നിങ്ങൾ വാങ്ങൂ... ഞങ്ങൾ പാകം ചെയ്യാം...

ഹോട്ടലില്‍ കയറുക, മെനു വാങ്ങുക, ഇഷ്ടപ്പെട്ടത് ഓര്‍ഡര്‍ ചെയ്യുക. ഇതാണ് നമ്മുടെ പരമ്പരാഗത ഭക്ഷണരീതി. എന്നാല്‍,  ഈ രീതികള്‍ക്കൊക്കെ മാറ്റം അനിവാര്യമാണെന്ന് മനസ്സിലാക്കിയവരാണ് ഫോര്‍ട്ട്കൊച്ചിക്കാര്‍. വിദേശ വിനോദ സഞ്ചാരികളുടെ കേരളത്തിലെ ഇഷ്ട കേന്ദ്രങ്ങളിലൊന്നായ ഫോര്‍ട്ട്കൊച്ചിയുടെ അതിഥി സല്‍ക്കാരത്തിന് ഇത്തിരി രുചി കൂടുതലാണ്.

'you buy... we cook' എന്ന ബോര്‍ഡെഴുതിയ ചെറുകിട  റസ്റ്റാറന്‍റുകള്‍ ഫോര്‍ട്ടുകൊച്ചി തെരുവുകളില്‍ സമുദ്ര-കായല്‍ മത്സ്യ രുചിക്കൂട്ട് ഒരുക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. ഹോട്ടലുകാര്‍ വെച്ചു വിളമ്പിക്കൊടുക്കുന്ന മത്സ്യമെന്തും കഴിച്ചുപോകുക എന്ന രീതി മാറി ഇഷ്ടമുള്ള മത്സ്യം വാങ്ങിക്കൊടുത്താല്‍ രുചികരമായി പാചകം ചെയ്തു നല്‍കുന്നു. 'ഫ്രഷ് ഫിഷ്' എന്ന റസ്റ്റാറന്‍റ് പരസ്യങ്ങള്‍ പേരില്‍ മാത്രം ഒതുങ്ങാറാണ് പതിവ്. എന്നാല്‍, ആ പതിവിന് ഇവിടെ പ്രസക്തിയില്ല. വാങ്ങുന്നതും പാചകംചെയ്യുന്നതും നമ്മുടെ സാന്നിധ്യത്തില്‍തന്നെ.

കരിമീന്‍, കൊഞ്ച്, കലമാരി, ബ്ലു സ്കാംബി, ചെമ്പല്ലി, ആവോലി (കറുത്തത്, വെളുത്തത്), ലോബ്സ്റ്റര്‍, കരിമീന്‍ പൊള്ളിച്ചത് തുടങ്ങി വായിലൊതുങ്ങാത്ത പേരുകളില്‍  നിരത്തിവെച്ച മത്സ്യങ്ങളില്‍ ഏതെടുക്കും എന്നതായിരിക്കും കണ്‍ഫ്യൂഷന്‍. ചുട്ടുവെച്ചത് കൊള്ളിയില്‍ കോര്‍ത്തും മറ്റും റസ്റ്റാറന്‍റുകള്‍ക്ക് മുന്നില്‍ തൂങ്ങുന്നത് കണ്ടാല്‍ പിന്നെ വായില്‍ വെള്ളമൂറുക സ്വാഭാവികം.

വൈകീട്ട് അഞ്ചോടെ റസ്റ്റാറന്‍റുകളെല്ലാം സജീവമാകും. സായിപ്പിനെ കണ്ടാണ് ഇത്തരം സല്‍ക്കാരം തുടങ്ങിയത് എന്ന് അവിടെത്തെ 'ഇടി' കണ്ടാല്‍ മനസിലാകും. നേരം വൈകുമ്പോഴേക്കും തട്ടുകടകള്‍ക്ക് മുന്നില്‍ കസേരയിട്ടിരിക്കാന്‍ അവര്‍ മറക്കാറില്ല.  ചിക്കനും മട്ടനും ബീഫുമെല്ലാം വിട്ട് മീനിന്‍െറ പിറകെ പോകാന്‍ ആതിഥേയര്‍ക്ക് വല്യ താല്‍പര്യമൊന്നുമില്ല. പക്ഷേ, സായിപ്പന്മാര്‍ക്ക് പ്രിയം മീന്‍തന്നെ. ഒറ്റയിരിപ്പിന് രണ്ടും മൂന്നും പ്ലേറ്റ് തട്ടുന്നത് കണ്ടാല്‍ കണ്ണ് തള്ളിപ്പോകും. കൂട്ടത്തില്‍ ചില മീന്‍പ്രിയക്കാരായ മലയാളികളും ഉണ്ടാവാറുണ്ട്. ദൂരെ നിന്ന് പുതിയ മീന്‍തീറ്റ സംസാരം കേട്ടറിഞ്ഞ് എത്തിയവരാണ് ഭൂരിഭാഗവും.

ചെറുതും വലുതുമായ റസ്റ്റാറന്‍റുകള്‍ക്ക് ഒട്ടും പഞ്ഞമില്ലാത്ത കൊച്ചിയില്‍ ഇത്തരം പത്തിലധികം മത്സ്യ ഭക്ഷ്യശാലകളുണ്ട്. 300 മുതല്‍ ആയിരങ്ങള്‍ വിലയുള്ള മത്സ്യങ്ങള്‍ തിന്നാന്‍ ഫോര്‍ട്ട് കൊച്ചിയിലെത്തുന്നവരില്‍ എല്ലാതരക്കാരായ ജനങ്ങളുമുണ്ടെന്നാണ് കടക്കാരുടെ ഭാഷ്യം. താമസം വന്‍കിട ഹോട്ടലിലെങ്കിലും ഭക്ഷണം തട്ടുകടകളിലൊതുക്കുന്ന വിദേശ സഞ്ചാരികളുടെ പുതിയ നീക്കങ്ങളില്‍ ഇത്തിരി കണ്ണുകടി ഹോട്ടലുകാര്‍ പ്രകടിപ്പിക്കുന്നുണ്ട്.

അത് കണ്ടറിഞ്ഞു കൊണ്ടു തന്നെയാണ് ചെറുകിട റസ്റ്റാറന്‍റുകാര്‍ അവിടെ എത്തുന്നവരെ എങ്ങനെയും പിടിച്ചിരുത്താന്‍ രുചിയുടെ പുതിയ സാധ്യതകളെ പരീക്ഷിക്കുന്നത്. ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെ ഫോര്‍ട്ട് കൊച്ചിയില്‍ ഉത്സവരാവുകളാണ്. ക്രിസ്മസും പുതുവത്സരവും മുന്നില്‍ കണ്ടുള്ള കാര്‍ണിവലില്‍ തുടങ്ങി മൂന്ന് മാസത്തോളം നീളുന്ന കൊച്ചി-മുസ്രിസ് ബിനാലെ  അവസാനിക്കും വരെ കൊച്ചി സഞ്ചാരികളുടെ ഭൂമിയാണ്. കൂടെ ഇങ്ങനെ ചില ആതിഥേയ സല്‍ക്കാരത്തിന്‍െറ മത്സരവും കാണാം.

തയാറാക്കിയത്: ഫഹീം ചമ്രവട്ടം

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.