കെ.എസ്. ശബരീനാഥനും ദിവ്യ എസ്. അയ്യറും മകൻ മൽഹാറിനൊപ്പം


മുഖമില്ലാത്ത വ്യക്തികളാണ് സോഷ‍്യൽ മീഡിയയിൽ വിമർശിക്കുന്നത് -ദിവ്യ എസ്. അയ്യർ

‘‘ഗേറ്റ് കടന്ന് വീടിനുള്ളിലെത്തിയാൽ എല്ലാവരെയുംപോലെയാണ് ഞാൻ... അവിടെയാണ് ഞങ്ങളുടെ ലോകം’’... സ്വതഃസിദ്ധമായി ചിരിച്ചുകൊണ്ട് പത്തനംതിട്ട ജില്ല മുൻ കലക്ടറും വിഴിഞ്ഞം തുറമുഖം എം.ഡിയുമായ ദിവ്യ എസ്. അയ്യർ സംസാരിച്ചുതുടങ്ങി...

‘‘എല്ലാം അങ്ങോട്ട് ചോദിച്ചാൽ മതി, എന്‍റേതുംകൂടി ചേർത്ത് ദിവ്യ പറയും...’’ ചിരി നിർത്തുന്നതിനു മുമ്പ് പിന്നിൽനിന്ന് മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായ കെ.എസ്. ശബരീനാഥന്‍റെ മറുപടി. അപ്പോഴതാ അമ്മയെ തേടി മകൻ കുഞ്ഞു മൽഹാറിന്‍റെ വരവ്. അത് അവരുടെ ഫാമിലി ടൈം ആയിരുന്നു. അമ്മയും അച്ഛനും ഉടൻ വരാമെന്ന് മൽഹാറിന് ഉറപ്പുനൽകിക്കൊണ്ട് വിശേഷങ്ങൾ പറഞ്ഞുതുടങ്ങി...

നല്ല സമയങ്ങൾ സന്തോഷത്തോടെ ചെലവഴിക്കും

ദിവ്യ എസ്. അയ്യർ: വീട്ടിൽ എത്തിക്കഴിഞ്ഞാൽ എല്ലാവരുടെയും വീടുപോലെയാണ് ഞങ്ങളുടേതും. യാത്രകളിൽ കുറച്ചധികം സ്വകാര്യത കിട്ടും. ദൂരയാത്രകൾ കുറവാണ്. എന്നാലും ഇടക്ക് ചെറിയ ചില യാത്രകൾ പോകാറുണ്ട്. രണ്ട്, മൂന്ന് ദിവസം മാത്രമായിരിക്കും ദൈർഘ്യം.

കെ.എസ്. ശബരീനാഥൻ: ദിവ്യ പറഞ്ഞതുപോലെ വീട്ടിൽ ഞങ്ങൾ എല്ലാവരെയുംപോലെതന്നെയാണ്. ഞങ്ങൾക്ക് രണ്ടുപേർക്കും ഞങ്ങളുടേതായ തിരക്കുകളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ച് കൃത്യമായി അറിയാം. അതുകൊണ്ടുതന്നെ എന്നും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കണമെന്നോ ടി.വി കാണണമെന്നോ ഇല്ല. വീണുകിട്ടുന്ന നല്ല സമയങ്ങൾ സന്തോഷത്തോടെ ചെലവഴിക്കും. എല്ലാ ദിവസവും ഒരുമിച്ച് സമയം ചെലവഴിക്കണമെന്നൊന്നുമില്ല. അതിന് സമയം കിട്ടാറുമില്ല.

എന്നാൽ, കിട്ടുന്ന സമയം ഞങ്ങളുടെ സ്വകാര്യജീവിതം നല്ലതുപോലെ ആസ്വദിക്കാറുണ്ട്. അതിലൊരു വിട്ടുവീഴ്ചയും കാണിക്കാറില്ല.


പരസ്പരം ബഹുമാനിച്ച് മുന്നോട്ടുപോകുന്നു

ശബരി: ഒന്നിച്ച് യാത്ര പോകണമെന്ന് ആഗ്രഹിക്കാറുണ്ട്. പലപ്പോഴും സാധിക്കാറില്ലെന്നു മാത്രം. അതിൽ ചെറിയ വിഷമമുണ്ട്. എല്ലാ കാര്യങ്ങളും ഒന്നിച്ചുചെയ്യാൻ പറ്റില്ലല്ലോ? പക്ഷേ, ഞങ്ങൾക്ക് ഇതൊരു വലിയ പ്രശ്നമല്ല. ദിവ്യക്ക് എന്‍റെ ജോലിയെക്കുറിച്ചും എന്നിലുള്ള ഉത്തരവാദിത്തങ്ങളെക്കുറിച്ചും പൂർണബോധ്യമുണ്ട്. എനിക്ക് തിരിച്ചും.

എന്നാൽ, ഇതേക്കുറിച്ചൊന്നും അറിയാത്ത മറ്റൊരാളായിരുന്നു എന്‍റെ ജീവിതത്തിലേക്ക് വന്നതെങ്കിൽ ഇത്രത്തോളം എന്നെ മനസ്സിലാക്കുമോ എന്നറിയില്ല. കൂടാതെ, കുടുംബത്തെപ്പോലെ ജോലിക്കും പ്രാധാന്യം കൊടുക്കുന്നവരാണ് ഞങ്ങൾ. അതു മനസ്സിലാക്കി പരസ്പരം ബഹുമാനിച്ച് മുന്നോട്ടു പോകുന്നു.

ദിവ്യ: കുടുംബത്തിലെ എല്ലാ പരിപാടികളിലും എനിക്ക് പങ്കെടുക്കാൻ സാധിക്കാറില്ല. മൽഹാറിന്‍റെ രണ്ടാമത്തെ പിറന്നാളിന് ശബരി നിരാഹാര സത്യഗ്രഹത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു.

ഇതുപോലെ ഒഴിവാക്കാൻ പറ്റാത്ത പല വിശേഷദിവസങ്ങൾപോലും തിരക്കുകൾമൂലം അവഗണിക്കേണ്ടതായി വരാറുണ്ട്. എന്നാൽ, പുറത്തുള്ളവർക്ക് ഇത് കൗതുകസംഭവമായി തോന്നും. എന്നാൽ, ഞങ്ങൾക്ക് ഉത്തരവാദിത്തങ്ങളും ഏറെ പ്രധാനപ്പെട്ടതാണ്. കർമമണ്ഡലം ജീവിതത്തിലെ ഒഴിച്ചുകൂടാൻ പറ്റാത്ത ഭാഗമാണ്.


ഞങ്ങളുടെ കാര്യത്തിൽ മൽഹാറിന് കൃത്യമായ ധാരണയുണ്ട്

ദിവ്യ: മൽഹാറിന് മൂന്നു വയസ്സായി. എന്‍റെ കാര്യത്തിലും അവന് കൃത്യമായ ധാരണയുണ്ട്. എന്‍റെ ജോലി, വീട്ടിലെത്തുന്ന സമയം എല്ലാം... സമയം നോക്കിയല്ലെങ്കിലും അവന്‍റെ മനസ്സിലുണ്ട് കാര്യങ്ങളൊക്കെ. അവനെ പിരിഞ്ഞുനിൽക്കാനുള്ള സാഹചര്യം പരമാവധി കുറക്കാറുണ്ട്. ഇതുവരെ വിരലിലെണ്ണാവുന്ന ദിനങ്ങൾ മാത്രമേ അങ്ങനെ മാറിനിൽക്കേണ്ടിവന്നിട്ടുള്ളൂ. ഔദ്യോഗിക കാര്യങ്ങൾക്കായി ദൂരെ പോകേണ്ടിവന്നാലും അവനെയും കൊണ്ടുപോകാൻ ശ്രമിക്കാറുണ്ട്.

ശബരി: അവന് ഏകദേശം ഞങ്ങളുടെ കാര്യങ്ങളൊക്കെ അറിയാം. ഞാൻ സമരത്തിനു പോയാലും ഓഫിസിൽ പോകുന്നു എന്നാണ് അവൻ പറയുന്നത്. ദിവ്യ രാത്രി എട്ടുമണിക്ക് വന്നാൽ പിന്നെ അവരുടെ ലോകമായിരിക്കും.

അവധിദിനങ്ങൾ മൽഹാറിനുള്ളതാണ്

ദിവ്യ: അവധിദിനങ്ങൾ മകനുള്ളതാണ്. അവന്‍റെ ഇഷ്ടത്തിന് പോവുക എന്നതാണ് ഞങ്ങളുടെ നയം. കുഞ്ഞുങ്ങൾ എന്തുചെയ്യണം, എവിടെ പോകണം എന്ന മാതാപിതാക്കളുടെ സ്ഥിരം തീരുമാനങ്ങളിൽനിന്ന് വ്യത്യസ്തരാണ് ഞങ്ങൾ. അവന്‍റെ ഇഷ്ടത്തിന് കാര്യങ്ങൾ വിട്ടുകൊടുത്തിരിക്കുകയാണ്. അവന് എന്താണോ ഇഷ്ടം അത് ചെയ്യട്ടെ. അതിനൊപ്പം ഞങ്ങളും കൂടും. അത്രേയുള്ളൂ. അവധിദിനങ്ങളിലെ പൂർണാധികാരം അവനാണ്.

ശബരി: ഇതുപോലെതന്നെയാണ് ഞാനും. ദിവ്യയുടെ അത്ര റിലാക്സ് അല്ലെങ്കിലും താരതമ്യംചെയ്യുമ്പോൾ സ്ട്രിക്റ്റ് ഞാനാണ്. അവൻ സ്കൂളിൽ പോകുന്നില്ലെന്ന് പറഞ്ഞാൽ ദിവ്യ സമ്മതിക്കും. രണ്ടു ദിവസത്തിൽ കൂടുതലൊക്കെ മടി കാണിച്ചാൽ സ്കൂളിൽ പോകണമെന്ന് ഞാൻ പറയും. പക്ഷേ, ഞങ്ങളുടെ മൂന്നുപേരുടെയും സ്വകാര്യതയിലേക്ക് വരുമ്പോൾ അവന്‍റെ ഇഷ്ടത്തിനും താൽപര്യങ്ങൾക്കുമാണ് പ്രാധാന്യവും പരിഗണനയും കൊടുക്കുന്നത്.

കുട്ടികളിൽ മാതാപിതാക്കളുടെ ഇഷ്ടങ്ങൾ അടിച്ചേൽപിക്കരുത്

ശബരി: കുട്ടികളാണെങ്കിലും അവർക്ക് അറിയാം തങ്ങൾക്ക് എന്താണ് വേണ്ടതെന്ന്. നമ്മുടെ തലമുറയും അതിനു മുമ്പത്തെ തലമുറയും വിശ്വസിച്ചിരുന്നത് പാരന്‍റ്സ് പറയുന്നതെല്ലാം സത്യമാണ്, അതാണ് ഗോൾഡൻ വാക്കുകളെന്നാണ്. എന്നാൽ, ഇപ്പോൾ അങ്ങനെയല്ല, ഇന്ന് കുട്ടികൾ സ്വയം കാര്യങ്ങൾ മനസ്സിലാക്കിയെടുക്കും. അതിനുള്ള പ്രാപ്തി ഇന്നത്തെ കാലത്തെ കുട്ടികൾക്കുണ്ട്.

അങ്ങനെയുള്ള തലമുറയെ നമ്മൾ സ്വതന്ത്രമായി വിടുകയാണ് നല്ലത്. നമ്മൾ അവർക്ക് ഒരു അതിർവരമ്പ് വരച്ചുകൊടുത്താൽ മാത്രം മതി. അതിൽ നിന്നുകൊണ്ട് തങ്ങൾക്ക് ആവശ്യമുള്ളത് അവർ നേടിയെടുക്കുമെന്നാണ് വിശ്വാസം. ഇന്നത്തെ മാതാപിതാക്കൾ മക്കളെ വ്യത്യസ്തമായി വളർത്താനാണ് നോക്കുന്നത്. ഇതിനായി എല്ലാവരും ചെയ്യുന്നത് ഏകദേശം ഒരേ കാര്യങ്ങളാണെന്നതാണ് വസ്തുത.

ദിവ്യ: നമ്മുടേത് കൂട്ടുകുടുംബത്തിൽ നിന്ന് അണുകുടുംബത്തിലേക്ക് മാറി വന്ന സമയത്തുള്ള കുട്ടിക്കാലമായിരുന്നു. അണുകുടുംബത്തിലെത്തിയപ്പോഴാണ് കുട്ടികൾ അച്ഛനമ്മമാരുടെ മാത്രം തണലിലായത്. എന്നാൽ, കൂട്ടുകുടുംബത്തിൽ അങ്ങനെയല്ലായിരുന്നു. കുട്ടിയുടെ നിയന്ത്രണം പൂർണമായും അമ്മക്കും അച്ഛനും മാത്രമായിരിക്കില്ല. വീട്ടിലെ ആരെങ്കിലുമൊക്കെ കുട്ടിയെ നോക്കിക്കോളും.

കുട്ടി സ്വതന്ത്രമായി വളരും. എന്നാൽ, ഇന്ന് അങ്ങനെയല്ല, മാതാപിതാക്കളുടെ നിയന്ത്രണത്തിലാണ് കുട്ടികൾ. അവരുടെ മേൽ മാതാപിതാക്കൾ തങ്ങളുടെ ഇഷ്ടങ്ങൾ അടിച്ചേൽപിക്കരുത്. ഞങ്ങൾ ആ കാര്യത്തിൽ ശ്രദ്ധപുലർത്താറുണ്ട്. അവർക്കു വേണ്ടത് അവർതന്നെ കണ്ടെത്തണം. അതിനുവേണ്ടി സാഹചര്യങ്ങളും സന്ദർഭങ്ങളും ഉണ്ടാക്കിക്കൊടുക്കുക, ധൈര്യവും പിന്തുണയും നൽകുക എന്നതാണ് രക്ഷിതാക്കൾ ചെയ്യേണ്ടത്. അതു മാത്രമേ ഞങ്ങളും ചെയ്യുന്നുള്ളൂ. ഇന്ന് അവനെ പഠിപ്പിക്കുന്നതിനേക്കാളും ഞങ്ങൾക്കാണ് പഠിക്കാനുള്ളത്.

ഒരാളെ മാത്രം ആശ്രയിച്ചു ജീവിക്കേണ്ട സാഹചര്യം ഇപ്പോഴുള്ളവർക്കില്ല

ശബരി: കല്യാണം കഴിക്കണമെന്ന് തോന്നിയിട്ട് ജീവിതത്തിൽ ഒന്നിച്ചവരാണ് ഞങ്ങൾ. പഠനം കഴിഞ്ഞ് ജീവിതത്തിൽ സെറ്റിലായതിനുശേഷമാണ് ഞങ്ങൾ വിവാഹം കഴിച്ചത്. എനിക്കു തോന്നുന്നത് ജീവിതം എന്താണെന്ന് മനസ്സിലാക്കാതെ വിവാഹജീവിതത്തിലേക്ക് പോകുന്നവരുടെ ഇടയിലാണ് പൊരുത്തക്കേടുകൾ കൂടുതൽ ഉണ്ടാകുന്നത് എന്നാണ്. ജീവിതം എന്താണെന്ന് മനസ്സിലാക്കിയതിനു ശേഷമേ വിവാഹം കഴിക്കാവൂ എന്ന പക്ഷക്കാരനാണ് ഞാൻ.

ദിവ്യ: ബന്ധം ബന്ധനത്തിലേക്ക് പോകാതിരിക്കുക. പരസ്പരം സ്വാതന്ത്ര്യം അടിയറവുവെച്ച് ജീവിക്കുന്നവരുടെ കുടുംബജീവിതം അധികനാൾ മുന്നോട്ടുപോകില്ല. പണ്ടത്തെപ്പോലെ ഒരാളെ മാത്രം ആശ്രയിച്ചു ജീവിക്കേണ്ട സാഹചര്യം ഇപ്പോഴുള്ളവർക്കില്ല. കൂടുതലും സ്ത്രീകൾക്ക്, സ്വന്തം ഐഡന്റിറ്റിയിൽ സമൂഹത്തിൽ ജീവിക്കാൻ ഇന്ന് സാധിക്കും.

വിമർശനങ്ങൾ ഞങ്ങളെ ബാധിക്കാറില്ല

ദിവ്യ: പൊതുവെ ഞങ്ങളുടെ സ്വകാര്യജീവിതവുമായി ബന്ധപ്പെട്ട് ഉയരുന്ന വിമർശനങ്ങൾ അധികവും സോഷ്യൽ മീഡിയയിലാണ്. ഞാൻ സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ല. അതുകൊണ്ട് ഇത്തരത്തിലുള്ള വിമർശനങ്ങളൊന്നും അധികം കാണാറും അറിയാറുമില്ലെന്നതാണ് സത്യം.

മുഖമില്ലാത്ത വ്യക്തികളാണ് കുറ്റപ്പെടുത്തുന്നത്. നേരിട്ട് മുഖത്ത് നോക്കി അവർ വിമർശിക്കുകയുമില്ല. അതിനാൽ അത്തരം വിമർശനങ്ങൾ ഞങ്ങളെ ബാധിക്കാറുമില്ല.

ശബരി: സോഷ്യൽ മീഡിയയിൽ ആഘോഷിക്കപ്പെടുന്ന വ്യക്തികളിലൊരാളാണ് ദിവ്യ. സ്വാഭാവികമായി ആഘോഷിക്കപ്പെടുമ്പോൾ വിമർശനങ്ങളും കേൾക്കേണ്ടിവരും. അത് കേൾക്കാൻ നമ്മൾ ബാധ്യസ്ഥരുമാണ്. വിമർശനങ്ങളെ ആ രീതിയിലാണ് ഞാൻ എടുക്കുന്നത്.




Tags:    
News Summary - Faceless persons criticize on social media -Divya S. Iyer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.