ലെന. ചി​​​ത്ര​​​ങ്ങ​​​ൾ: മനു മുളന്തുരുത്തി

‘അത്ഭുതമാണ് ട്രാഫിക്, റോഡിൽ ഭാഗ്യംകൊണ്ട് എങ്ങനെയൊക്കെയോ നമ്മൾ മുന്നോട്ടു പോവുന്നു’ - ലെന

കരുത്തുറ്റ വേഷങ്ങളിലൂടെ മലയാള സിനിമയിൽ തന്റെ ഇടം കണ്ടെത്തിയ നടി ലെന അഭിനയ ജീവിതത്തിലെ 25 സംവത്സരം പിന്നിടുകയാണ്. കിട്ടുന്ന വേഷങ്ങൾ നെഗറ്റിവായാലും പോസിറ്റിവായാലും തന്റേതായൊരു ടച്ച് നൽകി പ്രേക്ഷകരുടെ മുന്നിലെത്തിക്കാനുള്ള അസാമാന്യ കഴിവാണ് ലെനയെ വ്യത്യസ്തയാക്കുന്നത്.


സ്നേഹം എന്ന ജയരാജ് ചിത്രത്തിലൂടെ ചുവടുവെച്ചെത്തിയ ലെന ഇന്ന് മലയാള സിനിമയിലെ അവിഭാജ്യഘടകമാണ്. അഭിനയ ജീവിതം അടയാളപ്പെടുത്തുന്നതിനൊപ്പം മലയാള സിനിമയിലുണ്ടായ മാറ്റങ്ങളും പുതു സ്വപ്നങ്ങളും പങ്കുവെക്കുകയാണ് അവർ...

25 വർഷത്തെ അഭിനയ ജീവിതം എങ്ങനെ വിലയിരുത്തുന്നു?

വളരെ അപ്രതീക്ഷിതമായാണ് സിനിമയിലേക്കുള്ള വരവ്. സ്‌കൂൾ കാലം, ഷേക്സ്പിയറിന്റെ ഡ്രാമക്കുവേണ്ടി അഭിനേതാക്കളെ തിരഞ്ഞെടുക്കാന്‍ ഒരു മോക്ക് ഓഡിഷൻ നടക്കുന്നു. സ്കൂൾ പരിപാടിക്കുള്ള ഓഡിഷനാണെന്ന് കരുതിയാണ് ഞാൻ പങ്കെടുത്തത്.

എന്നാൽ, സിനിമക്കുള്ള ഓഡിഷൻ ആണെന്നും അവിടെ ഇരുന്നവരിൽ ജയരാജ് സാറിന്റെ അസോസിയറ്റ് ഡയറക്ടറും സിനിമയുടെ പ്രൊഡ്യൂസറുമൊക്കെ ഉണ്ടായിരുന്നുവെന്നും പിന്നീടാണ് അറിയുന്നത്. അടുത്ത ദിവസം ക്ലാസിൽ ഇരിക്കവെയാണ് സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ എന്ന് ചോദിച്ചുള്ള വിളി വന്നത്.

ഒരർഥത്തിൽ പറഞ്ഞാൽ സൂപ്പർ ഈസി എൻട്രി, 16ാം വയസ്സിൽ. അന്നുമുതൽ ഇതുവരെയുള്ള കംപ്ലീറ്റ് ലൈഫ് സിനിമയുമായി ബന്ധപ്പെട്ടതാണ്. എന്‍റെ ഓൾമോസ്റ്റ് ലൈഫ് ആണത്. അതുകൊണ്ട് സിനിമയും എന്‍റെ ജീവിതവും വേർതിരിച്ച് നിർത്താൻ പറ്റില്ല. ഇനി പ്രത്യേകിച്ച് വിലയിരുത്താനും പറ്റില്ല.


25 വർഷത്തിനിടെ മലയാള സിനിമ എത്രത്തോളം മാറിയിട്ടുണ്ട്, എന്തൊക്കെയാണ് പുതിയ മാറ്റങ്ങൾ?

മലയാള സിനിമയുടെ മാറ്റം വളരെ പോസിറ്റിവായിട്ടാണ്. ഒരുപാട് ഫ്രഷ് തോട്ടുള്ള അടുത്ത ജനറേഷനിലെ ആളുകൾ കയറിവരുന്നത് കാണാൻ സാധിച്ചിട്ടുണ്ട്. നമ്മുടെ മേക്കിങ് സ്റ്റൈലും മറ്റും കോൺസ്റ്റന്‍റ്ലി മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നു. അതിനൊപ്പംതന്നെ ഇൻഡസ്ട്രി വളരാനുള്ള ശ്രമങ്ങളും തുടർച്ചയായി ഉണ്ടായിട്ടുണ്ട്.

25 വർഷത്തിനിടെ ആ മാറ്റങ്ങളെല്ലാം അറിയാനും കാണാനും അതിൽ ചിലതിലൊക്കെ ഭാഗഭാക്കാവാനും സാധിച്ചതിൽ വളരെ സന്തോഷമുണ്ട്. ഇപ്പോൾ തന്നെ ദേശീയ തലത്തിൽ മലയാള സിനിമ വളരെ റെസ്പെക്ടഡാണ്. ഇപ്പോൾ പാൻ ഇന്ത്യൻ സിനിമയായി മാറുമ്പോൾ വളരെ കാര്യമായ സ്ഥാനമുണ്ട് മലയാള സിനിമക്ക്. അത് നമ്മൾ കൃത്യമായി യൂട്ടിലൈസ് ചെയ്യണം എന്നാണ് എനിക്ക് തോന്നുന്നത്.

പഴയ, ന്യൂജൻ സംവിധായ കർക്കൊപ്പമുള്ള അനുഭവങ്ങൾ, വ്യത്യാസങ്ങളെന്തൊക്കെ?

അങ്ങനെ വേർതിരിച്ച് പറയാൻ പറ്റില്ല. ഇവിടെനിന്ന് പിറകിലേക്ക് നോക്കുമ്പോഴാണ് പുതിയ-പഴയ ജനറേഷൻ എന്നിങ്ങനെ വരുന്നത്. ആ സമയത്ത് വർക്ക് ചെയ്തുകൊണ്ടിരിക്കുമ്പോൾ അവരായിരുന്നു അന്നത്തെ ന്യൂജൻ. നിലവിലുള്ളത് അഞ്ചുവർഷം കഴിയുമ്പോൾ ഓൾഡ് ജനാകും. നമ്മൾ കറന്‍റ് ജനറേഷനിൽ അവയർ ആവുക എന്നതിലാണ് കാര്യം. ലോകത്ത് സിനിമയിൽ നടക്കുന്ന മാറ്റങ്ങൾ അറിഞ്ഞു പ്രവർത്തിക്കുക എന്നതാണ് അതിൽ ചെയ്യാനുള്ളത്.

മലയാള സിനിമ മാറുമ്പോഴെല്ലാം ലെന അതിന്‍റെ ഭാഗമാണ്. അതെങ്ങനെ സംഭവിക്കുന്നു?

ഓരോ ഘട്ടത്തിലും സിനിമ മാറുമ്പോഴും അതിന്‍റെ ഭാഗമാവാൻ കഴിയുക എന്നത് ഭാഗ്യമാണ്. ശരിക്കും ദൈവാധീനം തന്നെയാണ്. ആ പടങ്ങളിൽ എന്നെ പരിഗണിച്ചവരോടും അതിലൂടെ എന്നെ സ്വീകരിച്ച ഓഡിയൻസിനോടും ഏറെ നന്ദിയുണ്ട്.


കിട്ടുന്ന വേഷങ്ങൾ നെഗറ്റിവായാലും പോസിറ്റിവായാലും തന്റേതായൊരു ടച്ച് നൽകാനാവുന്നുണ്ട്. പ്രിപ്പറേഷനുകളൊക്കെ എങ്ങനെയാണ്?

ഒരു കാരക്ടറിനു വേണ്ടിയുള്ള പ്രിപ്പറേഷൻ വളരെ വലുതാണ്. ചിലതിലൊക്കെ ഭയങ്കര എഫർട്ടാണ് വേണ്ടിവരുക. മെന്റൽ പ്രിപ്പറേഷനാണ് അധികവും. ചില ദിവസമൊക്കെ ഉറങ്ങാനേ കഴിയില്ല. ആ കഥാപാത്രം മനസ്സിൽ അങ്ങനെ തങ്ങിനിൽക്കാറുണ്ട്. സൈക്കോളജി പഠനം കഥാപാത്രത്തിലേക്ക് ആഴ്ന്നിറങ്ങാൻ സഹായിക്കാറുണ്ട് എന്ന് തോന്നിയിട്ടുണ്ട്. ജീവിതത്തിലെ അനുഭവങ്ങളും അഭിനയിക്കാൻ സഹായിച്ചിട്ടുണ്ട്.

ആരോടെങ്കിലും പ്രത്യേകിച്ച് കടപ്പാടുണ്ടോ?

സ്പെഷലായി ആരുടെയെങ്കിലും പേരു പറഞ്ഞാൽ ബാക്കിയുള്ളവരുടേത് വിട്ടുപോകും. പേരുകൾ പറഞ്ഞു തുടങ്ങിയാൽ തീരാത്ത ലിസ്റ്റായിരിക്കും. അത്രയധികം ആളുകളോട് 25 വർഷത്തെ സിനിമ ജീവിതത്തിൽ കടപ്പെട്ടിട്ടുണ്ട്. എന്നെ ഞാനാക്കിയ ഇൻഡസ്ട്രിയുമായി ബന്ധപ്പെട്ട ഓരോരുത്തരും പ്രേക്ഷകരും അതിൽ കോൺട്രിബ്യൂട്ടേഴ്സാണ്. ഈ സമ്പൂർണ്ണ യാ​ത്രയിൽ നമ്മെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചവരുണ്ട്, മാതൃകയാക്കിയവരുണ്ട്, ഫീഡ്ബാക്ക് തന്ന് വളർത്തിക്കൊണ്ടുവന്ന ഓഡിയൻസുമുണ്ട്...

മലയാള സിനിമ ഇൻഡസ്ട്രിയിലെ സ്ത്രീമുന്നേറ്റങ്ങളെക്കുറിച്ച് എങ്ങനെ വിലയിരുത്താം?

ലോകത്താകമാനം ജെൻഡർ ഡിഫറൻസ് കുറഞ്ഞുവരുകയാണ്. ആൺ-പെൺ വ്യത്യാസമില്ലാതെ ലോകത്ത് ഒരുപാട് കാര്യങ്ങൾ, ഒരു മനുഷ്യന് ചെയ്യാവുന്ന കാര്യങ്ങൾ എന്ന രീതിയിലേക്ക് മാറിയിട്ടുണ്ട്. അതിന്‍റെ കൂട്ടത്തിൽതന്നെ എല്ലാ ഇൻഡസ്ട്രിയിലും പ്രത്യേകിച്ച് മെയിൽ ഡോമിനേറ്റഡ് ആയിരുന്നിടത്തുപോലും ഫീമെയിൽ പാർട്ടിസിപ്പേഷൻ ഒരുപാട് കണ്ടുതുടങ്ങിയിട്ടുണ്ട്. ഞാൻ ഈയിടെ യു.കെയിൽ വെച്ചു ചെയ്ത പടത്തിൽ ആർട്ട് ഡയറക്ടർ, ലൈറ്റിങ് ഗ്രിപ് വരെ വനിതകളായിരുന്നു.

താരതമ്യേന സ്ത്രീകളെ ഒട്ടും കാണാത്ത മേഖലകളായിരുന്നു അതൊക്കെ. അങ്ങനെയൊക്കെ നോക്കുമ്പോൾ ഒരുപാട് വ്യത്യാസങ്ങൾ കണ്ടുവരുന്നുണ്ട്. ലോകമെമ്പാടും വരുന്നൊരു മാറ്റമാണത്. ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളും അതേപോലെ നമ്മുടെ ഇൻഡസ്ട്രിയിലും ബാധിക്കുന്നുണ്ട്. വളരെ പോസിറ്റിവായ അപ്രോച്ച് തന്നെയാണ്. നമ്മുടെ ഇൻഡസ്ട്രിയിലും ആ മാറ്റം സംഭവിക്കുന്നുണ്ടെന്ന് ചുരുക്കം.


അഭിനയത്തിൽനിന്ന് തിരക്കഥാകൃത്തിന്‍റെ വേഷമിട്ടല്ലോ, ആ രംഗത്തേക്കുള്ള കാൽവെപ്പിനെക്കുറിച്ച്?

കാലങ്ങളായുള്ള ആഗ്രഹമായിരുന്നു. സംവിധാനമായിരുന്നു മനസ്സിൽ. പക്ഷേ, മറ്റുള്ളവരുടെ തിരക്കഥയിൽ ഞാൻ സംവിധാനം ചെയ്യുക എന്നത് അത്ര കോൺഫിഡൻസുള്ള കാര്യമല്ലല്ലോ? പിന്നീടാണ് സംവിധായകന്‍ വി.എസ്. അഭിലാഷും ഞാനും ചേർന്ന് സിനിമയെക്കുറിച്ച് ഗൗരവത്തിൽ ചിന്തിക്കുന്നതും തിരക്കഥ എഴുതുന്നതും. ‘ഓളം’ എന്നാണ് സിനിമയുടെ പേര്. ലോക്ഡൗണിനിടെയാണ് എഴുതിത്തുടങ്ങിയത്.

കംപ്ലീറ്റ് ഫ്രീയായ സമയം എന്നെ സംബന്ധിച്ച് അതു തന്നെയായിരുന്നു. അതിനായി ഓൺലൈൻ-പ്രാക്ടിക്കൽ കോഴ്സുകളും മറ്റും വലിയ തയാറെടുപ്പുകളാണ് ഞാൻ നടത്തിയത്. ഓളം ഫൈനൽ സ്റ്റേജിലാണ്. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടന്നുകൊണ്ടിരിക്കുകയാണ്. വൈകാതെ റിലീസാവും.

യാത്രാപ്രേമിയാണല്ലോ‍? ചില യാത്രകൾ ശ്രദ്ധ നേടാറുമുണ്ട്. യാത്രകളെല്ലാം സംഭവിക്കുന്നത് സിനിമയിൽനിന്ന് ബ്രേക് എടുക്കണമെന്ന തോന്നലിലാണോ?

അങ്ങനെയും സംഭവിച്ച സന്ദർഭങ്ങളുണ്ട്. പക്ഷേ, എപ്പോഴും അങ്ങനെ ചെയ്യാൻ പറ്റുന്ന കാര്യമല്ലല്ലോ. സിനിമയുടെ തിരക്കിൽനിന്ന് അവധിയെടുത്ത് പൂർണമായി യാത്രക്ക് മാറ്റിവെക്കാനുള്ള സമയം ഇപ്പോഴില്ല. സിനിമയുമായി ബന്ധപ്പെട്ട് നല്ല തിരക്കുണ്ട്. എന്നെ സംബന്ധിച്ച് അത് വലിയ സന്തോഷം തന്നെയാണ്.

പുതിയ യാത്ര പ്ലാൻ എന്തൊക്കെ?

എന്‍റെ യാത്രകളൊന്നും വലിയ പ്ലാനോടെ ചെയ്യുന്നതല്ല. വളരെ യാദൃച്ഛികമായി ഉണ്ടാകുന്നതാണ്. കൂടുതലും ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്ലാനുകളാണ്. ഷൂട്ടിന്‍റെ ഇടവേളകളിൽ രാജ്യത്തിനകത്തായാലും പുറത്തായാലും ലൊക്കേഷന് അടുത്തുള്ളതും സാധിക്കുമെങ്കിൽ മറ്റു സ്ഥലങ്ങളൊന്നും മിസാക്കാറില്ല. എക്സ് പ്ലോർ ചെയ്യാൻ ഒരുപാടുണ്ടാകാറുണ്ട്. അത് പരമാവധി ഉപയോഗപ്പെടുത്തും. അങ്ങനെയാണ് ഞാൻ ക്ലബ് ചെയ്യുന്നത്. യാത്രകളുടെ ചിത്രങ്ങളും വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.


പുറത്തിറങ്ങാനിരിക്കുന്ന പുസ്തകത്തെക്കുറിച്ച്?

എഴുത്തുമായി ബന്ധപ്പെട്ട മേഖലയാണ് മറ്റൊരു ഹോബി. ഇറങ്ങാനിരിക്കുന്ന പുസ്തകത്തിന്‍റെ അവസാന ജോലികൾ നടന്നുകൊണ്ടിരിക്കുന്നു. സെൽഫ് റിയലൈസേഷൻ ഓറിയന്‍റഡ് പുസ്തകമാണ്. ഇംഗ്ലീഷിലാണ് പബ്ലിഷ് ചെയ്യുന്നത്. ഈ വർഷം മാർച്ച്- ഏപ്രിൽ മാസത്തിനകം പുറത്തിറക്കാനാവുമെന്ന് കരുതുന്നു.

ഇടക്കാലത്ത് ബിസിനസിലും സജീവമായിരുന്നല്ലോ?

ആയിരുന്നു. കോവിഡാനന്തരം ബിസിനസ് എല്ലാം വൈൻഡപ് ചെയ്തു. തൽക്കാലം ഇനി അങ്ങനെയൊരു പദ്ധതി മനസ്സിലില്ല. എന്ത് കാര്യമായാലും അത് ബിസിനസായാലും നമ്മൾ ഫുള്ളി ഫോക്കസ്ഡായി ചെയ്താൽ മാത്രമേ അതിൽ കാര്യമുള്ളൂ, വിജയിക്കുകയുള്ളൂ. എന്നെ സംബന്ധിച്ച് ഒരേസമയം സിനിമയും ബിസിനസും മുന്നോട്ടു കൊണ്ടുപോകാനാവില്ലായിരുന്നു.

പുതിയ സിനിമകളുടെ വിശേഷങ്ങൾ

‘എന്നാലും ന്‍റെളിയാ’ സിനിമക്ക് വളരെ പോസിറ്റിവ് റെസ്പോൺസാണ് ലഭിച്ചത്. ആ പടം ഹിറ്റായി എന്നു തന്നെ പറയാം. കംപ്ലീറ്റ് ഫാമിലി എന്‍റർടെയ്നറായിരുന്നു പടം. കോമഡി റോളിൽ പ്രേക്ഷകർ എന്നെ കണ്ടിട്ടുണ്ടാവണമെന്നില്ല. സുൾഫി എന്ന സുലുവായ എന്‍റെ കഥാപാത്രം അങ്ങനെയായിരുന്നു, എന്നെ സംബന്ധിച്ച് വെല്ലുവിളിയുള്ള കഥാപാത്രം. ഇൻഡസ്ട്രിക്കകത്തുനിന്നും പുറത്തുനിന്നും പ്രേക്ഷകരുടെ ഭാഗത്തുനിന്നും സുലുവിന് കിട്ടിയതും വളരെ പോസിറ്റിവ് റെസ്പോൺസാണ്. സന്തോഷമുണ്ട്.

‘വനിത’യിലേക്ക് വരുകയാണെങ്കിൽ സാധാരണക്കാരിയായ സിവിൽ പൊലീസ് ഓഫിസറുടെ റോളാണ്, റിയലിസ്റ്റിക്കായ പൊലീസുകാരിയുടെ കഥയാണ്. വളരെ സിംപിളായി പറയുന്ന പ്രാക്ടിക്കൽ റിയലിസ്റ്റിക് സ്റ്റോറിയാണ്.

മാതാപിതാക്കളുടെ പിന്തുണ എത്രത്തോളം സഹായിച്ചിട്ടുണ്ട്?

വളരെ സപ്പോർട്ടിവാണ്. കുട്ടിക്കാലം മുതൽ സിനിമയെ സീരിയസായി കാണാൻ പാരന്‍റ്സ് ഒരുപാട് പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. സിനിമകളെല്ലാം കാണുകയും പ്രോത്സാഹിപ്പിക്കുകയും അഭിപ്രായങ്ങൾ നിർദേശിക്കുകയും ചെയ്യാറുണ്ട്. നേരത്തേ തന്നെ സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ മാതാപിതാക്കള്‍ എന്നെ അനുവദിച്ചിട്ടുണ്ട്. ചെറുപ്പത്തിൽ ഭയങ്കര പഠിപ്പിസ്റ്റായിരുന്നു. സൈക്കോളജി പഠിച്ചതും അഭിനയരംഗത്ത് സജീവമായതും സ്വന്തമിഷ്ടപ്രകാരമായിരുന്നു. പാരന്‍റ്സ് തൃശൂരും ഞാൻ കൊച്ചിയിലുമാണ് താമസിക്കുന്നത്.


ബോൾഡ്​ ഇമേജിന്​ തുടക്കം ‘സ്പിരിറ്റ്​​’

തീർച്ചയായും. സിനിമ കൊണ്ടാണ് അങ്ങനെയൊരു ഇമേജ് വന്നത്. സ്പിരിറ്റ് എന്ന സിനിമയാണ് ആ ഒരു ഫേസ് ഓപൺ അപ് ചെയ്തത്. അതിനു ശേഷവും ഒരുപാട് ബോൾഡ് കാരക്ടേഴ്സ് ചെയ്തുവന്നപ്പോഴുണ്ടായ ടൈറ്റിലാണത്. സിനിമ വഴി വരുന്ന ഇമേജ് ചേഞ്ച് കാരണമാണല്ലോ പബ്ലിക് നമ്മെ അങ്ങനെ കാണുന്നത്.

‘ലൈഫും സിനിമയും ഫ്രഷാണ് ഇപ്പോൾ’

ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന കാരക്ടറും ലൈഫിലെ കാര്യങ്ങളുമെല്ലാം ഫ്രഷാണ്. വളരെ ആക്ടിവാണ്. അതങ്ങനെ തന്നെ മുന്നോട്ടുപോകട്ടെ. ഇനിയും മികച്ച ഒരുപാട് കഥാപാത്രങ്ങൾ ചെയ്യണം. കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ അത്ര ചൂസി ആകേണ്ടിവരാറില്ല. എന്നെ തിരഞ്ഞുവരുന്ന റോളുകള്‍ പലതും മികച്ചതാണ് എന്ന് പറയാം, വ്യത്യസ്ത കഥാപാത്രങ്ങളാണ് എല്ലാം.

കൗതുകമാണ് ഇന്ത്യൻ ട്രാഫിക്

ശരിക്കും കൗതുകം തോന്നുന്ന, വിസ്മയിപ്പിക്കുന്ന കാര്യമാണ് ഇന്ത്യൻ ട്രാഫിക്. റോഡിൽ തട്ടിയും മുട്ടിയും ഭാഗ്യംകൊണ്ട് എങ്ങനെയൊക്കെയോ നമ്മൾ മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. തമ്മിൽ ഇടിക്കാതെ എങ്ങനെയാണ് മുന്നോട്ടു പോകുന്നതെന്ന് ചോദിച്ചാൽ ആർക്കും അറിയില്ല. ആദ്യം നടപ്പാത, സൈക്കിൾ പാത പിന്നെ റോഡ് എന്ന അവസ്ഥയിലാണല്ലോ നമ്മുടെ റോഡുകളുടെ പരിണാമം. എല്ലാ രാജ്യത്തും റോഡ് കൾചറുണ്ട്.

മറ്റു രാജ്യക്കാർ ഇവിടെ വന്നാൽ നമ്മൾ എങ്ങനെയാണ് റോഡിലൂടെ വാഹനവുമായി പോകുന്നതെന്ന് ആലോചിച്ച് അത്ഭുതപ്പെടും. ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. നമ്മുടെ ജനസംഖ്യയും റോഡിന്‍റെ അവസ്ഥയും വാഹനത്തിന്‍റെ എണ്ണവും നമുക്ക് അറിയാലോ? ഇനി ആളുകളോട് വാഹനം വാങ്ങരുതെന്ന് പറയാനും പറ്റില്ലല്ലോ? ഇനി എങ്ങാനും റോഡ് കൾചർ ഗൗരവമായി നടപ്പാക്കാൻ സർക്കാർ തലത്തിലോ മറ്റോ കാര്യക്ഷമമായ ശ്രമം നടക്കുന്നുണ്ടെങ്കിൽ ആ എഫർട്ടിനെ നമ്മൾ സമ്മതിക്കണം. അങ്ങനെയൊരു പ്രാക്ടിക്കൽ സൊലൂഷൻ വരുത്തുക എന്നത് അസാധ്യമായാണ് എനിക്ക് തോന്നുന്നത്.

പുതിയ പ്രോജക്ടുകൾ

കുറച്ചധികം സിനിമകൾ വരാനുണ്ട്. ആബേൽ, അനുരാഗം, ഓ മൈ ഡാർലിങ്, ഒരു തെലുങ്ക് സീരീസ് എന്നിവ റിലീസിന് തയാറാവുകയാണ്. അരുൺഗോപിയുടെ ‘ബാന്ദ്ര’ ഫൈനൽ ഷൂട്ടിലാണ്. പേര് കൺഫേം ചെയ്യാത്ത തെലുങ്ക് പടത്തിന്‍റെ ഷൂട്ടും നടന്നുകൊണ്ടിരിക്കുന്നു.

Tags:    
News Summary - Actress Lena completed 25 years in the magical world of cinema

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.