സന്തോഷ് ജോർജ് കുളങ്ങര (ലോക സഞ്ചാരി)

‘മൂന്ന് ആറുവരി പാതകളെങ്കിലും തെക്ക്-വടക്ക് യാത്രക്ക് കേരളത്തിൽ ആവശ‍്യമാണ്’; സന്തോഷ് ജോർജ് കുളങ്ങര കേരളത്തിലുണ്ടായ മാറ്റങ്ങൾ വിലയിരുത്തുന്നു

അടിസ്ഥാന സൗകര്യ വികസനം ഉൾപ്പെടെയുള്ള മേഖലകളിലെ കേരളത്തിന്‍റെ വളർച്ച അളക്കുമ്പോൾ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുന്നതിൽ അർഥമില്ല. കാരണം ജീവിതനിലവാരം, പ്രതിശീർഷ വരുമാനം, ജീവിത വീക്ഷണം, ജീവിതത്തെ കുറിച്ചുള്ള സ്വപ്നങ്ങൾ എന്നിവയിൽ മറ്റു സംസ്ഥാനക്കാരെ അപേക്ഷിച്ച് മലയാളി വ്യത്യസ്തരാണ്.

ഉദാഹരണത്തിന് വാഹനങ്ങൾ ഉപയോഗിക്കുന്നവരുടെ അനുപാതത്തിൽ കേരളം മുന്നിലാണ്. അങ്ങനെയുള്ള നാട്ടിൽ മറ്റു സംസ്ഥാനങ്ങളിലെ അടിസ്ഥാന സൗകര്യ വികസനം മതിയാകില്ല. വിപുലമായ റോഡ് സംവിധാനം വേണ്ടിവരും. അതിന് ആനുപാതികമായി മുൻകാഴ്ചയോടെയുള്ള അടിസ്ഥാന സൗകര്യ വികസനം ഇവിടെയില്ല. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് നമ്മുടെ വികസനം മെച്ചപ്പെട്ടതാണെങ്കിലും നമ്മുടെ ആവശ‍്യങ്ങൾ നിറവേറ്റാൻ പര്യാപ്തമാണെന്ന് പറയാനാവില്ല.

തെക്ക്-വടക്ക് ഗതാഗത സംവിധാനങ്ങൾക്ക് ആദ്യം മുതൽതന്നെ നമ്മൾ കൂടുതൽ പണം മുടക്കേണ്ടിയിരുന്നു. ഒറ്റവരി റെയിൽപാതയും രണ്ടുവരി ദേശീയപാതയും മാത്രമായാണ് നമ്മൾ പതിറ്റാണ്ടുകൾ പിന്നിട്ടത്. ആറുവരി ദേശീയപാത ഇപ്പോഴാണ് യാഥാർഥ‍്യമായിക്കൊണ്ടിരിക്കുന്നത്. ഇതുപോലുള്ള മൂന്ന് ആറുവരി പാതകളെങ്കിലും തെക്ക്-വടക്ക് യാത്രക്ക് കേരളത്തിൽ ആവശ‍്യമാണ്.

വ്യാവസായിക രംഗത്ത് കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോട്ടും ഓരോ ഐ.ടി പാർക്ക് നിർമിച്ചാൽ എല്ലാമായോ? എന്തുകൊണ്ട് എല്ലാ ജില്ലയിലും താലൂക്കിലും ഐ.ടി പാർക്ക് തുടങ്ങിക്കൂടാ? വർക്ക് ഫ്രം ഹോം സജീവമായ ഇക്കാലത്ത് അതിന് നിരവധി സാധ‍്യതകളാണുള്ളത്.

മലിനീകരണം കുറക്കാനുള്ള പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയിട്ടേ ലൈസൻസ് കൊടുക്കാവൂ എന്ന വ്യവസ്ഥ കൊണ്ടുവന്നാൽ മലിനീകരണ പ്രശ്നം പരിഹരിക്കാനാവും. ബ്യൂറോക്രസി കുറേക്കൂടി നിക്ഷേപസൗഹൃദമാകണം. ഒരു പഞ്ചായത്തിൽ ഇത്ര സംരംഭം തുടങ്ങണമെന്ന് ഉദ്യോഗസ്ഥർക്ക് ടാർഗറ്റ് കൊടുക്കണം.

കേരളത്തിൽ ഒത്തിരി മേഖലകളിൽ മാറ്റങ്ങൾ വേണ്ടതുണ്ട്. മനുഷ‍്യർ കുറേക്കൂടി വിശാലഹൃദയരാവണം. സംസ്കാരസമ്പന്നരാണ് എന്നൊരു ധാരണ നമുക്കുണ്ട്. അത് തെറ്റാണ്. പല വിദേശരാജ്യങ്ങളിലും ചെല്ലുമ്പോൾ ഏറ്റവും സംസ്കാരശൂന്യരായി പെരുമാറുന്നത് ഇന്ത്യക്കാരും മലയാളികളുമാണെന്ന് തോന്നിയിട്ടുണ്ട്. പൊതുസമൂഹത്തിൽ എങ്ങനെ പെരുമാറണം എന്നത് വിദ്യാലയങ്ങളിൽനിന്ന് തന്നെ പഠിപ്പിക്കണം.

വ്യാപകമായി ആളുകൾ വിദേശരാജ്യങ്ങളിലേക്ക് കുടിയേറുന്നതും അവിടെ സ്ഥിരതാമസമാക്കുന്നത് കേരളത്തെ അപകടകരമായി ബാധിക്കുന്നു. കേരളത്തിന്‍റെ പല പ്രദേശങ്ങളിലും മക്കളില്ലാതെ വയോധികരായ മാതാപിതാക്കൾ മാത്രമുള്ള വീടുകൾ കാണാം. അവരുടെ കാലശേഷം അത്തരം പ്രദേശങ്ങളിൽ ആളില്ലാത്ത അവസ്ഥയാകും. അത് പ്രദേശത്തെ സംരംഭങ്ങളെയും കച്ചവടത്തെയും തൊഴിലവസരങ്ങളെയുമെല്ലാം ബാധിക്കും.

വർഗീയത, അസഹിഷ്ണുത, വിഭാഗീയ ചിന്തകൾ തുടങ്ങിയവ ഈയിടെയായി കേരളത്തിൽ വർധിച്ചുവരുകയാണ്. ഏതൊരു വിഷയത്തെയും വർഗീയമായി കാണുന്ന ആളുകൾ കൂടിവരുകയാണ്. സോഷ‍്യൽ മീഡിയയിലാണ് മലയാളി കൂടുതൽ വർഗീയ ചിന്തയോടെ ഇടപെടുന്നത്.

ഉത്തരവാദിത്തമുള്ള മാധ‍്യമങ്ങൾ പരസ്യ വർഗീയ പ്രചാരണം നടത്തുന്നില്ലെങ്കിൽ സോഷ‍്യൽ മീഡിയയിൽ അതല്ല അവസ്ഥ. അവിടെ ഒരു നിയന്ത്രണവുമില്ലാത്തതിനാൽ ആർക്കും എന്ത് വിഷവും പ്രചരിപ്പിക്കാമെന്ന അവസ്ഥയായി. ഇതായിരുന്നില്ല 2015 വരെയുള്ള അവസ്ഥ. ഇത്തരം വർഗീയ കണ്ടന്‍റുകൾക്കും കമന്‍റുകൾക്കുമെതിരെ നിയമനടപടി സ്വീകരിക്കാൻ അധികൃതർ തയാറാവണം. എന്നാൽ, സർക്കാറുകൾ ഇതിനെ പ്രോത്സാഹിപ്പിക്കുകയാണ്. കാരണം രാഷ്ട്രീയക്കാർക്ക് ഈ വർഗീയ ധ്രുവീകരണം ആവശ‍്യമാണ്.

Tags:    
News Summary - Santhosh George Kulangara talks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.