''ജൂൺ' സിനിമയുടെ കഥ കേട്ടിട്ട് ഇഷ്ടപ്പെടാതെ മടക്കിയയച്ച നിർമാതാക്കളിൽ പതിനാലു പേരും സിനിമ റിലീസിനുശേഷം എന്നെ വിളിച്ചിരുന്നു' -സംവിധായകൻ അഹമ്മദ് കബീർ

വെള്ളിത്തിരയിലേക്കുള്ള ഒരുകൂട്ടം ചെറുപ്പക്കാരുടെ പ്രവേശനോത്സവമായിരുന്നു 'ജൂൺ'. സിനിമയെ പ്രാണനാക്കിയവർ കാമറക്കു മുന്നിലും പിന്നിലും അണിനിരന്നപ്പോൾ നിറഞ്ഞ കൈയടിയായിരുന്നു തിയറ്ററുകൾ നൽകിയ ബി.ജി.എം. ചെറിയൊരു ഇടവേളക്കുശേഷം വീണ്ടും 'മധുര'മുള്ളൊരു കാഴ്ചാനുഭവം പ്രേക്ഷകർക്കായി ഒരുക്കി അഹമ്മദ് കബീറും സുഹൃത്തുക്കളും.

കയ്പേറിയ വർഷങ്ങളിൽനിന്നുള്ള യാത്രയാണ് അഹമ്മദിനെയും മധുരമുള്ള ഈ ദിനങ്ങളിലേക്ക് എത്തിച്ചത്. രണ്ടു സിനിമകളിലൂടെ സംവിധായകനെന്ന നിലയിൽ തന്‍റേതായ ഇരിപ്പിടം മലയാള സിനിമയിൽ ഉറപ്പിച്ചിരിക്കുന്നു. പുതുസിനിമകളിലേക്കുള്ള യാത്രയിൽ അഹമ്മദ് കബീർ വിശേഷങ്ങൾ പങ്കുവെക്കുന്നു...


എല്ലാം ശരിയാകും...

മധുരത്തിൽ നായകനായ ജോജു ആശുപത്രി രംഗങ്ങളിൽ ഇടക്കിടെ പറയുന്ന വാക്കുണ്ട്, 'എല്ലാം ശരിയാകും.' അതെ, ഒന്നും രണ്ടുമല്ല എത്രയോ വർഷങ്ങൾ അഹമ്മദിന്‍റെ മനസ്സും കേട്ടു മടുത്ത വാക്കാണത്. എട്ടാം ക്ലാസ് മുതൽ തുടങ്ങിയ ആഗ്രഹത്തിനു പിന്നാലെയുള്ള യാത്രയായിരുന്നു അത്. 'ഹോപ്' എന്ന ഒറ്റവാക്കായിരുന്നു മുന്നോട്ടു നയിച്ചത്. 17 നിർമാതാക്കളോടാണ് ജൂൺ സിനിമയുടെ കഥ പറഞ്ഞത്.

പുതുമുഖ സംവിധായകൻ... അണിയറയിലും അങ്ങനെതന്നെ... ഒരു റിസ്ക് എടുക്കാൻ ആരും തയാറായില്ല. 'ഒറ്റ ജീവിതമേയുള്ളൂ എന്നതിൽ ഒരു സംശയവുമില്ല. എനിക്ക് സിനിമയല്ലാതെ മറ്റൊന്നും അറിയില്ല. പ്രയാസങ്ങളുണ്ടായപ്പോഴൊന്നും ഇട്ടിട്ട് പോകണമെന്ന് തോന്നിയിട്ടില്ല. പരമാവധി ശ്രമിച്ചുകൊണ്ടിരുന്നു. ഒടുവിൽ വിജയ് ബാബു എന്ന നിർമാതാവിലെത്തുംവരെ അത് തുടർന്നു.


ഓസ്കറായിരുന്നു മമ്മൂക്കയുടെ വാക്കുകൾ

ജൂൺ കഴിഞ്ഞ് കോവിഡിനെ തുടർന്ന് പുതിയ പ്രോജക്ട് നടക്കാതെ വീട്ടിലിരിക്കുമ്പോഴാണ് ജോജു ചേട്ടന്‍റെ വിളി. 'കഥയുണ്ടെങ്കിൽ നമുക്ക് ഒരു സിനിമ ചെയ്യാം.' കേട്ടതും ഒരുപാട് സന്തോഷമായി. മനസ്സിൽ കഥകൾ മിന്നിമറഞ്ഞു. നിയന്ത്രണങ്ങൾക്കുള്ളിൽനിന്ന് എടുക്കാവുന്ന പടവുമായിരിക്കണം. അങ്ങനെയാണ് മധുരത്തിലേക്ക് എത്തുന്നത്.

ഒരിക്കൽ വാപ്പയുമായി അദ്ദേഹത്തിന്‍റെ ബൈപാസ് സർജറിക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കുറച്ച് ദിനങ്ങൾ ചെലവഴിച്ചിരുന്നു. ആ അനുഭവമാണ് ഹോസ്പിറ്റലിലെ മറ്റൊരു ജീവിതത്തിലേക്ക് എന്നെ ചിന്തിപ്പിച്ചത്. ഈ കഥ മുന്നിൽ വന്നപ്പോഴേ തീരുമാനിച്ചിരുന്നു. രോഗിയെ കാണിക്കരുത്.

ആശുപത്രി വാക്കുകൾ വേണ്ട എന്നൊക്കെ. ഇത് കൂട്ടിരിപ്പുകാരുടെ വികാരങ്ങളും വി​േക്ഷാഭങ്ങളും അടങ്ങുന്ന സിനിമയാണ്. അവിടെയുള്ള സൗഹൃദം, പ്രതീക്ഷകൾ, ആശുപത്രിയുടെ പോസിറ്റിവായ വശങ്ങൾ... നല്ല വെളിച്ചത്തിലാണ് ഓരോ ആശുപത്രി സീൻ പോലും ചിത്രീകരിച്ചത്.

കഥ വിഷമതയും ഇരുട്ടും നിറഞ്ഞ വഴിയിൽ സഞ്ചരിക്കരുതെന്ന് തീരുമാനിച്ചിരുന്നു. അതുപോലെ ആശുപത്രി പശ്ചാത്തലമായ കഥയാണെങ്കിലും അത് അവിടെ മാത്രമായി ഒതുങ്ങരുതെന്ന വാശിയുമുണ്ടായിരുന്നു. അങ്ങനെയാണ് പ്രണയവും മധുരവും നിറയുന്നത്. സിനിമ ഇറങ്ങിയശേഷം എനിക്ക് ഏറ്റവും സന്തോഷം തോന്നിയത് മമ്മൂക്ക പങ്കിട്ട നല്ല വാക്കുകളായിരുന്നു. ഞാൻ അദ്ദേഹത്തെ പോയി കണ്ടു. ജൂണും മധുരവും നല്ലതായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. എനിക്ക് അത് ഓസ്കറായിരുന്നു. കണ്ടു എന്ന് മാത്രമല്ല, നന്നായി എന്നുകൂടി പറഞ്ഞപ്പോൾ അതിലും വലുതായി മറ്റൊന്നുമില്ല എന്ന് തോന്നി.


സ്വപ്നങ്ങളിലേക്ക് ഒരുമിച്ച് തലയുയർത്തി

സിനിമാ മേഖലയുടെ മേൽവിലാസമുള്ള ആരുമില്ലാത്ത കുടുംബ പശ്ചാത്തലമായിരുന്നു. വാപ്പ പി.എച്ച്. ഹബീബും ഉമ്മ ജീജയും രണ്ടു സഹോദരങ്ങളും ഉൾപ്പെടുന്ന കുടുംബം. ഞാൻ സ്വപ്നംകണ്ടിരുന്നത് സിനിമ മാത്രമായിരുന്നു. പ്ലസ് ടു കഴിഞ്ഞ് സിനിമയുമായി ബന്ധപ്പെട്ട എന്തെങ്കിലും കോഴ്സ്, അല്ലെങ്കിൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുക എന്നതായിരുന്നു ആഗ്രഹം. എന്നാൽ, വീട്ടുകാരുടെ നിർബന്ധത്താൽ ബി.കോം പഠിച്ചു.

അത് കഴിഞ്ഞപ്പോൾ വീട്ടുകാർ എം.ബി.എ നിർദേശം മുന്നോട്ടുവെച്ചു. അവിടെ വെച്ച് ഞാനും ഒരു തീരുമാനമെടുത്തു. നാട്ടിൽനിന്ന് മാറണമെന്ന്. അങ്ങനെ വീട്ടുകാരുടെയും എന്‍റെയും ആഗ്രഹത്തിന് ബാലൻസ് നൽകി എം.ബി.എ ഇൻ ഫിലിം മാനേജ്മെന്‍റ് പഠിക്കാൻ മണിപ്പാലിലെത്തി.

അവിടെയാകട്ടെ, ആദ്യദിനംതന്നെ പ്രിൻസിപ്പലിന്‍റെ വാക്കുകൾ എല്ലാ മോഹങ്ങൾക്കും കട്ട് പറയുന്നതായി. ഇത് സിനിമ പഠിപ്പിക്കുന്ന സ്ഥലമല്ല. സിനിമയുടെ മാനേജ്മെന്‍റ് പഠിപ്പിക്കുന്നയിടമാണ്. അത് കേട്ടപ്പോ​ഴേ ഞാൻ തലതാഴ്ത്തി. പക്ഷേ, എന്നെപ്പോലെ തലതാഴ്ത്തിയ കുറച്ചുപേരെ അവിടെ കണ്ടു. അവിടെനിന്ന് ഞങ്ങൾ കുറച്ചു പേർ സ്വപ്നങ്ങളിലേക്ക് ഒരുമിച്ച് തലയുയർത്തി.


ചെറിയ പടങ്ങളിലൂടെ വിജയത്തിലേക്ക്

മണിപ്പാലിലെ കൂട്ടുകെട്ടിൽ ഞങ്ങൾ സീറോ ബജറ്റ് വിഡിയോകൾ ചെയ്തു. അത് ഷോർട്ട് ഫിലിമായി. പഠനം കഴിഞ്ഞും ഈ കൂട്ടായ്മ തുടർന്നു. 18ഓളം ഷോർട്ട് ഫിലിം ചെയ്തു. അതിൽ അവസാനത്തെ 'ഡിയർ ജൂൺ' യൂട്യൂബിൽ രണ്ടു മില്യൺ അടിച്ചു. വലിയൊരു ആത്മവിശ്വാസമായിരുന്നു അത്. 2014 തൊട്ട് കഥ എഴുതാൻ തുടങ്ങിയിരുന്നു. ഇതിനിടെ, 2016ൽ മഴവിൽമനോരമയിൽ അസി. പ്രോഗ്രാം പ്രൊഡ്യൂസറായി ജോലിയിലും കയറി. ഈ സമയത്താണ് ജൂണിന്‍റെ കഥ പൂർത്തിയാക്കുന്നത്. എനിക്ക് വലിയ ബന്ധങ്ങളില്ല.

അതിനാൽ ആരെയും അസിസ്റ്റ് ചെയ്യാനും കഴിഞ്ഞില്ല. സൂപ്പർ സ്റ്റാറിന്‍റെ അവസരങ്ങൾ വരില്ലെന്ന് ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് ചെറിയ പടം ചെയ്യാം എന്ന തീരുമാനത്തിലെത്തിയത്. അതുമാത്രമല്ല, ഒരു സ്റ്റാറിനെ വെച്ചാണ് ആദ്യ സിനിമ ചെയ്യുന്നതെങ്കിൽ ആ പടത്തിന്‍റെ ക്രെഡിറ്റ് താരമൂല്യത്തിൽ മുങ്ങിപ്പോകും. അതേസമയം, ഞാനുൾപ്പെടുന്ന പുതുമുഖങ്ങൾ ഒരു സിനിമ വിജയിപ്പിച്ചാൽ അത് ഞങ്ങളുടെ കഴിവായി മാറും. ആ ആത്മവിശ്വാസമായിരുന്നു ജൂൺ.

മിക്കവരുടെയും തുടക്കമായതിനാൽ പരമാവധി കഥാപാത്രങ്ങളെ നന്നാക്കാൻ, സിനിമയെ മനോഹരമാക്കാൻ ഓരോരുത്തരും ശ്രമിച്ചു. എന്‍റെ ഒപ്പം ഷോർട്ട് ഫിലിം ചെയ്തപ്പോഴുള്ള കാമറമാൻ ജിതിനും സംഗീതസംവിധായകൻ ഇഫ്തിയും തുടങ്ങി എല്ലാം പരിചിത മുഖങ്ങൾ. ഒരു കുടുംബംപോലെയായിരുന്നു.

ജൂൺ പടം ഓണായി വിജയ് സാർ എനിക്ക് ചെക്ക് നൽകിയപ്പോൾ സത്യത്തിൽ ഒരു മരവിപ്പായിരുന്നു. ചിരിക്കണോ കരയണോ എന്നൊന്നും തിരിച്ചറിയാനാകാത്ത അവസ്ഥ. പക്ഷേ, ഈ ചെക്ക് വീട്ടിൽ കൊടുത്തപ്പോൾ അവരുടെ കണ്ണുകളിലെ സന്തോഷം കണ്ടപ്പോൾ ഞാൻ എന്തോ നേടിയിരിക്കുന്നു എന്നൊരു തോന്നൽ മനസ്സിന് ലഭിച്ചു. ജൂൺ നൂറുദിനം ഓടിയതിന്‍റെ ട്രോഫി വീട്ടിൽ ഇരിപ്പുണ്ട്. വല്ലപ്പോഴും വീട്ടിൽ പോകുമ്പോൾ ഇതൊക്കെ കാണുന്നതാണ് എനിക്ക് സന്തോഷം.

തോറ്റു പോകരുത്..

ഒരു പടം ചെയ്യുക എന്നതല്ല. പിടിച്ചുനിൽക്കുക എന്നതാണ് കാര്യം. വീട്ടുകാരുടെ സമ്മതമില്ലാതെയൊക്കെ ഇറങ്ങുന്ന എന്നെപ്പോലെ ഒരുപാടുപേരുണ്ടാകും. കൈപിടിച്ച് നടത്താൻ ആരും ഉണ്ടാകില്ല. എന്നാൽ, നമ്മൾ സ്വയം പറ്റും എന്ന് തെളിയിക്കുക. എന്ത് സാഹചര്യമാണോ അതിൽനിന്ന് സിനിമകൾ എടുക്കുക.

എന്ത് കൺസപ്റ്റ് ആണോ ഉള്ളത് അത് എഴുതുക. ഇന്ന് നവാഗതർക്ക് സാഹചര്യങ്ങൾ കൂടുതൽ അനുകൂലമാണ്. ഒന്നു നടന്നില്ലെങ്കിൽ അടുത്തത് നോക്കുക. എല്ലാറ്റിനും വഴിയുണ്ടാകും. തോറ്റുപോകരുത്. സമയം വരുന്നതുവരെ കാത്തിരിക്കണം എന്ന് എല്ലാവരും പറയും. ഞാൻ അതിന് എതിരായി പറയുന്ന ആളാണ്.

നമ്മൾ അങ്ങാട്ട് ചെന്നുകൊണ്ടേയിരിക്കണം. സമയത്തിനുവേണ്ടി വെയിറ്റ് ചെയ്യരുത്. എല്ലാവരും ബാക്കിയുള്ളവരുടെ പരാജയങ്ങൾവെച്ചാണ് നമ്മളെ ആശ്വസിപ്പിക്കുന്നത്. അത് ബോറ് പരിപാടിയാണ്. മറ്റുള്ളവരുടെ വിജയം കണ്ട് വേണം നമ്മൾ മുന്നോട്ടു പോകേണ്ടത്. ജൂണിന്‍റെ കഥ കേട്ടിട്ട് മടക്കിയയച്ച നിർമാതാക്കളിൽ പതിനാലു പേരും സിനിമ ഇറങ്ങിക്കഴിഞ്ഞ് എന്നെ വിളിച്ചു. അതുമാത്രമല്ല അടുത്ത പടത്തിന് നിർമാണ സഹകരണവും വാഗ്ദാനം ചെയ്തു.


മനസ്സിൽ കുറെ കഥകളുണ്ട്

പലരും കഥപറയാൻ വരുന്നുണ്ട്. ഇഷ്ടമുള്ളത് വേഗം ചെയ്യണമെന്നാണ് ആഗ്രഹം. ജൂൺ ഒരുപാട് വർക് ചെയ്ത് എടുത്ത പടമായിരുന്നു. മധുരം ഒ.ടി.ടിക്കുവേണ്ടി ചെയ്ത സിനിമയായിരുന്നു. അതും നിർമാതാവിന് ലാഭകരവുമായിരുന്നു. ആറു മാസംകൊണ്ട് എല്ലാ വർക്കും കഴിഞ്ഞു. കൂടുതൽ അഭിപ്രായങ്ങൾ നിരൂപണങ്ങളും മധുരത്തിന് ലഭിച്ചത് ഏറെ സന്തോഷമായി. പുതിയ സിനിമക്കായി കഥ തുടരുകയാണ്...

വിചാരിക്കുന്നതിലും അപ്പുറമാണവർ

രണ്ടാമത്തെ സിനിമയാണ് സംവിധായകനെ വിലയിരുത്തുന്നത്, അതിനാൽ ശ്രദ്ധിക്കണം എന്നൊക്കെയുള്ള സമ്മർദങ്ങളുണ്ടായിരുന്നു എനിക്കും. ജൂണുമായി ഒരു ബന്ധവും വരരുതെന്ന് ഉറപ്പാക്കി ചെയ്ത സിനിമയാണ് മധുരം. ജോജുചേട്ടൻ സിനിമ ചെയ്യാൻ പറഞ്ഞപ്പോൾതന്നെ അദ്ദേഹത്തെ മുന്നിൽ കണ്ടാണ് കഥ ആലോചിക്കുന്നത്. അദ്ദേഹത്തിന്‍റെ എല്ലാ സിനിമകളും ഞാൻ കണ്ടിട്ടുണ്ട്.

മുണ്ടുടുത്ത് സിഗരറ്റ് വലിച്ചു നടക്കുന്ന കഥാപത്ര ശൈലികളിൽനിന്ന് വ്യത്യസ്തമായ ഒരു ജോജുചേട്ടനാകണം സ്ക്രീനിൽ വരേണ്ടത് എന്ന് മനസ്സിൽ കുറിച്ചിരുന്നു. അർജുൻ അശോകനും എനിക്ക് വിളിപ്പുറത്ത് ലഭിക്കുന്ന ഒരാളാണ്. അപ്പോൾ അവരെവെച്ചാണ് കഥ എഴുതിയത്.

എന്നാൽ ഇന്ദ്രൻസേട്ടൻ, ജാഫറിക്ക ഇവരൊക്കെ വന്നുചേരുകയായിരുന്നു. ക്യാരക്ടർ ആർട്ടിസ്റ്റായി വന്ന് ഇവർ പിന്നീട് തകർക്കുകയായിരുന്നു. ഇവരുടെ അഭിനയം എനിക്കുകൂടി എക്സ്പീരിയൻസായി. നായിക ശ്രുതിയും നന്നായി കഥാപാത്രത്തെ അവതരിപ്പിച്ചു. ഇവരുടെ ഒക്കെ കൂടെ സിനിമ ചെയ്യാൻ പറ്റിയത് ഭാഗ്യമായി കാണുന്നു. കഥാപാത്രത്തെ മികച്ചതാക്കാൻ ഒരുപാട് കഷ്ടപ്പെടുന്നവരാണ് ഇവരൊക്കെ. േകാമ്പിനേഷൻ സീനിലൊക്കെ ചിലപ്പോൾ സ്ക്രിപ്റ്റിലെ പോലെയാകില്ല അഭിനയിക്കുന്നത്. നമ്മൾ വിചാരിക്കുന്നതിലും അപ്പുറമാകും. ഒരു സീൻ ഒക്കെ നന്നാക്കാൻ ചിലപ്പോൾ മണിക്കൂറുകൾക്കുമുമ്പേ ഇവർ തയാറെടുപ്പ് തുടങ്ങും.

Tags:    
News Summary - Ahmed Kabir director about movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.