കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ഗ്രാമത്തിൽ സിനിമയെ അത്രമേൽ സ്നേഹിച്ച പെൺകുട്ടിയുണ്ടായിരുന്നു. വളരുമ്പോൾ സിനിമാക്കാരിയാകണമെന്ന് അവൾ കൊതിച്ചു. അഭിനയിക്കാനല്ല, സംവിധായികയുടെ കുപ്പായമണിയാനായിരുന്നു ഇഷ്ടം. സ്വപ്നങ്ങൾക്ക് ഊടും പാവുമൊരുക്കി സിനിമയെ ജീവനോളം സ്നേഹിച്ച അവളുടെ ഉപ്പയും ഉമ്മയും കൂട്ടിരുന്നു. ആ പെൺകുട്ടി വളർന്നു. ജീവിതത്തിലെ പല പടവുകളും താണ്ടി വർഷങ്ങൾക്കിപ്പുറം മലയാള സിനിമയിലെ ഭീഷ്മരെതന്നെവെച്ച് സിനിമയെടുത്തു- 'പുഴു'.

ഒ.ടി.ടി പ്ലാറ്റ്ഫോമായ സോണി ലിവിലെ സ്ക്രീനിൽ സംവിധായികയുടെ പേര് തെളിഞ്ഞപ്പോൾ ആ ഗ്രാമം മാത്രമല്ല, രത്തീനയെന്ന വ്യക്തിയുടെ വളർച്ച അടുത്തറിഞ്ഞ എല്ലാവരും പുളകംകൊണ്ടു. അത്ര എളുപ്പമുള്ളതായിരുന്നില്ല ആ യാത്ര.

മുസ്‍ലിം സമുദായത്തിൽനിന്ന് ഒരു പെൺകുട്ടി സിനിമാസംവിധായികയാവുന്നത് സ്വപ്നംകൂടി കാണാൻ പറ്റുന്നതായിരുന്നില്ല അക്കാലം. റത്തീനയുടെ ഉപ്പ അബൂബക്കറും ഉമ്മ മറിയമും പക്ഷേ, മകളുടെ മനസ്സു കണ്ടു. വല്യുപ്പ അബ്ദുറഹ്മാനും സിനിമയെന്നുവെച്ചാൽ ജീവനായിരുന്നു.

തിയറ്ററിലിറങ്ങുന്ന എല്ലാ പടവും കാണും. അങ്ങനെ വെള്ളിയാഴ്ചകളിൽ പുതിയ സിനിമകൾ റിലീസ് ചെയ്യുന്നത് റത്തീനക്കൊപ്പം ആ കുടുംബവും കാത്തിരുന്നു. കുട്ടിക്കാലം തൊട്ടേ ഇഷ്ടനടനായിരുന്നു മമ്മൂട്ടി. അദ്ദേഹത്തി​ന്‍റെ ഏതു സിനിമ വന്നാലും റത്തീന തിയറ്ററിൽ ഹാജരുണ്ടാകും.

സിനിമയിൽ അസിസ്റ്റന്‍റായ കാലത്ത് അവർ മമ്മൂട്ടിയുടെ ഫോൺ നമ്പർ സംഘടിപ്പിച്ച് ​മെസേജുകൾ അയച്ചു. മമ്മൂട്ടി സിനിമകളുടെ സെറ്റിൽ സ്ഥിരമായി പോകും. ഒരു ദിവസം സെറ്റിൽവെച്ച് റത്തീനയെ മമ്മൂട്ടി പിടികൂടി. സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്നു പറഞ്ഞപ്പോൾ, ആഗ്രഹമുണ്ടെങ്കിൽ സിനിമ ചെയ്യണമെന്നു പറഞ്ഞു. ഇതായിരുന്നു മെഗാസ്റ്റാറിനെവെച്ച് സിനിമയെടുക്കാനുണ്ടായ പ്രചോദനം.

'ഉണ്ട' എന്ന സിനിമയുടെ സെറ്റിൽവെച്ച് കഥ പറയാൻ അവസരം ഒത്തുകിട്ടി. തിരക്കഥാകൃത്ത് ഹർഷദുമായി ചേർന്ന് കഥയെഴുതിയെങ്കിലും കോവിഡ് കാലത്ത് അതിന് പൂട്ടു​വീണു. പിന്നീടാണ് 'പുഴു' വരുന്നത്. പുഴു ആഗ്രഹത്തിനൊത്ത് ഒരുക്കാനായതി​ന്‍റെ ക്രെഡിറ്റ് നിർമാതാവടക്കമുള്ള സിനിമയുടെ അണിയറ പ്രവർത്തകർക്കാണ് റത്തീന നൽകുന്നത്. മലയാള സിനിമയിലെ ബോൾഡ് സംവിധായകരുടെ ഇടയിലേക്കാണ് ഈ കോഴിക്കോട്ടുകാരിയുമെത്തുന്നത്.

മുതിർന്ന സംവിധായകർപോലും കൈകാര്യംചെയ്യാൻ മടിക്കുന്ന സവർണജാതിരാഷ്ട്രീയം ഒട്ടും ഗൗരവം ചോരാതെ കൈയടക്കത്തോടെ ആദ്യ സിനിമയിൽതന്നെ ചിത്രീകരിച്ച് പ്രേക്ഷകരുടെയും നിരൂപകരുടെയും കൈയടി നേടിയ റത്തീന സിനിമയിലെത്തിയ വഴികളെക്കുറിച്ച് സംസാരിക്കുന്നു...

ആദ്യ സിനിമതന്നെ മെഗാസ്റ്റാർ മമ്മൂട്ടി​യെ നായകനാക്കി. എങ്ങനെയാണത് സംഭവിച്ചത്?

കുറെ കാലം മു​മ്പുതന്നെ മമ്മൂക്കയെ അറിയാം. അദ്ദേഹത്തെവെച്ച് സിനിമ ചെയ്യണമെന്നത് വലിയ ആഗ്രഹമായിരുന്നു. പക്ഷേ, അദ്ദേഹം നോ പറയാത്ത നല്ലൊരു പ്രോജക്ടുമായി പോകണമെന്നുണ്ടായിരുന്നു. അങ്ങനെയൊരു സബ്ജക്ട് ഒത്തുവന്നപ്പോൾ അദ്ദേഹവുമായി സംസാരിച്ചു. അദ്ദേഹം ഒ.കെ പറഞ്ഞു. അങ്ങനെയാണ് പുഴു സംഭവിക്കുന്നത്.

മമ്മൂട്ടി-പാർവതി ജോഡി ആദ്യമാണല്ലോ? അതിന് നിമിത്തമായതിനെക്കുറിച്ച്?

തിരക്കഥ പുരോഗമിക്കുന്ന സമയത്ത് സ്ത്രീകഥാപാത്ര​ത്തെക്കുറിച്ച് ചർച്ചചെയ്യുമ്പോഴാണ് പാർവതിയുടെ പേര് ഉയർന്നുവരുന്നത്. പാർവതിയെ വിളിച്ചപ്പോൾ കഥ കേൾക്കാമെന്നു പറഞ്ഞു. കഥ കേട്ടുകഴിഞ്ഞപ്പോൾ അവർക്ക് ഇഷ്ടമായി. ഏതൊരു സിനിമയിലെയും കാസ്റ്റിങ് പോലെ വളരെ സ്വാഭാവികമായാണ് എല്ലാ അഭിനേതാക്കളെയും തിരഞ്ഞെടുത്തത്.

സിനിമയിൽ എത്തിപ്പെടുന്നത് എങ്ങനെ?

10 വർഷം മുമ്പ് രേവതിയുടെ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് തുടക്കം. പിന്നീട് അസിസ്റ്റന്റ് ആർട്ട് ഡയറക്ടറായും ജോലി ചെയ്തു. അതിനുശേഷം നിർമാണ ​മേഖലയിലും ഒരു കൈ നോക്കി. പഠിക്കുന്ന കാലം മുതലേ സ്വപ്നംകണ്ടത് തിരക്കഥാകൃത്താവാനാണ്. അതിനുവേണ്ടി ശ്രമിക്കുകയും ചെയ്തിരുന്നു.

വിവാഹം കഴിഞ്ഞപ്പോൾ ആഗ്രഹങ്ങൾക്കൊക്കെ ചെറിയൊരു ബ്രേക്ക് വന്നു. പിന്നീട് വീണ്ടും ശ്രമം തുടങ്ങി. അങ്ങനെയാണ് രേവതിയുടെ കൂടെ അസിസ്റ്റന്റ് ഡയറക്ടറാകാൻ ചാൻസ് കിട്ടിയത്. അവിടന്നാണ് തുടക്കം. സിനിമയിലെത്തുന്നതിനുമുമ്പ് ഒരു ഫ്രഞ്ച് കമ്പനിയിൽ ഗ്രാഫിക്സ് ആർട്ടിസ്റ്റായും ചെന്നൈയിലെ എൻ.ജി.ഒയിൽ ഫാക്കൽറ്റിയായും ജോലി നോക്കിയിരുന്നു. പൊതുവേ സ്ത്രീകളുടെ കാര്യം വരുമ്പോൾ ആളുകൾക്ക് സ്വീകാര്യതക്കുറവുണ്ടാകാറുണ്ട്.

അതവരുടെ ശീലങ്ങളുടെ ഭാഗമാണ്. അതിനെ തരണംചെയ്യാൻ ഒത്തിരി ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുണ്ട്. ഒരു സ്ത്രീ ഒരു കാര്യത്തിനിറങ്ങിത്തിരിച്ചാൽ പല കാര്യങ്ങൾ തെളിയിക്കേണ്ടതുണ്ട്. അങ്ങനെയുള്ള ബുദ്ധിമുട്ടുകളുടെ ഭാഗമാണിതും.

മലയാള സിനിമയിൽ വനിത ഡയറക്ടർമാർ താരതമ്യേന കുറവാണ്. സിനിമകളിലെ സ്ത്രീവിരുദ്ധത ഇല്ലാതാക്കാൻ സ്ത്രീ സംവിധായികമാർക്ക് കഴിയുമെന്ന് പൊതുവേ വിലയിരുത്തലുണ്ട്. വിമൻ ഫ്രൻഡ്‍ലിയായ സിനികൾക്കാണോ പ്രാമുഖ്യം?

സിനിമയിലെ സ്ത്രീവിരുദ്ധത ഇല്ലാതാക്കുക എന്നത് സംവിധായികമാരുടെ മാത്രം ഉത്തരവാദിത്തമല്ലല്ലോ. അ​തൊരു മോശം പ്രവണതയാണ്. സിനിമയിൽ സ്ത്രീവിരുദ്ധത കടന്നുകൂടാതിരിക്കുക എന്നത് എല്ലാവരുടെയും കൂട്ടുത്തരവാദിത്തമാണ്. എന്റെ സിനിമകളിൽ ഒരുതരത്തിലുള്ള സ്ത്രീവിരുദ്ധതയും ഉണ്ടാകില്ല എന്ന് എനിക്ക് ഉറപ്പുതരാൻ കഴിയും. ആളുകൾ ഇഷ്ടപ്പെടുന്ന നല്ല സിനിമകൾ ചെയ്യുക എന്നതിനെക്കുറിച്ചു മാത്രമേ ചിന്തിക്കാറുള്ളൂ. അതാണ് ആഗ്രഹിക്കുന്നതും അതിനുവേണ്ടിയാണ് ശ്രമിക്കുന്നതും.

എങ്ങനെയുള്ള സിനിമകളാണ് താൽപര്യം. പുഴു ഒ.ടി.ടിയിൽ റിലീസ് ചെയ്യാൻ കാരണം?

നേരത്തേ പറഞ്ഞല്ലോ... നല്ല സിനിമകൾ, ആളുകൾ ഇഷ്ടപ്പെടുന്ന, അവരെ രസിപ്പിക്കുന്ന സിനിമകൾ ചെയ്യണമെന്നാണ് ആഗ്രഹം. പുഴു ഒ.ടി.ടി റീച്ചുള്ള ഒരു സിനിമയാണ്. അത്തരമൊരു സബ്ജെക്ടാണ്. അതങ്ങനെ സംഭവിച്ചതിൽ സന്തോഷമേയുള്ളൂ.

കുടുംബത്തെക്കുറിച്ച് പറയാമോ? പഠിച്ചതൊക്കെ...

കോഴിക്കോട് ബാലുശ്ശേരിയാണ് സ്വദേശം. ഉമ്മയും ബാപ്പയും രണ്ടു കുട്ടികളുമാണ് വീട്ടിൽ. ബാലു​ശ്ശേരിയിലും എം.ഇ.എസ് രാജ റെസിഡൻഷ്യൽ സ്കൂളിലുമായിരുന്നു പഠനം. തമിഴ്നാട്ടിലും കർണാടകയി​ലും പഠിച്ചിട്ടുണ്ട്. പ്ലസ് ടു കഴിഞ്ഞ് കോയമ്പത്തൂരിലെ കോളജിൽ കമ്പ്യൂട്ടർ സയൻസിനു ചേർന്നു. മനസ്സ് നിറയെ എഴുത്തും സിനിമയുമായതിനാൽ കോഴ്സ് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. പിന്നീട് ആനിമേഷൻ കോഴ്സ് പഠിക്കാൻ പോയി. അതുകഴിഞ്ഞ് ചെ​ന്നൈയിലെ പ്രസാദ് സ്റ്റുഡിയോയിൽനിന്ന് എഡിറ്റിങ് പഠിച്ചു.

കൊച്ചിയിൽ ഫ്ലാറ്റ് കിട്ടാത്തതിനെക്കുറിച്ച് മുമ്പൊരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. എന്തായിരുന്നു സംഭവം. ആളുകളുടെ മനോഭാവത്തിന് ഇപ്പോൾ മാറ്റം വന്നിട്ടു​ണ്ടോ​​​​?

ഒരു സിംഗ്ൾ വുമൺ വീടന്വേഷിക്കുമ്പോൾ അനുഭവിക്കുന്ന പലതരത്തിലുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ആ പോസ്റ്റ്. അതിൽ ചിലത് മാത്രമാണ് ആളുകൾ പ്രാധാന്യത്തോടെ എടുത്തുകാട്ടിയത്. സ്ത്രീകൾ വീടന്വേഷിക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ കാലാകാലങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു. ആ പോസ്റ്റിന് പ്രതികരണമായി പലരും അത്തരം ബുദ്ധിമുട്ടുകൾ പങ്കുവെക്കുകയുണ്ടായി. ചില പുരുഷന്മാർക്കും ആ തരത്തിൽ ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെന്നും അറിയാൻ കഴിഞ്ഞു.

സിനിമയിലെ കാസ്റ്റിങ് കൗച്ച് പോലുള്ള സംഭവങ്ങളെക്കുറിച്ച് പലരും തുറന്നുപറഞ്ഞിട്ടുണ്ട്. അതേക്കുറിച്ച്..

കാസ്റ്റിങ് കൗച്ച് ഉള്ളതുകൊണ്ടാണ് പലരും അതിനെക്കുറിച്ച് തുറന്നുപറഞ്ഞിട്ടുള്ളത്. എന്റെ സിനിമകളിൽ അങ്ങനെയുള്ള ഒന്നുമുണ്ടാകാൻ ഞാൻ അനുവദിക്കില്ല. അത്തരത്തിലുള്ള എന്തെങ്കിലും ശ്രദ്ധയിൽപെട്ടാൽ അതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുകയും ചെയ്യും. അത് എനിക്കു തരാൻ പറ്റുന്ന ഉറപ്പാണ്.

മീ ടൂ ദുരു​പയോഗം ചെയ്യുകയാണെന്ന തരത്തിൽ മറുവാദമുണ്ട്. അതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്. പ്രത്യേകിച്ച് ഇപ്പോൾ ഒരു നിർമാതാവിനെക്കുറിച്ച് പരാതി ഉയർന്ന സംഭവം.

മീ ടൂ മൂവ്മെന്റ് ലോകത്താകമാനമുണ്ട്. അതിനെ വളരെ പോസിറ്റിവായിട്ടാണ് കാണുന്നത്. ഒരാൾക്കെതിരെ ആരോപണം ഉണ്ടാകുമ്പോൾ, അയാൾ അത് നിയമപരമായി നേരിടുന്നതാണ് അതിന്റെ ശരി.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടാത്തതിനെക്കുറിച്ച്?

പരാതികൾ ജനുവിൻ ആയതുകൊണ്ടാണല്ലോ ​അങ്ങനെയൊരു കമ്മിറ്റിക്ക് സർക്കാർ മുതിർന്നതുതന്നെ. എന്തിനാണോ അത് രൂപവത്കരിക്കപ്പെട്ടത് ആ കാര്യം നിറവേറ്റപ്പെടണം. അതുകൊണ്ടുതന്നെ ഹേമ കമീഷൻ റിപ്പോർട്ട് പുറത്തുവിടണമെന്നാണ് ആഗ്രഹിക്കുന്നത്.

ഒരു സ്ത്രീയാണ് മുഖ്യധാരയിലെങ്കിൽ അവളോട് പൊതുവേയുള്ള ചോദ്യം ഭർത്താവ് അല്ലെങ്കിൽ ജീവിതപങ്കാളി സപ്പോർട്ട് ആണോ എന്നാണ്. പുരുഷന്മാരോട് ഈ ചോദ്യം ഉണ്ടാകാറില്ല​?

ഇത്തരം ചോദ്യങ്ങൾ ഒഴിവാക്കണമെന്ന് നിങ്ങളാണ് ആഗ്രഹിക്കേണ്ടത്. നിങ്ങൾ ആ ചോദ്യം ചോദിച്ചിട്ടില്ലെങ്കിൽ അതിന്റെ പ്രസക്തിതന്നെ ഇല്ലാതാകും. അവിടന്ന് മാറ്റം കൊണ്ടുവരൂ. നല്ല കാര്യങ്ങൾ സംഭവിക്കട്ടെ.

പുതിയ പ്രോജക്ടുകൾ എന്തൊക്കെയാണ്?

ഭാവി സിനിമകൾ തീരുമാനിച്ചിട്ടില്ല. എഴുത്തുകൾ നടക്കുന്നുണ്ട്.

Tags:    
News Summary - director Ratheena about cinema

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.