തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിനുള്ള പത്രിക സമർപ്പണം പൂർത്തിയായതോടെ പ്രചാരണം ശക്തമാക്കി ഗ്രൂപ്പുകൾ. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന എ ഗ്രൂപ്പിന്റെ രാഹുൽ മാങ്കൂട്ടത്തിലും ഐ ഗ്രൂപ്പിന്റെ അഡ്വ. അബിൻ വർക്കിയും പ്രവർത്തകരുടെ പിന്തുണ നേടാനും എതിർപാളയത്തിൽ വിള്ളൽ വീഴ്ത്തി വോട്ട് സമാഹരിക്കാനും എല്ലാ അടവും പുറത്തെടുക്കാനുള്ള ഒരുക്കത്തിലാണ്.
അധ്യക്ഷസ്ഥാനത്തേക്ക് മൂന്ന് വനിതകൾ ഉൾപ്പെടെ 14 പേരും 45 പേർ തെരഞ്ഞെടുക്കപ്പെടേണ്ട ജന.സെക്രട്ടറി സ്ഥാനത്തേക്ക് 219 പേരുമാണ് പത്രിക നൽകിയത്. പത്രികകളുടെ സൂക്ഷ്മപരിശോധന 22ന് നടക്കും. ആരെയും പിന്തുണക്കാനില്ലെന്ന നിലപാടാണ് കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷനേതാവും ഇത്തവണ സ്വീകരിച്ചിരിക്കുന്നത്. എന്നാൽ, അവരുമായി അടുപ്പമുള്ള യുവനേതാക്കൾ സ്ഥാനാർഥികൾക്കുപിന്നിൽ അണിചേർന്നിട്ടുണ്ട്.
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് ഇത്തവണ ചില മുതിർന്ന നേതാക്കൾക്കും നിർണായകമാണ്. പൊതുവെ, എ പക്ഷത്തിനാണ് യൂത്ത് കോൺഗ്രസിൽ മുൻതൂക്കമുള്ളത്. എന്നാൽ, രാഹുലിന്റെ സ്ഥാനാർഥിത്വത്തെ ചൊല്ലിയുണ്ടായ ഭിന്നതയും ചില മുതിർന്ന നേതാക്കളുടെ സമീപകാല കൂടുമാറ്റവും ഏത് തരത്തിൽ ബാധിക്കുമെന്ന ആശങ്ക എ ഗ്രൂപ്പിനുണ്ട്. എ ഗ്രൂപ്പിന്റെ ഔദ്യോഗിക സ്ഥാനാർഥിയായി രാഹുലിനെ മത്സരിപ്പിക്കാൻ നേതൃത്വം തയാറായത് നിലവിലുള്ള സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന്റെ കടുത്ത നിലപാടിനെ തുടർന്നാണ്. അതിനാൽ തന്നെ രാഹുലിന്റെ വിജയമുറപ്പാക്കേണ്ടത് ഷാഫിയുടെ ബാധ്യതയാണെന്ന് മാത്രമല്ല, രാഷ്ട്രീയ വളർച്ചക്ക് അനിവാര്യവുമാണ്. മുൻകാലങ്ങളിൽ എ പക്ഷത്ത് തന്ത്രങ്ങൾ മെനഞ്ഞിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനും ടി. സിദ്ദീഖും ഇന്ന് അവർക്കൊപ്പമില്ല. ഇരുവരും യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിനെ തങ്ങളുടെ സ്വാധീനം തെളിയിക്കാനുള്ള അവസരമാക്കിയേക്കും. അതോടൊപ്പം പി.ടി. തോമസിന്റെ അഭാവവും എ പക്ഷത്തിന് സ്വാധീനമുള്ള പത്തനംതിട്ടയിൽ പി.ജെ. കുര്യൻ സ്വീകരിച്ച നിഷ്പക്ഷ സമീപനവും ഗ്രൂപ്പിന് വെല്ലുവിളിയാണ്.
ഐ ഗ്രൂപ്പിന്റെ ഔദ്യോഗിക സ്ഥാനാർഥി അബിൻ വർക്കി പാർട്ടിയിൽ എല്ലാവരുമായും നല്ല അടുപ്പം പുലർത്തുന്ന യുവനേതാവാണ്. അബിന്റെ സ്ഥാനാർഥിത്വത്തോട് വിയോജിച്ചാണ് ഗ്രൂപ്പിലെ ഒരുവിഭാഗം നിലവിൽ തൃശൂർ ജില്ല പ്രസിഡന്റായ ഒ.ജെ. ജനീഷിനെ രംഗത്തിറക്കിയത്. ഇത് ഐ പക്ഷത്തിന് കൂടുതൽ വോട്ടുകളുള്ള ജില്ലയിൽ തിരിച്ചടിയാകും. ഒരിക്കൽ ഐ പക്ഷത്തിന് ശക്തിപകർന്ന കെ. സുധാകരനും വി.ഡി. സതീശനും നിഷ്പക്ഷ നിലപാട് സ്വീകരിച്ചതും മറുചേരിക്ക് ഗുണമായേക്കും. എന്നാൽ, അബിന് വിജയിച്ചാൽ പാർട്ടിയിൽ തന്റെ കരുത്ത് വർധിപ്പിക്കുമെന്നത് തിരിച്ചറിഞ്ഞ് പൂർണ പിന്തുണയാണ് രമേശ് ചെന്നിത്തല നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.