അരയടിയുള്ള കെട്ടിടയിടുക്കില്‍ അഞ്ചുമണിക്കൂര്‍; യുവാവിനെ ഫയര്‍ഫോഴ്സ് സാഹസികമായി രക്ഷപ്പെടുത്തി

ചാരുംമൂട് (ആലപ്പുഴ): കെട്ടിടത്തിന്‍െറ രണ്ടാംനിലയില്‍നിന്ന് വീണ് ഭിത്തികള്‍ക്കിടയില്‍ അകപ്പെട്ട യുവാവിനെ അഗ്നിശമന സേന രക്ഷപ്പെടുത്തി. അപകടവിവരം പുറംലോകമറിഞ്ഞത് പോക്കറ്റില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നതുകൊണ്ട് മാത്രം. മരണം മുന്നില്‍കണ്ട് കുടുങ്ങിക്കിടന്നത് അഞ്ച് മണിക്കൂറിലധികം. നൂറനാട് പടനിലം പരബ്രഹ്മ ക്ഷേത്രത്തിന് സമീപം വാടകക്ക് താമസിക്കുന്ന മലയാലപ്പുഴ മേപ്പുറത്ത് മുരിപ്പേല്‍  അനുവാണ് (24)  അപകടത്തില്‍പ്പെട്ടത്. 

അനുവിനെ ഫയര്‍ ഫോഴ്സ് രക്ഷപ്പെടുത്തുന്നു
 


രണ്ടാം നിലയിലാണ് അനുവും ജ്യേഷ്ഠന്‍ മനുവും മാതാവും വാടകക്ക് താമസിച്ചിരുന്നത്. ജ്യേഷ്ഠനും മാതാവും സ്ഥലത്തില്ലാതിരുന്ന വെള്ളിയാഴ്ച രാത്രി ടെറസിന് മുകളില്‍ കിടന്നുറങ്ങിയ അനു എഴുന്നേറ്റു  വരുമ്പോള്‍ സ്റ്റെയര്‍ക്കേസിന് സമീപം രണ്ടു കെട്ടിടങ്ങള്‍ക്ക് മധ്യേയുള്ള ഭിത്തികള്‍ക്കിടയിലൂടെ അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നു. ഭിത്തികള്‍ തമ്മില്‍ അരയടി വീതി മാത്രമാണുണ്ടായിരുന്നത്. മെലിഞ്ഞ ശരീരമുള്ള അനു കെട്ടിടത്തിന്‍െറ മധ്യഭാഗത്ത് ഇരുപതടി താഴ്ചയില്‍ കുടുങ്ങുകയായിരുന്നു. പോക്കറ്റിലുണ്ടായിരുന്ന  മൊബൈല്‍ ഫോണില്‍ ജ്യേഷ്ഠന്‍  മനുവിനെ വിളിച്ചു. കരുനാഗപ്പള്ളിയിലായിരുന്ന മനു പടനിലത്തത്തെിയതോടെയാണ് വിവരം പുറത്തറിഞ്ഞത്.  നാട്ടുകാരെ കൂട്ടി കയറിട്ട്  രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഒടുവില്‍ നൂറനാട് പൊലീസിലും അഗ്നിശമന സേനയിലും വിവരമറിയിച്ചു. ആറേകാലോടെ കായംകുളത്തുനിന്ന് എത്തിയ അഗ്നിശമന യൂനിറ്റ് താഴത്തെ നിലയിലെ ബേക്കറി തുറപ്പിച്ചാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. കുഴല്‍കിണറില്‍പ്പെടുന്നവരെ രക്ഷിക്കും വിധമായിരുന്നു രക്ഷാപ്രവര്‍ത്തനങ്ങള്‍. കെട്ടിടത്തിന്‍െറ മധ്യത്തില്‍ ഒരു ഭാഗം കോണ്‍ക്രീറ്റ് കട്ടര്‍, ചുറ്റിക എന്നിവ ഉപയോഗിച്ച് പൊളിച്ച് ആളെ കണ്ടത്തെി. തുടര്‍ന്ന് അടുത്ത ഭിത്തിയുടെ ഭാഗങ്ങള്‍ കൂടി പൊളിച്ചുമാറ്റി രാവിലെ ഏഴരയോടെയാണ് അനുവിനെ പുറത്തെടുക്കാനായത്.
 

അരയടി മാത്രമുള്ള മനു വീണ കെട്ടിട ഇടുക്ക്
 


ഏറെ അവശനായ അനുവിനെ ഉടന്‍ കായംകുളം സര്‍ക്കാര്‍  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹം അകപ്പെട്ട ഭാഗത്ത് വായുസഞ്ചാരമുണ്ടായത്  രക്ഷയായി. കെട്ടിട നിര്‍മാണ തൊഴിലാളിയാണ് അനു. അഗ്നിശമനസേന സ്റ്റേഷന്‍ ഓഫിസര്‍ വി.എം. ഷാജഹാന്‍, നൂറനാട്  എ.എസ്.ഐ പൊന്നപ്പന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

 

Tags:    
News Summary - youth escape from narrow gap

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.