പറവൂരിൽ മുഖ്യമന്ത്രി വി.ഡി. സതീശന് നൽകിയ സ്വീകരണത്തിൽ നടൻ മോഹൻലാൽ പൊന്നാട അണിയിച്ച് ആദരിക്കുന്നു
പറവൂർ: എന്നെക്കുറിച്ച് ഓർത്ത് അപമാനഭാരത്താൽ നിങ്ങൾക്ക് തല കുനിക്കേണ്ടി വരില്ലെന്ന് തെരഞ്ഞെടുപ്പ് കാലത്ത് നൽകിയ ഉറപ്പ് മുഖ്യമന്ത്രി വി.ഡി. സതീശൻ വീണ്ടും ആവർത്തിച്ചു. നാടിനും നാട്ടുകാർക്കും അരുതാത്ത ഒരു കാര്യവും ഞാൻ ചെയ്യില്ല. ഇത് ഞാൻ നൽകുന്ന ഉറപ്പാണ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ആദ്യമായി മണ്ഡലത്തിൽ എത്തി, പറവൂർ പൗരാവലിയുടെ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിങ്ങളുടെ സ്വപ്നത്തിന്‍റെയും പ്രാർഥനയുടെയും തേരിലാണ് ഞാൻ. അധികാരത്തിന്‍റെയും പത്രാസിന്‍റെയും പിന്നാലെ പോവില്ല. പാവപ്പെട്ടവരെ ചേർത്ത് നിർത്തി അവരുടെ ജീവിത നിലവാരം ഉയർത്തും. ദൈവത്തിന്‍റെ സ്വന്തം നാടിനെ ലോകത്തിന്‍റെ മുന്നിൽ എത്തിക്കാൻ പരിശ്രമിക്കും. കേരളത്തെ തുറമുഖ നഗരമാക്കി മാറ്റും. നമ്മുടെ ചെറുപ്പക്കാർ ഇവിടെ പഠിച്ച് ജോലി നേടി മാതാപിതാക്കൾക്കൊപ്പം ജീവിക്കും.
ജനങ്ങളെ ദ്രോഹിക്കാതെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തും. മുതിർന്ന പൗരമാർക്കും അർഹിക്കുന്ന പരിഗണന നൽകി അവർക്ക് ആശ്വാസം പകരും. അത്ഭുതങ്ങളാണ് ഇനി സംഭവിക്കുക. കാൽ നൂറ്റാണ്ടുകാലം വാരിക്കോരി സ്നേഹം പകർന്നു നൽകിയ പറവൂർക്കാർക്ക് മുഖ്യമന്ത്രി വികാരാധീനനായി നന്ദി പറഞ്ഞു.
ഗാന രചയിതാവ് ശ്രീകുമാരൻ തമ്പി ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുൻ എം.പി കെ.പി. ധനപാലൻ അധ്യക്ഷത വഹിച്ചു. സിനിമ നടൻ മോഹൻലാൽ പറവൂർ പൗരാവലിയുടെ ഉപഹാരം മുഖ്യമന്ത്രിക്ക് സമ്മാനിച്ചു. ഹൈബി ഈഡൻ എം.പി, മുഹമ്മദ് ഷിയാസ് എം.എൽ.എ, മുൻ മന്ത്രി എസ്. ശർമ, കോട്ടപ്പുറം രൂപത ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻപുരക്കൽ, നടൻ സലിം കുമാർ, നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ്, സിന്ധു നാരായണൻ കുട്ടി, കെ.കെ. അബ്ദുള്ള എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.