പരിചയമുള്ള ലിജോ ആന്‍റണി, എം.ബി.എയും 16 വര്‍ഷത്തെ തൊഴില്‍ പരിചയവുമുള്ള ജോബി മാത്യു എന്നിവര്‍. എല്ലാവരും സുരക്ഷിതമായ ജോലിയുള്ളവര്‍. ഇത്തിരിവട്ടത്തില്‍ സുരക്ഷിതരായി ഇരിക്കുന്നവര്‍ ഇനിയിപ്പോ ഇങ്ങനെ പോട്ടെ എന്നാണ് സാധാരണ നിലയില്‍ ചിന്തിക്കുക. പക്ഷേ, ഇവര്‍ വേറെ ലെവലാണ്. മുന്നില്‍ കാണുന്ന വലിയ സ്വപ്നം അവരെ അലയാന്‍ വിട്ടു.

അപ്പാര്‍ട്മെന്‍റുകളിലും റെസ്റ്റാറന്‍റുകളിലും മാളുകളിലും വന്‍കിട കമ്പനി ഓഫിസുകളിലുംവരെ അവര്‍ കയറിയിറങ്ങി. അല്ലലില്ലാതെ ജീവിക്കുന്ന പിള്ളേര്‍ക്ക് എല്ലാം കളഞ്ഞ് ഇങ്ങനെ അലയേണ്ട കാര്യമുണ്ടോ എന്ന് ചോദിച്ചവര്‍ക്ക് അവര്‍ മറുപടി പറയാന്‍ നിന്നില്ല. അതിനവര്‍ക്ക് സമയമില്ലായിരുന്നു. ഏതായാലും സംഗതി ഏറ്റു. ദൈനംദിനം ആവശ്യമില്ലാത്ത വസ്തുക്കള്‍ വാങ്ങി ആവശ്യമുള്ളപ്പോള്‍ തിരിച്ചു കൊടുക്കുന്ന പദ്ധതിയെപ്പറ്റി കേട്ടവരാരും നോ പറഞ്ഞില്ല. അതോടെ മുന്നോട്ടുപോകാന്‍ ധൈര്യമായി. അങ്ങനെ 'ബോക്സിറ്റ്' എന്ന സ്റ്റാര്‍ട്ടപ് പിറവികൊണ്ടു.

കുവൈത്തിലെ 'അരാമെക്സ്'എന്ന വന്‍കിട ലോജിസ്റ്റിക്സ് കമ്പനിയുമായി സംസാരിച്ചപ്പോള്‍ അവര്‍ സ്ഥലം അനുവദിക്കാമെന്ന് സമ്മതിച്ചു. പിന്നെ കാര്യങ്ങളെല്ലാം വേഗത്തിലായി. www.boxitstorage.com എന്ന വെബ്സൈറ്റും തുടങ്ങി. മൊബൈല്‍ ആപ്ലിക്കേഷനും തയാറാക്കി. വെബ് ആപ്ലിക്കേഷന്‍ വഴിയോ മൊബൈല്‍ ആപ്ലിക്കേഷനിലോ ഒന്നു ക്ലിക്കുകയേ വേണ്ടൂ. മുറ്റത്ത് ആളെത്തി. കൈയില്‍ നല്ല ഉറപ്പും ഭംഗിയുമുള്ള കിടുക്കന്‍ പെട്ടി. എന്താന്നുവെച്ചാ അതിലിട്ട് പൂട്ടി കൊടുത്തുവിട്ടാല്‍ മതി. പുസ്തകങ്ങളോ വസ്ത്രങ്ങളോ മറ്റെന്തുമാകട്ടെ, ആവശ്യമുള്ളപ്പോള്‍ ആപ് വഴി ഒന്നറിയിച്ചാല്‍ മതി പെട്ടിയോടെ തിരിച്ചത്തെിക്കും. സംഗതി നടക്കുമോ എന്ന് സംശയിച്ചവരും അവരുടെ ഉത്സാഹം കണ്ട് ഒന്നുനോക്കാം എന്ന നിലപാടിലത്തെി. ഒരുവട്ടം കൊടുത്തു നോക്കിയവര്‍ക്ക് സംഗതി ക്ലീനാണെന്ന് മനസ്സിലായി.

2015 തുടക്കത്തില്‍ കുവൈത്തിലാണ് പദ്ധതി തുടങ്ങിയത്. പ്രതിമാസം 30 ശതമാനം വളര്‍ച്ച കണ്ട് സംരംഭം തുടങ്ങിയവര്‍തന്നെ ഞെട്ടി. കാര്യമായി പരസ്യമൊന്നും കൊടുത്തിരുന്നില്ല. മൗത്ത് പബ്ളിസിറ്റിയിലൂടെയായിരുന്നു വളര്‍ച്ച. 2016ല്‍ യു.എ.ഇയിലേക്ക് വ്യാപിപ്പിച്ചു. അവിടെ പ്രതിമാസം 100 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഇതും ആളുകള്‍ തമ്മില്‍ തമ്മില്‍ പറഞ്ഞു പറഞ്ഞ് അങ്ങനെ വലുതായതാണ്. യു.എ.ഇയിലും അങ്ങനെ പരസ്യമൊന്നും ചെയ്തിരുന്നില്ല. കുവൈത്ത് ടൈംസ്, ഐ.എന്‍.സി അറേബ്യ, എന്‍റര്‍പ്രണര്‍ മിഡിലീസ്റ്റ്, ദുബൈ സിറ്റി 7 ടി.വി ചാനല്‍ എന്നിവയില്‍ വാര്‍ത്ത വന്നത് നല്ളൊരു പരസ്യമായി.

വേറിട്ട ആശയവുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചപ്പോള്‍ ഫണ്ട് ഒരു പ്രശ്നമായില്ല. പണം മുടക്കാന്‍ മുന്നോട്ടു വന്നവര്‍ ചില്ലറക്കാരായിരുന്നില്ല. കുവൈത്ത് എയ്ഞ്ചല്‍ ഇന്‍വെസ്റ്റേഴ്സിലെ സബാഹ് ബദര്‍, ഇന്‍ഫോ ഫോര്‍ട്ട് സി.ഇ.ഒ ആബിദ് ഷഹീന്‍, യൂബര്‍ മിഡിലീസ്റ്റ് ബിസിനസ് ഹെഡ് നാദിര്‍ മുസൈത്തിഫ് എന്നിവര്‍ സ്റ്റാര്‍ട്ടപ്പിനായി 1,00,000 ഡോളര്‍ മുടക്കാന്‍ തയാറായി. കുവൈത്തിലെ സംരംഭം ക്ലിക്കായപ്പോള്‍ അരാമെക്സ് സ്ഥാപകന്‍ ഫാദി ഗന്‍ദൂര്‍, അര്‍സാന്‍ ഫിനാന്‍ഷ്യല്‍ കുവൈത്തിന്‍െറ ഉപവിഭാഗമായ അര്‍സാന്‍ വി.സി, മുന്‍ കുവൈത്ത് അമീറിന്‍െറ മകന്‍ ശൈഖ് ഹമദ് ജാബിര്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ്, ജോര്‍ഡാന്‍ അഹ് ലി ബാങ്ക് വൈസ് ചെയര്‍മാന്‍ സഅദ് മൗഅഷിര്‍ എന്നിവരില്‍നിന്നായി മറ്റൊരു 6,00,000 ഡോളര്‍ കൂടി സ്വരൂപിക്കാന്‍ കഴിഞ്ഞു. ഇതിനു പിന്നാലെ അംഗീകാരങ്ങളും ഇവരെ തേടിയെത്തി.

ഫോര്‍ബ്സ് മാസികയുടെ മോസ്റ്റ് പ്രോമിസിങ് യു.എ.ഇ സ്റ്റാര്‍ട്ടപ് പട്ടികയില്‍ ഇടംനേടിയത് നാല്‍വര്‍ മലയാളി സംഘത്തിന് അഭിമാനമായി. 2015ല്‍ ദുബൈ സ്മാര്‍ട്ട് സിറ്റി ആപ് ഹാക് വിജയി, സീഡ് സ്റ്റാര്‍ വേള്‍ഡ് സ്റ്റാര്‍ട്ടപ് റണ്ണറപ്പ് തുടങ്ങിയ അംഗീകാരങ്ങളും തേടിയെത്തി. ഈജിപ്ത്, ബഹ്റൈന്‍ എന്നിവിടങ്ങളിലേക്ക് പദ്ധതി വിപുലപ്പെടുത്താനുള്ള തയാറെടുപ്പിലാണിവര്‍. പെട്ടി തുറന്ന് പറത്തിവിട്ട സ്വപ്നങ്ങള്‍ കുതിക്കുകയാണ് പുതിയ ആകാശങ്ങള്‍ തേടി.

Tags:    
News Summary - premlal pulissery and boxit storage in kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.