???????

ട്രഡീഷനൽ ഗ്രൈൻഡർ

“ഇതിന്‍റെ പേരാണ് മക്കളെ  ഉരൽ!” “അപ്പൊ ഈ വലിയ സ്റ്റിക്കോ?” “അത് സ്​റ്റിക് അല്ല മക്കളെ, ഇതിന്‍റെ പേരാണ് ഉലക്ക. അഥവാ ഒലക്ക!”പ്രവാസിയും എൻെറ ബാല്യകാല സുഹൃത്തുമായ ഫയാസിൻെറ മക്കൾ വീട് സന്ദർശിക്കാൻ വന്നതാണ്! മക്കൾ വളരുന്നതും പഠിക്കുന്നതും ഗൾഫിൽ തന്നെ!

വല്ലപ്പോഴും നാട്ടിലേക്ക് വിരുന്നു വരുമ്പോൾ മാത്രമാണ് നാടുമായുള്ള ബന്ധം! പൗരാണിക ജംഗമവസ്തുക്കൾ പൂർണമായി കൈവിടാനുള്ള മനോവൈക്ലബ്യവും വല്ലപ്പോഴും അരിയോ മുളകോ ഉരലിൽ ഇടിച്ച്​ ഹെർബൽ വ്യായാമം വഴി സഹയുടെ അംഗലാവണ്യം പരമാവധി നിലനിന്നോട്ടെ എന്നുള്ള ഗൂഢലക്ഷ്യവും മനസ്സിലിട്ടാണ് ഉരലും ഉലക്കയും ഒക്കെ വീട്ടിൽ കൊണ്ടുവന്നിട്ടത്!

അല്ലേലും പഴയ ഓർമകളെ കുറെയൊക്കെ നമ്മൾ കുടിയിരുത്തിട്ടുള്ളത് ഇത്തരം ബിംബങ്ങളിലാണല്ലോ! ഉരലും അമ്മിയും ചിരട്ടത്തവിയും തുളസിത്തറയുമൊക്കെ ഇന്നും നമ്മുടെ മസ്‌തിഷ്‌ക രക്​തയോട്ടത്തെ എത്ര ശുദ്ധീകരിക്കുന്നു, ഓർമയെന്ന മനോവ്യായാമത്തിലൂടെ! പഴയ ഒരു മണ്ണെണ്ണറാന്തലിന് മനസ്സിന്‍റെ അടച്ചൊറപ്പിൽ ഇപ്പോഴും എന്തൊരു പ്രകാശമാണ്!

അമ്മികല്ല്
 


‘ഈ വെളിച്ചത്തിനെന്തു വെളിച്ചം’ എന്ന് പറഞ്ഞ പോലെ! തൊടിയിൽ ഒരു കാന്താരിത്തൈ നടുമ്പോൾ പോലും നമ്മുടെ ആത്​മാവ് ശുദ്ധീകരിക്കുന്നതായി തോന്നാറില്ലേ! തുടക്കുംതോറും തിളക്കം കൂടുന്ന ഓട്ടുരുളിപോലെ എത്രയെത്ര നെല്ലിക്ക മധുരങ്ങൾ! ഇതിനിടക്ക് സയ്ഫിന്‍റെ മൂത്തമോൾ ഉലക്കയിൽ വലിയ ഒരു കണ്ടുപിടിത്തം നടത്തിയിരുന്നു!

“ഉമ്മച്ചീ, ഉമ്മച്ചീ, ഉപ്പച്ചി ദേഷ്യം വരുമ്പോൾ ഇടക്കിടെ പറയാറുള്ള  ‘ഒലക്കേടെ മൂഡ്’ ഇതുമായി റിലേറ്റഡ്​ ആണോ?”
ഇതിനിടക്കാണ് ഇളയവൻ അമ്മിയും അമ്മിക്കുട്ടിയും കാണുന്നത്!
“അങ്കിൾ, ഇതെന്താ അങ്കിൾ?”
“മോനെ, ഇതാണ് അമ്മി! അതായത്​ ​ട്രഡീഷനൽ ഗ്രൈൻഡർ!”
“ഓഹോ,, ഹൗ ടു യൂസ് ദിസ് ഗ്രൈൻഡർ അങ്കിൾ?” നല്ല കുത്തരിച്ചോറും ചുവന്ന വറ്റൽമുളക് ചുട്ടതും തേങ്ങയും കൂട്ടി അമ്മിയിൽ അരച്ചെടുത്ത തേങ്ങാച്ചമ്മന്തിയും ചേനക്കറിയും പപ്പടവും വാഴയിലയിൽ വിളമ്പിയപ്പോൾ അതി​ന്‍റെ പുതുരുചിയിലും കൗതുകത്തിലും അവർ ടേബിൾ മാനേഴ്‌സ് പാടെ മറന്നുപോയി!

‘കെ.എഫ്.സിയേക്കാളും സൂപ്പർ’ എന്നാണ് മൂത്ത മോളുടെ കമന്‍റ്​. അടുത്ത വെക്കേഷന് അരിയുണ്ടാവുന്ന ‘റൈസ്ട്രീ’ കാണിക്കണേ അങ്കിൾ എന്ന് ഇളയവന്‍റെ അഭ്യർഥന! പോകാൻ നേരം ഉരലും ഉലക്കയും കൂട്ടി ഓരോ സെൽഫിയെടുക്കാനും അവർ മറന്നില്ല!

Tags:    
News Summary - traditional grinder ammikallu or arakallu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.