ലഖ്നോ: അലിഗഢ് മുസ്‌ലിം യൂനിവേഴ്സിറ്റിയിലെ പള്ളികളിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദർശന വേളയിൽ ബാങ്ക് വിളിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയെന്ന ആരോപണം വലിയ വിവാദങ്ങൾക്ക് തിരികൊളുത്തുന്നു. കാമ്പസിലെ പള്ളികളിൽ ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി മണിക്കൂറുകളോളം നിർത്തിവെച്ചെന്നാണ് വിദ്യാർത്ഥികളുടെ പരാതി. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് നടപടിയെന്നാണ് വിവരം.
ജൂൺ 22ന് യോഗി ആദിത്യനാഥ് അലിഗഢിൽ വിവിധ പരിപാടികളിൽ പങ്കെടുത്ത വേളയിലാണ് സംഭവം. ലഖ്നോവിലെ കോച്ചിങ് സെന്ററിലുണ്ടായ തീപിടുത്തത്തെ തുടർന്ന് മുഖ്യമന്ത്രി സന്ദർശനം പാതിവഴിയിൽ അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു.
അഫ്താബ് ഹാളിലെ മക്ഡൊണാൾഡ് ഹോസ്റ്റൽ പള്ളിയിൽ ജൂൺ 22ന് ബാങ്ക് വിളിക്കാൻ തയ്യാറെടുക്കുന്നതിനിടെ, പിറ്റേന്ന് സുബഹ് നമസ്കാരംവരെ ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളിക്കുന്നത് നിർത്തിവെക്കാൻ തന്നോട് നിർദ്ദേശിച്ചതായി വിദ്യാർഥിയായ അമൻ വ്യക്തമാക്കി. അഡ്മിനിസ്ട്രേഷനിൽനിന്നുള്ള നിർദ്ദേശപ്രകാരമാണ് നടപടിയെന്ന് ഇമാമിൽ നിന്ന് അറിയാൻ കഴിഞ്ഞതായും അമൻ പറഞ്ഞു. മറ്റ് ഹോസ്റ്റലുകളിലെ അവസ്ഥയും സമാനമായിരുന്നു. എട്ട് വർഷമായി കാമ്പസിലുള്ള താൻ ഇത്തരമൊരു സംഭവം ആദ്യമായാണ് കാണുന്നതെന്ന് അമൻ കൂട്ടിച്ചേർത്തു.
മറ്റൊരു വിദ്യാർഥിയായ അസീമുർ റഹ്മാനും സമാനമായ അനുഭവം പങ്കുവെച്ചു. മുഖ്യമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി പൊലീസും സർവകലാശാല അധികൃതരും പള്ളിയിലെത്തി ഇമാമിനോട് ഉച്ചഭാഷിണി ഓഫ് ചെയ്യാൻ നിർദ്ദേശിക്കുന്നത് താൻ കണ്ടുവെന്ന് അദ്ദേഹം പറഞ്ഞു. സർവകലാശാലയുടെ മോസ്ക് അഡ്മിനിസ്ട്രേഷൻ വിഭാഗം ചുമതലക്കാരനായ പ്രഫസർ മുഹമ്മദ് റാഷിദ് വാട്സാപ്പ് ഗ്രൂപ്പുകളിൽ ഇത് സംബന്ധിച്ച സന്ദേശം പ്രചരിപ്പിച്ചതായും ആരോപണമുണ്ട്.
എന്നാൽ, നിയന്ത്രണം സർവകലാശാലയിൽ മാത്രം ഒതുങ്ങിയിരുന്നില്ലെന്നും അലിഗഢ് നഗരത്തിലെ സിവിൽ ലൈൻസ് ഏരിയയിലും ഇത് ബാധകമായിരുന്നുവെന്ന് പ്രഫസർ റാഷിദ് പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവുകൾ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ, സർവകലാശാല പ്രോക്ടർ നവീദ് ഖാൻ ഈ ആരോപണങ്ങൾ നിഷേധിച്ചു. ഇത്തരമൊരു നിർദ്ദേശം സർവകലാശാല നൽകിയിട്ടില്ലെന്നും അവ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സർവകലാശാലയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു സംഭവം നടക്കുന്നതെന്ന് കാണിച്ച് എൽ.എൽ.എം വിദ്യാർഥിയും നിയമവിദഗ്ധനുമായ കൈഫ് ഹസൻ വൈസ് ചാൻസലർക്ക് തുറന്ന കത്തെഴുതി. സർവകലാശാലയുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന ഈ നടപടിയിൽ അഡ്മിനിസ്ട്രേഷൻ മറുപടി നൽകണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. കാമ്പസുകൾ രാഷ്ട്രീയ വേദികളാക്കി മാറ്റുന്നതിനെതിരെയും വിദ്യാർത്ഥികൾ പ്രതിഷേധം രേഖപ്പെടുത്തി.
സർവകലാശാല കാമ്പസിന് പുറത്തും നിയന്ത്രണങ്ങൾ ബാധകമായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. മുഖ്യമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി നഗരത്തിലെ പല പള്ളികളിൽനിന്നും പോലീസ് ഉച്ചഭാഷിണികൾ നീക്കം ചെയ്തതായി സോഹ്ര ബാഗ്, ദൊഹാര ബൈപ്പാസ് നിവാസികൾ ആരോപിച്ചു.
ആരോപണങ്ങൾ പൂർണമായും തള്ളിക്കളഞ്ഞുകൊണ്ട് അലിഗഢ് പോലീസ് സൂപ്രണ്ട് നീരജ് കുമാർ ജദൗൺ രംഗത്തെത്തി. ഇത്തരമൊരു ഉത്തരവോ നിർദ്ദേശമോ നൽകിയിട്ടില്ലെന്നും ഉച്ചഭാഷിണികൾ നീക്കം ചെയ്തിട്ടില്ലെന്നുമാണ് പൊലീസിന്റെ നിലപാട്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെയും മുസ്‍ലിം സമുദായത്തിനും പള്ളികൾക്കും ബാങ്ക് വിളിക്കുമെതിരെ വിവാദ പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ പേരിൽ മതപരമായ ആചാരങ്ങൾ തടസ്സപ്പെടുത്തുന്നത് വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. സംഭവത്തിൽ കൃത്യമായ വിശദീകരണം നൽകാൻ സർവകലാശാലയോ ജില്ലാ ഭരണകൂടമോ ഇതുവരെ തയ്യാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.