‘ചാവേറി’ൽ സംഗീത 

‘ഞാനായിട്ട് ഇനി ബ്രേക്ക് എടുക്കില്ല. ആളുകൾ ശ്യാമളയെപ്പറ്റി ഇപ്പോഴും ഓർക്കുന്നു എന്നതുതന്നെ എന്നെ സംബന്ധിച്ച് വലിയ അംഗീകാരമാണ്’- സംഗീത

മലയാളികൾക്ക് സംഗീത എന്നാൽ ശ്യാമളയാണ്. വർഷങ്ങൾക്ക് മുമ്പേ സ്ത്രീകളെ അവരുടെ ജീവിതത്തെക്കുറിച്ച് ചിന്തിപ്പിച്ച അതേ ശ്യാമള. ഒരിടവേളക്കുശേഷം മലയാളത്തിൽ ചാവേർ എന്ന സിനിമയിലൂടെ തിരിച്ചെത്തിയിരിക്കുകയാണ് സംഗീത. അഞ്ചാംക്ലാസിൽ പഠിക്കുമ്പോൾ ബാലതാരമായി സിനിമയിലെത്തിയ സംഗീതക്ക് വീണ്ടും പ്രിയപ്പെട്ട ഇടത്തേക്ക് എത്തിയതിന്റെ സന്തോഷമാണ് മനസ്സു നിറയെ. നല്ല വേഷങ്ങൾ കിട്ടിയാൽ ഇവിടെ ഉണ്ടാകുമെന്ന ഉറപ്പും സംഗീത പങ്കുവെക്കുന്നു.

അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ബാലതാരമായി തമിഴിലെത്തുന്നത്. ഇടക്ക് ഇടവേളകൾ. എപ്പോഴെങ്കിലും തിരിച്ചുവരണമെന്ന് ആലോചിച്ചിരുന്നോ?

രണ്ടുമൂന്നുവർഷമായി ആലോചിക്കുകയായിരുന്നു. കോവിഡിനുശേഷമാണ് ഗൗരവമായി അങ്ങനെ ആലോചിച്ചു തുടങ്ങിയത്. ഓഫറുകൾ വരുന്നുണ്ടായിരുന്നു. കുടുംബകാര്യങ്ങൾ നോക്കി സന്തോഷമായാണ് കഴിഞ്ഞത്. സിനിമയിൽനിന്നും മാറിനിൽക്കുക ആണെന്ന് ഒരിക്കലും തോന്നിയിട്ടില്ല.

സ്വന്തം തീരുമാനമായിരുന്നോ ഈ സിനിമ?

അതെ. ഇഷ്ടമുള്ള കാര്യങ്ങൾ മാത്രമേ ഞാൻ ചെയ്യാറുള്ളൂ. ചാവേർ സിനിമയുടെ സംവിധായകൻ ടിനു പാപ്പച്ചനെ എനിക്ക് നേരത്തേ അറിയില്ലായിരുന്നു. ടിനുവിന്റെ സിനിമകളും കണ്ടിട്ടില്ല. ടിനുവിന്റെ ടീമിൽനിന്നാണ് എന്റെ പേര് നിർദേശിച്ചത്. അങ്ങനെ ടിനു വിളിച്ചു. ടിനുവിന്റെ സിനിമയിലെ ഒന്നു രണ്ടു ക്ലിപ്പിങ്ങുകൾ അയച്ചുതന്നു. സ്വാതന്ത്ര്യം അർധ രാത്രിയിലെ ഒരു ചേസിങ് സീനും അജഗജാന്തരം സിനിമയിലെ ഒരു ആക്ഷൻ രംഗവുമായിരുന്നു. ആ മേക്കിങ് എനിക്കിഷ്ടപ്പെട്ടു. ഈ ക്ലിപ്പിങ്ങുകളുടെ കൂടെ ടിനുവിന്റെ ഒരു വോയ്‌സ് നോട്ടുമുണ്ടായിരുന്നു. ചേച്ചിയെപോലെ ഒരു ആർട്ടിസ്റ്റ് ഈ വേഷത്തിൽ അഭിനയിച്ചാൽ എനിക്ക് സന്തോഷമായിരിക്കുമെന്നായിരുന്നു അതിൽ ടിനു പറഞ്ഞത്.

ഇത്രയും വർഷങ്ങൾക്കു ശേഷം വരുമ്പോൾ സിനിമ മാറിയോ?

സിനിമ നന്നായി മാറി. എനിക്കത് വലിയ സർപ്രൈസായിരുന്നു. ഒരു പുതിയ വിദ്യാർഥിയെപോലെ ഞാൻ ഓരോന്നും പഠിക്കുകയായിരുന്നു. ഇതെല്ലാം പറഞ്ഞു തരാൻ ഒരു ടീം തന്നെയുണ്ട്. അർജുന്റെ കൂടെ മാത്രമേ ഈ സിനിമയിൽ കോമ്പിനേഷൻ സീനുണ്ടായിരുന്നുള്ളൂ. കുഞ്ചാക്കോ ബോബന്റെ കൂടെ നേരത്തേ അഭിനയിച്ചിട്ടില്ല. വർഷങ്ങൾക്ക് മുമ്പ് നാനയുടെ ഒരു ഓണം ഫോട്ടോ ഷൂട്ട് ഞങ്ങൾ ചെയ്തിരുന്നു.

നീണ്ട വർഷങ്ങൾക്കുശേഷം വീണ്ടും കാമറയുടെ മുന്നിലെത്തിയപ്പോൾ എന്തുതോന്നി?

വളരെ സന്തോഷം തോന്നി. നേരത്തേ പറഞ്ഞല്ലോ കുട്ടിയായിരിക്കുമ്പോൾ സിനിമയിലെത്തിയതാണ്. ആ ഒരു കാലം തിരിച്ചു കിട്ടിയതുപോലെ തോന്നി. അതേസമയം, ഇത്രയും വർഷമായി സിനിമയിൽ നിന്നും അകന്നു മാറിനിൽക്കുകയാണെന്ന തോന്നൽ ഇല്ലായിരുന്നു. ഇനി സിനിമ ചെയ്യില്ലെന്ന് അന്ന് ഞാൻ പറഞ്ഞിരുന്നില്ല. അന്നും ഇന്നും എല്ലാം ഞാൻ ഹാപ്പിയാണ്.

ആദ്യഷോട്ട് എങ്ങനെയായിരുന്നു?

ഫസ്റ്റ് ഡയലോഗ് പഠിച്ചു. ഷോട്ട് റെഡിയായി. അർജുന്റെ കൂടെയായിരുന്നു ഷോട്ട്. അർജുൻ ഡയലോഗുകൾ പറഞ്ഞു കൊണ്ടിരിക്കുന്നു. ഞാനും എന്റെ ഡയലോഗ് പറഞ്ഞുനോക്കി. രണ്ടുമൂന്ന് റിഹേഴ്‌സൽ കാണുമെന്നായിരുന്നു എന്റെ ധാരണ. ചേച്ചീ ടേക്ക് പോകാം എന്ന് ടിനു പറഞ്ഞു. റിഹേഴ്‌സലിന്റെ കാര്യം ഞാൻ ചോദിച്ചപ്പോഴാണ് നേരെ ടേക്കിലേക്കാണെന്ന് ടിനു പറഞ്ഞത്. പെട്ടെന്ന് ഞാൻ ഷോക്ക്ഡ് ആയി. അപ്പോൾ ഇത്തിരി ടെൻഷനായി. പിന്നെ അതങ്ങ് മാറി.

ശ്യാമളയെ കുറിച്ച് പറയാതെ സംഗീതയുടെ സിനിമകൾ പൂർണമാവില്ല?

അത്ര വലിയ ഭാഗ്യമാണ്. ദൈവാനുഗ്രഹമായാണ് ഇപ്പോഴും ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയെതന്നെ കാണുന്നത്. ഞാനതെപ്പോഴും ഓർക്കാറുണ്ട്. ആളുകൾ ശ്യാമളയെപ്പറ്റി ഇപ്പോഴും ഓർക്കുന്നു എന്നതുതന്നെ എന്നെ സംബന്ധിച്ച് വലിയ അംഗീകാരമാണ്. മലയാളികൾ കാണുമ്പോഴെല്ലാം ആദ്യം പറയുന്നത് ശ്യാമളയെ കുറിച്ചാണ്. ഞാനും ആ സിനിമയിലെ സീനുകളെല്ലാം ഇടക്ക് ഓർക്കും. അവസാന രംഗങ്ങളിലെ അയ്യോ അച്ഛാ പോകല്ലേ എന്ന കുട്ടികളുടെ ഡയലോഗ് ഓർത്തോർത്ത് ചിരിക്കും. ശ്രീനിവാസൻ സാറിന്റെ കഴിവാണത്. എത്രയോ വീടുകളിൽ അതുപോലുള്ള ശ്യാമളമാരുണ്ടാവണം. അവരുടെ അനുഭവങ്ങൾ ഉള്ളിൽ തട്ടിയാണ് അദ്ദേഹം ആവിഷ്‌കരിച്ചത്.

പത്തൊമ്പതുവയസ്സിൽ കുടുംബിനിയായ ശ്യാമള... അന്ന് ഇത്രയും ഗൗരവമുള്ള വേഷം വന്നപ്പോൾ എന്താണ് തോന്നിയത്?

ശ്രീനിവാസൻ സാർ കാമിയോ ആയി അഭിനയിച്ച ഒരു തമിഴ് സിനിമയിൽ നായിക ഞാനായിരുന്നു. അങ്ങനെ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. അതെല്ലാം കഴിഞ്ഞാണ് ശ്യാമളയിലേക്കുള്ള വിളി വരുന്നത്. ശ്രീനിവാസൻ സാർ എന്നെ അഭിനയിക്കാൻ വിളിച്ചു എന്നതായിരുന്നു എന്റെ സന്തോഷം. ശ്യാമളയെ അവതരിപ്പിക്കാനുള്ള പക്വത അന്നില്ലായിരുന്നു.

ശ്രീനിവാസൻ സാറിന്റെ സിനിമകൾ അത്ര ഇഷ്ടമായതുകൊണ്ട് മറ്റൊന്നും ചിന്തിച്ചില്ല. രണ്ടുകുട്ടികളുടെ അമ്മകഥാപാത്രം എന്നൊന്നും ആലോചനയിൽ പോലും വന്നിട്ടില്ല. ശ്യാമള അത്ര നന്നായിട്ടുണ്ടെങ്കിൽ ശ്രീനിവാസൻ സാറിന്റെ എഴുത്തും സംവിധാനവും അത്ര സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹം അത്ര ആത്മവിശ്വാസം തന്നിട്ടുണ്ട്. അദ്ദേഹം പറഞ്ഞതു മാത്രമേ ഞാൻ ചെയ്തിട്ടുള്ളൂ.

ഒരിടവേളക്കുശേഷം ‘നഗരവാരിധി നടുവിൽ’ ഞാൻ ചെയ്തതും ശ്രീനിവാസൻ സാർ എന്ന കാരണം കൊണ്ടാണ്. വർഷങ്ങൾ കുറെ കഴിഞ്ഞെങ്കിലും ഇപ്പോഴും മലയാളികൾക്ക് ഞാൻ ശ്യാമളയാണ്. ആ സിനിമയിൽ തിലകൻ അങ്കിൾ, നെടുമുടി അങ്കിൾ, ഇന്നസെന്റ് അങ്കിൾ എല്ലാവരുമായി നല്ല രസമായിരുന്നു. തിലകൻ അങ്കിൾ തമാശയൊക്കെ പറയുന്നത് ഇപ്പോഴും ഓർക്കുന്നുണ്ട്.

ആ ഇടവേളയിൽ ‘നഗരവാരിധി നടുവിൽ ഞാൻ’ എന്ന സിനിമ എന്തുകൊണ്ട് തിരഞ്ഞെടുത്തു?

അന്ന് എന്റെ നമ്പർ ആരുടെ കൈയിലുമില്ല. ശ്രീനി സാർ എന്റെ ഭർത്താവിനെ വിളിച്ചാണ് നമ്പർ എടുത്തത്. ശ്രീനി സാർ വിളിക്കും എന്ന് പറഞ്ഞതിനാൽ നോ പറയാൻ ഞാൻ തയാറെടുത്ത് നിൽക്കുകയായിരുന്നു. ശ്രീനി സാർ വിളിച്ചു വിശേഷങ്ങളൊക്കെ പറഞ്ഞ് സിനിമയുടെ കാര്യം പറയുമ്പോൾ നോ എന്ന് പറയാമെന്നായിരുന്നു വിചാരിച്ചത്. സാർ ആദ്യം ചോദിച്ചത് മഹാത്മാഗാന്ധിയെ അറിയാമോ എന്നായിരുന്നു. ഞാൻ പെട്ടെന്ന് ഞെട്ടി. അറിയാം സാർ. ഗാന്ധിജി എടുത്ത അത്രയും ത്യാഗമൊന്നും സംഗീത ചെയ്യേണ്ടതില്ല, ഈ സിനിമ ചെയ്താൽ മാത്രം മതി. അങ്ങനെയാണ് ഞാൻ വീണ്ടും അഭിനയിക്കാനെത്തിയത്. ശ്രീനിവാസൻ സാറിനെ പിന്നെ കണ്ടില്ല. കാണണമെന്നുണ്ട്. നടക്കുമായിരിക്കും.

‘നഗരവാരിധി നടുവിൽ ഞാൻ’ സിനിമക്കുശേഷം പിന്നെ അഭിനയിക്കാതിരുന്നത് എന്തുകൊണ്ടാണ്?

കുടുംബമായിരുന്നു ആദ്യപരിഗണന. ഭർത്താവ് എസ്. ശരവണൻ ഛായാഗ്രാഹകനും സംവിധായകനുമാണ്. മകൾ സായി തേജ സ്വാതിയുടെ പഠനവും ആരോഗ്യവും കുടുംബത്തിന്റെ കാര്യങ്ങളും നോക്കേണ്ടതുണ്ടായിരുന്നു. കുറെ ഓഫറുകൾ വന്നു. പക്ഷേ, അപ്പോഴൊക്കെ വേറെ എന്തെങ്കിലും തിരക്കുണ്ടായിരിക്കും. മകളെ നോക്കണമായിരുന്നു. അവൾക്കിപ്പോൾ ഇരുപത് വയസ്സായി. ഇനി ഞാൻ പിറകെ നടക്കേണ്ട കാര്യമില്ല.

മാറിനിൽക്കുമ്പോഴും സിനിമയിൽനിന്നും അകലെയായിരുന്നില്ലല്ലോ?

ഞാൻ സിനിമകൾ ധാരാളം കാണുമായിരുന്നു. കോവിഡിനു മുമ്പ് വരെ തിയറ്ററിൽ പോയി തന്നെയാണ് കൂടുതൽ സിനിമകളും കണ്ടിരുന്നത്. എല്ലാ ഭാഷകളിലെ സിനിമകളും കാണും. ഇപ്പോൾ ഒ.ടി.ടിയിലാണ് സിനിമകൾ കൂടുതലും കാണുന്നത്. മലയാളം സിനിമകളിൽ ‘പ്രേമം’ കുറെ തവണ കണ്ട സിനിമയാണ്. നായാട്ട്, ഉയരെ, നൻപകൽ നേരത്ത് മയക്കം ഇവയൊക്കെ വളരെ ഇഷ്ടപ്പെട്ട സിനിമകളാണ്.

മാറിനിന്നപ്പോൾ സിനിമ മിസ് ചെയ്‌തോ?

അങ്ങനെ തോന്നിയിരുന്നില്ല. കാരണം, സിനിമ ചെയ്യേണ്ട എന്നത് എന്റെ ചോയ്സായിരുന്നല്ലോ... സിനിമ എന്നെയല്ലല്ലോ, ഞാൻ സിനിമയിൽ നിന്നാണല്ലോ മാറിനിന്നത്. ഞാൻ നേരത്തേ പറഞ്ഞല്ലോ, സിനിമയേക്കാൾ എന്റെ പരിഗണന കുടുംബത്തിനായിരുന്നു. അവിടെ ഒരു കുറവും ഉണ്ടാകരുതെന്ന് ഞാൻ ആഗ്രഹിച്ചു. അതേസമയം, സിനിമകൾ കാണാനുള്ള ഒരു അവസരവും ഞാൻ ഉപേക്ഷിച്ചിരുന്നുമില്ല.

മലയാളം, തമിഴ്, കന്നട, തെലുഗു. സൗത്ത് ഇന്ത്യയിലെ എല്ലാ ഭാഷകളിലും അഭിനയിക്കാൻ സാധിച്ചല്ലോ?

ഭാഗ്യമായി തന്നെ കാണുന്നു. കന്നടയിലും ബാലതാരമായിട്ടാണ് അഭിനയിച്ചത്. ആദ്യസിനിമയുടെ ഷൂട്ട് രണ്ടുവർഷം നീണ്ടു. ഒരു ബിഗ് ബജറ്റ് ചിത്രമായിരുന്നു. കന്നട നന്നായി പഠിക്കാൻ കഴിഞ്ഞത് ആ കാലത്താണ്. തെലുഗു സിനിമയിലെത്തിയപ്പോൾ ആ ഭാഷയും പഠിക്കാൻ സാധിച്ചു. മലയാളമാണ് മാതൃഭാഷ. പക്ഷേ, കൂടുതലും ചെന്നൈയിലായിരുന്നതിനാൽ ചെന്നൈ ചുവയുള്ള മലയാളമാണ് എന്റേത്. ഇപ്പോൾ നന്നായി മലയാളം സംസാരിക്കുന്നത് ഷൂട്ടിനായി ഇവിടെ ഉണ്ടായിരുന്നതുകൊണ്ടാണ്. പക്ഷേ, എഴുതാനും വായിക്കാനും അറിയില്ല. മോൾക്കും മലയാളം മനസ്സിലാകും, അധികം സംസാരിക്കില്ലെങ്കിലും.

മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം എന്നിവർക്കൊപ്പമെല്ലാം അഭിനയിച്ച അനുഭവം?

ലാൽ സാറിന്റെ അനുജത്തിയായി നാടോടി എന്ന സിനിമയിലാണ് മലയാളത്തിൽ ആദ്യം അഭിനയിച്ചത്. പല്ലാവൂർ ദേവനാരായണൻ എന്ന സിനിമയിൽ മമ്മൂട്ടി സാറിന്റെ കൂടെയും അഭിനയിച്ചു. എല്ലാവരും പറയുന്നതുപോലെ ഒരു ഗൗരവക്കാരനാണെന്ന് തോന്നിയിട്ടില്ല. നല്ല ഫൺ ആയിരുന്നു. ക്രൈം ഫയൽ, സാഫല്യം, വാഴുന്നോർ എന്നീ മൂന്നു ചിത്രങ്ങളിലാണ് സുരേഷ് ഗോപി സാറിന്റെ കൂടെ അഭിനയിച്ചത്. നല്ല പെരുമാറ്റമാണ് അദ്ദേഹത്തിന്റേത്. സംവിധായകൻ ജോഷി സാറിനെയും വലിയ ഇഷ്ടമാണ്. വളരെ കൂളാണ് സാർ. അനിയൻ ബാവയിലാണ് ജയറാം സാറിന്റെ കൂടെ അഭിനയിച്ചത്. ഒരുപാട് തമാശ പറയും.

ജനിച്ചതും വളർന്നതുമെല്ലാം ചെന്നൈയിലായിരുന്നല്ലോ?

അതെ. അച്ഛന്റെ വീട് കോട്ടക്കലും അമ്മയുടെ വീട് പാലക്കാടുമാണ്. കുടുംബ ചടങ്ങുകളിലൊക്കെ പങ്കെടുക്കാൻ വേണ്ടി വരാറുണ്ട്. കോട്ടക്കലിൽ തറവാട് ഇപ്പോഴുമുണ്ട്. കസിൻസ് കുറെ പേർ വിദേശത്തും മറ്റുമാണ്. ബാക്കിയുള്ളവർ നാട്ടിലുണ്ട്. ഞങ്ങൾ എല്ലാവരും സമയം കിട്ടുമ്പോൾ ഒത്തുചേരും.

അമ്മയുടെ സിനിമകളെക്കുറിച്ച് മക്കളുടെ അഭിപ്രായം... ?

എന്റെ കുറച്ചു സിനിമകൾ അവിടെയും ഇവിടെയും കണ്ടിട്ടുണ്ട്. ഭർത്താവും നല്ല സപ്പോർട്ടാണ്. സിനിമ ചെയ്യുന്നത് എനിക്ക് സന്തോഷമാണെന്നറിയാം. അതിനു വേണ്ടിയുള്ള കാര്യങ്ങളൊക്കെ ചെയ്യും.

സിനിമ തിരഞ്ഞെടുക്കുന്നത് എങ്ങനെയാണ്?

എനിക്ക് കംഫർട്ടബിൾ ആണെങ്കിലേ ചെയ്യാറുള്ളൂ. നായികയാവണം എന്നൊന്നുമില്ല. സംവിധായകൻ കഥ പറയും, കഥാപാത്രത്തെക്കുറിച്ച് പറയും. എനിക്ക് ഇഷ്ടപ്പെട്ടെങ്കിൽ ഡേറ്റ്‌സ് നോക്കും. എല്ലാം ചേർന്നുവരുമ്പോൾ അഭിനയിക്കുന്നതായിരുന്നു അന്നത്തെ രീതി. മത്സരിക്കാനൊന്നും ഇഷ്ടമായിരുന്നില്ല. ഞാൻ എപ്പോഴും ഡയറക്‌ടേഴ്‌സ് ആക്ട്രസ് ആയിരുന്നു.

സിനിമയിൽ സൗഹൃദങ്ങൾ ?

ഉള്ള സൗഹൃദങ്ങൾ കൂടെ തന്നെയുണ്ട്. ഭർത്താവ് സിനിമയിൽ തന്നെയുള്ളതിനാൽ അവിടെ നിന്നും ഞാൻ മാറി നിൽക്കുന്നു എന്ന തോന്നലൊന്നും ഇല്ല. ആരെങ്കിലും എന്നെ തിരക്കുകയാണെങ്കിൽ അവരെ കാണാൻ ശ്രമിക്കാറുണ്ട്. ഒരാളോട് നൽകുന്ന ബഹുമാനമാണത്.

പുതിയ സിനിമയുടെ ഷൂട്ടിങ് നടക്കുകയാണല്ലോ?

ഇപ്പോൾ അർജുൻ രമേഷ് സംവിധാനം ചെയ്യുന്ന‘പരാക്രമം’ എന്ന സിനിമക്കൊപ്പമാണ്. സാവിത്രി എന്ന കഥാപാത്രമാണ്. നല്ലൊരു റോൾ. തൃശൂരിലായിരുന്നു ഷൂട്ടിങ്. അർജുനും എന്നെ അന്വേഷിച്ച് കണ്ടുപിടിച്ചതാണ്. ആ വേഷം ചെയ്യാനായി മറ്റു കുറെപേരെ നോക്കിയിരുന്നു. ഒടുവിലാണ് എന്റെയടുത്തേക്ക് എത്തിയത്.

ഇനി സിനിമകൾ ചെയ്യുമോ?

ഇഷ്ടപ്പെടുന്ന വേഷമാണെങ്കിൽ ഞാൻ ചെയ്യും. ഞാനായിട്ട് ഇനി ബ്രേക്ക് എടുക്കില്ല. വരുന്ന ഓഫറുകൾ എനിക്ക് ഇഷ്ടപ്പെട്ട വേഷമാണെങ്കിൽ സ്വീകരിക്കും. വ്യത്യസ്ത ക്രിയേറ്റർമാരുടെ കൂടെ വർക്ക് ചെയ്യണമെന്നുണ്ട്. ആക്ഷൻ, ത്രില്ലർ വേഷങ്ങളൊക്കെ കിട്ടിയാൽ സന്തോഷം.

Tags:    
News Summary - Actress Sangeetha Madhavan Nair Returns To Malayalam Cinema After 9 Years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.