ഗ്ലാമറിനും അപ്പുറം സർഗാത്മകതയും സാങ്കേതികവിദ്യയും സുസ്ഥിര വികസനവും കൈകോർക്കുന്ന ഒരു ആഗോള വ്യവസായമായി ഫാഷൻ ലോകം മാറിക്കഴിഞ്ഞു. ഈ മേഖലയിൽ മികച്ച കരിയർ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് സുവർണാവസരമൊരുക്കുകയാണ് കൊല്ലം കുണ്ടറയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി കേരള (ഐ.എഫ്.ടി.കെ). സംസ്ഥാന സർക്കാറിന് കീഴിലുള്ള സെന്റർ ഫോർ കണ്ടിന്യൂയിങ് എജുക്കേഷൻ കേരളയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം, ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഇന്ത്യയിലെ പ്രമുഖ ഫാഷൻ പഠന കേന്ദ്രങ്ങളിലൊന്നായി മാറിയിട്ടുണ്ട്. മേയ് 31 വരെ അപേക്ഷിക്കാം.
നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയുമായി (നിഫ്റ്റ്) സാങ്കേതിക സഹകരണമുള്ള ഐ.എഫ്.ടി.കെ, എ.ഐ.സി.ടി.ഇ അംഗീകാരത്തോടും കേരള സർവകലാശാലയുടെ അഫിലിയേഷനോടും കൂടിയാണ് നാല് വർഷത്തെ ബാച്ചിലർ ഓഫ് ഡിസൈൻ (ബി.ഡിസ്) കോഴ്സ് നടത്തുന്നത്. ആധുനിക ലാബുകൾ, ഗാർമെന്റ് കൺസ്ട്രക്ഷൻ സൗകര്യങ്ങൾ, ഡിസൈൻ സ്റ്റുഡിയോകൾ, സി.എ.ഡി ലാബ് എന്നിവയുൾപ്പെടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളാണ് കാമ്പസിലുള്ളത്. തിയറിയെക്കാൾ പ്രായോഗിക പഠനത്തിന് മുൻഗണന നൽകുന്ന രീതിയാണ് ഇവിടെ പിന്തുടരുന്നത്.
നാല് വർഷത്തെ ബി.ഡിസ് പ്രോഗ്രാമിൽ ആദ്യവർഷം ഡിസൈൻ തത്ത്വങ്ങളിലുള്ള അടിസ്ഥാന പരിശീലനവും തുടർവർഷങ്ങളിൽ ഇല്ലസ്ട്രേഷൻ, പാറ്റേൺ മേക്കിങ്, ഇൻഡസ്ട്രി ഇന്റേൺഷിപ് എന്നിവയും ഉൾപ്പെടുന്നു. അവസാനവർഷം വിദ്യാർഥികൾ തയാറാക്കുന്ന ഡിസൈനുകൾ പ്രഫഷണൽ മോഡലുകളെ അണിനിരത്തി റാംപിൽ അവതരിപ്പിക്കാനുള്ള അവസരവും ലഭിക്കും.
പ്ലസ് ടു പാസായവർക്ക് ഈ കോഴ്സിലേക്ക് അപേക്ഷിക്കാം. ജനറൽ എബിലിറ്റി ടെസ്റ്റ്, ക്രിയേറ്റീവ് എബിലിറ്റി ടെസ്റ്റ് എന്നിവ ഉൾപ്പെട്ട അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. 48,000 രൂപയാണ് സെമസ്റ്റർ ട്യൂഷൻ ഫീസ്. പഠനം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് റിലയൻസ് ട്രെൻഡ്‌സ്, ഫാബ് ഇന്ത്യ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളിൽ പ്ലേസ്‌മെന്റ് ലഭിക്കാറുണ്ട്. ഫാഷൻ ഡിസൈനർ, സ്റ്റൈലിസ്റ്റ്, മെർക്കൻഡൈസർ, ഫാഷൻ ജേണലിസ്റ്റ് തുടങ്ങി നിരവധി തൊഴിലവസരങ്ങൾ ഈ കോഴ്സ് കഴിഞ്ഞവർക്ക് മുന്നിലുണ്ട്.ജൂൺ രണ്ടാം വാരമായിരിക്കും പ്രവേശന പരീക്ഷ. ക്ലാസുകൾ ജൂലൈ രണ്ടാം വാരം ആരംഭിക്കും. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ്: www.iftk.ac.in. ഫോൺ: 0474-2547775.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.