സൂപ്പർ അഷ്റഫ്​ (ചിത്രം: മുസ്തഫ അബൂബക്കർ)

കൈയിൽ കാമറയോ കാലിൽ പന്തോ ആയിട്ടല്ലാതെ മലപ്പുറത്തെ അഷ്റഫ് എന്ന ബാവയെ അധികമാരും കണ്ടിട്ടില്ല. നാലു പതിറ്റാണ്ടായി ഫോട്ടോഗ്രാഫർമാർക്കും ഫുട്ബാൾ താരങ്ങൾക്കും സംഘാടകർക്കും ആരാധകർക്കുമിടയിൽ സുപരിചിതൻ. സൂപ്പർ സ്​റ്റുഡിയോ മലപ്പുറമെന്ന സെവൻസ് കളത്തിലെ രാജസംഘത്തി​െൻറ സ്ഥാപകനാണ് സൂപ്പർ അഷ്റഫെന്ന ബാവാക്ക. ഇടക്ക് അഭിനേതാവായും തിളങ്ങിയ ഇദ്ദേഹം ജീവിതത്തിലാദ്യമായി പുറത്തുപോവാതെ വീട്ടിലിരിപ്പ് തുടങ്ങിയിട്ട് ഒരു വർഷം പിന്നിട്ടു. ബാവാക്കക്ക് എന്തുപറ്റി എന്ന് അന്വേഷിച്ചുകൊണ്ടിരുന്നവരോട് പങ്കുവെക്കാനുള്ളത്, അർബുദവും അഷ്റഫിന് മുന്നിൽ മുട്ടുമടക്കിയ കഥയാണ്.

കെട്ടുപന്തി​ന്‍റെ കൂട്ടുകാരൻ

ഓർമകളെ അരനൂറ്റാണ്ട് പിറകിലേക്ക് തട്ടുന്നു: ''1970കളുടെ തുടക്കമാണ്. ചുരുണ്ട്, വഴിയിൽ കിടക്കുന്ന കടലാസിനെ പോലും തട്ടിത്തെറിപ്പിച്ചാണ് അടക്കിപ്പിടിച്ച പുസ്തകവുമായി ആ കുട്ടി മലപ്പുറം കോട്ടപ്പടിയിലെ ഗവ. ഹൈസ്കൂളിലേക്ക് നടന്നത്. ഒന്നുമില്ലെങ്കിലും വെറുതെ കാൽവീശി സാങ്കൽപിക ഫുട്ബാളി​െൻറ ഒറ്റയാൻ കളിക്കാരനും പൊസിഷനില്ലാ ​െപ്ലയറുമായിരുന്നു പലരെയും പോലെ ഞാനും. ഉണങ്ങിയ വാഴയിലകൾ ചുരുട്ടി വാഴനാരുകൾകൊണ്ട് വരിഞ്ഞുകെട്ടിയുണ്ടാക്കുന്ന വാഴയിലപ്പന്തും ​െടയ്​ലർ ​േഷാപ്പിലെ കട്ടിങ് വേസ്​റ്റും ശീലക്കയറുകളുമായി വരിഞ്ഞു കെട്ടിയുണ്ടാക്കുന്ന ശീലപ്പന്തും പുസ്തകങ്ങൾക്കിടയിലോ സഞ്ചിയിലോ അരയിലോ ഒളിപ്പിച്ചാവും സ്കൂളിലെത്തുക. വീണാൽ പൊന്തില്ല എന്ന ഇതി​െൻറ ന്യൂനത പരിഹരിച്ചുതന്നത് പിന്നാലെ വന്ന ടെന്നിസ് ബാളുകളും ഒട്ടുനൂൽ പന്തുകളുമായിരുന്നു.

ഗോപി മാഷാണ് എന്നിലൊരു കളിക്കാരനുണ്ടെന്ന് തിരിച്ചറിഞ്ഞത്. പന്ത്​ വറുതിയുടെ കുട്ടിക്കാലത്ത് സ്കൂളി​െൻറ പി.ടി ഷെഡിൽ ഭാഗംവെച്ച് പോരടിച്ചു. വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലും കവാത്ത് പറമ്പിലും പുഴക്കരയിലും പാടത്തും മുതിർന്നവരുടെ ഗോൾ പോസ്​റ്റിന്​ പിന്നിലെ ഒരു കൂട്ടം റിട്ടേൺ ഷോട്ടുകാരുടെ കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു. എനിക്കൊപ്പം പന്ത് കളിക്കാരനും വളർന്നു. ഡ്രോയിങ് ക്ലാസുകളായിരുന്നു മറ്റൊരു ഇഷ്​ടനേരം. പത്താം ക്ലാസ് ജയിച്ച അത്യപൂർവം പേരിൽ ഞാനുമുണ്ടായിരുന്നുവെന്നതാണ് മറ്റൊരു കൗതുകം. അധ്യാപകനായ പെരുവൻകുഴി അബ്​ദുൽ കരീം മാസ്​റ്ററുടെയും ഖദീജ കുട്ടശ്ശേരിയുടെയും മകൻ തുടർപഠനത്തിന് കോളജിൽ പോവുമെന്നാണ് എല്ലാവരും കരുതിയതെങ്കിലും ഞാൻ വീണ്ടും ഞെട്ടിച്ചു.''

സൂപ്പർ സ്​റ്റുഡിയോയുടെ പിറവി

കളിക്കുമ്പോൾ ധരിക്കാൻ ഉപ്പാ​െൻറ കുപ്പായക്കൈ വെട്ടി സോക്സുണ്ടാക്കി തല്ലുവാങ്ങിയിരുന്നവൻ കോളജിൽ പോവുന്നില്ലെന്ന നിലപാടെടുത്തതോടെ വീട്ടിൽനിന്ന് പുറത്ത്. സുഹൃത്തുക്കളായ മൈക്രോ അസീസിനും നാണത്ത് കരീമിനുമൊപ്പം മലപ്പുറം നഗരസഭ സ്വയം സഹായ പദ്ധതിയായി നൽകിയ 30,000 രൂപ ഉപയോഗിച്ച് കോട്ടപ്പടിയിൽ ഫോട്ടോ സ്​റ്റുഡിയോ തുടങ്ങി. ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകളുടെ കാലം. ഇന്ന് ലോകത്തെ മുഴുവൻ മലയാളി ഫുട്ബാൾ പ്രേമികൾക്കും സുപരിചിതമായ പേര്, സൂപ്പർ സ്​റ്റുഡിയോയുടെ ആരംഭം അങ്ങനെയായിരുന്നു. വീടുമായി പിണക്കത്തിലായിരുന്നതിനാൽ അന്തിയുറക്കവും സ്​റ്റുഡിയോയിലാക്കി. കോട്ടപ്പടിയിലെ മാളിയമ്മക്കാരത്തിയുടെ ഹോട്ടലായിരുന്നു വിശപ്പടക്കാൻ വഴി. ഹോട്ടൽ നടത്തിപ്പുകാരി സ്വന്തം മകനോടെന്ന പോലെ വാത്സല്യം കാണിച്ച് കാശുണ്ടെങ്കിലും ഇല്ലെങ്കിലും മൂന്നുനേരവും തിന്നാൻ തന്നിരുന്നതായി അഷ്റഫ്.

ചിത്രം വരയിൽ

സ്കൂൾ സബ്​ ജൂനിയർ, ജൂനിയർ, സീനിയർ ടീമുകളിൽ കളിച്ച് മലപ്പുറം സോക്കർ ക്ലബി​െൻറ താരമായി. പ്രശസ്തമായ ചാക്കോളാസ്, സിസേഴ്സ് ടൂർണമെൻറുകളിൽ സോക്കറി​െൻറ പ്രതിരോധം കാത്തു. 1980കളിലെത്തിയപ്പോൾ സ്വന്തം ടീം വേണമെന്ന കലശലായ ആഗ്രഹം. അങ്ങനെയാണ് ഫോട്ടോ സ്​റ്റുഡിയോയായ സൂപ്പർ സ്​റ്റുഡിയോയുടെ നാമത്തിൽ ടീമുമായി രംഗത്തുവരുന്നത്. ഹമീദ് തങ്ങൾ, സലീം വാറങ്കോട്, ഗോളി സിദ്ദീഖ്, മജീദ്, നൗഷാദ്, രമേശ് എന്നിവരായിരുന്നു തുടക്കക്കാർ. പിന്നെ എന്തിനും പോന്നൊരു അഷ്റഫ് ബാവയും. നഗ്​നപാദരായി ഇവർ സെവൻസ് മൈതാനങ്ങളിലേക്ക്. നാലുപതിറ്റാണ്ടായി തുടരുന്ന സൂപ്പർ സ്​റ്റുഡിയോ മലപ്പുറം ടീമി​െൻറ ജൈത്രയാത്രയുടെ ആരംഭം.

തമ്പി സൈതാലി, പെരിന്തൽമണ്ണ സൈതാലി, ബാബു സലിം, നൗഷാദ്, ടൈറ്റാനിയം ഹമീദ്, അൻവർ, സുരേന്ദ്രൻ, തമ്പി ബഷീർ തുടങ്ങിയവരും ആദ്യകാലത്തുതന്നെ സൂപ്പർ സ്​റ്റുഡിയോയുടെ നിരയിലെത്തി. മസ്താൻ ബീരാൻ കുട്ടിയായിരുന്നു അന്ന് മാനേജർ. പ്രതിരോധ നിരയുടെ നട്ടെല്ലായിരുന്നു സുപ്പർ അഷ്റഫ്. സൂപ്പർ സ്​റ്റുഡിയോയുടെ ഷെൽഫുകളിലേക്ക് ട്രോഫികളൊഴുകി. പ്രമുഖ സെവൻസ് ടൂർണമെൻറുകളായ വളപട്ടണം എം.കെ. കുഞ്ഞിമായിൻ ഹാജി, മഞ്ചേരി റോവേഴ്സ്, പെരിന്തൽമണ്ണ ഖാദറലി, കൂത്തുപറമ്പ് നാണുട്ടി മെമ്മോറിയൽ, മാഹി വായനശാല ടൂർണമെൻറ്, തിരൂർ മമ്മി ഹാജി, തിരൂരങ്ങാടി സമദ് മെമ്മോറിയൽ തുടങ്ങിയവയിലെല്ലാം വിജയക്കൊടി നാട്ടി.

മിടുക്കരായ മുന്നേറ്റക്കാർ അഷ്റഫെന്ന പ്രതിരോധ മതിലിൽ തട്ടി ദയനീയമായി പിൻവാങ്ങുന്ന കാഴ്ച. ഗാലറിയിൽനിന്ന്​ കുരിക്കൾ, തങ്ങൾ, വെട്ടുകത്തി, നേർച്ചാട് ഇങ്ങനെ പല പേരുകളും ​ഇഷ്​ടക്കാരുടെ ​ബാവാക്ക കേട്ടു. കളി കൈയാങ്കളിയിലേക്ക് നീങ്ങിയാൽ അഷ്റഫിനെ അറിയുന്നവർ മുട്ടാൻ നിൽക്കില്ല. ദേശീയ^അന്തർദേശീയ താരങ്ങളായ ഐ.എം. വിജയൻ, വി.പി. സത്യൻ, യു. ഷറഫലി, ജോപോൾ അഞ്ചേരി, സി.വി. പാപ്പച്ചൻ, സി. ജാബിർ, മലപ്പുറം അസീസ്, കുരികേശ് മാത്യു, ഹബീബ് റഹ്മാൻ തുടങ്ങിയവർക്കൊപ്പവും എതിരിട്ടും പന്തുതട്ടിയ നാളുകൾ.

അഷ്റഫ്​ വരച്ച ഹിഗ്വിറ്റ

വിജയനെ മലപ്പുറത്തെ സെവൻസ് മൈതാനങ്ങൾക്ക് പരിചയപ്പെടുത്തിയതിൽ വലിയ പങ്ക് അഷ്റഫിനുണ്ട്. തൃശൂരിൽനിന്നുവന്ന ആ മെലിഞ്ഞ പയ്യൻ ജീപ്പിൽ ആൾ കൂടുമ്പോൾ പലപ്പോഴും ത​െൻറ മടിയിലാണ് ഇരിക്കാറ്. സ്​റ്റുഡിയോ ടീമി​െൻറ സെൻറർ ഫോർവേഡായിരുന്ന റാഫിയിലെ ഗായകനേക്കാൾ അത്ഭുതപ്പെടുത്തിയത് ചിത്രകാരനെയാണ്. കരിക്കട്ടകൊണ്ട് പെലെയുടെയും ഐ.എം. വിജയ​െൻറയുമെല്ലാം ജീവൻതുടിക്കുന്ന ചിത്രങ്ങൾ പീടികച്ചുമരുകളിൽ വരച്ച റാഫി പിന്നീട് സംഗീതജ്ഞൻ ഷഹബാസ് അമനായി വളർന്നത് കൂട്ടുകാരൻ അഷ്റഫി​െൻറ കൺമുന്നിലാണ്.

സ'കല കായിക' വല്ലഭൻ

പകൽ കൈയിൽ കാമറ, വൈകുന്നേരമായാൽ കാലിൽ പന്ത്... ഇതായിരുന്നു മൂന്നു പതിറ്റാണ്ടോളം അഷ്റഫി​െൻറ ജീവിതം. സ്​റ്റുഡിയോയിൽ മാത്രമല്ല, പുറത്തുനടക്കുന്ന ചടങ്ങുകളിലും ഓടിനടന്ന് ചിത്രങ്ങളെടുത്തു. മുന്നിൽ നിൽക്കുന്നവരെ 'ചിന്‍ അപ്, ചിന്‍ ഡൗണ്‍, ഷോള്‍ഡര്‍ ഡൗണ്‍, സ്‌മൈല്‍ പ്ലീസ്' ഫോർമുലയിൽ കാമറയിലാക്കിയ അഷ്റഫ്, ജഴ്സിയും ബൂട്ടുമണിഞ്ഞ് കളത്തിലിറങ്ങുമ്പോൾ സ്കേറ്റിങ്ങും ടാക്ലിങ്ങും സ്ക്രീനിങ്ങും ഹെഡ്ഡിങ്ങുമായി എതിരാളികളെ നേരിട്ടു. സൂപ്പർ സ്​റ്റുഡിയോയുടെ ബാക്ക് ലൈനിലെ താടിക്കാരൻ അഷ്റഫ് സെവൻസ് ഗാലറികളെ ഇളക്കിമറിച്ചു. 2002 വരെ സ്​റ്റുഡിയോ ടീമി​െൻറ സൂപ്പർ താരമായി വാണു. പിന്നെ ഫുട്ബാൾ സംഘാടനത്തിലേക്ക് മാറ്റിച്ചവിട്ടിയെങ്കിലും കാലിൽ പന്തുണ്ടായിരുന്നു.

ഇപ്പോഴും വെറ്ററൻസ് മത്സരങ്ങളിലെ സ്ഥിരം സാന്നിധ്യമാണ് അഷ്റഫ്. കളിമിടുക്കിന് നിരവധി അംഗീകാരങ്ങൾ. സെവൻസ് ഫുട്ബാൾ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി, സെവൻസ് ഫുട്ബാൾ ടീം മാനേജേഴ്സ് അസോസിയേഷൻ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾക്കൊപ്പം ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷ​െൻറയും ഭാരവാഹിത്വം. സെവൻസ് ഫുട്ബാൾ അസോസിയേഷ​െൻറ സ്ഥാപക നേതാവാണ്. മലപ്പുറം സോക്കർ ക്ലബി​െൻറയും ഓൾഡ് ​െപ്ലയേഴ്സ് അസോസിയേഷ​െൻറയും ഭാരവാഹിത്വവും. പ്രസംഗം, എഴുത്ത്, വായന, യാത്രകൾ എന്നിവയും ഇഷ്​ട വിഷയങ്ങൾ. കരാ​ട്ടേയിൽ ബ്ലാക്ക് ബെൽറ്റുണ്ട്. മികച്ച അഭിനേതാവുകൂടി ഉള്ളിലുണ്ടെന്ന് കാലം തെളിയിച്ചു. നിരവധി പരസ്യ ചിത്രങ്ങളിലും ഇബിലീസി​െൻറ ചങ്ങാതിമാർ, സ്നേഹം പൂക്കുന്ന തീരം, പടച്ചോ​െൻറ ഖജനാവ് തുടങ്ങിയ ഹോം സിനിമകളിലും മുഖംകാണിച്ച അഷ്റഫ് 'സുഡാനി ഫ്രം നൈജീരിയ'യിൽ ചെയ്ത കാരക്റ്റർ റോൾ പ്രേക്ഷകരുടെ കൈയടി നേടി. അഭിനയിക്കാനല്ല മാനേജരായി ജീവിക്കാനാണ് സംവിധായകൻ സക്കരിയ നിർദേശിച്ചത്. പതിറ്റാണ്ട് മുമ്പ് നടന്ന ഫുട്ബാൾ ടൂർണമെൻറ് നഷ്​ടത്തിലായതോടെ സാമ്പത്തിക പ്രതിസന്ധിയിൽ പ്രയാസപ്പെട്ടു. സ്വന്തം സ്​റ്റുഡിയോ ഉണ്ടായിട്ടും മഞ്ചേരിയിലെ മാക്സ് സ്​റ്റുഡിയോയിലെ ജോലിക്കാരനായി. പുതിയ കാലത്തി​െൻറ ഡിജിറ്റൽ ഫോട്ടോഗ്രഫിയും അനായാസം വഴങ്ങുന്നു. സൂപ്പർ സ്​റ്റുഡിയോ നോക്കുന്നത് ഏക മകൻ ആസിഫാണ്.

അർബുദവും സമ്മതിച്ചു, ബാവാക്ക സൂപ്പറാ!

ഒരു കൊല്ലം മുമ്പ് അഷ്റഫി​െൻറ ജീവിതത്തിലേക്ക് തീർത്തും അപ്രതീക്ഷിതമായൊരാൾ കടന്നുവന്നു. ഇടക്കിടെ അലട്ടിയിരുന്ന ഊരവേദന ഗുരുതരമായി കാലി​െൻറ സ്വാധീനം പോയിത്തുടങ്ങി. വിരൽ മടക്കാൻ കഴിയുന്നില്ല. നട്ടെല്ലി​െൻറ കശേരുക്കൾ തെറ്റിയതാണെന്ന് വിദഗ്ധ പരിശോധനയിൽ തെളിഞ്ഞു. ഡോക്ടർമാർ ശസ്ത്രക്രിയ വിധിച്ചു. തുടർന്ന് നീരെടുത്ത് പരിശോധനക്കയച്ചു. ഫലം വന്നപ്പോൾ അർബുദം. വലിയൊരു രോഗം ശരീരത്തെ പിടികൂടിയെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞ അഷ്റഫ് പക്ഷേ പതറിയില്ല. സിനിമയിൽ സുഡുവിനോട് പറയുന്ന 'റിലാക്സ്, ഡോണ്ട് വറി, വീ വിത്ത് യൂ' എന്ന ഡയലോഗ് ഓർമിപ്പിച്ച് ഉറ്റവരും കൂട്ടുകാരും കൂടെ നിന്നു. കോഴിക്കോട് ആസ്​റ്റർ മിംസിലെ ആറ് കോഴ്സ് ചികിത്സക്കൊടുവിൽ അർബുദവും തോറ്റുമടങ്ങി. മുൻപരിചയമില്ലാത്ത എത്രയോ പേർ വിേദശത്തുനിന്നടക്കം വിളിച്ച് ആരോഗ്യവിവരം തിരക്കുമ്പോഴും പ്രാർഥിക്കുമ്പോഴും എന്തിന് ഭയപ്പെടണം.


രോഗനാളുകളിലെ വീട്ടിലിരുപ്പിൽ വർഷങ്ങൾക്കുമുമ്പ് നിർത്തിവെച്ച ചിത്രംവര പൊടിതട്ടിയെടുത്തു. സുഹൃത്ത് മനു കള്ളക്കാടി​െൻറ പ്രേരണയിൽ അക്രിലിക് പഠിച്ചു. ഹിഗ്വിറ്റയും ഐ.എം. വിജയ​െൻറ സിസർ കട്ടും കുന്നുമ്മൽ നഗരവും 'സ്​റ്റേ സേഫ്' സന്ദേശവുമെല്ലാം ചിത്രങ്ങളായി.62 കൊല്ലത്തെ ജീവിതത്തിൽ കൂടെനിന്നവരോടെല്ലാം അങ്ങേയറ്റത്തെ കടപ്പാടുണ്ട്. മലപ്പുറം ചെമ്മങ്കടവിൽ കടലുണ്ടിപ്പുഴയോരത്തെ സോക്കർ ഹൗസിൽ ഭാര്യ ജാസ്മിനും മക്കളായ ആസിഫിനും ജുമാനക്കും ജുലൈനക്കും മരുമകൾ അൻജൽ പർവീനുമൊപ്പം സന്തോഷത്തോടെയിരിക്കുന്നു.

പ്രമുഖ ഹോമിയോ ചികിത്സകനും സോക്കർ ക്ലബ് സ്ഥാപകനുമായ തോരപ്പ ബാപ്പുവാണ് ഭാര്യ പിതാവ്. വീട്ടിലെ ഷെൽഫുകൾ നിറയെ കപ്പുകളും ഷീൽഡുകളുമാണ്. പിന്നെ ഇക്കണ്ട കാലമത്രയുമണിഞ്ഞ അനേകം ജഴ്സികൾ നിരനിരയായി തൂക്കിയിട്ടിരിക്കുന്നു. കുറേ അമൂല്യ വസ്തുക്കൾ പ്രളയത്തിൽ നശിച്ചതി​െൻറ സങ്കടമുണ്ട്. ഇടവേളക്കുശേഷം തൊപ്പിയും ചെയിൻ കണ്ണടയും ധരിച്ച് ബുള്ളറ്റിലേറി സൂപ്പർ അഷ്റഫെന്ന പ്രിയ്യപ്പെട്ടവരുടെ ബാവാക്ക തിരിച്ചുവരുകയാണ്. ചിത്രമെടുപ്പും വരയും കളിയും അഭിനയവുമെല്ലാം കൂടെത്തന്നെയുണ്ടാവും. ബാക്കി കാൻവാസിലും സ്ക്രീനിലും ഗാലറിയിലും കളത്തിലും കാണാം.


Latest Video:

: Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.