‘ബി.ജെ.പിക്കെതിരെ ശക്തമായി പ്രതികരിക്കാന്‍ കാരണം അവര്‍ ജനാധിപത്യം നിലനിര്‍ത്താനല്ല ആഗ്രഹിക്കുന്നത്, ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനാണ്’

ക്ഷദ്വീപ് എന്ന മനോഹര കടൽതുരുത്തിന്റെ പ്രശ്നങ്ങൾ വിവരിക്കുകയാണ് 'ഫ്ലഷ്' എന്ന സിനിമ. പ്രശ്നങ്ങളും പ്രതിസന്ധികളും നേരിടുന്നതിൽ ഒട്ടും പിന്നാക്കം പോകാത്തൊരു സംവിധായികയാണ്​ അതിനു പിന്നിൽ. ദ്വീപിൽനിന്ന് കേരളത്തിലെത്തി സിനിമയുടെ ലോകത്ത് സ്വന്തം ഇടം കണ്ടെത്തിയ ഐഷ സുല്‍ത്താനക്ക് പറയാനുള്ളതെല്ലാം സിനിമയിൽ കാണാം.

അവർ ആദ്യമായി സംവിധാനം ചെയ്ത 'ഫ്ലഷ്' തിയറ്ററുകളിലെത്തി. ദ്വീപിന്റെ പ്രകൃതിഭംഗിയും ദ്വീപുകാരുടെ ജീവിതവും പറയുന്ന സിനിമ നിരവധി വിവാദങ്ങളുടെ കടമ്പ കടന്നാണ് പുറത്തിറങ്ങുന്നത്. ലക്ഷദ്വീപിലെ ആദ്യ വനിത സംവിധായിക കൂടിയായ ഐഷ സുൽത്താന 'കുടുംബ'ത്തോട് സംസാരിക്കുന്നു...


എങ്ങനെയാണ് 'ഫ്ലഷ്' സിനിമയുടെ ആശയം ഉരുത്തിരിഞ്ഞത്?

● ഞാനൊരു കമേഴ്സ്യല്‍ സിനിമ ചെയ്യാന്‍ വേണ്ടി നാലു വര്‍ഷമായി സ്‌ക്രിപ്റ്റ് തയാറാക്കിയതായിരുന്നു. അഭിനേതാക്കളുടെ ഡേറ്റും വാങ്ങി പ്രൊഡ്യൂസറെയും ലഭിച്ചു. ആ പ്രോജക്ടിന്റെ ചെറിയ ഒരു ഭാഗം ലക്ഷദ്വീപില്‍ ഷൂട്ട് ചെയ്യേണ്ടിയിരുന്നു. അതിനുവേണ്ടി ലൊക്കേഷന്‍ നോക്കാനാണ് ഞാനും പ്രൊഡക്ഷന്‍ കൺട്രോളര്‍ യാസറും കൂടി മിനിക്കോയ് ദ്വീപ് സന്ദര്‍ശിക്കുന്നത്.

ആ സമയത്താണ് മിനിക്കോയിയില്‍ ലഗൂണ്‍ വില്ല വരാന്‍പോകുന്നു എന്ന വിവരമറിയുന്നത്. തുടർന്ന് അതേക്കുറിച്ച് അന്വേഷിച്ചു. ലഗൂണ്‍ വില്ല വന്നാല്‍ ലക്ഷദ്വീപിന്റെ ഭൂമിശാസ്ത്രപരമായ ഘടനയെ അത് നശിപ്പിക്കുമെന്ന് മനസ്സിലാക്കി. തിരിച്ചുവരുമ്പോഴാണ് എന്റെ മനസ്സില്‍ ഒരു ആശയം വരുന്നത്. നിലവില്‍ ചെയ്യുന്ന പ്രോജക്ടിന് ഒരു ഇടവേള കൊടുത്ത്, ദ്വീപിന്റെ ഈ പ്രശ്‌നങ്ങളെ ആളുകളിലേക്കെത്തിക്കാന്‍ ഒരു സിനിമ ചെയ്യാമെന്ന്. അങ്ങനെ എടുത്ത തീരുമാനത്തിലാണ് 'ഫ്ലഷ്' എന്ന സിനിമ ജന്മമെടുക്കുന്നത്.

'ഫ്ലഷ്' എന്ന പേരിടാന്‍ കാരണം?

● നമുക്ക് ഒരുപാട് പ്രശ്‌നങ്ങളുണ്ട്, അതിന് പരിഹാരവുമുണ്ട്. പ്രശ്‌നമുള്ളിടത്ത് മാത്രമേ പരിഹാരവും ഉണ്ടാകൂ. ആ പരിഹാരം കണ്ടെത്തുകയും അതിനുവേണ്ടി പ്രയത്‌നിക്കുകയും ചെയ്യണം. പ്രശ്‌നങ്ങളെ ഫ്ലഷടിച്ചുകളയുക എന്നതാണ് 'ഫ്ലഷ്‌' എന്ന പേരുകൊണ്ട് ഉദ്ദേശിച്ചത്. അത് സിനിമ കാണുന്ന എല്ലാവര്‍ക്കും മനസ്സിലാകും.


ദ്വീപിന്റെ പരിമിതികളില്‍നിന്ന് സിനിമ എന്ന സ്വപ്നത്തിലെത്താനുള്ള കടമ്പകള്‍ എന്തൊക്കെയായിരുന്നു?

● ഞാനൊരിക്കലും സിനിമ സ്വപ്‌നം കണ്ട് സിനിമയിലെത്തിയ വ്യക്തിയല്ല. സിനിമാ മേഖലയിലെത്തുന്നതുവരെയും സാധാരണ പ്രേക്ഷകന്റെ അറിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനപ്പുറം സിനിമയെക്കുറിച്ച് ഒരു സ്വപ്‌നവും കണ്ടിട്ടില്ല. ദ്വീപില്‍നിന്ന് ആദ്യം കേരളത്തിലെത്തുന്നത് ഗ്രാജ്വേഷന്‍ മലയാളം പഠിക്കാന്‍ വേണ്ടിയാണ്. പിന്നീട് ജീവിതത്തിന്റെ ഒരു ഒഴുക്കിലൂടെ സിനിമയും എന്നോടൊപ്പം ചേര്‍ന്നു.

സംരംഭക, അഭിനേതാവ് ഇതില്‍നിന്ന് കാമറക്കു പിറകിലേക്ക് മാറാനുള്ള കാരണം?

● പഠിക്കുമ്പോള്‍ ചില ചാനലുകളില്‍ നിന്നെല്ലാം അവസരങ്ങളെത്തി. അതൊന്നും കൈവിട്ടില്ല. ആര്‍.ജെയായും വി.ജെയായും മോഡലായും അഭിനേതാവായും പ്രവര്‍ത്തിച്ചു. ഈ വഴികളെല്ലാം തിരഞ്ഞെടുത്തപ്പോഴും എന്‍റെ പാഷന്‍ അതാണെന്ന് തോന്നിയിട്ടില്ല. എന്നെ പിടിച്ചുനിര്‍ത്തുന്നതൊന്നും അതില്‍ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. അതിനിടയില്‍ സംവിധായകൻ ശശിശങ്കര്‍ സാറിന്റെ 'സ്റ്റെപ്‌സ്' എന്ന സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി.

എന്താണ് സംവിധാനം എന്ന് അറിയുക എന്ന ലക്ഷ്യത്തോടെയായിരുന്നു അത്. അതെനിക്ക് ഒരുപാടിഷ്ടമായി. അസിസ്റ്റന്റ് ഡയറക്ടറാകുക എന്നത് ഒട്ടും എളുപ്പമുള്ള ജോലിയല്ല. ഏറ്റവും കൂടുതല്‍ പ്രയത്നം എടുക്കേണ്ട ഒരു ഡിപ്പാർട്മെന്റാണ് സംവിധായകരുടേത്. അതില്‍ ഏറ്റവും അവസാനം നില്‍ക്കുന്നൊരാളാണ് അസി. ഡയറക്ടര്‍. സ്റ്റെപ്പിനുവേണ്ടി ക്ലാപ്പടിച്ച ആ നിമിഷത്തിലാണ് ഞാന്‍ തിരിച്ചറിയുന്നത് സംവിധാനമാണ് എന്റെ പാഷനെന്ന്. പ്രഫഷനലായി ഞാന്‍ ജോയിന്‍ ചെയ്തത് ലാല്‍ ജോസ് സാറിന്റെ 'വെളിപാടിന്റെ പുസ്തകത്തി'ലാണ്. ശേഷം 'കെട്ട്യോളാണെന്റെ മാലാഖ'യില്‍ അസോസിയറ്റ് ഡയറക്ടറായി.


ഒരു സ്ത്രീയുടെ വയറിനോട് ഉപമിച്ചുകൊണ്ടാണ് ഫ്ലഷ് ഫസ്റ്റ്ലുക്ക് പോസ്റ്റര്‍. എന്താണ് അതിനു പിന്നിലുള്ള ആശയം?

● അതിനു പിന്നില്‍ കൃത്യമായ കാരണമുണ്ട്. 'ഫ്ലഷ്' മുന്നോട്ടുപോകുന്ന രീതി അങ്ങനെയാണ്. സിനിമയിലൂടെ പറയുന്ന വിഷയം ലഗൂണ്‍ വില്ലയും അത് ലക്ഷദ്വീപില്‍ യാഥാർഥ്യമായാല്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളുമാണ്. അപ്പോള്‍ കരയും കടലും തമ്മിലുള്ള ബന്ധം കാണിക്കേണ്ടിവരും. 'ഫ്ലഷ്' മിത്ത് ഉപയോഗിച്ച് രൂപപ്പെടുത്തിയതാണ്. അതായത് കടലും കരയും ഒന്നാണെന്നും അതൊരു സ്ത്രീയാണെന്നും വിവരിക്കുന്നു. ആ സ്ത്രീയുടെ ഉടലിനെ ഉപമിച്ചുകൊണ്ടാണ് സിനിമയുടെ ക്ലൈമാക്‌സ് പോലും.

നമ്മുടെ ഈ കാലഘട്ടത്തിലെ സ്ത്രീകള്‍ മാതാപിതാക്കളോ ആൺസുഹൃത്തോ വഴക്കുപറഞ്ഞാല്‍ അല്ലെങ്കില്‍ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞാൽ ആത്മഹത്യ തിരഞ്ഞെടുക്കുന്നു. അതിനെതിരെക്കൂടി ബോധവത്കരണം നടത്തണം എന്നൊരു ചിന്തയാണ് ഞാന്‍ സ്ത്രീയെ തന്നെ തിരഞ്ഞെടുക്കാന്‍ കാരണം. സിനിമയിലൂടെ പറയുന്ന ഒരു കാര്യം നമ്മള്‍ നമ്മുടെ സോളിനെ വളര്‍ത്തുക എന്നതാണ്. എങ്കിലേ സമൂഹത്തെ രക്ഷിക്കാന്‍ പറ്റൂ. നമ്മള്‍ സന്തോഷത്തോടെ ഇരുന്നാല്‍ മാത്രമേ നമുക്ക് മറ്റൊരാളെ ഹാപ്പിയാക്കാന്‍ കഴിയൂ. അതുകൊണ്ട് നമ്മുടെ സോളിനെ സംരക്ഷിക്കുക, വളര്‍ത്തുക. പലരും ബോഡി ഷെയ്മിങ് നടത്താറുണ്ട്. പലരും അതിന് ഇരയാകാറുണ്ട്. എന്നാല്‍, അതിലൊന്നും നമ്മള്‍ ശ്രദ്ധകൊടുക്കേണ്ടതില്ല. നമ്മള്‍ മനസ്സിലാക്കേണ്ടത് നമ്മുടെ സോളിനെയാണ്.

ഐഷ സുല്‍ത്താനയുടെ ജീവിതപാതയില്‍ പിതാവ് ഒരു പ്രചോദനമായിരുന്നു എന്ന് കേട്ടിട്ടുണ്ട്. ഇന്നത്തെ ഐഷ രൂപപ്പെടാന്‍ ഉപ്പ നല്‍കിയ പിന്തുണ?

● എല്ലാ പെണ്‍കുട്ടികളുടെയും ഹീറോ എന്നും അവരുടെ പിതാവായിരിക്കും. എന്റെ ഉപ്പ നല്‍കിയ നല്ല സന്ദേശങ്ങളാണ് എന്‍റെ വഴിയിലെ വെളിച്ചം. എന്‍റെ ആഗ്രഹങ്ങള്‍ക്കൊന്നും എതിരുനിന്നിട്ടില്ല. എന്നെ എവിടെയും പിടിച്ചുനിര്‍ത്തിയിട്ടില്ല. എല്ലാം സമ്മതിച്ചുതരുമ്പോഴും ഉപ്പ ഉപ്പയായി തന്നെ നില്‍ക്കും. എന്തെങ്കിലും തെറ്റ് വന്നുപോയാല്‍ അത് തിരുത്തിത്തരും. നെഗറ്റിവ് ചിന്തയില്‍നിന്ന് പോസിറ്റിവ് ചിന്തയിലേക്ക് എത്തിക്കും.

ഉപ്പാക്ക് ഹൃദയാഘാതം വന്നപ്പോള്‍ ചികിത്സക്കായി ദ്വീപില്‍നിന്ന് കേരളത്തിലേക്ക് മാറ്റാൻ ശ്രമിച്ചു. എന്നാല്‍, നടന്നില്ല. ദ്വീപ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് നിഷേധ നിലപാടായിരുന്നു. അന്ന് ഞാന്‍ നിന്ന തീയില്‍നിന്ന് മനസ്സിലാക്കി ഉപ്പാക്ക് സംഭവിച്ചത് നാളെ മറ്റൊരാളുടെ പിതാവിനും സംഭവിക്കരുതെന്ന്. 13 ദിവസമാണ് ഇവാക്വേഷന്‍ നിഷേധിച്ച് ഉപ്പ ദ്വീപിലെ ആശുപത്രിയില്‍ കിടന്നത്.

കാര്‍ഡിയാക് അറസ്റ്റ് വന്നൊരു രോഗിയെ യൂറിനില്‍ പഴുപ്പാണ് എന്നും പറഞ്ഞാണ് അവിടത്തെ ആശുപത്രിയില്‍ പിടിച്ചുകിടത്തിയത്. ആ 13 ദിവസം എങ്ങനെ കടന്നുപോയി എന്നത് എനിക്ക് മാത്രമറിയാവുന്ന സത്യമാണ്. അത് മറ്റൊരാള്‍ക്കും വരരുതെന്ന് ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ഞാന്‍ പൊരുതുന്നത്. ഓരോ സിനിമയിലുമുണ്ടാകും പിതാവും മകളും തമ്മിലുള്ള ബന്ധത്തിന്റെ കഥ. ഇന്ന് ഞാന്‍ ഐഷ സുല്‍ത്താനയായി അറിയപ്പെടാനുള്ള കാരണവും എന്‍റെ ഉപ്പയാണ്. പിതാവ് കാണിച്ചുതന്ന നേരിന്‍റെ വഴിയിലൂടെയാണ് ഇന്നുവരെയും പോയിട്ടുള്ളത്.

സിനിമയില്‍ ജസരി ഭാഷയിലുള്ള ഗാനം ഉള്‍പ്പെടുത്താന്‍ ആദ്യമേ പ്ലാന്‍ ഉണ്ടായിരുന്നോ. എങ്ങനെയാണ് ആ ആശയത്തിലേക്ക് എത്തിയത്?

● ജസരിയിലുള്ള ഗാനം ഉള്‍പ്പെടുത്താൻ പ്ലാനുണ്ടായിരുന്നില്ല. സിനിമയിലെ വലിയൊരു ഭാഗത്ത് ലക്ഷദ്വീപിന്റെ തനത് പാരമ്പര്യം പറയുന്ന ഒരു സീനുണ്ടായിരുന്നു. ദ്വീപ് ഭരണകൂടത്തിന്റെയും പ്രൊഡ്യൂസറുടെ ഭര്‍ത്താവിന്റെയും ഭാഗത്തുനിന്നുണ്ടായ ചില പ്രശ്‌നങ്ങൾ കാരണം ആ മേജര്‍ സീന്‍ ഷൂട്ട് ചെയ്യാന്‍ പറ്റിയില്ല. പകരം അതേ സീന്‍ 2ഡി ആനിമേഷന്‍ ചെയ്യേണ്ടിവന്നു. ഒരു 2ഡി ആനിമേഷന്‍ ചെയ്യേണ്ട സിനിമയല്ല 'ഫ്ലഷ്'. കാരണം, ഇത് ഒരു ആർട്ട്‌ സിനിമയാണ്. കലയും മിത്തും ചേർത്തുള്ള സിനിമയിൽ 2ഡി ആനിമേഷൻ ചെയ്താൽ അത് ഭയങ്കര ബോറായിരിക്കും.

അത് ആ സിനിമയെയും ബാധിക്കും. ഞാൻ എഴുതിയ സ്ക്രിപ്റ്റിൽ അതുവരാൻ പാടില്ലാത്തതാണ്. പക്ഷേ, സാഹചര്യം പ്രതികൂലമായതിനാൽ 2ഡി ആനിമേഷൻ ചെയ്യേണ്ടിവന്നു. ആ അവസ്ഥയില്‍ ചിന്തിച്ചതാണ് ഒരു പാട്ടുകൂടി ഉള്‍പ്പെടുത്താം എന്ന്. പാട്ടിനുള്ള വിഷ്വല്‍സ് ഉണ്ടായിരുന്നു. പോരാത്തത് രണ്ടാമതും പോയി ഷൂട്ട് ചെയ്യാമെന്നും തീരുമാനിച്ചു. “പക്കിരിച്ചി പക്കിരിച്ചി” എന്ന് തുടങ്ങുന്ന ഗാനം തിരഞ്ഞെടുക്കാനുള്ള കാരണം ദ്വീപില്‍ പണ്ടുകാലം മുതലേ കേട്ടുവരുന്നൊരു പാട്ടാണത്. എന്‍റെ ഉപ്പയൊക്കെ പണ്ടുമുതൽ പാടിക്കേട്ടിട്ടുള്ള ഒരു നാടന്‍പാട്ടാണത്.


ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ പുതുമുഖങ്ങളെ ഉള്‍പ്പെടുത്തുന്നത് റിസ്‌കായി തോന്നിയിരുന്നോ?

● കുറച്ചൊക്കെ റിസ്‌ക് എടുക്കുന്നതാണ് എനിക്കിഷ്ടം. അതിനു കാരണം ഞാനും പുതിയ ആളാണ്. ശശിശങ്കര്‍ സാറിനെ പോലെ ഒരാള്‍ എനിക്കൊരു അവസരം നല്‍കിയിരുന്നില്ലെങ്കിൽ ഞാന്‍ ഇന്നൊരു ഡയറക്ടറാകുമായിരുന്നില്ല. പുതിയ ആർട്ടിസ്റ്റുകൾ എന്നു പറയുന്നതല്ല കഴിവുള്ള ആർട്ടിസ്റ്റുകളാണ് എന്നു പറയുന്നതാണ് ഇഷ്ടം. അവരിലെല്ലാം ഞാന്‍ കണ്ടത് പുതുമുഖത്തെക്കാളുപരി അവരുടെ കഴിവിനെയാണ്. ഇത്തരത്തില്‍ കഴിവുള്ള ആർട്ടിസ്റ്റുകളെ എന്‍റെ ഫ്രെയ്മിൽ കിട്ടുക എന്നത് ഭാഗ്യമാണ്.

സൈബറിടങ്ങളില്‍ നിരവധി അധിക്ഷേപ കമന്റുകള്‍ വരുന്നുണ്ട്. എങ്ങനെയാണ് അതെല്ലാം ധൈര്യത്തോടെ കൈകാര്യം ചെയ്യുന്നത്?

● സൈബറിടങ്ങളില്‍ ഒരുപാട് പേർ അവര്‍ക്ക് വായില്‍ തോന്നുന്നത് എഴുതിയിടുകയും പറയുകയും ചെയ്യുന്നുണ്ട്. അത് നമ്മള്‍ മൈന്‍ഡ് ചെയ്യേണ്ടതില്ല. എന്റെയിടത്ത് ആരെങ്കിലും വന്ന് കുരച്ചാല്‍ ഞാന്‍ കല്ലെറിഞ്ഞ് ഓടിക്കും. അതെന്റെ സ്ഥലമാണ്. ഫേസ്ബുക്കോ ഇന്‍സ്റ്റഗ്രാമോ എന്തുമാകട്ടെ, എന്‍റെ പേരില്‍ ഞാന്‍ തുടങ്ങിയ പ്രൊഫൈലില്‍ വന്ന് ആരെങ്കിലും അനാവശ്യമായി പറഞ്ഞാല്‍ ഞാന്‍ നോക്കിനില്‍ക്കില്ല. തിരിച്ച് തക്കമറുപടി കൊടുക്കും. അങ്ങനെ മറുപടി കിട്ടിയവരെയൊന്നും പിന്നെ ആ വഴിക്ക് കാണാറില്ല.

സിനിമയിലൂടെ പറയുന്ന ലഗൂണ്‍ വില്ലയും പ്രശ്നങ്ങളും എത്രത്തോളം ബോധവത്കരണമാകും?

● ബോധവത്കരണം എത്രത്തോളം ഉണ്ടാകുമെന്ന് കരുതി നമ്മളൊരു കാര്യം ചെയ്യാതെ പിന്മാറിനിന്നാല്‍ മാറ്റം കൊണ്ടുവരാന്‍ കഴിയില്ല. ഈ സിനിമ കണ്ട് ഒരാളെങ്കിലും മാറിച്ചിന്തിച്ചാല്‍ അതെന്റെ വിജയമാണെന്ന് കരുതുന്നു. അതുകൊണ്ട​ുതന്നെയാണ് ലഗൂണ്‍ വില്ല പ്രശ്‌നം സിനിമയില്‍ ശക്തമായി പറഞ്ഞത്. ലഗൂണ്‍ വില്ലക്കൊപ്പം ആരോഗ്യമേഖലയില്‍ നേരിടുന്ന പ്രശ്‌നവും ശക്തമായി പറഞ്ഞിട്ടുണ്ട്. ലക്ഷദ്വീപിന് എന്തു വേണം എന്തു വേണ്ട എന്നത് 'ഫ്ലഷി'ലൂടെ വ്യക്തമായി പറഞ്ഞിട്ടുണ്ട്.


ബി.ജെ.പിക്കെതിരെയാണ് എപ്പോഴും സംസാരിക്കുന്നത്. എന്നിട്ടും എന്തുകൊണ്ടാണ് ബി.ജെ.പി നേതാവിന്റെ ഭാര്യയെ നിര്‍മാതാവാക്കിയത്?

● ബി.ജെ.പിക്കെതിരെ എന്നല്ല, ഭരിക്കുന്നത് ഏത് ഗവണ്‍മെന്റായാലും അനീതി ലക്ഷദ്വീപുകാരോട് കാണിച്ചാല്‍ അവര്‍ക്കെതിരെ സംസാരിക്കും. ബി.ജെ.പിക്കെതിരെ ശക്തമായി പ്രതികരിക്കാന്‍ കാരണം അവര്‍ ജനാധിപത്യം നിലനിര്‍ത്താനല്ല ആഗ്രഹിക്കുന്നത്, ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനാണ് എന്നതാണ്. ബി.ജെ.പിക്കെതിരെ സംസാരിച്ചുതുടങ്ങിയ നിമിഷത്തിലല്ല ഞാന്‍ പ്രൊഡ്യൂസറായ ബീന കാസിമിനെ പരിചയപ്പെടുന്നത്. അതിനെല്ലാം മുമ്പാണ്. അന്ന് ലക്ഷദ്വീപില്‍ ഈ പറയുന്ന വിഭാഗവുമായിട്ട് പ്രശ്‌നമുണ്ടായിരുന്നില്ല, അഡ്മിനിസ്ട്രേറ്ററായി പ്രഫുൽ പട്ടേല്‍ വന്നിട്ടില്ല.

ഞാന്‍ പരിചയപ്പെടുമ്പോള്‍ ബീന കാസിം ഒരു കലാകാരിയാണ്. കലയെ വളരെയധികം പ്രോത്സാഹിപ്പിക്കുന്ന ഒരു സ്ത്രീയാണ്. സിനിമയുടെ ഷൂട്ടിങ്ങിനുശേഷമാണ് ബീന കാസിമിനെ നേരിട്ട് കാണുന്നത്. അതിനു മുമ്പ് ഞങ്ങള്‍ എല്ലാ ദിവസവും ഫോണിലൂടെ സംസാരിക്കും. വളരെ അറിവുള്ള ഒരു സ്ത്രീയെയാണ് ഞാന്‍ അവരില്‍ കണ്ടത്. ഒരു പവര്‍ഫുള്‍ ലേഡി. എന്നോടുമാത്രമല്ല എല്ലാ ആർട്ടിസ്റ്റിനോടും അങ്ങനെയായിരുന്നു അവര്‍. ഇപ്പോഴും ഞങ്ങള്‍ തമ്മില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ട്. അവരും അവരുടെ മകളും ഈ സിനിമയില്‍ പാടിയിട്ടുണ്ട്.

ബീന കാസിം ഡബ് ചെയ്തിട്ടുണ്ട്. എന്നാണ് അവരുടെ സഹകരണം നിന്നുതുടങ്ങിയത് എന്നുപറഞ്ഞാല്‍ ഞാന്‍ എന്നാണോ 'രാജ്യദ്രോഹി'യായത് അന്നു തൊട്ടാണ് എന്ന് മനസ്സിലാക്കുന്നു. ബീന കാസിം സ്വയം അങ്ങനെ ചെയ്യില്ല. അവര്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അത് മുകളില്‍നിന്നുള്ള സമ്മർദം മൂലമാകും. അന്ന് ഒരു ബി.ജെ.പി ജനറല്‍ സെക്രട്ടറിയുടെ ഭാര്യയായിട്ടല്ല അവര്‍ വന്നത്. അന്നെന്നോട് അവര്‍ പറഞ്ഞത് ലക്ഷദ്വീപിലെ ഒരു കുട്ടിയല്ലേ നീ, നിനക്കുവേണ്ടിയാണ് ഞാനിത് പ്രൊഡ്യൂസ് ചെയ്യുന്നത് എന്നാണ്.

അടുത്ത പ്രോജക്ടുകള്‍ എന്തെല്ലാമാണ്?

● നാലു വര്‍ഷം കൊണ്ട് ഞാന്‍ തയാറാക്കിയ സ്‌ക്രിപ്റ്റ് പെന്‍ഡിങ്ങിലുണ്ട്. ഒരുപക്ഷേ അതായിരിക്കും അതല്ലെങ്കില്‍ ‘124A’ ഇതിലേതെങ്കിലുമൊന്നായിരിക്കും അടുത്തതായി വരുന്ന സിനിമ.

Tags:    
News Summary - Problems that won't be solved by hitting the "FLUSH"; Aisha Sultana shares her experience

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.