എം.എൻ. കാരശ്ശേരി (എഴുത്തുകാരൻ, ചിന്തകൻ)

ഇവിടത്തെ മൂന്നാമത്തെ രാഷ്ട്രീയ പാർട്ടി ഇന്നുവരെ ഒരു സ്​ത്രീയെ നിയമസഭയിലേക്ക് അയച്ചിട്ടില്ല. ഇതാണ് കേരളത്തിലെ ആൺ-പെൺ തുല്യത -എം.എൻ. കാരശ്ശേരി

ഒന്നാം ഇ.എ.എസ്​ മന്ത്രിസഭ (1957) തുടങ്ങിവെക്കുകയും രണ്ടാം ഇ.എം.എസ്​ മന്ത്രിസഭ പൂർത്തിയാക്കുകയും ചെയ്ത ഒന്നാണ് ഭൂപരിഷ്കരണം. ജന്മി-കുടിയാൻ വ്യവസ്​ഥ അങ്ങനെ അവസാനിച്ചു.

പറമ്പിലും പാടത്തും പണിയെടുക്കുന്ന തൊഴിലാളിക്കല്ല, വരമ്പത്തുനിന്ന് കൃഷി നോക്കി നടത്തിയിരുന്ന കുടിയാനാണ് മണ്ണ് കിട്ടിയത്. ആ വഴിക്ക് വലിയ ശതമാനം നെൽകൃഷി ഇല്ലാതായി. ഭക്ഷ്യവിളകളെക്കാൾ ഇവിടെ പ്രാധാന്യം കിട്ടിയത് റബർ മുതലായ നാണ്യ വിളകൾക്കാണ്.

കഴിഞ്ഞ 50 വർഷമായി പ്രവാസം കൊണ്ടുവന്ന സമ്പത്ത് നമ്മളധികവും ഉപയോഗിച്ചത് വീടുകളും കച്ചവട കേന്ദ്രങ്ങളും ആരാധനാലയങ്ങളും പണിയാനാണ്. കേരളം മൊത്തം വലിയൊരു നഗരം ആയിക്കൊണ്ടിരിക്കുകയാണ്. ഇവിടെ ഏറ്റവും വിലപിടിച്ച വസ്​തു മണ്ണാണ്. പാടവും പറമ്പും നികത്തി കൊട്ടാരങ്ങൾ പണിയുകയാണ് നാം.

എന്‍റെ കുട്ടിക്കാലത്ത് (1960കളിൽ) കേരളത്തിൽ ഭക്ഷ്യക്ഷാമം രൂക്ഷമായിരുന്നു. അക്കാലത്ത് പട്ടിണിമരണം സാധാരണമായിരുന്നു. കഴിഞ്ഞ 50 വർഷംകൊണ്ട് സ്​ഥിതി വളരെയേറെ മെച്ചപ്പെട്ടു. ആദിവാസികൾക്കിടയിലോ ദലതർക്കിടയിലോ ഇന്നും പട്ടിണി കിടക്കുന്നവർ ഉണ്ട്. പക്ഷേ, അവരുടെ എണ്ണം കുറവാണ്.

സംസ്​കാരത്തിന്‍റെ ഏറ്റവും വലിയ പ്രതിരൂപം മാതൃഭാഷയാണ്. വിദ്യാലയങ്ങളിലും കലാലയങ്ങളിലും സർവകലാശാലകളിലും മലയാളം അവഗണിക്കപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്യുന്ന സ്​ഥിതി ഇന്നുണ്ട്. ബോധനമാധ്യമം, ഭരണഭാഷ, കോടതിഭാഷ എന്നീ നിലകളിൽ മലയാളത്തിന് അർഹമായ സ്​ഥാനം സംസ്​ഥാന രൂപവത്കരണം കഴിഞ്ഞ് ഏഴു പതിറ്റാണ്ടാകുന്ന ഈ ഘട്ടത്തിൽപോലും കിട്ടിയിട്ടില്ല. മലയാളികൾ മലയാളികളെ ഇംഗ്ലീഷിൽ ഭരിക്കുന്ന സംസ്​ഥാനമാണ് കേരളം.

കഴിഞ്ഞ കാൽനൂറ്റാണ്ടുകൊണ്ട് മതസൗഹാർദം വളരെ ദുർബലമായിത്തീർന്നിട്ടുണ്ട്. രാഷ്ട്രീയക്കാർക്കും മതപുരോഹിതന്മാർക്കും മാധ്യമങ്ങൾക്കും ഇതിൽ പങ്കുണ്ട്. ഒരുപക്ഷേ, ഇവിടത്തെ സൗഹാർദാന്തരീക്ഷം തകർക്കുന്നതിൽ വലിയ പങ്ക് സമൂഹ മാധ്യമങ്ങൾക്കാണ്.

ഇതൊക്കെയാണെങ്കിലും കേരളീയരുടെ ഐക്യബോധത്തെ സംബന്ധിച്ച് പ്രത്യാശയുടെ ഒരു രശ്മി ഞാൻ കാണുന്നുണ്ട്. 2018ലും 2019ലും വന്ന വെള്ളപ്പൊക്കം കേരളീയരുടെ, പ്രത്യേകിച്ച് യുവതലമുറയുടെ മനുഷ്യപ്പറ്റ് തെളിയിച്ച് എഴുതുകയുണ്ടായി. കോവിഡ് കാലത്തും അത് കണ്ടു. കരിപ്പൂരിലെ വിമാന ദുരന്തത്തിലും വയനാട്ടിലെ ഉരുൾപൊട്ടലിലും അത് കണ്ടു.

നഗരവത്കരണവും ആധുനികവിദ്യാഭ്യാസവും നമ്മുടെ ആളുകളിൽ മിക്കവരുടെയും വിനയം, മര്യാദ, സഹായമനഃസ്​ഥിതി തുടങ്ങിയ മനോഗുണങ്ങൾ നശിപ്പിക്കുന്നതായി കണ്ടുവരുന്നു. കേരളീയരുടെ സ്വഭാവത്തിൽ ഹിംസ മുഴുത്തിരിക്കുന്നു. ചാനൽചർച്ചകളിലോ രാഷ്ട്രീയപ്രസംഗങ്ങളിലോ മതപ്രസംഗങ്ങളിലോ മുദ്രാവാക്യങ്ങളിലോ ഫേസ്​ബുക്ക് പോസ്റ്റുകളിലോ കാണുന്ന ഹിംസ എത്ര മാരകമാണ് എന്ന് ആലോചിച്ചുനോക്കുക.

കേരളത്തിൽ പുതിയ കാലത്ത് നഷ്​ടമായത് സന്തോഷമാണ്. സമ്പത്തും സമൃദ്ധിയും സൗകര്യവും കൂടിയപ്പോൾ നിർഭാഗ്യവശാൽ, ആർത്തി കൂടി. സമൃദ്ധിയോ സൗകര്യമോ കുറഞ്ഞ അരനൂറ്റാണ്ട് മുമ്പത്തെ കേരളത്തിൽ ഇതിനെക്കാൾ സന്തോഷം ഉണ്ടായിരുന്നു. സ്​നേഹം, ക്ഷമ, സഹായമനഃസ്​ഥിതി, സൗഹാർദം, വിനയം തുടങ്ങിയ മനോഗുണങ്ങൾ കൊണ്ടു മാത്രമേ സന്തോഷം ഉണ്ടാവുകയുള്ളൂ എന്ന് മലയാളികൾക്ക് ആരാണ് പറഞ്ഞുകൊടുക്കുക?

വിദ്യാഭ്യാസത്തിൽ മലയാളികൾ നേടിയ മുന്നേറ്റമാണ് കേരളത്തിലുണ്ടായ ഏറ്റവും അത്ഭുതകരമായ മാറ്റം -പ്രത്യേകിച്ച് സ്​ത്രീ വിദ്യാഭ്യാസത്തിന്‍റെ കാര്യത്തിൽ. അരനൂറ്റാണ്ട് മുമ്പ് വിദ്യ വിലക്കപ്പട്ടിരുന്ന അന്തർജനങ്ങളുടെയും മുസ്​ലിം സ്​ത്രീകളുടെയും ഈ രംഗത്തെ മുന്നേറ്റം എടുത്തുപറയണം.

നിർഭാഗ്യവശാൽ സ്​ത്രീകളോടും ദലിതരോടും ആദിവാസികളോടുമുള്ള മനോഭാവം കൂടുതൽ മോശമായി വരികയാണ്. ഇക്കാലത്തിനിടയിൽ ഒരിക്കലും ഒരു സ്​ത്രീ കേരളത്തിൽ മുഖ്യമന്ത്രി ആയിട്ടില്ല; ആഭ്യന്തരമന്ത്രി ആയിട്ടില്ല; ഒരു പാർട്ടിയുടെയുടെയും സംസ്​ഥാന പ്രസിഡന്‍റോ സെക്രട്ടറിയോ ആയിട്ടില്ല. ആദിവാസികളുടെയും ദലിതരുടെയും സ്​ഥിതി ഇതുതന്നെ.

ഏറ്റവും മലീമസമായിത്തീർന്നത് രാഷ്ട്രീയമേഖലയാണ്. അഴിമതി, സ്വജനപക്ഷപാതം, കെടുകാര്യസ്​ഥത തുടങ്ങിയ ജീർണതകൾ എല്ലാ പാർട്ടിക്കാരിലുമുണ്ട്. ഇവയൊന്നും ഇല്ലാത്തവരും എല്ലാ പാർട്ടിയിലുമുണ്ട്. പക്ഷേ, അവരുടെ എണ്ണം കുറവാണ്. ജനസേവനം എന്ന ആത്യന്തികലക്ഷ്യം അവരിൽ മിക്കവരും മറന്നുപോയി.

മലയാളികൾക്ക് മനസ്സിലാകാൻ വളരെ പ്രയാസമുള്ള ഒരാശയമാണ് ആൺ-പെൺ തുല്യത. ഇവിടത്തെ മൂന്നാമത്തെ പാർട്ടിയായ ഇന്ത്യൻ യൂനിയൻ മുസ്​ലിം ലീഗ് ഇന്നുവരെ ഒരു സ്​ത്രീയെ നിയമസഭയിലേക്ക് അയച്ചിട്ടില്ല എന്നോർക്കുക. സ്​ത്രീസുരക്ഷയുടെ കാര്യത്തിൽ ഏറ്റവും മോശമാണ് കേരളം. വിദ്യാലയങ്ങളിൽ, കലാലയങ്ങളിൽ, സർവകലാശാലകളിൽ, ബസുകളിൽ, തീവണ്ടികളിൽ, ആശുപത്രികളിൽ, തൊഴിൽശാലകളിൽ, വ്യാപാരസ്​ഥാപനങ്ങളിൽ, എന്തിന് സ്വന്തം വീട്ടിൽ പോലും മിക്ക സമയത്തും കേരളീയസ്​ത്രീ അരക്ഷിതയാണ്.

ഗാന്ധിയാണ് അത് പറഞ്ഞത്: ‘‘ഏതു നഗരത്തിലും ഏതു ഗ്രാമത്തിലും ഏതു നേരത്തും ഏത് സ്​ത്രീക്കും സുരക്ഷിതമായി നടന്നുപോകാവുന്ന അവസ്​ഥ ഉണ്ടെങ്കിൽ മാത്രമേ ഇന്ത്യ സ്വതന്ത്രമായി എന്ന് ഞാൻ പറയുകയുള്ളൂ’’. ആത്മാഭിമാനവും മൂല്യബോധവും വിദ്യാർഥികളെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്ത് നമുക്ക് മാറ്റങ്ങൾക്ക് തുടക്കമിടാം.

Tags:    
News Summary - MN Karassery talks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.