ഓർമകളിലെ പൂവിളികൾ

മഴവില്ലിൻ നിറങ്ങളും ഉള്ളം കുളിര്‍പ്പിക്കുന്ന ഗന്ധവും നാവില്‍ കൊതി നിറക്കുന്ന രുചികളും മനസ്സില്‍ പൂക്കളം തീര്‍ക്കുന്ന മധുരമനോജ്ഞ കാലം... ഓണക്കാലം. ഇല്ലായ്മകളിലും സൗഭാഗ്യങ്ങളിലും സന്തോഷം നിറച്ച മഹനീയമായ ഇന്നലെകള്‍ മലയാളിയുടെ വിസ്മയാനന്ദ കാലമാണ്. ഇന്ന് ആ ദിനങ്ങള്‍ക്കെല്ലാം ടി.വി ചാനലുകളും കേറ്ററിങ് ബിസിനസ് സ്ഥാപനങ്ങളും വിലയിട്ടുകഴിഞ്ഞു. പഴയ ആഘോഷത്തിന്റെ ഹാങ്ങോവറെങ്കിലും തിരിച്ചുപിടിക്കാന്‍ കുട്ടികള്‍ അമ്മൂമ്മക്കഥകള്‍ക്കു ചെവിവട്ടം പിടിക്കുകയേ തരമുള്ളൂ. പൂവിളികള്‍ മനസ്സിലുയരുമ്പോള്‍ പൂക്കൂടകളില്‍ ശേഖരിച്ച ഓര്‍മകള്‍ പുതുതലമുറക്കായി പങ്കുവെക്കുകയാണ് കൊച്ചി ഏഴിക്കര പട്ടേരില്‍ വീട്ടില്‍ ധനലക്ഷ്മിയമ്മ.

''പണ്ടത്തെ ആഘോഷങ്ങൾക്കൊക്കെ ഒരു ചിട്ടയും താളവുമുണ്ടായിരുന്നു. നമ്മൾ പറഞ്ഞു കൊടുക്കുന്നതിനപ്പുറം കാര്യങ്ങൾ കുട്ടികൾക്ക് പഠിച്ചെടുക്കാനാകുമായിരുന്നു. ഇന്നുപക്ഷേ അങ്ങനെയല്ല, എല്ലാം കാശുകൊടുത്താൽ കിട്ടും. ഇപ്പോ ആഘോഷങ്ങളെല്ലാം ഷോപ്പിങ് ഫെസ്റ്റിവൽ പോലെയായി. ഞങ്ങളുടെ കാലത്ത് ഓണാഘോഷം ദിവസങ്ങളും ആഴ്ചകളും നീളും. ഒരുക്കം നേരത്തേ തുടങ്ങും. അത്തം മുതല്‍ പൂക്കളമിടണം.



പണ്ട് പൂക്കള്‍ പറമ്പിലൊക്കെ നടന്നു പറിക്കുകയാണ് പതിവ്. പലതരം പൂക്കളുണ്ടാകും. അതില്‍ പ്രധാനമാണ് തുമ്പ. മുക്കുറ്റി, ചെത്തി, മന്ദാരം, ഈച്ചപ്പൂവ്, പൂച്ചപ്പൂവ് തുടങ്ങിയ കാട്ടുപൂക്കളുമുണ്ടാകും. ഇലക്കുമ്പിളിലാണ് ശേഖരിക്കുക. വട്ടത്തിലാണ് കളമിടുന്നത്. അന്ന് അപ്പുറത്തും ഇപ്പുറത്തുമുള്ള വീട്ടുകാരൊക്കെ മത്സരിച്ചാണ് അത്തപ്പൂക്കളം ഇടുക. ആര്‍ക്കാണ് എണ്ണം കൂടുതലെന്നൊക്കെ നോക്കും.

അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, ഏഴാം ദിവസം മൂലമാണ്. മൂലത്തിന്റെന്ന് മൂല തിരിച്ചിടും. അങ്ങനെയൊരു ശാസ്ത്രമുണ്ട്. പൂരാടത്തിന്റെ അന്നു പടിവരെ പൂവിതറിയിടും. എന്നുവെച്ചാല്‍ അവിടംവരെ ഓണം എത്തി എന്നർഥം. ഓരോ ദിവസം കഴിയുന്തോറും പൂക്കളുടെ എണ്ണം കൂടിവരും. ഉത്രാട ദിനത്തിൽ പൂക്കളം പരമാവധി വലുപ്പത്തിൽ ഒരുക്കും. പടിക്കൽ വരെ പൂവിടും. സന്ധ്യ കഴിഞ്ഞ് ആ പൂവൊക്കെ വാരി തറയൊക്കെ മെഴുകി വൃത്തിയാക്കും. മാവേലിയെ വരവേല്‍ക്കാനുള്ള ഒരുക്കം ഉത്രാട ദിവസം വൈകീട്ടാകുന്നതോടെ പൂര്‍ത്തിയാകും''.

വീടുകളിലെത്തുന്ന ഡാവേലി വായനക്കാർ

''പണ്ടാരന്‍ സമുദായത്തിൽപെട്ടവര്‍ ചുരുട്ടിപ്പിടിച്ച ചിത്രശേഖരവുമായി വീടുവീടാന്തരം കയറിയിറങ്ങും. വീടുകളില്‍ ഡാവേലി വായിക്കുന്നതിനാണ് അവരെത്തുന്നത്. ശിവന്റെ അനുഗ്രഹമുള്ള അവരെ ഭക്തിയോടെയാണ് വരവേല്‍ക്കുക. കുറെ ചിത്രങ്ങള്‍ നിറഞ്ഞ തുണി ചുവരില്‍ തൂക്കും. മൈദ കലക്കി മുക്കി കട്ടിയാക്കിയശേഷം മഞ്ഞള്‍ കലര്‍ത്തി ഉണക്കിയ തുണിയിലാണ് ചിത്രങ്ങള്‍ വരച്ചിട്ടുണ്ടാകുക. ഓരോ ചിത്രത്തിലേക്കും വടി ചൂണ്ടി പ്രത്യേക ഈണത്തില്‍ വിശദീകരിക്കും. കൃഷി, കന്നുകാലി വളര്‍ത്തല്‍, ഭക്തി എന്നിവയെക്കുറിച്ചെല്ലാം ചൊല്ലും. ഓണത്തിനു മുമ്പേ അവരെത്തും. മഹാദേവനെ വർണിച്ച് ആളുകളെ നന്മയിലേക്കു കൊണ്ടുവരുകയാണ് അവരുടെ ലക്ഷ്യം''.


 



മണ്ണുകൊണ്ട് ഓണത്തപ്പന്‍

നമ്മളൊക്കെ ഓണത്തപ്പനെ മണ്ണുകൊണ്ടാണ് ഉണ്ടാക്കിയിരുന്നത്. ഇപ്പോ മരംകൊണ്ടും ഉണ്ടാക്കുന്നുണ്ട്. എത്ര മരംകൊണ്ടുണ്ടാക്കിയാലും ഒരെണ്ണം മണ്ണുകൊണ്ട് ഉണ്ടാക്കണമെന്നാണ് ശാസ്ത്രം. മണ്ണിനടിയിലേക്കാണ് മഹാബലി പോയത്. അപ്പോ മണ്ണിനാണ് പ്രധാനം. ഇവിടെ ചളികൊണ്ടുണ്ടാക്കും. എന്റെ തൃപ്പൂണിത്തുറയിലെ വീട്ടില്‍ കൽപൊടികൊണ്ടാണ് ഉണ്ടാക്കുന്നത്. അമ്മി, ചിരവ, ആട്ടുകല്ല്, ഉരല്‍ തുടങ്ങി നമ്മുടെ വീട്ടിലുള്ള വിഭവങ്ങള്‍ ഒരുക്കുന്ന എല്ലാം ഉണ്ടാക്കണം. പിന്നെ ദേഹണ്ണത്തിനുള്ള ആളെന്ന നിലക്ക് ഒരു കുട്ടിപ്പട്ടരുമുണ്ടാകും. അതൊക്കെ തറയില്‍ നിരത്തിവെക്കും.

തിരുവോണ ദിനത്തില്‍ വലിയ പൂക്കളമൊരുക്കും. പടിപ്പുരയുടെ അടുത്തുനിന്ന് മാവേലിയെ എതിരേറ്റു കൊണ്ടുവരുകയാണ് ചെയ്യുക. ആൺകുട്ടികൾ കിണ്ടി വെള്ളവും വിളക്കുമായി പോയി ഓണത്തപ്പനെ ഒരു ഇലയില്‍വെച്ച് കാലുകഴുകി എതിരേറ്റു കൊണ്ടുവരും. ആര്‍പ്പുവിളിയും വായ്ക്കുരവയുമായി മാവേലിയെ എതിരേറ്റു കൊണ്ടുവന്ന് തറയില്‍ ഇരുത്തും. അരിമാവുകൊണ്ട് അണിഞ്ഞ ഇലയില്‍ എട്ടുകെട്ടിന്റെ ഉള്ളിലാണ് മാവേലിയെ ഇരുത്തുക. ആദ്യം തേങ്ങയുടച്ച് അഭിഷേകം ചെയ്യും. എന്നിട്ട് തേങ്ങ രണ്ടുമുറിയായി വെച്ച് അതില്‍ തിരി കത്തിച്ചുവെക്കും. പൂവട, നേന്ത്രപ്പഴം തുടങ്ങിയവ നേദിക്കാന്‍ വെക്കും. തുളസിപ്പൂവുകൊണ്ടു പൂജ ചെയ്യും. ചാണയിൽ ചന്ദനമുട്ടികൊണ്ട് അരച്ചു തൊടീക്കും. അടയും മറ്റും നേദിച്ചതായി സങ്കൽപിച്ച് തൊഴുതു നമസ്‌കരിക്കും. മഹാബലിയുടെ കാലത്ത് നല്ല സമൃദ്ധിയായിരുന്നല്ലോ. അപ്പോ എല്ലാ ഐശ്വര്യങ്ങളും സമ്പല്‍സമൃദ്ധിയും അടുത്ത വര്‍ഷംവരെ നീണ്ടുനില്‍ക്കാന്‍ പ്രാർഥിച്ചു തൊഴുത് നമസ്‌കരിക്കുക എന്നാണ് പറയുക. ഇതാണ് ചടങ്ങ്.


കാര്‍ന്നോരുടെ ഓണക്കോടി

''അത്തം പിള്ളേരുടെ ഓണം എന്നാ പറയുക. അന്ന് ചെറുതായിട്ട് സദ്യയൊക്കെ ഉണ്ടാക്കും. വല്യ കാര്യമായിട്ടില്ല. പിന്നെ നാലുദിവസം സദ്യ. അന്ന് നാലുകുല പച്ചക്കായ വറുത്തുവെക്കും. ഒരുകുല പഴം വേറെ. എന്നിട്ട് വരുന്നവര്‍ക്കൊക്കെ കൊടുക്കും. ഉപ്പേരി സാധനങ്ങളൊക്കെ ആരു വന്നാലും ഓണക്കാലത്ത് വീട്ടിലുണ്ടാകണം. ഇല്ലായ്മ പാടില്ല. അത്ര സമൃദ്ധിയായിരിക്കണം എന്നാ പറയുക. കായ നാലായിട്ടു വറുത്തുവെക്കും. ശര്‍ക്കരവരട്ടി പ്രധാനമാണ്. പിന്നെ അച്ചിങ്ങ, ചേന, ചേമ്പ് ഇതൊക്കെ വറുത്തുവെക്കും. നാലുകൂട്ടം ഉപ്പേരി വറുത്തതുണ്ടാകും. ഇഞ്ചി, നാരങ്ങ, മാങ്ങ, ഉപ്പിലിട്ടത്. പിന്നെ പച്ചടി, കിച്ചടി, കാളന്‍, ഓലന്‍, അവിയല്‍, പരിപ്പ്, നെയ്യ്, പപ്പടം, പഴം, പായസം, പഴംനുറുക്ക്''.

''എവിടെയുണ്ടെങ്കിലും ഓണനാളില്‍ കുടുംബാംഗങ്ങള്‍ എല്ലാം ഒത്തുചേരും. മൂത്ത കാര്‍ന്നോരാണ് എല്ലാവര്‍ക്കും ഓണക്കോടി നല്‍കുക. ഇന്നത്തെപ്പോലെ ചുരിദാറൊന്നുമില്ലല്ലോ. മുണ്ടും വേഷ്ടിയുമാണ്. കോടിയുടുത്താണ് എല്ലാവരും ഭക്ഷണം കഴിക്കാനിരിക്കുക. ആദ്യംതന്നെ ഇല വെക്കും. ചെറിയ ഒരിലയില്‍ വിളക്കുവെച്ചിട്ട് ഗണപതിയെ സങ്കൽപിക്കും. വിഘ്‌നേശ്വരനാണ് ഗണപതി. ഗണപതിക്ക് എല്ലാ വിഭവങ്ങളും വിളമ്പിയിട്ടാണ് മറ്റുള്ളവര്‍ക്കു വിളമ്പുക.''

ഗഞ്ചിറ കൊട്ടിയെത്തുന്ന മുസ്‍ലിം ഗായകസംഘം

ഓണസദ്യ കഴിഞ്ഞുള്ള കൂടിച്ചേരല്‍ ഏവര്‍ക്കും പ്രിയപ്പെട്ടതാണ്. കുട്ടികളുടെ ഊഞ്ഞാലാട്ടവും ഓണക്കളികളുമെല്ലാം പ്രിയപ്പെട്ട ഓർമകൾ. ഓരോ ഓണക്കളിയും അതതു നാടിന്റെ പ്രത്യേകതകളിലായിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ പാട്ടുപാടി വൈരാവികള്‍ വന്നുതുടങ്ങും. ഓണം കഴിഞ്ഞിട്ടാണ് അവർ വരുക. ഓണം കഴിഞ്ഞു മൂന്നാം ദിവസം മാവേലിയെ പറഞ്ഞയക്കും.

കൊച്ചിയില്‍നിന്നും മറ്റും എത്തിയിരുന്ന മുസ്‍ലിം ഗായകസംഘം ഗഞ്ചിറ കൊട്ടി ഓണത്തെപ്പറ്റി രസകരമായ പാട്ടുകള്‍ പാടും. കുട്ടികള്‍ ആവേശത്തില്‍ ചുറ്റും കൂടും. അവരങ്ങനെ തപ്പുകൊട്ടി അഞ്ചാറുപേര്‍ ചുറ്റും വട്ടത്തില്‍ കളിക്കും. ആ പാട്ടിന്റെ ചില വരികള്‍ ഇങ്ങനെയായിരുന്നു.

''മാസം പിറന്നു പത്താം തീയതി

പാത്തുക്കുട്ടീടെ കല്യാണം

പാത്തുക്കൂട്ടീടെ കല്യാണത്തിനു

പാട്ടുകാരവരാരെല്ലാം

പാട്ടുകാര്‍ വന്നവര്‍ കട്ടിന്മേലിരിക്കട്ടെ

കട്ടിന്മേലിരുന്നവര്‍ വെറ്റില മുറുക്കട്ടെ

വെറ്റില മുറുക്കിയവര്‍ കോളാമ്പീ

തുപ്പട്ടെ

കോളാമ്പീ തുപ്പിയവരുടെ പേരൊന്നു

കേള്‍ക്കട്ടെ''

പണ്ടത്തെപ്പോലെ ചിട്ടവട്ടങ്ങളൊന്നും ഇന്നില്ല. പെണ്ണുങ്ങള്‍ വെളുപ്പിനേ എഴുന്നേറ്റ് മുങ്ങിക്കുളിച്ച് വന്നാണ് നേദിക്കാനുള്ള അടയൊക്കെ ഉണ്ടാക്കിയിരുന്നത്. എല്ലാം അമ്മിയിലിട്ട് അരച്ചാണ് ഉണ്ടാക്കുക. കാളന് വെണ്ണപോലെ അരയണം. അല്ലാതെ ഇന്നത്തെ കൂട്ട് എല്ലാംകൂടി വാരിപ്പെറുക്കി കൂട്ടി മിക്‌സിയിലിട്ടു കറക്കുന്നതു പോലെയല്ല. എല്ലാറ്റിനും ഒരു കണക്കുണ്ട്, നാഴിയരിക്ക് നാലു നാളികേരം. അതിപ്പോ ഗോതമ്പായാലും ശരി. അതൊക്കെ ഇടിച്ചു പിഴിഞ്ഞെടുക്കണം. ഇന്ന് പക്ഷേ, അതൊക്കെ എളുപ്പാ. എന്നാലും ആളുകള്‍ ഉണ്ടാക്കില്ല. ടി.വിക്ക് മുന്നിലാകും. ഓര്‍ഡര്‍ ചെയ്താല്‍ വിഭവങ്ങള്‍ വീട്ടില്‍ എത്തൂലോ...

Tags:    
News Summary - Onam memory story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.