ഡോക്ടേഴ്സ് മുദ്ര

ഇന്ത്യന്‍ ക്ളാസിക്കല്‍ നൃത്തങ്ങളുടെ രൂപഘടനാപരമായ സവിശേത അത് കൃത്യമായ സാധനയിലൂടെയല്ലാതെ പഠിച്ചെടുക്കാന്‍ കഴിയില്ല എന്നതാണ്. സാധന, ചിട്ടയായ പഠനം, ധ്യാനാത്മകത, അധ്വാനം, ഭാവന, ശ്രദ്ധ ഇങ്ങനെ നിരവധി ഘടകങ്ങള്‍. ഭരതമുനിയുടെ നാട്യശാസ്ത്രം പറയുന്നതുപോലെ ‘യതോഹസ്തസ്തതോ ദൃഷ്ടി യതോ ദൃഷ്ടി സ്തതോ മന$’ എന്ന രീതിയില്‍. ഇങ്ങനെയൊരു സാധനയുടെ വഴിയില്‍ ജീവിതത്തില്‍ മറ്റൊന്നും ഒരു നര്‍ത്തകിക്ക് തടസ്സമാവില്ല. ഇവിടെ ഒരു നര്‍ത്തകിയല്ല; രണ്ടു നര്‍ത്തകിമാര്‍. ഒരേ വീട്ടില്‍ ജനിച്ചുവളര്‍ന്ന സഹോദരിമാര്‍ നൃത്തത്തിലും ജീവിതത്തിലും ഒരേ മനസ്സായി ജീവിക്കുന്നു. അവര്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് കലാതിലകങ്ങളായി.

ഒരു വീട്ടില്‍ നിന്ന് രണ്ടു കലാതിലകങ്ങള്‍. ഒന്നല്ല, രണ്ടുതവണ. ഒരുപക്ഷേ, കേരളത്തില്‍ അങ്ങനെയൊരു കുടുംബം ഉണ്ടാകില്ല. ദ്രൗപതി പ്രവീണും പത്മിനി കൃഷ്ണനും ഇന്ന് ഡോക്ടര്‍മാരും നര്‍ത്തകിമാരുമാണ്. സ്കൂള്‍തലത്തില്‍ മഞ്ജു വാര്യരുമായി മത്സരിച്ച ഒരിനത്തിന്‍െറ പേരില്‍ അവസാന നിമിഷം കലാതിലകപ്പട്ടം കൈവിട്ട  ദ്രൗപതി പിറ്റേവര്‍ഷം കോളജിലത്തെി കേരള യൂനിവേഴ്സിറ്റിയില്‍ കലാതിലകമായി. ഇത് പിറ്റേവര്‍ഷവും ആവര്‍ത്തിച്ചു. അതേവര്‍ഷംതന്നെ അനുജത്തി പത്മിനി, ചേച്ചിയുടെ സ്വപ്നം സാക്ഷാത്കരിച്ചു. സ്കൂള്‍ തലത്തില്‍ കലാതിലകമായി. ഒരിക്കല്‍ രണ്ടുപേരും തമ്മില്‍ മത്സരിക്കേണ്ടിയും വന്നു. അന്നും അനുജത്തി പത്മിനി ഒന്നാം സ്ഥാനവും ദ്രൗപതി രണ്ടാം സ്ഥാനവുമാണ് നേടിയത്.

കലാതിലകങ്ങളുടെ തൊട്ടടുത്ത ലക്ഷ്യമായ സിനിമ സീരിയല്‍ രംഗത്തേക്കല്ല, പട്ടം ഊരിക്കളഞ്ഞ് നേരെ നൃത്തത്തിലെ ഉപരിപഠനത്തിനാണ് അവര്‍ പോയത്. നൃത്തത്തിലെ ഗ്രേസ് മാര്‍ക്കുകൂടി സഹായകമായതോടെ രണ്ടുപേര്‍ക്കും എം.ബി.ബി.എസിന് അഡ്മിഷന്‍ ലഭിച്ചു. രണ്ടുപേരും പഠനം പൂര്‍ത്തിയാക്കി ഡോക്ടര്‍മാരായി. അപ്പോഴും സ്റ്റെതസ്കോപ് തൂക്കി എപ്പോഴും ഡോക്ടര്‍ ചമഞ്ഞ് നടക്കാനല്ല അവരിഷ്ടപ്പെട്ടത്. ചമയമണിഞ്ഞ് നര്‍ത്തനമാടാനാണ് അവര്‍ കൊതിച്ചത്. പിന്നീടവര്‍ മെഡിക്കല്‍ ടേംസിനെക്കാള്‍ ചിന്തിച്ചത് തില്ലാനയും പദവും ജതിസ്വരവും നട്ടുവാങ്കവും കരണവും ലാസ്യ-താണ്ഡവങ്ങളും ഹസ്തമുദ്രകളും ആംഗിക-ഭാവ ചലനങ്ങളുമൊക്കെയായിരുന്നു.

കൊട്ടാരക്കര നീലമനയില്‍ ഡോ. എന്‍.എന്‍. മുരളിയുടെയും യോഗവതി അന്തര്‍ജനത്തിന്‍െറയും മക്കളായ ദ്രൗപതിയും പത്മിനിയും വേര്‍പിരിയാത്ത നൃത്തത്തിലെ ഇടംകൈമുദ്രയും വലംകൈമുദ്രയുംപോലെയാണ്.  സ്കൂള്‍ കാലത്ത് പല നൃത്തരൂപങ്ങള്‍ പഠിച്ചെങ്കിലും ദ്രൗപതി ഭരതനാട്യത്തിലും പത്മിനി കുച്ചിപ്പുടിയിലുമാണ് ഉപരി പഠനം നടത്തിയത്. രണ്ടു സംസ്ഥാനങ്ങളില്‍ വളര്‍ന്ന ഈ രണ്ട് നൃത്തരൂപങ്ങളും തമ്മില്‍ സാമ്യങ്ങളും വ്യതിരിക്തതകളുമുണ്ട്. എന്നാല്‍, ഈ നൃത്തരൂപത്തെ ഒന്നായി വ്യാഖ്യാനിച്ചാണ് ഇവര്‍ ഒന്നിച്ച് വേദികളില്‍ നിറയുന്നത്.

കലോത്സവ വേദികളിലെ ഭ്രമമല്ല ഡോക്ടര്‍മാരായ ഈ സഹോദരിമാരെ നൃത്തത്തിലേക്കടുപ്പിച്ചത്. കുട്ടിക്കാലത്ത് അറിയാതെ ഉള്ളില്‍വീണ ഒരു നൃത്തപ്രപഞ്ചമായിരുന്നു. നൃത്തം എന്നാല്‍, കുട്ടിക്കാലത്ത് കുട്ടികളെക്കൊണ്ട് തുള്ളിച്ച് മേനിപറയാനും കൗമാരകാലത്ത് അവരെ കലാതിലകമാക്കാനുമുള്ള ഉപാധിയുമായാണ് സാധാരണ മലയാളികള്‍ ധരിച്ചുവെച്ചിരിക്കുന്നത്. അതിനപ്പുറം പോകണമെന്ന് ആഗ്രഹിക്കുന്നവരോട് എന്തിനാണ് വെറുതെ എന്ന് ഏതു മലയാളിയും ചോദിക്കും. ഇവര്‍ നൃത്തംപഠിച്ച് ഡോക്ടര്‍മാരായവരല്ല; മറിച്ച്, ഡോക്ടര്‍മാരായശേഷം നൃത്തത്തെ ഉപാസിക്കുന്നു, വേദികളില്‍നിന്ന് വേദികളിലേക്ക് പ്രയാണം നടത്തുന്നു. വലിയൊരു നൃത്തപാരമ്പര്യം കേരളത്തിനുണ്ടെങ്കിലും ചിട്ടയായ പഠനം നടത്തുന്ന, ഗുരുകുല സമ്പ്രദായത്തില്‍ നൃത്തപഠനം നടത്തുന്ന കേന്ദ്രങ്ങള്‍ കലാമണ്ഡലമല്ലാതെയില്ല. അഡയാറിലോ കലാക്ഷേത്രയിലോ ഒക്കെ പഠിക്കുന്ന നര്‍ത്തകിമാര്‍ ഇവിടെയുള്ളവര്‍ക്ക് സ്വപ്നംകാണാന്‍ കഴിയാത്തത് ഒരു രംഗമണ്ഡപത്തില്‍ പകര്‍ന്നാടുമ്പോള്‍ നമ്മുടെ നൃത്തത്തിന്‍െറ വിലക്കുറവ് മനസ്സിലാകും.

ഗുരുപ്രസാദം
കുട്ടിക്കാലത്തേ നൃത്തം അഭ്യസിക്കുകയും സ്കൂള്‍ കലോത്സവത്തിലെ മത്സരങ്ങളില്‍ പങ്കെടുക്കുകയുമൊക്കെ ചെയ്തെങ്കിലും കേരളത്തിലെ അറിയപ്പെടുന്ന നര്‍ത്തകിയായ നീന പ്രസാദിനെ ഗുരുവായി കണ്ടത്തെുന്നതുവരെ ദ്രൗപതിയും പത്മിനിയും നൃത്തത്തിന്‍െറ മറ്റൊരു വിശാല ലോകത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ല. ചെന്നൈ കലാക്ഷേത്രയുടെ സന്തതിയാണ് നീന. തിരക്കിന്‍െറ നാളുകളായിരുന്നു അത്. സ്കൂള്‍, പഠനം, തിരക്കുള്ള ഡോക്ടറായ അച്ഛന്‍. ഇതിനിടെ  തിരുവനന്തപുരത്തു പോയി പഠനം. ചേരാനായി നല്ല സമയം നോക്കി. മുത്തച്ഛനാണ് സമയം നോക്കിയത്. രാത്രി പത്തു മണി എന്ന് കുറിച്ചു. കന്നിമാസമായിരുന്നു. സമയം കണ്ടപ്പോള്‍ എല്ലാവരും ഞെട്ടി. രാത്രി 10 മണിക്ക് ഒരു വീട്ടില്‍ പോയി നൃത്തം പഠിക്കാനോ? വീണ്ടും അദ്ദേഹം പറഞ്ഞു: ‘ധൈര്യമായി തുടങ്ങിക്കോളൂ, നല്ല സമയമാണിത്’

അങ്ങനെ മനസ്സില്ലാമനസ്സോടെ രാത്രി 10 മണിക്ക് തിരുവനന്തപുരത്തെ നീന പ്രസാദിന്‍െറ വീട്ടിലത്തെി നൃത്തപഠനം തുടങ്ങി. തുടര്‍ന്നുള്ള ദിവസങ്ങളിലും ഇതുപോലെ രാത്രികളിലായിരുന്നു ക്ളാസ്. ആശുപത്രി ജോലികള്‍ക്കും പ്രാക്ടീസിനുമിടയില്‍ ഡോക്ടര്‍ സമയം കണ്ടത്തെി. രാത്രി ഏഴര വരെ പ്രാക്ടീസ്. അതു കഴിഞ്ഞ് നേരെ കാറില്‍ തിരുവനന്തപുരത്തത്തെും. രാത്രി ലോഡ്ജില്‍ റൂമെടുത്ത് അവിടെ കുളി കഴിഞ്ഞ് തട്ടുകടയില്‍നിന്ന് ദോശയും മറ്റും വാങ്ങിവെക്കും. അവിടെ കിടന്നുറങ്ങിയിട്ട് വെളുപ്പിന് നാലു മണിക്ക് ഉണര്‍ന്ന് അഞ്ചു മണിയോടെ വീണ്ടും ക്ളാസ്. രാവിലെ ഹോട്ടലില്‍നിന്ന് എല്ലാവര്‍ക്കുമുള്ള ആഹാരവുമായി ഏഴുമണിയോടെ നീനയുടെ വീട്ടിലത്തെി എല്ലാവരെയും കയറ്റി വീണ്ടും ഡോക്ടര്‍ കാറോടിച്ച് കൊട്ടാരക്കരക്ക്. എട്ട് എട്ടരയോടെ കൊട്ടാരക്കരയിലത്തെി കുട്ടികള്‍ സ്കൂളിലേക്കും. അന്ന് വൈകുന്നേരം വീണ്ടും തിരുവനന്തപുരത്തിന് തിരിക്കും. ആഴ്ചയില്‍ നാലഞ്ചു ദിവസവും ഇങ്ങനെയായിരുന്നു. അങ്ങനെ രണ്ടു വര്‍ഷം നിരന്തര പഠനം.

അന്നത്തെ കഷ്ടപ്പാടിന്‍െറ പ്രതിഫലമായി നൃത്തത്തില്‍ നിരവധി സമ്മാനങ്ങള്‍. തുടര്‍ന്നുള്ള പഠനം ചെന്നൈയിലായിരുന്നു. അന്നും ഇതുപോലെ തന്നെ. മാസത്തില്‍  രണ്ടു തവണ പോകും. വെളുപ്പിന് മൂന്നു മണിക്ക് നാലുപേരുംകൂടി കാറില്‍ ചെന്നൈയിലേക്ക് തിരിക്കും. വൈകീട്ട് ഏഴ് ഏഴര ആകുമ്പോഴേക്കും അവിടെയത്തെും. അവിടെ റൂമെടുത്ത് അന്നു രാത്രി അവിടെ കിടന്നുറങ്ങും. പിറ്റേന്ന് വെളുപ്പിന് ക്ളാസിന് പോകും. പിന്നെ മൂന്നു ദിവസം നിരന്തര പഠനം. പാട്ടുകളൊക്കെ കാസെറ്റില്‍ റെക്കോഡ് ചെയ്ത് പിറ്റേന്ന് വെളുപ്പിന് അവിടെനിന്ന് തിരിക്കും. അങ്ങനെ പത്തിരുപത്തഞ്ച് തവണയെങ്കിലും ചെന്നൈയിലും പഠിക്കാനായി പോയി.

മഞ്ജുവാര്യരോട് മത്സരിച്ച്
തൃശൂരും കാസര്‍കോടും നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവങ്ങളില്‍  ദ്രൗപതി പങ്കെടുത്തെങ്കിലും ഒന്നാം സമ്മാനം ലഭിച്ചിരുന്നില്ല. തിരുവനന്തപുരത്തുനിന്നും വടക്കുനിന്നും ഉള്ളവരുടെ കുത്തകയായിരുന്നു അന്നൊക്കെ നൃത്തത്തിനുള്ള സമ്മാനങ്ങള്‍. 10ാം ക്ളാസില്‍ പഠിക്കുമ്പോള്‍ കാസര്‍കോട് നടന്ന മത്സരത്തില്‍ മഞ്ജു വാര്യരുമായിട്ടായിരുന്നു മത്സരം. ആ വര്‍ഷം മഞ്ജു വാര്യര്‍ക്കാണ് കലാതിലക പട്ടം ലഭിച്ചത്.  മോഹിനിയാട്ടത്തിന് ദ്രൗപതിക്ക് ഒന്നാം സ്ഥാനവും മഞ്ജു വാര്യര്‍ക്ക് രണ്ടാം സ്ഥാനവും. പിറ്റേന്ന് ഭരതനാട്യം.

മഞ്ജു വാര്യര്‍ക്ക് ഒന്നാം സ്ഥാനം, രണ്ടാം സ്ഥാനം ദ്രൗപതിക്ക്. വീണ്ടും കുച്ചിപ്പുടിക്ക് മഞ്ജു വാര്യര്‍ക്ക് ഒന്നാം സ്ഥാനം, ദ്രൗപതിക്ക് രണ്ടാം സ്ഥാനം. തുടര്‍ന്ന് കഥകളിയില്‍ ദ്രൗപതി ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം മഞ്ജു വാര്യര്‍ക്ക്. അതോടെ രണ്ടു പേരും തുല്യനിലയില്‍ വന്നു. എന്നാല്‍, വീണവാദനത്തില്‍ മഞ്ജു ഒന്നാമതത്തെിയതോടെ മഞ്ജു വാര്യര്‍ കലാതിലകമായി. അങ്ങനെ സ്കൂള്‍ തലത്തില്‍ കലാതിലകമാകാനുള്ള അവസരം ദ്രൗപതിക്ക് നഷ്ടമായി.

എന്നാല്‍, കൊട്ടാരക്കര സെന്‍റ് ഗ്രിഗോറിയോസ് കോളജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്ന വര്‍ഷം കേരള യൂനിവേഴ്സിറ്റി മത്സരത്തില്‍ ആദ്യമായി കലാതിലകമായി. കടുത്ത മത്സരമായിരുന്നു അവിടെയും. തുടര്‍ച്ചയായി രണ്ടു വര്‍ഷവും ദ്രൗപതി കേരള യൂനിവേഴ്സിറ്റി കലാതിലകമായി. അതേവര്‍ഷം തന്നെയാണ് അനുജത്തി പത്മിനി സ്കൂള്‍തലത്തില്‍ കലാതിലകമായത്. തൊട്ടടുത്ത വര്‍ഷം വീണ്ടും സ്കൂള്‍ തലത്തില്‍  കലാതിലകമായി.

പ്രീഡിഗ്രിക്കുശേഷം എം.ബി. ബി.എസിന് ചേര്‍ന്നിട്ടും നൃത്തപഠനം മുടക്കിയില്ല. മെഡിക്കല്‍ കലോത്സവങ്ങളിലും നിരവധി സമ്മാനങ്ങള്‍ നേടി. ഇതിനിടെ വിവാഹവും. രണ്ടുപേരും ഡോക്ടര്‍മാരെയാണ് വിവാഹം കഴിച്ചത്. ഇരുവര്‍ക്കും വീട്ടിലെല്ലാവരുടെയും പിന്തുണ ലഭിച്ചു. വിവാഹശേഷവും നൃത്തപഠനം സജീവമായിത്തന്നെ തുടര്‍ന്നു. ഇപ്പോള്‍ സംസ്ഥാനത്തും പുറത്തുമായി നിരവധി പ്രമുഖ വേദികളില്‍ വിവിധ നൃത്തരൂപങ്ങള്‍ അവതരിപ്പിച്ചുവരുന്നു. നീലമന സഹോദരിമാര്‍ എന്ന പേരിലാണ് രണ്ടുപേരും ചേര്‍ന്ന് ഇപ്പോഴും നൃത്തം അവതരിപ്പിക്കുന്നത്. മെഡിക്കല്‍ പഠനത്തിനുശേഷം ദ്രൗപതി മുംബൈയില്‍ ഇന്ദു രാമനില്‍ നിന്ന് നൃത്തത്തില്‍ തുടര്‍ പഠനം നടത്തി. തുടര്‍ന്ന് ട്രിച്ചി ഭാരതിദാസന്‍ സര്‍വകലാശാലയില്‍നിന്ന് ഭരതനാട്യത്തില്‍ എം.എഫ്.എയും പൂര്‍ത്തിയാക്കി. പിന്നീട്, ഭരതനാട്യത്തില്‍ എം.എ. ഇപ്പോള്‍ ഇതില്‍ റിസര്‍ച്ചും ചെയ്യുന്നു.

ദ്രൗപതിക്ക് തിരുവനന്തപുരത്തും പത്മിനിക്ക് കോട്ടയം മെഡിക്കല്‍ കോളജിലുമാണ് അഡ്മിഷന്‍ ലഭിച്ചത്. കലാപരമായ നേട്ടങ്ങളിലും അതുവഴി മാര്‍ക്ക് ലഭിച്ചതിലുമൊക്കെ ഈര്‍ഷ്യയുള്ള പ്രഫസര്‍മാരുമുണ്ടായിരുന്നു അന്ന് തിരുവനന്തപുരത്ത്. അവര്‍ വ്യക്തിപരമായി കുട്ടികളുടെ പഠനത്തെ ബാധിക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചു. പരീക്ഷകളില്‍ മനപ്പൂര്‍വം തോല്‍പിക്കാന്‍ ശ്രമിച്ചതു കൂടാതെ, ഓപണ്‍ ഫോറത്തിലും മറ്റും വ്യക്തിപരമായി ബുദ്ധിമുട്ടിക്കുന്ന രീതിയില്‍ അധ്യാപകര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍, അതിനെയൊക്കെ അതിജീവിച്ച് പഠനം നല്ല രീതിയില്‍ പൂര്‍ത്തിയാക്കി. ദ്രൗപതി കൊല്ലത്തും പത്മിനി കോട്ടയത്തും ആശുപത്രിയില്‍ ജോലി ചെയ്യുന്നതിനിടെ കൊട്ടാരക്കരയിലും കൊല്ലത്തും കോട്ടയത്തും നൃത്തവിദ്യാലയങ്ങളും ഇവര്‍ നടത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.