??????? ??. ??? ????

കളിച്ചുനടക്കേണ്ട പ്രായത്തില്‍ മൂന്നുവയസ്സുകാരി പെണ്‍കുട്ടിയിലൊരു മോഹമുദിച്ചു. നൃത്തം പഠിക്കണം. കൂടെ കൂടെ അവളത് അമ്മയോട് പറഞ്ഞു. ആദ്യമൊക്കെ കുഞ്ഞുമനസ്സിന്‍െറ വെറും മോഹമായി കണ്ട് അവരത് കേട്ടില്ളെന്ന് നടിച്ചു. എന്നാല്‍, പെണ്‍കുട്ടി പിന്മാറിയില്ല. അങ്ങനെയൊരുദിവസം അമ്മക്കൊപ്പം ആ ബാലിക തന്‍െറ ഗുരുവിനെ കണ്ടു, എന്നാല്‍ തീരെ ചെറിയ കുട്ടിയായതിനാല്‍ ഗുരു ഒന്നും പഠിപ്പിച്ചില്ല. കാലും മെയ്യും കുറെ കൂടി ഉറച്ചതിനുശേഷമാകാം എന്നായിരുന്നു ഉപദേശം. ആ കുരുന്നില്‍ ആവേശം അണയാതെനിന്നു. ഒടുവില്‍ നമസ്കാരം എന്ന ഒറ്റ സ്റ്റെപ്പ് പഠിപ്പിച്ച ഗുരു അത് വീട്ടില്‍ പോയി പരിശീലിച്ചുവരാന്‍ പറഞ്ഞു. അതൊരു തുടക്കമായി. രേഖയെന്ന പാലക്കാടന്‍ പെണ്‍കുട്ടിയുടെ കലാസപര്യയുടെ തുടക്കം. മൂന്നുവയസ്സുകാരിയുടെ പദചലനങ്ങളും മുദ്രകളും ഭാവങ്ങളും ഗുരു പത്മിനി രാമചന്ദ്രന്‍ പിന്നെ പലതവണ കണ്ടു. പിന്നെ ഗുരുവിനൊപ്പം അവളും വളര്‍ന്നു. മൂന്നു വയസ്സുകാരിയില്‍ നിന്ന് ഡോ. രേഖയായി. കലാകിരീടങ്ങള്‍ പലതും ചൂടി.

യാത്ര തുടങ്ങുന്നു

നൃത്തത്തിന്‍െറയും സംഗീതത്തിന്‍െറയും നാടായ പാലക്കാട് കല്‍പാത്തിയിലെ രാജുവിന്‍െറയും ജയലക്ഷ്മിയുടെയും ഏകമകള്‍ക്ക് ചെറുപ്രായത്തിലേ കലാരൂപങ്ങളോട് ആഭിമുഖ്യമുണ്ടായിരുന്നു. അമ്മയുടെ ഈണത്തിലുള്ള താരാട്ടുപാട്ടുകള്‍ക്കൊപ്പം രേഖയുടെ മനസ്സും ചിലങ്കകെട്ടിയ കുട്ടിക്കാലം. നാല്ളൊരു പാട്ടുകാരിയായിരുന്നു ജയലക്ഷ്മി. സംഗീതവും നൃത്തവുമൊക്കെ ഇഷ്ടപ്പെട്ടിരുന്നുവെങ്കിലും യാഥാസ്ഥിതിക ബ്രാഹ്മണകുടുംബത്തില്‍നിന്ന് അവരുടെ ശബ്ദം പക്ഷേ പുറത്തേക്ക് സഞ്ചരിച്ചില്ല. എന്നാല്‍, മകളെ അവര്‍ എല്ലാം പഠിപ്പിച്ചു. ഇന്നാ അമ്മയുടെ മോഹങ്ങള്‍ മകളിലൂടെ വേദികള്‍ നിറയുകയാണ്. അച്ഛന്‍ ബിസിനസുമായി ബംളഗൂരുവിലത്തെിയതോടെയാണ് രേഖയുടെ കലാപഠനത്തിന് തുടക്കം. രാജുവിനൊപ്പം ജയലക്ഷ്മിയും രേഖയും ബംഗളൂരുവിലത്തെി. ആദ്യഗുരു പത്മിനി രാമചന്ദ്രന് കീഴില്‍ എട്ടുവര്‍ഷം ഭരതനാട്യം പരിശീലിച്ചു. ഇതിനൊപ്പം കലാമണ്ഡലം ഉഷ നാഥിന്‍െറ ശിഷ്യത്വം സ്വീകരിച്ച് മോഹിനിയാട്ടത്തില്‍ പരിശീലനം.

ഡോ. രേഖ രാജു നൃത്തവേദിയിൽ
 


12 വര്‍ഷത്തെ പരിശീലനം മോഹനിയാട്ടത്തെ രേഖയുടെ ഇഷ്ട കലാരൂപമാക്കി. പിന്നീട് പ്രശസ്ത നര്‍ത്തകി ഗോപികാ വര്‍മയുടെ ശിക്ഷണത്തിലും പരിശീലനം തുടര്‍ന്നു. ‘മാര്‍ഗി ആന്‍ഡ് ദേസി ടെക്നിക്സ് ഇന്‍ ഭരതനാട്യം ആന്‍ഡ് മോഹിനിയാട്ടം’ എന്ന വിഷയത്തില്‍ മൈസൂരു സര്‍വകലാശാലയില്‍നിന്ന് പി.എച്ച്.ഡി നേടി. പ്രശസ്ത കഥകളി കലാകാരന്‍ ചന്തു പണിക്കരുടെ മകന്‍ ജനാര്‍ദനന്‍െറ സഹായത്തോടെയാണ് ഗവേഷണം പൂര്‍ത്തീകരിച്ചത്. ഭരതനാട്യം, മോഹിനിയാട്ടം എന്നിവക്കൊപ്പം കഥക്കും കുച്ചിപ്പുടിയും ഒഡീസിയും രേഖ പഠിച്ചിട്ടുണ്ട്, വേദികളില്‍ അവതരിപ്പിച്ചിട്ടുമുണ്ട്. കഥകളിയും കുറച്ചുകാലം പഠിച്ചു. എന്നാല്‍, പ്രണയം കൂടുതല്‍ മലയാളത്തനിമയുള്ള മോഹിനിയാട്ടത്തോടാണ്. ആദ്യഘട്ടത്തില്‍ ഭരതനാട്യം പെര്‍ഫോമന്‍സ് ഉണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ പൂര്‍ണമായും മോഹിനിയാട്ടത്തിലാണ് ശ്രദ്ധ. നൃത്തത്തിനൊപ്പം സംഗീതവും പഠിച്ചിട്ടുണ്ട്. ഇടക്ക് അതിലൊന്നു സ്വരംമുറുക്കിയതുമാണ്. പക്ഷേ, നൃത്തത്തോടുള്ള പ്രണയം സംഗീതത്തെ അരികിലേക്ക് മാറ്റി.  

കവിതയും മീരാഭജനും

പാരമ്പര്യകലയില്‍ പരീക്ഷണങ്ങള്‍ക്ക് വലിയ സ്ഥാനമില്ല. അവയുടെ ഭാവചലനങ്ങളും മുദ്രകളും എന്നേ നിശ്ചയിക്കപ്പെട്ടതാണ്. ഇവയൊക്കെയും പലര്‍ക്കും മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുമാണ്. പൊതുപരിപാടികളില്‍ വേദിയിലത്തെുമ്പോള്‍ ഇത് രേഖ ശ്രദ്ധിച്ചിരുന്നു. അങ്ങനെയാണ് മോഹിനിയാട്ടത്തില്‍ ചില പുതിയ രീതികളില്‍ അവതരിപ്പിക്കാന്‍ തുടങ്ങിയത്. ഓരോ നാട്ടിലെയും തനതുകാവ്യരൂപങ്ങള്‍കൂടി സന്നിവേശിപ്പിച്ചാണ് ഇപ്പോള്‍ രേഖ വേദിയിലത്തെുന്നത്. കര്‍ണാടകയില്‍ പ്രശസ്തരുടെ കവിതകള്‍, വടക്കേ ഇന്ത്യയില്‍ മീരാ ഭജന്‍, തുളസീദാസ് കൃതികള്‍ എന്നിവക്കൊപ്പം ആട്ടം ക്രമീകരിക്കും. കര്‍ണാട്ടിക് സംഗീത വാദ്യോപകരണങ്ങള്‍ മാത്രം ഉപയോഗിച്ചുള്ള രൂപവും പരീക്ഷിക്കുകയുണ്ടായി. കേട്ടു ശീലിച്ച ശീലുകള്‍ക്കൊപ്പം രേഖയുടെ നൃത്തം അങ്ങനെ കൂടുതല്‍ പേരിലത്തെി. ബംഗളൂരുവിന് പുറത്ത് രാജ്യത്തിന്‍െറ വിവിധ ഇടങ്ങളിലും രാജ്യത്തിന് പുറത്തും ആ നൃത്തമത്തെി.എന്നാല്‍, പരീക്ഷണങ്ങള്‍ക്കിടയിലും പരമ്പരാഗത രീതിക്കു മാറ്റംവരുത്തില്ളെന്ന നിര്‍ബന്ധംകൂടി രേഖക്കുണ്ട്. പരമ്പരാഗത രീതി എന്നും കലര്‍പ്പില്ലാതെ നിലനില്‍ക്കും, കലകളുടെ സത്ത ഇതിലാണെന്നാണ് രേഖയുടെ പക്ഷം.

നർത്തകി ഡോ. രേഖ രാജു
 

അവസാനിക്കാത്ത പഠനം

കലാപഠനത്തിനൊപ്പം അക്കാദമിക് വിദ്യാഭ്യാസവും രേഖ മുടക്കമില്ലാതെ മുന്നോട്ടുകൊണ്ടുപോയി. ബംഗളൂരുവില്‍നിന്ന് പ്ളസ് ടു കഴിഞ്ഞ് സി.എ ഇന്‍റര്‍മീഡിയറ്റ്. പിന്നെ അക്കൗണ്ട്സ് ആന്‍ഡ് എച്ച് ആറില്‍ എം.ബി.എ. പഠന ഭാഗമായി തയാറാക്കിയ ‘മാനേജ്മെന്‍റ് ആന്‍ഡ് ഡാന്‍സ്’ എന്ന വിഷയത്തിലെ പ്രബന്ധത്തിന് ജര്‍മന്‍ സര്‍വകലാശാലയുടെ അംഗീകാരവും ലഭിച്ചു. സ്റ്റേജില്‍ ഒതുങ്ങുന്നതല്ല രേഖയുടെ കലയോടുള്ള സ്നേഹം. ബംഗളൂരു തമിഴ് സംഘത്തില്‍ അസിസ്റ്റന്‍റ് ഡാന്‍സ് ടീച്ചര്‍, വിദേശ വിദ്യാര്‍ഥികളെ ഇന്ത്യന്‍ സംസ്കാരത്തെക്കുറിച്ച് പഠിപ്പിക്കുന്ന ഇന്‍റര്‍നാഷനല്‍ സെന്‍റര്‍ ഫോര്‍ മാനേജ്മെന്‍റ് ആന്‍ഡ് ഇന്ത്യന്‍ സ്റ്റഡീസില്‍ ഗെസ്റ്റ് ലെക്ചറര്‍ എന്നീ രംഗത്തും  രേഖയുണ്ട്. ദൂരദര്‍ശന്‍ എ ഗ്രേഡ്  ആര്‍ട്ടിസ്റ്റ്, മോഹിനിയാട്ടം എക്സ്പെര്‍ട്ട് കമ്മിറ്റി അംഗം എന്നിങ്ങനെ പദവികള്‍ അനവധി. എച്ച്.ഐ.വി ബാധിതരായ കുട്ടികള്‍ക്കു വേണ്ടിയുള്ള ഫ്രീഡം ഫൗണ്ടേഷനുമായി ബന്ധപ്പെട്ടും പ്രവര്‍ത്തിക്കുന്നു. ഇവര്‍ക്ക് ധനശേഖരണാര്‍ഥം നിരവധി പ്രോഗ്രാമുകള്‍ രേഖ ചെയ്തിട്ടുണ്ട്.

ഡോ. രേഖ രാജു നൃത്തവേദിയിൽ
 


മോഹിനിയാട്ടം പ്രചാരണത്തിന്‍െറ ഭാഗമായി രാജസ്ഥാന്‍, യു.പി എന്നിവിടങ്ങളിലെ സര്‍ക്കാര്‍ സ്കൂളുകളിലും മറ്റും പരിശീലനക്കളരികളും സംഘടിപ്പിച്ചിട്ടുണ്ട്. ബംഗളൂരു ഹെന്നൂരിലെ വീടിനോടുചേര്‍ന്ന് ‘നൃത്യധാമ’ എന്നുപേരുള്ള സ്വന്തം ഡാന്‍സ് സ്കൂള്‍ കല മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കാനുള്ള ഇടമാണ് രേഖക്ക്. കലയോടുള്ള ആഭിമുഖ്യമാണ് ഇവിടെ പ്രവേശത്തിന് മാനദണ്ഡം. പണമില്ളെന്നത് കലാപഠനത്തിന് തടസ്സമാകരുതെന്ന് രേഖക്ക് നിര്‍ബന്ധമുണ്ട്. അതുകൊണ്ടു തന്നെ നൃത്യധാമയിലെ പകുതിയിലേറെ കുട്ടികള്‍ക്കും ഫീസിനെച്ചൊല്ലി ആധിയില്ല. 11 വര്‍ഷമായി രേഖ നൃത്യധാമ തുടങ്ങിയിട്ട്. ഇതിനകം 350 ഓളം പേര്‍ രേഖയുടെ ചുവടുകളും മുദ്രകളും സ്വായത്തമാക്കാനത്തെി. വിവിധ വിദേശ സര്‍വകലാശാലയില്‍നിന്നുള്ളവരും ഇവിടെ വിദ്യാര്‍ഥികളായുണ്ട്. തന്നിലുള്ളത് മറ്റുള്ളവരിലേക്ക് പകരുമ്പോള്‍ നഷ്ടപ്പെടുകയല്ല കല വളരുകയാണെന്ന് രേഖ സാക്ഷ്യപ്പെടുത്തുന്നു.


ആ ആയിരത്തില്‍ ഒരുവള്‍

യുവ കലാഭാരതി, നൃത്യ വിഭൂഷന്‍, നൃത്യ വിലാസിനി, നൃത്യ രഞ്ജിനി, അഭിനവ ഭാരതി, നാട്യവേദ, നൃത്യകൗമുദി എന്നിങ്ങനെ ഇതിനകം ഈ നര്‍ത്തകിക്ക് ലഭിച്ച പുരസ്കാരങ്ങളുടെ പട്ടിക നീളുന്നു. ഈ വര്‍ഷം നാഗ്പൂരില്‍ നടന്ന നൃത്തോത്സവത്തില്‍ ഭാരത് നൃത്യ സാമ്രാട്ട് പുരസ്കാരത്തിനും അര്‍ഹയായി രേഖ. ലിംക ബുക്കില്‍ ഇടംപിടിച്ച നൃത്തോത്സവത്തിലും രേഖ പങ്കാളിയാണ്. 1000 നര്‍ത്തകര്‍ ഒരേസമയം ഒരേ താളത്തില്‍ ചുവടുവെച്ച തഞ്ചാവൂര്‍ ഡാന്‍സ് ഫെസ്റ്റിവലില്‍ ഇവര്‍ ഭാഗമായിരുന്നു. ലോകമാകെയുള്ള തെരഞ്ഞെടുത്ത 1000 നര്‍ത്തകരാണ് അതില്‍ പങ്കെടുത്തത്. രണ്ടു മാസം പരിശീലനം നടത്തിയാണ് താന്‍ അന്ന് തഞ്ചാവൂര്‍ ഡാന്‍സ് ഫെസ്റ്റിവലിന് പോയത്.ബഹുമതികളുടെ എണ്ണമല്ല, കലയുടെ വികാസവും സമാന ഹൃദയരുടെ പിന്തുണയുമാണ് വലിയ അംഗീകാരമെന്നാണ് രേഖയുടെ വിശ്വാസം. മോഹിനയാട്ടം കൂടുതല്‍ പേരിലേക്ക് എത്തിക്കാനും ആസ്വാദ്യകരവുമാക്കാനുള്ള ശ്രമങ്ങളിലാണ് രേഖ ഇപ്പോള്‍.

ഡോ. രേഖ രാജു നൃത്തവേദിയിൽ
 

ഡല്‍ഹി ഇന്‍റര്‍നാഷനല്‍ ഫെസ്റ്റിവല്‍, പുണെ ഡാന്‍സ് ഫെസ്റ്റിവല്‍, ഗജുരാഹോ ഫെസ്റ്റിവല്‍, കൊണാര്‍ക്ക് ഫെസ്റ്റിവല്‍, ചെന്നൈ സീസണല്‍ ഫെസ്റ്റിവല്‍, ചിദംബരം ഫെസ്റ്റിവല്‍, വിശ്വകന്നട സമ്മേളന്‍, ആന്ധ്ര മ്യൂസിക് ആന്‍ഡ് ഡാന്‍സ് ഫെസ്റ്റിവല്‍ എന്നിങ്ങനെ രേഖ ചുവടുവെച്ച വേദികള്‍ നിരവധി. കൊല്‍ക്കത്തയിലെ രവീന്ദ്രനാഥ ടാഗോര്‍ ഫെസ്റ്റിവലില്‍ രാധയായി വേഷമിട്ടത് അവിസ്മരണീയമാണെന്ന് അവര്‍ പറയുന്നു. വര്‍ഷവും നവരാത്രി ഉത്സവത്തിന് പാലക്കാട്ടെ കാവശ്ശേരി ക്ഷേത്രത്തില്‍ നൃത്തം അവതരിപ്പിക്കാന്‍ പോകുന്നത് രേഖയുടെ മറ്റൊരിഷ്ടമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.