വിന്ദുജ മേനോൻ. ചി​​​ത്ര​​​ങ്ങൾ: പി.ബി. ബിജു

‘പണ്ടൊക്കെ സിനിമ സെറ്റുകളിൽ സൗഹാർദപരമായ അന്തരീക്ഷമായിരുന്നു. ഇപ്പോൾ ആ ബന്ധം കുറഞ്ഞുവരുന്നതായി തോന്നിയിട്ടുണ്ട്’ -വിന്ദുജ മേനോൻ

മലയാള സിനിമയുടെ 1990കളിൽ ന്യൂജൻ താരമായിരുന്നു വിന്ദുജ മേനോൻ. 'പവിത്രം' സിനിമയിലെ മോഹൻലാൽ കഥാപാത്രം ഉണ്ണികൃഷ്ണന്റെ സ്വന്തം അനിയത്തിക്കുട്ടി മീനാക്ഷിയായി പ്രേക്ഷക മനസ്സുകളിൽ എന്നെന്നും ഓർക്കുന്ന മുഖം. സിനിമയിൽ സജീവമായി നിൽക്കെ ഇടവേളയെടുത്ത അവർ പിന്നീട് തിരിച്ചെത്തുന്നത് 2016ൽ ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലെ അമ്മവേഷത്തിലൂടെയാണ്. നർത്തകി, ഗായിക എന്നീ നിലകളിലും അറിയപ്പെടുന്ന വിന്ദുജ സിംഗപ്പൂരിൽ നൃത്താധ്യാപികകൂടിയാണ്. അവധിദിനങ്ങൾ ചെലവഴിക്കാൻ സ്വദേശമായ തിരുവനന്തപുരത്തെത്തിയ വിന്ദുജ മാധ്യമം ‘കുടുംബ’ത്തിനോട്​ വിശേഷങ്ങൾ പറയുന്നു.

സിനിമയിൽ എന്തുകൊണ്ട് വലിയൊരു ഇടവേള?

സിനിമ മാത്രം മോഹിച്ച് അഭിനയരംഗത്തെത്തിയ ഒരാളല്ല ഞാൻ. അഭിനയത്തോട് മാത്രമല്ല എന്റെ അഭിനിവേശം. നൃത്തത്തോടും സംഗീതത്തോടുമാണ് താൽപര്യം കൂടുതൽ. ഒരു കലാകാരിയായി അറിയപ്പെടാനാണ് ആഗ്രഹം. സിനിമ വേറെ, സീരിയൽ വേറെ, നൃത്തം വേറെ എന്നൊന്നുമില്ല. സിനിമയിൽ അഭിനയിച്ചില്ലെങ്കിലും ഇത്രയും നാൾ കലാരംഗത്ത് സജീവമായിരുന്നു. ലോകമെമ്പാടുമുള്ള സ്റ്റേജുകളിൽ നൃത്തം അവതരിപ്പിച്ചു. സീരിയലുകളിലും റിയാലിറ്റി ഷോകളിലും മുഖം കാണിച്ചു. ഇനിയും ഈ രംഗത്ത് തുടരാനാണ് ആഗ്രഹം.


എവിടെയായിരുന്നു ഇത്രയും നാൾ?

വിവാഹത്തിനുശേഷം 21 വർഷം മലേഷ്യയിലായിരുന്നു. ഇപ്പോൾ ആറുമാസമായി സിംഗപ്പൂരിൽ. അവിടെ കുട്ടികൾക്ക് നൃത്തപരിശീലനം നൽകുന്നുണ്ട്. മലായ്, ചൈനീസ് കുട്ടികളൊക്കെ നൃത്തം പഠിക്കാൻ വരുന്നുണ്ട്. ബിസിനസ് രീതിയിൽ താല്പര്യം ഇല്ലാത്തതിനാൽ ഓൺലൈൻ ക്ലാസ് നടത്തുന്നില്ല. താല്പര്യവും കഴിവുമുള്ള കുറച്ച് കുട്ടികളെമാത്രം തിരഞ്ഞെടുത്താണ് പരിശീലിപ്പിക്കുന്നത്.

കലാരംഗത്തേക്ക് എത്തിയത് എങ്ങനെയാണ്?

അമ്മ കലാമണ്ഡലം വിമല മേനോനാണ് കലാരംഗത്തെ ഗുരുവും വഴികാട്ടിയും. കേരള നാട്യ അക്കാദമി എന്ന പേരിൽ അമ്മ 58 വർഷമായി തിരുവനന്തപുരത്ത് നൃത്തവിദ്യാലയം നടത്തുന്നു. നൃത്തത്തിനുവേണ്ടി ഉഴിഞ്ഞുവെച്ച ജീവിതമാണ് അമ്മയുടേത്. ചെറുപ്പം മുതൽ നൃത്തവും സംഗീതവും കണ്ടും കേട്ടുമാണ് വളർന്നത്.

സംവിധായകൻ പത്മരാജൻ, ടി.എൻ. ഗോപിനാഥൻ നായർ, പി.കെ. വേണുക്കുട്ടൻ നായർ, വൈക്കം മണി തുടങ്ങി പ്രഗല്ഭരായ കലാകാരന്മാർ വീട്ടിൽ നിത്യസന്ദർശകരായിരുന്നു. ഓൾ ഇന്ത്യ റേഡിയോയിൽ നാടകം അവതരിപ്പിച്ചാണ് കലാരംഗത്തേക്കുള്ള അരങ്ങേറ്റം. നൊമ്പരത്തിപ്പൂവ് എന്ന ചിത്രത്തിൽ ബാലതാരമായാണ് സിനിമയിലെത്തിയത്.


പഴയകാല സിനിമകളിലും പുതുതലമുറ സിനിമകളിലും അഭിനയിച്ചല്ലോ. എന്ത് വ്യത്യാസമാണ് തോന്നുന്നത്?

പഴയകാലത്തെ അപേക്ഷിച്ച് സിനിമ വളരെയധികം മാറി. കൂടുതൽ റിയലിസ്റ്റിക്കായി. സംഘട്ടനരംഗമൊക്കെ കണ്ടാൽ നമുക്ക് ഇക്കാര്യം പെട്ടെന്ന് മനസ്സിലാകും. പണ്ട് അഭിനയമോഹമുള്ള ചെറുപ്പക്കാർ മാത്രമാണ് സിനിമയിൽ എത്തിയിരുന്നത്. ഇപ്പോൾ സാങ്കേതിക മേഖലയിലേക്കും നല്ല അറിവുള്ള ചെറുപ്പക്കാർ കടന്നുവരുന്നു. പവിത്രത്തിൽ അഭിനയിക്കുമ്പോൾ സംവിധായകൻ രാജീവ് കുമാർ സ്റ്റോറി ബോർഡ് വരച്ചാണ് രംഗങ്ങൾ വിശദീകരിച്ചിരുന്നത്.

സിനിമയോട് ഇഷ്ടമുണ്ടായിരുന്നുവെങ്കിലും അഭിനയം ബുദ്ധിമുട്ടേറിയതാണെന്ന് അന്നാണ് മനസ്സിലായത്. അന്നൊക്കെ കൂടെ അഭിനയിക്കുന്നവർ നന്നായി സഹായിക്കുമായിരുന്നു. ആക്ഷൻ ഹീറോ ബിജുവിൽ തിരക്കഥ പോലുമില്ലാതെയാണ് അഭിനയിച്ചത്. രംഗം വിശദീകരിച്ചതിനുശേഷം അനുയോജ്യമായ ഡയലോഗ് സംവിധായകൻ എബ്രിഡ് ഷൈനുമായി ചർച്ചചെയ്ത് തീരുമാനിക്കുകയായിരുന്നു. ആദ്യമൊക്കെ കുറച്ച് ബുദ്ധിമുട്ട് ഉണ്ടായെങ്കിലും പിന്നീട് ശരിയായി.

പുതുതലമുറ സിനിമക്കാരെക്കുറിച്ച് പല ആക്ഷേപങ്ങളും ഉയരുന്നുണ്ടല്ലോ. സമയത്ത് സെറ്റിൽ എത്തില്ല, ലഹരി ഉപയോഗം എന്നിങ്ങനെ?

സിനിമ എന്നത് ഒരു ടീം വർക്കാണ്. നിർമാതാവ് കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണമാണ് മുതലിറക്കുന്നത്. അപ്പോൾ സിനിമ നന്നാക്കാനുള്ള ഉത്തരവാദിത്തം ലൈറ്റ് ബോയ് മുതൽ സൂപ്പർ സ്റ്റാറുകൾക്കുവരെ ഉണ്ട്. പണ്ടൊക്കെ സിനിമ സെറ്റുകളിൽ സൗഹാർദപരമായ അന്തരീക്ഷമായിരുന്നു. കൃത്യസമയത്ത് എത്തും. സീനിയർ-ജൂനിയർ ഭേദമില്ലാതെ എല്ലാവരും പരസ്പരം സഹായിക്കും. ഇപ്പോൾ ആ ബന്ധം കുറഞ്ഞുവരുന്നതായി തോന്നിയിട്ടുണ്ട്.

രാവിലെ സെറ്റിലേക്ക് ഇറങ്ങുമ്പോൾ ഡ്രൈവറുടെ കറുത്ത മുഖം കാണേണ്ടിവന്നാൽ അഭിനയിക്കാനുള്ള മൂഡ് പോകും. ഇത് അറിയാവുന്നതിനാൽ അഭിനേതാക്കളോട് എല്ലാവരും നല്ല നിലയിലാണ് പെരുമാറിയിരുന്നത്. നടിമാരോട് പ്രത്യേക കരുതൽ എല്ലാവർക്കും ഉണ്ടായിരുന്നു. ആ സുരക്ഷിതത്വബോധം ഇപ്പോൾ കുറഞ്ഞു.

പണ്ടൊക്കെ നമ്മുടെ വസ്ത്രം അൽപം മാറിക്കിടന്നാൽ അത് ചൂണ്ടിക്കാണിക്കാൻ ആളുണ്ടായിരുന്നു. ഇപ്പോൾ മൊബൈലിൽ പകർത്തി ഇൻസ്റ്റഗ്രാമിൽ റീൽസ് ഇടാനാണ് തിരക്ക്. പുതുതലമുറ ജോലിയെ കുറച്ചുകൂടി ആത്മാർഥമായ രീതിയിൽ സമീപിക്കണമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.


‘പവിത്രം’ സിനിമയിൽ കള്ളുഷാപ്പിൽ പോകുന്ന ഒരു രംഗമുണ്ട്​. ഈയിടെ കുറച്ച് പെൺകുട്ടികൾ ഷാപ്പിൽ പോയി കള്ളു കുടിച്ച് ഇട്ട റീൽസ് വിവാദമായിരുന്നു?

അങ്ങനെയൊരു സംഭവം ഉണ്ടായോ. അത് ഞാൻ അറിഞ്ഞില്ല. കള്ളു കുടിക്കാൻ പോകുന്ന പെൺകുട്ടികളെ മാത്രം എന്തിന് തടയണം. ലഹരി വസ്തുക്കളുടെ ഉപയോഗം എല്ലാവർക്കും അപകടകരമല്ലേ. ഡോക്ടർമാർ നിരന്തരം മുന്നറിയിപ്പ് നൽകുന്നതും ഇക്കാര്യം എല്ലാവർക്കും അറിയുന്നതുമാണ്.

ഞാൻ മദ്യപിക്കാറും പുകവലിക്കാറുമില്ല. കഴിയാവുന്നവിധം എല്ലാവരെയും അതിൽനിന്ന് തടയാറുമുണ്ട്. കോവിഡ് ബാധിച്ച് ആരോഗ്യം ക്ഷയിച്ച ഒരാൾ സെറ്റിൽ ഇരുന്ന് പുകവലിക്കുന്നത് കണ്ടപ്പോൾ ഞാൻ പറഞ്ഞു 'ചേട്ടാ... ആരോഗ്യം നോക്കണേ' എന്ന്. ലഹരി ഉപയോഗിച്ചാൽ അല്പനേരത്തേക്ക് സുഖം കിട്ടിയേക്കാം. പക്ഷേ, ആരോഗ്യത്തോടെ ഇരിക്കുക എന്നതാണ് പ്രധാനം.

ആക്ഷൻ ഹീറോ ബിജുവിന് ശേഷം പുതുതലമുറ സിനിമകളിൽ ഒന്നും കണ്ടില്ലല്ലോ?

കുറെയധികം കഥകൾ കേട്ടിരുന്നു. ഒരെണ്ണം ഡിസ്കഷന്റെ അവസാന ഘട്ടത്തിൽ എത്തിയതുമാണ്. അപ്പോഴാണ് കോവിഡ് വന്ന് എല്ലാം നിർത്തിവെച്ചത്. പുതുതലമുറയുമായി ആശയവിനിമയത്തിന് തടസ്സമൊന്നുമില്ല. തുടക്കത്തിൽ ചെറിയ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാമെന്ന് മാത്രം.

അടുത്തിടെ വിമാനത്തിൽ യാത്രചെയ്യുമ്പോൾ അടുത്ത സീറ്റിൽ ഒരു ന്യൂജൻ സംവിധായകൻ. 'അജയന്റെ രണ്ടാം മോഷണം' സംവിധാനം ചെയ്യുന്ന ജിതിൻ ലാൽ. എനിക്ക് അദ്ദേഹത്തെ അറിയില്ലെങ്കിലും സംസാരിച്ചു തുടങ്ങാൻ ഒരു ബുദ്ധിമുട്ട്. ഒടുവിൽ അദ്ദേഹം തന്നെ പരിചയപ്പെടുത്തി. സിനിമയുടെ വിവരങ്ങൾ ഷെയർ ചെയ്തു.


കോവിഡ് മഹാമാരി കലാകാരന്മാരെ വല്ലാതെ ബാധിച്ചോ?

നൂറുകണക്കിന് കലാകാരന്മാരാണ് നിത്യവൃത്തിക്കുപോലും വഴിയില്ലാതെ ദുരിതത്തിലായത്. ആശുപത്രിയിൽ പോകാൻ 100 രൂപക്കായി പാതിരാത്രി എന്നെ വാട്സ്ആപ് കാൾ ചെയ്തവർ വരെയുണ്ട്. ഇത്തരം ആളുകളെ സഹായിക്കാൻ കേന്ദ്ര സർക്കാറിന്റെ സഹായത്തോടെ കലാക്രാന്തി എന്ന പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ട്.

ഇന്ത്യയിലെ എല്ലാ കലാകാരന്മാരുടെയും രജിസ്ട്രി തയാറാക്കുകയാണ് ഇതിന്റെ ആദ്യഘട്ടം. സി.വി. ആനന്ദബോസ് മുൻകൈയെടുത്താണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. അതിന്റെ പ്രവർത്തനങ്ങളുമായി സഹകരിക്കാൻ കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ട്.

നൃത്തപരിപാടികളിൽ സജീവമാണോ?

മലേഷ്യ, സിംഗപ്പൂർ, യു.എ.ഇ എന്നിവിടങ്ങളിൽ നൃത്ത പരിപാടികൾ അവതരിപ്പിക്കാറുണ്ട്. കോവിഡിന് മുമ്പുവരെ കേരളത്തിൽ അങ്ങോളമിങ്ങോളം ക്ഷേത്രങ്ങളിൽ പരിപാടി അവതരിപ്പിച്ചിരുന്നു. വയോധികരാണ് ഇത്തരം വേദികളിൽ ആസ്വാദകരായി കൂടുതലും എത്തുന്നത്. സദസ്സിന്റെ ഏറ്റവും മുന്നിൽ പ്രായമായ സ്ത്രീകളെ കാണാം. കണ്ണന് ചോറുരുള വാരിക്കൊടുക്കുമ്പോഴുള്ള ഭാവത്തിന്റെ പ്രതികരണമൊക്കെ അവരുടെ മുഖത്തുനിന്ന് വായിച്ചെടുക്കാം.

ഒട്ടേറെ അഭിനേതാക്കൾ ഈയിടെ വിട്ടുപിരിഞ്ഞല്ലോ. അവരെ എങ്ങനെ ഓർക്കുന്നു?

തിലകൻ ചേട്ടൻ, കലാഭവൻ മണി, കൽപന ചേച്ചി, സുകുമാരി ചേച്ചി, കെ.പി.എ.സി ലളിത ചേച്ചി തുടങ്ങിയവരുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഇവരുടെയൊക്കെ വിയോഗം തീരാനഷ്ടമാണ്. തിലകൻ ചേട്ടനൊപ്പം ചെറുപ്പത്തിൽ നാടകത്തിൽ അഭിനയിച്ചിട്ടുണ്ട്. കലാഭവൻ മണി കുടുംബ സുഹൃത്തായിരുന്നു. കഴിവും ലാളിത്യവും കൊണ്ട് വിസ്മയിപ്പിച്ചു അദ്ദേഹം. കല്പന ചേച്ചിയും സുകുമാരി ചേച്ചിയും എപ്പോഴും ഫോണിൽ വിളിക്കുമായിരുന്നു. ആ സൗഹൃദ നാളുകൾ ഇനി ഇല്ലല്ലോ എന്നോർക്കുമ്പോൾ സങ്കടം.


ഡാൻസ് റിയാലിറ്റി ഷോയിൽ വിധികർത്താവായും പോയിരുന്നല്ലോ?

ഭാവ, രാഗ, താള, മേളങ്ങളുടെ സമ്മേളനമാണ് നൃത്തം. റിയാലിറ്റി ഷോ പുതുതലമുറക്ക് ഒട്ടേറെ അവസരങ്ങൾ നൽകുന്നുണ്ട്. അത് വെറും ജിംനാസ്റ്റിക്സ്, അക്രോബാറ്റിക്സ് ആകാതെ നോക്കാൻ അവർ ശ്രദ്ധിക്കണമെന്നാണ് എന്റെ അഭിപ്രായം.

സിനിമയിലെ പഴയ സൗഹൃദങ്ങൾ തുടരുന്നുണ്ടോ?

സിനിമയിൽ കൂടുതലും ഹായ്, ബൈ ബന്ധം ആണെന്ന് അറിയാമല്ലോ. കലാക്രാന്തി പദ്ധതിയുമായി ബന്ധപ്പെട്ട് മമ്മൂട്ടി, മോഹൻലാൽ എന്നിവരുമായി സംസാരിച്ചിരുന്നു. കുടുംബ സുഹൃത്തായ ജഗദീഷേട്ടൻ ഇടക്കിടെ വിളിക്കും. ഇപ്പോൾ മേനക സുരേഷ് കുമാർ മുൻകൈയെടുത്ത് തലസ്ഥാനത്തെ അഭിനേതാക്കളുടെ വാട്സ്ആപ് കൂട്ടായ്മ ഉണ്ടാക്കിയിട്ടുണ്ട്. അതിലും സജീവമാണ്.

കുടുംബം?

അച്ഛൻ കെ.പി. വിശ്വനാഥ മേനോൻ വള്ളത്തോളിന്റെ അനന്തരവനാണ്. സർക്കാർ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം ഇപ്പോൾ തിരുവനന്തപുരത്ത് വിശ്രമ ജീവിതം നയിക്കുന്നു. അമ്മ കലാമണ്ഡലം വിമല മേനോൻ നൃത്തപരിശീലനവുമായി സജീവമാണ്. ഭർത്താവ് രാജേഷ് കുമാർ സിംഗപ്പൂരിൽ ഇ.വൈ കമ്പനിയിൽ വൈസ് പ്രസിഡന്റാണ്. പാട്ടിനോടും കലയോടും എന്നേക്കാളും ഇഷ്ടമുള്ളയാളാണ് അദ്ദേഹം. മകൾ നേഹ രാജേഷ് നമ്പ്യാർ ആസ്ട്രേലിയയിൽ ആർക്കിടെക്ചറൽ ഡിസൈൻ കോഴ്സ് ചെയ്യുന്നു. മകളും നൃത്തം പരിശീലിക്കുന്നുണ്ട്.

Tags:    
News Summary - vinduja menon talks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.