‘അമിതമായ ക്ഷീണം, ഇടക്കിടെയുള്ള പനി, അകാരണമായ വയറിളക്കം, ശരീരഭാരം പെട്ടെന്ന് കുറയുക എന്നിവ എയ്ഡ്‌സ് റിലേറ്റഡ് കോംപ്ലക്‌സ് ആയി കണക്കാക്കാം’


എച്ച്.ഐ.വി ബാധിതരില്ലാത്ത ലോകമെന്ന ലക്ഷ്യത്തിലേക്ക്:

എയ്ഡ്‌സിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും എച്ച്.ഐ.വി ബാധിതരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനും എച്ച്.ഐ.വി പ്രതിരോധത്തിൽ പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായാണ് ഡിസംബർ ഒന്ന് ഐക്യരാഷ്ട്ര സംഘടന എയ്ഡ്‌സ് ദിനമായി ആചരിക്കുന്നത്. 2025 ഓടുകൂടി 95:95:95 എന്ന ലക്ഷ്യം കൈവരിക്കാമെന്ന ഉദ്ദേശ്യംകൂടി ഐക്യരാഷ്ട്ര സംഘടനക്കുണ്ട്.

ഇതിൽ ആദ്യത്തെ 95 എന്നത് എച്ച്.ഐ.വി ബാധിതരായ ആളുകളിലെ 95 ശതമാനം ആളുകളും അവരുടെ എച്ച്.ഐ.വി അവസ്ഥ തിരിച്ചറിയുക എന്നതാണ് സൂചിപ്പിക്കുന്നത്. അണുബാധിതരായിട്ടും അത് തിരിച്ചറിയാതെ ജീവിക്കുന്ന ആളുകളും നമ്മുടെ സമൂഹത്തിലുണ്ട് എന്നോർക്കണം. രണ്ടാമത്തെ 95 എന്നത് എച്ച്.ഐ.വി ബാധിതരായി കണ്ടെത്തിയ ആളുകളിലെ 95 ശതമാനം ആളുകളെയും ചികിത്സക്ക് വിധേയരാകുക എന്നതാണ്. ഇവരിലെ 95 ശതമാനം ആളുകളിലും വൈറസ് നിയന്ത്രണവിധേയമാക്കുക എന്നതാണ് മൂന്നാമത്തെ 95ലൂടെ ലക്ഷ്യമിടുന്നത്. ഐക്യരാഷ്ട്ര സംഘടന മുന്നോട്ടുവെച്ച ഈ ഫോർമുല അടിസ്ഥാനമാക്കിത്തന്നെയാണ് ഓരോ നാടും എയ്ഡ്‌സിനെതിരെ പ്രവർത്തിക്കുന്നത്.


എച്ച്.ഐ.വി ബാധിതർക്ക് തണലൊരുക്കി സർക്കാർ:

പുതിയ എച്ച്.ഐ.വി ബാധിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തിലൂന്നി നിരവധി നിർമാർജന പ്രതിരോധ പ്രവർത്തനങ്ങൾ കേരള എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റി വഴി സംസ്ഥാനത്ത് നടപ്പാക്കിവരുന്നുണ്ട്. എയ്ഡ്‌സ് രോഗികളുടെ ചികിത്സക്കായി 'ഉഷസ്സ്' കേന്ദ്രങ്ങളും എച്ച്.ഐ.വി പരിശോധനക്കും കൗൺസലിങ്ങിനുമായി 'ജ്യോതിസ്സ്' കേന്ദ്രങ്ങളും പ്രവർത്തിക്കുന്നു.

'പുലരി' കേന്ദ്രങ്ങളിലൂടെ ജനനേന്ദ്രിയ രോഗങ്ങൾക്കുള്ള ചികിത്സയും അണുബാധ വ്യാപനം ഇല്ലാതാക്കാനുള്ള പ്രവർത്തനങ്ങളും അണുബാധസാധ്യത കൂടുതലുള്ള പ്രത്യേക ഗ്രൂപ്പുകൾക്കിടയിൽ പ്രവർത്തിക്കുന്ന സുരക്ഷ പദ്ധതിയും സംസ്ഥാനത്ത് നിലവിലുണ്ട്. എയ്ഡ്‌സിനെക്കുറിച്ച് പൊതുജനത്തിനുള്ള സംശയങ്ങൾക്കും കൗൺസലിങ്ങിനുമായി 1097 എന്ന നമ്പറിൽ ബന്ധപ്പെടുകയും ചെയ്യാം.


ഉഷസ്സ്:

എയ്ഡ്‌സ് പൂർണമായും സുഖപ്പെടുത്താൻ കഴിയില്ല എങ്കിലും ആന്റി റെട്രോവൈറൽ തെറപ്പി അഥവാ എ.ആർ.ടി ചികിത്സയിലൂടെ വൈറസിന്റെ തോത് കുറക്കുന്നതിനും രോഗികൾക്ക് ആരോഗ്യപരമായ ജീവിതം നയിക്കാനും സാധിക്കും. ഇതിന് രോഗികളെ സഹായിക്കാനായി സംസ്ഥാന സർക്കാർ എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ നടപ്പാക്കിയ പദ്ധതിയാണ് ഉഷസ്സ്. എ.ആർ.ടി ചികിത്സ രോഗികൾക്ക് ഈ പദ്ധതിയിലൂടെ സൗജന്യമായിത്തന്നെ ലഭ്യമാകും.

അണുബാധിതർക്ക് മരുന്ന്, ചികിത്സ, കൗൺസലിങ് തുടങ്ങിയവ നൽകുന്നതിനൊപ്പം പുനരധിവാസവും പരിശീലനവും നിയമസഹായവും നൽകിവരുന്നുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള പ്രശ്‌നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുന്നതിനുള്ള സാഹചര്യവും സൊസൈറ്റിയുടെ വിവിധ പ്രവർത്തനങ്ങൾ വഴി നടപ്പാക്കുന്നു. സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളജുകളിലും പ്രധാന ജില്ല ജനറൽ ആശുപത്രികളിലും ഉഷസ്സ് കേന്ദ്രങ്ങളുണ്ട്. ഉഷസ്സ് ഉപകേന്ദ്രങ്ങളും സംസ്ഥാനത്ത് വിവിധയിടങ്ങളിൽ പ്രവർത്തിച്ചുവരുന്നുണ്ട്.

ജ്യോതിസ്സ്:

എച്ച്.ഐ.വി അണുബാധയുമായി ബന്ധപ്പെട്ട് സൗജന്യ പരിശോധനക്കും കൗൺസലിങ്ങിനുമായി മെഡിക്കൽ കോളജുകൾ, ജില്ല ജനറൽ താലൂക്ക് ആശുപത്രികൾ, തിരഞ്ഞെടുത്ത ഇ.എസ്.ഐ ആശുപത്രികൾ, സ്വകാര്യ ആശുപത്രികൾ, പ്രധാന ജയിലുകൾ എന്നിവിടങ്ങളിലെല്ലാം 'ജ്യോതിസ്സ്' കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. എച്ച്.ഐ.വി ബാധിതർക്ക് ഏറ്റവും കൂടുതൽ വേണ്ട ഒന്നാണ് കൗൺസലിങ്. അതുകൊണ്ടുതന്നെ എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി വളരെ വലിയ പരിഗണനതന്നെ ജ്യോതിസ്സ് കേന്ദ്രങ്ങൾക്ക് നൽകുന്നുണ്ട്. ഇതിനായി പ്രത്യേക വിങ് തന്നെ പ്രവർത്തിച്ചുവരുന്നു.


പുലരി:

ജനനേന്ദ്രിയ രോഗങ്ങൾക്കുള്ള സൗജന്യ ചികിത്സ സർക്കാർ 'പുലരി' വഴിയാണ് ലഭ്യമാക്കുന്നത്. എച്ച്.ഐ.വി അണുബാധ സാധ്യത കൂടുതലുള്ള പ്രത്യേക വിഭാഗങ്ങളെ ലക്ഷ്യമാക്കിയുള്ള പദ്ധതികളും പ്രവർത്തനങ്ങളും നടപ്പാക്കുന്നതിനായി 'സുരക്ഷ' പദ്ധതിയും എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്നു. കൂടാതെ കോളജ് തലങ്ങളിൽ പ്രവർത്തിക്കുന്ന റെഡ് റിബൺ ക്ലബുകൾ, അണുബാധിതർക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ചികിത്സ സേവനങ്ങൾക്കും പോസിറ്റിവായി ജീവിക്കുന്നതിനും വേണ്ടി സമഗ്ര സേവനകേന്ദ്രങ്ങളായി കെയർ ആൻഡ് സപ്പോർട്ട് കേന്ദ്രങ്ങൾ, ഹെൽപ് ഡെസ്കുകൾ എന്നിവയും സർക്കാറിന്റെ മേൽനോട്ടത്തിൽ പ്രവർത്തിച്ചുവരുന്നുണ്ട്.


Tags:    
News Summary - Kerala State Aids Control Society, treatments and programmes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.