പരീക്ഷക്കാലത്ത് പഠിക്കാൻ മൂഡില്ലാതെ ബോറടിച്ചാൽ നിങ്ങൾ എന്തുചെയ്യും? ചോദ്യം ദാന റാസിഖിനോട് ആണെങ്കിൽ പാട്ടുപാടി ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്യും എന്നാവും മറുപടി. ഇത്​ തമാശയല്ല, സീരിയസാണ്​. കോവിഡ് കാലം നാടിന്​ സമ്മാനിച്ച അനുഗൃഹീത ഗായികയാണ് ദാന റാസിഖ്. അതിനുമുമ്പേ ദാന പാടിത്തുടങ്ങിയിരുന്നു. എന്നാൽ, കൂടുതൽ പോപുലറായത് കോവിഡ് കാലത്തുതന്നെ. തീർന്നില്ല, ദാനക്ക് സഹോദരങ്ങൾ മൂന്നുപേർ. മൂത്തയാൾ റഫ, രണ്ടാമത്തെയാൾ തൂബ, ഇളയസഹോദരൻ ദുറ... മൂവരും നന്നായി പാടുന്നവർ.

എല്ലാവരും വീട്ടിൽ ഒത്തുകൂടുമ്പോൾ പാട്ടുതന്നെ പ്രധാന പരിപാടി. റഫയും തൂബയും വിവാഹിതർ. റഫ ഭർത്താവ് സുഹൈറിനും അഞ്ചു വയസ്സുള്ള മകൾ ഫരീനുമൊപ്പം ദുബൈയിലാണ്. തൂബ കോഴിക്കോട് ഡിജിറ്റൽ മാർക്കറ്റിങ് കമ്പനിയിൽ ജോലിചെയ്യുന്നു. ഭർത്താവ് ഹാദി. ദുറ പ്ലസ് ടുക്കാരൻ. ഉപ്പ റാസിഖും ഉമ്മ താഹിറയും നന്നായി പാടുന്നവർ.

സംഗീതത്തെ ജീവനെപ്പേ​ാലെ സ്നേഹിച്ച കുടുംബത്തിൽ പിറന്ന മക്കൾക്കും അതേ താളംകിട്ടിയതിൽ അത്ഭുതപ്പെടാനില്ല. പാട്ടുവീട്ടിലെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് ദാനയും കുടുംബവും...


പൂട്ടില്ലാത്ത ഇൻസ്റ്റ

കോവിഡ് കാലത്താണ് ദാന ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയത്. റഫയുടെ നിർബന്ധമായിരുന്നു അതിന്​ പിന്നിൽ. അക്കൗണ്ട്​ പബ്ലിക് ആക്കിയപ്പോൾ കൂട്ടുകാർക്ക് അത്ഭുതം. 'എന്തേ പ്രൈവറ്റ് ആക്കാത്തേ' എന്നചോദ്യത്തിന് 'ഒന്നുമില്ല, പാട്ടൊക്കെ ഇടാൻ' എന്നായിരുന്നു ദാനയുടെ മറുപടി.

പറഞ്ഞതുപോലെ ചില പാട്ടി​ന്‍റെ ശീലുകൾ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ വന്നുതുടങ്ങി. വലിയ പ്രതികരണമൊന്നുമുണ്ടാകില്ലെന്നാണ്​ കരുതിയതെങ്കിലും ദാനയെയും കൂട്ടരെയും ഞെട്ടിച്ച് ഇൻസ്റ്റഗ്രാം ഫോ​ളോവേഴ്സി​ന്‍റെ എണ്ണം നാലരലക്ഷം കടന്നു. കേരളത്തിലെ എണ്ണംപറഞ്ഞ പല സംഗീതസംവിധായകരും പാട്ടുകൾ നന്നായി എന്നുപറഞ്ഞ് കൂട്ടുകൂടി. വൈകാതെ യൂട്യൂബ് ചാനലും പിറന്നു.

ഒരു ഹലാൽ ലവ് സ്റ്റോറി എന്ന സിനിമയിലെ 'സുന്ദരനായവനേ...സുബ്ഹാനല്ലാഹ്...' ആണ് ആദ്യത്തെ കവർ വേർഷൻ. നാലു മില്യണിലേറെ ആളുകൾ പാട്ട് കേട്ടു. ആദ്യ പാട്ടിനുതന്നെ ഇത്രയും നല്ല പ്രതികരണം വന്നതോടെ ദാനക്ക് ത്രില്ലുകൂടി. പതിയപ്പതിയെ പലതരം ജോണറിലുള്ള പാട്ടുകളുമായി ദാന ചാനലിലെത്തി.

പലതും ആസ്വാദകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. തുടക്കത്തി​ൽ മലയാളത്തി​ന്‍റെ ശ്രേയ ഘോഷാൽ എന്നായിരുന്നു വിളിപ്പേര്. അത് മാറിത്തുടങ്ങി. ദാനക്ക് സ്വന്തമായ ശൈലിയുണ്ടെന്ന് ശ്രേയ ഘോഷാലിനോട് ഉപമിച്ചവർതന്നെ പി​ന്നീട് പറഞ്ഞു. വീട്ടിലെ എല്ലാവരും പാട്ടുകാരായതിനാൽ പരീക്ഷണങ്ങൾക്ക് പഞ്ഞമുണ്ടായില്ല. ഉപ്പയും സഹോദരങ്ങളും സുഹൃത്തുക്കളുമടങ്ങുന്ന ടീമുമായി പുതിയ പാട്ടുകൾ റിലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണ് ദാന.


പാട്ടുകുടുംബം

തല​ശ്ശേരിയിൽ ബ്രണ്ണൻ സ്കൂളിനടുത്താണ് ഈ പാട്ടുകുടുംബം താമസിക്കുന്നത്. നാലുപേരും ചേർന്നാൽ വീട് പാടിത്തിമിർക്കും. വളരെ അപൂർവമായേ ഈ സമ്മേളനം നടക്കൂ. പാട്ടിൽ നാലുപേരുടെയും ടേസ്റ്റും വ്യത്യസ്തമാണ്. ദാനക്ക് ഹിന്ദുസ്ഥാനിയും സിനിമാപ്പാട്ടുകളുമാണ് ഏറെ പ്രിയം. റഫക്ക് ഗസലുകളോടും അറബി പാട്ടുകളോടുമാണ് പിരിശം. കൂട്ടത്തിൽ ആദ്യമായി പാടാൻ തുടങ്ങിയത് തൂബയാണ്. പിന്നീടെപ്പോഴോ പിന്നാക്കംവലിഞ്ഞു. തൂബയെ പാടിക്കാൻ നന്നായി പ്രയത്നിക്കണമെന്ന് റഫ പറയുന്നു.

ദുറ കേൾക്കുന്ന പാട്ടുകൾ എല്ലാവരെയും അത്ഭുതപ്പെടുത്തും. ഒരുപാട്ട് ആൾക്ക് ഇഷ്ടപ്പെട്ടാൽ അത് ദാനയെ കേൾപ്പിച്ചേ അടങ്ങൂ. പല ജോണറിലുള്ള പാട്ടുകൾ ഇഷ്ടപ്പെടുന്നയാളാണ് ദുറ. ഹിന്ദുസ്ഥാനി പഠിക്കണമെന്നാണ് ആഗ്രഹം. ദുറയുടെ നിർബന്ധത്തിലാണ് പസൂരി കവർ സോങ് ഇറക്കിയത്.

ദാനയും തൂബയും അതിൽ പാടുന്നുണ്ടെങ്കിലും ഏറെ കൈയടിനേടിയത് ദുറയാണ്. നാലു മില്യണിലേറെ വ്യൂവേഴ്സ് ഉണ്ട് ഈ പാട്ടിന്. ഒറിജിനൽ പാട്ട് റിലീസായി കുറച്ച് സമയം കഴിഞ്ഞാണ് കവർ വേർഷൻ ചെയ്യുന്നത്. പാട്ട് ഹിറ്റായതോടെ സംഗീത സംവിധായകന്‍ അഫ്സല്‍ യൂസുഫിന്റെ ഗാനം ആലപിക്കാനുള്ള അവസരവും ദാനക്ക് ലഭിച്ചു.

ഉപ്പ റാസിഖിന് കൂടുതലും പഴയ മാപ്പിളപ്പാട്ടുകളാണ് ഇഷ്ടം. ദുബൈയിലുള്ള സമയത്ത് റാസിഖ് സ്റ്റേജ്ഷോകൾക്ക് പോകുമായിരുന്നു. ഉമ്മ താഹിറ ഗസൽ ആരാധികയാണ്. ആരും കേൾക്കാത്ത പാട്ടുകളൊക്കെ ഉമ്മയിരുന്ന് കേൾക്കുമെന്ന് ദാന പറയുന്നു. ഫരീദ ഖാൻ, ഗുലാം അലി എന്നിവരാണ് ഉമ്മയുടെ ഫേവറിറ്റ്സ് ലിസ്റ്റിലുള്ള ഗസൽ ഗായകർ.


പാട്ട് കൂട്ടുകൂടിയ കുട്ടിക്കാലം

ഉപ്പയും ഉമ്മയും കുട്ടിക്കാലം തൊട്ടേ ഉന്തിത്തള്ളിയാണ് ദാനയെ പാട്ടി​ന്‍റെ വഴിയിൽ എത്തിച്ചത്. ദുബൈയിലായിരുന്നു ബാല്യകാലം. അഞ്ചാം വയസ്സുതൊട്ട് ഗൾഫിലെ പ്രോഗ്രാമുകളിൽ നിർബന്ധിച്ച് പ​ങ്കെടുപ്പിക്കും. പിന്നീട് നാട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കലോത്സവങ്ങളിലൊക്കെ പ​​ങ്കെടുക്കുന്നത്.

ഉമ്മയാണ് പാട്ടുകൾ തിരഞ്ഞെടുക്കുക. ഉപ്പ ട്രെയിനറുടെ അടുത്തു​കൊണ്ടുപോയി പഠിപ്പിക്കും. പാട്ടുകൾക്ക് വെറൈറ്റി ഉള്ളതിനാൽ സമ്മാനവും ഉറപ്പ്. ഗസൽ റഫ തന്നെ പഠിപ്പിക്കും. വീട്ടുകാരുടെ നിർബന്ധത്തിന് കലോത്സവത്തിൽ പ​ങ്കെടുക്കുന്നുവെന്നല്ലാതെ അക്കാലത്ത് ദാനക്ക് സംഗീതത്തിൽ വലിയ താൽപര്യമൊന്നും തോന്നിയില്ല.

പാട്ടിനെ അത്രമേൽ പ്രണയിക്കുന്ന ഇവരാരും സംഗീതം പഠിച്ചിട്ടില്ല. റഫ കുറച്ചുകാലം സംഗീതം പഠിക്കാൻ പോയിരുന്നുവെങ്കിലും തുടരാൻ കഴിഞ്ഞില്ല. ഇപ്പോൾ രണ്ടു വർഷമായി ദാന ഹിന്ദുസ്ഥാനി സംഗീതം പഠിക്കുന്നു. ഉസ്താദ് ഫയാസ് ഖാനാണ് ഗുരു. എറണാകുളത്ത് കോളജ് പഠനത്തിനൊപ്പം സംഗീതവും ഒരുമിച്ചു കൊണ്ടുപോകുന്നു.


മഹാരാജാസി​ന്‍റെ വൈബ്

മഹാരാജാസിൽ പൊളിറ്റിക്കൽ സയൻസ് മൂന്നാം വർഷ വിദ്യാർഥിനിയാണ് ദാന. എൽഎൽ.ബിക്ക് പോകാനായിരുന്നു ആദ്യം താൽപര്യം. ഏറ്റവും ഇഷ്ടമുള്ള വിഷയമായ പൊളിറ്റിക്സ് മെയിൻ ആയെടുത്ത് ബിരുദം ചെയ്യാമെന്ന് പിന്നീട് കരുതി. സിവിൽ സർവിസ് മോഹവും ഉണ്ടായിരുന്നു ഒപ്പം. എറണാകുളത്ത് പാട്ട് പഠിക്കണമെന്ന ആഗ്രഹവും മനസ്സിലുണ്ടായിരുന്നു. അങ്ങനെയാണ് മഹാരാജാസിലെത്തുന്നത്.

''കർണാട്ടിക്കും വെസ്റ്റേൺ മ്യൂസിക്കും കേൾക്കാൻ വലിയ ഇഷ്ടമാണ്. പഠിക്കാൻ കൂടുതൽ സൗകര്യം ആണെന്നുകരുതിയാണ് ആദ്യം ഹിന്ദുസ്ഥാനി പഠിക്കാൻ തീരുമാനിച്ചത്. വെസ്റ്റേൺ മ്യൂസിക് പഠിക്കാൻ ചേർന്നുവെങ്കിലും പൂർത്തിയാക്കാൻ സാധിച്ചില്ല. കാമ്പസ് ലൈഫി​ന്‍റെ ഒന്നരക്കൊല്ലം കോവിഡ് കൊണ്ടുപോയി. ഒരുപാട് ടാലന്‍റുള്ള കുട്ടികളുടെ ഹബ് ആണ് മഹാരാജാസ്. അതിനാൽ ഇവിടെ ഒരാൾക്കുമാത്രം പ്രത്യേക ഫോക്കസ് ഒന്നുമില്ല. നന്നായി പാടുന്ന ഒരുപാട് കുട്ടികളുണ്ട് ഇവിടെ'' -ദാന പറയുന്നു.

സിനിമയിലേക്കും ചുവടുവെച്ചിരിക്കുകയാണ് ദാന. ഒരു സിനിമയിലെ വർക്ക് കഴിഞ്ഞു. മറ്റുള്ളത് നടക്കുന്നു. ഇതുവരെ പാടാത്തതരത്തിലുള്ള ഒരു പാട്ടാണ് കിട്ടിയത്. അതിന്റെ ത്രില്ലുണ്ട്. ഭക്ഷണവും യാത്രകളുമാണ് മറ്റ് ഇഷ്ടങ്ങൾ. കാണാത്ത നാടുകൾ കണ്ടുതീർക്കണം... ദാന ആഗ്രഹങ്ങളുടെ ചുരുൾ നിവർത്തി.


പാട്ടും പ്രാക്ടിസും

പാട്ടുപോലിരിക്കും അത് പഠിക്കാനെടുക്കുന്ന സമയമെന്ന് ദാന പറയുന്നു. ചില പാട്ടുകൾ കേൾക്കുന്ന ആളുകൾക്ക് സിംപിളായി തോന്നാം. എന്നാൽ, അത് പഠിക്കാൻ വലിയ ബുദ്ധിമുട്ടായിരിക്കും. രണ്ടു ദിവസം മിനിമം വേണം ഒരു പാട്ട് പഠിച്ചെടുക്കാൻ. വളരെ പതുക്കെ പാട്ട് പഠിക്കുന്ന ഒരാളാണ് താൻ എന്നാണ് സ്വയം വിലയിരുത്തൽ.

അതിനാൽ കൂടുതൽ ദിവസങ്ങളെടുത്ത് പാടിപ്പഠിച്ചാൽ ആ പാട്ടിൽ അതി​ന്‍റെ ഗുണവും കാണാനാകും. ചിലത് പക്ഷേ, പെട്ടെന്ന് ഹൃദയത്തിൽ ക്ലിക്കാകും. അതത് കാലത്ത് വരുന്ന ട്രെൻഡിങ് പാട്ടുകളാണ് കവർ സോങ്ങിനായി തിരഞ്ഞെടുക്കുക. ഏറ്റവും കൂടുതൽ കേൾക്കുന്നത് ഫാസ്റ്റ് നമ്പേഴ്സ് ആണ്. എന്നാൽ, പാടുന്നത് കൂടുതലും മെലഡികളും.


പാട്ടുകളിൽ എല്ലാം ഇഷ്ടം

ഗായിക കെ.എസ്​. ചിത്രയുടെ തമിഴ് പാട്ടുകൾ വലിയ ഇഷ്ടമാണ്. എ.ആർ. റഹ്മാനാണ് ഇഷ്​ടപ്പെട്ട മ്യൂസിക് ഡയറക്ടർ. ഹിന്ദിയിൽ ലത മ​ങ്കേഷ്കറും മുഹമ്മദ് റഫിയും അരിജിത് സിങ്ങും പ്രിയപ്പെട്ടവർ. പ്രീതം ചക്രവർത്തിയുടെ പാട്ടുകളും ഇഷ്ടം. സന്തോഷ് നാരായണൻ, പ്രദീപ് കുമാർ, വിഷ്ണു വിജയ് എന്നിവരുടെ പാട്ടുകളും കേൾക്കാറുണ്ട്.

കഴിഞ്ഞ പെരുന്നാളിന് ദുബൈ ഷോ ചെയ്തിരുന്നു. ഒരുപാടുകാലം ദുബൈയിൽ താമസിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് ഗൾഫിൽ ഒരു പരിപാടിക്കുവേണ്ടി പോകുന്നത്. ആ യാത്രയിൽ പുതിയ കുറെ ആർട്ടിസ്റ്റുകളെ പരിചയപ്പെടാൻ സാധിച്ചു. രാത്രി ഒരുപാട് വൈകിയിട്ടും ആളുകൾ പരിപാടി കേൾക്കാനുണ്ടായിരുന്നു. അതൊരു വല്ലാത്ത അനുഭവമായിരുന്നു.


വൺ മിനിറ്റ് വിഡിയോ

ഗായകൻ അഫ്സൽ വഴിയാണ് ഇൻസ്റ്റഗ്രാമിലെ വൺ മിനിറ്റ് മ്യൂസിക്കിലേക്ക് എത്തിയത്. ഒരാഴ്ചകൊണ്ട് റെക്കോഡിങ്ങും ഷൂട്ടിങ്ങും പൂർത്തിയായി. വളരെ നല്ല പ്രതികരണമാണ് പാട്ടിന് ലഭിച്ചത്.

ഇൻഡിപെൻഡന്‍റ് മ്യുസിഷ്യൻ ആകണമെന്നാണ് ആഗ്രഹം. തന്നെപ്പോലെ സാധാരണ ബാക്ഗ്രൗണ്ടിൽനിന്ന് വരുന്ന ഒരാൾക്ക് ഇപ്പോൾ കിട്ടുന്നതെല്ലാം ബോണസ് ആണെന്നും ദാന പറയുന്നു. എല്ലാം ആകസ്മികമായി സംഭവിച്ചതാണ്. പാട്ട് ഇഷ്ടപ്പെട്ട് ആളുകൾ അടുത്തുവന്ന് സ്നേഹത്തോടെ സംസാരിക്കും. ​ഒപ്പംനിന്ന് ഫോട്ടോ എടുക്കും. ഇതൊക്കെ വലിയ സന്തോഷങ്ങളാണ്. ഗോവിന്ദ് വസന്തയെ പോലുള്ളവർ ത​ന്‍റെ പാട്ടുകൾ കേൾക്കുന്നു എന്നതും അത്ഭുതമാണ്.

കെ.എസ്. ചിത്ര, അഭയ ഹിരൺമയി, സിതാര എന്നിവരുടെയും അഭിനന്ദനങ്ങൾ കേൾക്കാൻ ഭാഗ്യമുണ്ടായി -ദാന പറഞ്ഞുനിർത്തി.


വെറൈറ്റി വഴിയിൽ ദുറ

''സംഗീതത്തിൽ ഇപ്പോൾ താൽപര്യം കൂടി. പഠനത്തോടൊപ്പം സംഗീതവും കൊണ്ടുപോകണം. പാട്ട് പഠിക്കണമെന്നാണ് ആഗ്രഹം. ഹിന്ദുസ്ഥാനിയിൽ തുടങ്ങാനാണ് വിചാരിക്കുന്നത്...'' ഇത്താത്ത സംസാരത്തിന് ബ്രേക്കിട്ടതോടെ പാട്ടുവിശേഷങ്ങളുമായി ദുറയും കൂടി.

​''ഞങ്ങളുടെ കൂട്ടത്തിൽ ദാന കുറച്ചുകൂടി ഫോക്കസ്ഡ് ആണ്. സംഗീതവും പഠനവും ഒരുമിച്ച് കൊണ്ടുപോകുന്നുണ്ട്. എല്ലാ പാട്ടുകളും ദാന പാടാറില്ല. ചില കണ്ടീഷൻസ് ഒക്കെയുണ്ട്. മൂഡ് തോന്നുമ്പോൾ പാട്ട് ചെയ്യുന്നതാണ് എ​ന്‍റെ സ്റ്റൈൽ. ​മെലഡികൾതന്നെയാണ് കൂടുതലിഷ്ടം. ഖവാലിയും ഗസലുകളും ഇഷ്ടമാണ്'' -ദുറ പറയുന്നു.


പേരുകളിലെ വൈവിധ്യം

''ഗൾഫിലായിരുന്ന സമയത്ത് വെ​റൈറ്റി പേരുകൾ കാണുമ്പോൾ മക്കൾക്ക് ഇടാമെന്ന് വിചാരിക്കും. അങ്ങനെയാണ് നാലുപേർക്കും വ്യത്യസ്തമായ പേരുകളിട്ടതെന്ന് റാസിഖ് പറയുന്നു. ഒറ്റപ്പേരിടുമ്പോൾ അത് മുഴുവനായി ആളുകൾ വിളിക്കും. 25 വർഷം ദുബൈയിലായിരുന്നു റാസിഖ്. 10 വർഷത്തോളമായി നാട്ടിലെത്തിയിട്ട്. ചെറിയ ബിസിനസ് ഒക്കെയായി അങ്ങ് പോകുന്നു.

സോഷ്യൽ മീഡിയ ഉള്ളതുകൊണ്ട് ഇവരൊക്കെ പാട്ടിൽ ഹിറ്റ് ഉണ്ടാക്കി. ഞങ്ങളുടെ കാലത്ത് ഇതൊന്നുമില്ലായിരുന്നു. സെലക്ടിവായിരിക്കണം എന്നാണ് മക്കളോട് പറയാറുള്ളത്. മക്കളെല്ലാവരും പാടുന്നു എന്നത് ദൈവത്തിന്റെ അനുഗ്രഹം'' -റാസിഖ് സംസാരിക്കുമ്പോൾ വാക്കുകളിൽ അഭിമാനം.

കാലിഗ്രഫിയും ഡിസൈനിങ്ങും

ആർക്കിടെക്ചറാണ് റഫ പഠിച്ചത്. പാട്ട് പണ്ടേ കൂടെയുണ്ടായിരുന്നു. പഠനകാലത്ത് സംഗീതത്തിൽ കൂടുതലായി ശ്രദ്ധിക്കാൻ പറ്റിയില്ലെന്നതിന്റെ സങ്കടവുമുണ്ട് റഫക്ക്. പാട്ടുപോലെ തന്നെ പ്രിയമുള്ള മറ്റൊരു കലാരൂപവും റഫക്ക് വഴങ്ങും. കാലിഗ്രഫി ആണത്. അറബി ഭാഷയോട് വലിയ ഇഷ്ടമുണ്ട്. ഉമ്മ കാലിഗ്രഫി ചെയ്യുമായിരുന്നു. പഠിച്ചിട്ടില്ലെങ്കിലും ചുവരിലൊക്കെ പെയിന്‍റ് ചെയ്തുവെക്കും. അത് പ്രചോദനമായി.

മാസത്തിൽ ഒരു പാട്ടെങ്കിലും പാടിവെക്കണമെന്നും റഫക്ക് ആഗ്രഹമുണ്ട്. ഇപ്പോൾ എല്ലാവരും പാട്ടിൽ സജീവമായുണ്ട്. റഫയും തൂബയും ദാനയും ദുറയും ഒരുമിച്ച് വീട്ടിലുണ്ടാകുന്നത് അപൂർവമാണ്. അതുകൊണ്ട് ഉള്ളവരെ വെച്ച് പാട്ടുകൾ ചെയ്യുകയാണ് പതിവ്. ആ കൂട്ടത്തിലേക്ക് താഹിറയും റാസിഖും ചേരുന്നതോടെ പാട്ടിൻകൂട് പതിയെ ഉണരും.

Tags:    
News Summary - Dana Rasik, Parudhesa, Malayalam Cover Songs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.