തിരുവനന്തപുരം: ട്രെയിനിൽ ഉറങ്ങിക്കിടന്ന യുവതിയുടെ സ്വർണ പാദസരം മോഷ്ടിച്ചയാൾ അറസ്റ്റിൽ. റെയിൽവേ പൊലീസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും സംയുക്തമായി നടത്തിയ അതിസമർഥമായ അന്വേഷണത്തിൽ പിടികൂടി. മലപ്പുറം അങ്ങാടിപ്പുറം ചെരക്കപ്പറമ്പ് സ്വദേശി സി.വി. ശ്രീജിത്താണ് അറസ്റ്റിലായത്. പട്ടത്തെ ഭാര്യവീട്ടിലേക്കുള്ള യാത്രക്കിടെയാണ് ഇയാൾ മോഷണം നടത്തിയത്.
കഴിഞ്ഞ മാസം 25നാണ് കേസിനാസ്പദമായ സംഭവം. നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും രാജ്യറാണി എക്സ്പ്രസിൽ കൊച്ചുവേളിയിലേക്ക് യാത്രചെയ്ത യാത്രക്കാരിയുടെ കൊലുസാണ് ഇയാൾ മോഷ്ടിച്ചത്. 26ന് ട്രെയിൻ കൊച്ചുവേളിയിലെത്തിയപ്പോൾ സൈഡ് ലോവര്‍ സീറ്റില്‍ ഉറങ്ങുകയായിരുന്ന യുവതിയുടെ വലതുകാലിലെ ഒരുപവൻ തൂക്കം വരുന്ന കൊലുസ് ഇയാൾ കട്ടിങ് പ്ലയര്‍ ഉപയോഗിച്ച് മുറിച്ചെടുക്കുകയായിരുന്നു. തുടർന്ന്, ഇടതുകാലിലെ കൊലുസും മുറിക്കാൻ ശ്രമിക്കവെ, യാത്രക്കാരി ഉണർന്ന് ബഹളംവെക്കുകയും ഇയാൾ പ്ലാറ്റ്ഫോമിലൂടെ ഓടി രക്ഷപ്പെടുകയുമായിരുന്നു.
തുടർന്ന്, റെയിൽവേ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 20ലേറെ സി.സി.ടി.വി ദൃശ്യങ്ങളും മൂവായിരത്തിൽപരം മൊബൈൽ ഫോൺ നമ്പറുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് രണ്ടാഴ്ചക്കുശേഷം ചെരക്കപ്പറമ്പിലെ വീട്ടിൽ നിന്ന് ഇയാളെ പിടികൂടിയത്. ശ്രീജിത്തിന്‍റെ വീട്ടിൽ നിന്ന് മോഷണം പോയ കൊലുസും മറ്റ് മോഷണവസ്തുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
തമ്പാനൂർ പൊലീസ് സ്റ്റേഷനിലെ എസ്.ഐ സതീഷ് കുമാർ, ആർ.പി.എഫ് എ.എസ്.ഐ ജോജി ജോസഫ്, ഹെഡ് കോൺസ്റ്റബിൾ നിമേഷ്, കോൺസ്റ്റബിൾമാരായ അരുൺബാബു, പ്രമോദ്, കിഷോർ, സരിൻ സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണവും അറസ്റ്റും. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.