തൃശൂർ: ബൈക്ക് പാർസലായി ട്രെയിനിൽ കയറ്റി വിടുന്നതിനു മുമ്പ് അതിൽനിന്ന് ഊറ്റിയെടുത്ത പെട്രോൾ സൂക്ഷിച്ച കുപ്പിയുമായി ട്രെയിനിൽ കയറിയത് ഇത്ര വലിയ പുലിവാലാകുമെന്നും കേസാകുമെന്നും സേവ്യർ കരുതിയില്ല. മണിക്കൂറുകളോളം അനുഭവിച്ചത് കൊടുംകുറ്റവാളിയുടേതിന് സമാനമായ അവസ്ഥ. തൃശൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിലെത്തിയ കോട്ടയം ആർപ്പൂക്കര സ്വദേശി സേവിയർ വർഗീസിനെയാണ് പെട്രോളുമായി ആര്‍.പി.എഫ് പിടികൂടിയത്.
ഇയാളുടെ കൈവശം രണ്ട് കുപ്പികളിൽ നിറച്ച രണ്ടര ലിറ്ററോളം പെട്രോളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട് എലത്തൂരിൽ ട്രെയിനിൽ തീയിട്ടതിന്‍റെ പശ്ചാത്തലത്തിൽ റെയിൽവേ സ്റ്റേഷനുകളിൽ പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിരുന്നു. ബംഗളൂരു -കന്യാകുമാരി ഐലന്‍റ് എക്സ്പ്രസിലാണ് യുവാവ് എത്തിയത്. ബാഗിൽനിന്ന് പെട്രോൾ കണ്ടെടുത്തതോടെ പൊലീസുകാരുടെ എണ്ണവും ചോദ്യംചെയ്യലിന്റെ രീതിയും മാറി.
തിരിച്ചും മറിച്ചും ചോദ്യങ്ങളുയർന്നു. ബംഗളൂരുവിൽ ബേക്കറി ജീവനക്കാരനാണെന്നും കോട്ടയത്തേക്ക് ബൈക്ക് പാർസലായി അയക്കുമ്പോൾ ഇന്ധനം പാടില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതനുസരിച്ച് ഊറ്റിയെടുത്ത് കുപ്പിയിൽ സൂക്ഷിക്കുകയായിരുന്നുവെന്നും യുവാവ് പറഞ്ഞു. കോട്ടയത്തെത്തിയ ശേഷം പെട്രോൾ ബൈക്കിലൊഴിച്ച് വീട്ടിൽ പോകാമെന്നാണ് കരുതിയതെന്ന് യുവാവ് പൊലീസിനെ അറിയിച്ചു. ഹെൽമറ്റും ബൈക്കിന്റെ രേഖകളും കൈവശമുണ്ടായിരുന്നു. ഏറെനേരം ചോദ്യംചെയ്ത ശേഷം, പെട്രോൾ കൈവശം വെച്ച് ട്രെയിനിൽ യാത്രചെയ്ത് അപകട സാധ്യതയുണ്ടാക്കിയെന്ന കുറ്റം ചുമത്തി ഇയാൾക്കെതിരെ കേസെടുത്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
അതേസമയം, കോഴിക്കോട് എലത്തൂരിൽ ട്രെയിനിന് തീവെച്ച സംഭവത്തെ തുടര്‍ന്ന് റെയിൽവേ സ്റ്റേഷനുകളിൽ നിരീക്ഷണം ശക്തമാക്കി. യാത്രക്കാരുടെ ലഗേജുകൾ അടക്കം വിശദമായി പരിശോധിക്കുന്നുണ്ട്. തിരക്കേറുന്ന രാവിലെയും വൈകീട്ടും പ്രത്യേക പരിശോധനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.