തൃക്കരിപ്പൂർ: കേരളത്തിലെ ആദ്യ ഐ.എസ് റിക്രൂട്ട്മെൻറ് കേസിൽ തടവിന് ശിക്ഷിക്കപ്പെട്ട ബിഹാർ സ്വദേശിനി യാസ്മിൻ അഹ്മദ് (30) തൃക്കരിപ്പൂർ ഉടുംബുന്തലയിൽനിന്ന് കാണാതായ അബ്ദുൽ റാഷിദ് അബ്ദുല്ലയുടെ രണ്ടാം ഭാര്യയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ. ഐ.എസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യാൻ ഒത്താശ ചെയ്ത സംഭവത്തിലാണ് യാസ്മിൻ ശിക്ഷിക്കപ്പെട്ടത്.
കാബൂളിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെ 2016 ആഗസ്റ്റിലാണ് ഡൽഹി വിമാനത്താവളത്തിൽ യാസ്മിൻ പിടിയിലായത്. യുവതി ഉപയോഗിച്ചിരുന്നത് അബ്ദുൽ റാഷിദ് അബ്ദുല്ലയുടെ ഫോണും എ.ടി.എം കാർഡുമായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. റാഷിദിെൻറ തിരോധാനം അന്വേഷിക്കുന്നതിനിടെയാണ് ഇയാളുടെ ഫോണും മറ്റും പൊലീസ് നിരീക്ഷിച്ചുതുടങ്ങിയത്. ബിഹാറിൽനിന്നാണ് സിമ്മും എ.ടി.എം കാർഡും ഉപയോഗിക്കുന്നതെന്ന് തിരിച്ചറിഞ്ഞു. വിവാഹമോചിതയായ യാസ്മിെൻറ നീക്കങ്ങൾ നിരീക്ഷിച്ചുവരുന്നതിനിടയിലാണ് കാബൂളിലേക്ക് പോകാൻ മൂന്നുവയസ്സുള്ള കുഞ്ഞുമായി ഡൽഹി വിമാനത്താവളത്തിൽ എത്തിയത്. പൊലീസ് നേരത്തെ നൽകിയ ലുക്കൗട്ട് നോട്ടീസിെൻറ അടിസ്ഥാനത്തിൽ എമിഗ്രേഷനിൽ ഇവരെ തടഞ്ഞുവെച്ച് കേരള പൊലീസിനെ അറിയിക്കുകയായിരുന്നു.
ബംഗളൂരുവിലെ എൻജിനീയറിങ് കോളജിൽ റാഷിദിെൻറ സഹപാഠിയായിരുന്നു യാസ്മിൻ. റാഷിദ് മുൻകൈയെടുത്താണ് യാസ്മിന് പീസ് ഇൻറർനാഷനൽ സ്കൂളിൽ ജോലി ലഭിക്കുന്നത്. തിരോധാനത്തിന് മുമ്പും ശേഷവുമുള്ള നാലുമാസത്തെ ഫോൺവിളി രേഖകളാണ് പൊലീസ് ഇഴകീറി പരിശോധിച്ചത്. വിദേശത്തുനിന്ന് ഉൾെപ്പടെ റാഷിദിെൻറ അക്കൗണ്ടിലേക്ക് വന്ന തുക പിൻവലിച്ചത് ബിഹാറിൽനിന്നാണെന്ന് പൊലീസ് പറഞ്ഞു. ഡൽഹിയിൽനിന്ന് ഇതേ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പണം എടുത്തതായും കണ്ടെത്തി. പീസ് സ്കൂളിെൻറ കോട്ടക്കൽ, കോഴിക്കോട് കേന്ദ്രങ്ങളിൽ ഒരുവർഷത്തോളം യുവതി ജോലി ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഒരുമാസത്തെ സന്ദർശക വിസയിൽ കാബൂളിലേക്ക് പോകുന്നതിനിടെയാണ് പിടിയിലായത്. അതേസമയം, സഹപ്രവർത്തക എന്നതിലുപരി റാഷിദിന് യാസ്മിനുമായി ഒരു ബന്ധവുമില്ലെന്ന് ബന്ധുക്കൾ നേരത്തെ വെളിപ്പെടുത്തിയിരുന്നു. 2000 മുതൽ വിദേശത്തായിരുന്ന റാഷിദ് 2013ലാണ് എറണാകുളം വൈറ്റില സ്വദേശി സോണി സെബാസ്റ്റിൻ എന്ന ആയിഷയെ വിവാഹം ചെയ്തത്. ഇസ്ലാം സ്വീകരിച്ച സോണിയെ കുടുംബത്തിെൻറ സമ്മതത്തോടെയാണ് വിവാഹം ചെയ്തത്. യാസ്മിൻ പടന്നയിൽ താമസിച്ചിരുന്നെങ്കിലും ഒരിക്കൽപോലും ഉടുംബുന്തലയിലെ റാഷിദിെൻറ വീട്ടിൽ വന്നിട്ടില്ല. 2016 ജൂൺ, ജൂലൈ മാസങ്ങളിൽ തൃക്കരിപ്പൂര്‍, പടന്ന മേഖലയില്‍നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ 16 പേരുടെ തിരോധാനവുമായി ബന്ധപ്പെട്ട് ചന്തേര പൊലീസ് ഒമ്പത് കേസാണ് രജിസ്റ്റര്‍ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.