പേവിഷബാധയിൽ ആശങ്ക; ഒരാഴ്ചക്കിടെ മൂന്നു മരണങ്ങൾ കൂടി

തിരുവനന്തപുരം: ആശങ്കയുയർത്തി സംസ്ഥാനത്ത് വീണ്ടും പേ വിഷബാധ മരണം. ഒരാഴ്ചക്കിടെ മൂന്നുപേരാണ് പേ വിഷബാധയേറ്റ് മരിച്ചത്. തെരുവുനായ് വന്ധ്യംകരണവും പേ വിഷനിർമാർജനവും ഊർജിതമെന്ന് ആരോഗ്യ- മൃഗസംരക്ഷണ വകുപ്പുകൾ അവകാശപ്പെടുമ്പോഴാണ് നിരപരാധികൾ പേ പിടിച്ച് മരിക്കുന്നത്. ഈ ഏഴര മാസത്തിനിടെ 17 ജീവനാണ് തെരുവുനായ്ക്കൾ കടിച്ചെടുത്തത്. ഇത് ഏതാണ്ട് സംസ്ഥാനത്ത് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്ന ഡെങ്കിപ്പനി മരണങ്ങളുടെ കണക്കിനൊപ്പം വരും.

പേവിഷബാധയേറ്റ് 2021ൽ ആകെ മരണം 11 ആയിരുന്നു. 2020ൽ അഞ്ചും. വർഷത്തിൽ ശരാശരി രണ്ട് ഡസനോളം പേവിഷമരണങ്ങളാണ് റിപ്പോർട്ട് ചെയ്യാറ്. അതിപ്പോൾ ഏഴരമാസം പിന്നിടുമ്പോൾ ഒന്നര ഡസനോളമെത്തി. മരിച്ചവരിൽ വാക്സിൻ സ്വീകരിച്ചവരും ഉൾപ്പെടുന്നു. പാലക്കാട്, മങ്കരയിൽ ബിരുദ വിദ്യാർഥിനി വാക്സിനെടുത്തിട്ടും മരിച്ച സംഭവം അടുത്തിടെ ഏറെ വിവാദമായിരുന്നു. അതിനു ശേഷം ഊർജിതമായ നടപടികളിലേക്കാണ് ആരോഗ്യ- മൃഗസംരക്ഷണ വകുപ്പുകൾ കടന്നത്. വാക്സിനുകളുടെ ഗുണമേന്മ പരിശോധനയടക്കം പ്രഖ്യാപിച്ചു.

വാക്സിൻ നൽകുന്ന നഴ്സുമാർക്ക് കൂടുതൽ പരിശീലനവും വാക്സിൻ സൂക്ഷിക്കുന്ന കോൾഡ് സ്റ്റോറേജ് സംവിധാനം കാര്യക്ഷമമാക്കാൻ നടപടികളും പ്രഖ്യാപിച്ചു. എന്നിട്ടും കാര്യമായ നേട്ടം ഉണ്ടാകുന്നില്ലെന്നാണ് തുടർച്ചയായ പേവിഷമരണങ്ങൾ നൽകുന്ന സൂചന. നായ് കടിയേൽക്കുന്നവരുടെ എണ്ണത്തിലും രണ്ടുമുതൽ മൂന്നിരട്ടി വർധന സംഭവിക്കുകയാണ്. ഇക്കാര്യം ആരോഗ്യവകുപ്പുതന്നെ സമ്മതിക്കുന്നു. വാക്സിൻ ക്ഷാമത്തെ തുടർന്ന് തമിഴ്നാട്ടിൽനിന്ന് രണ്ടാഴ്ചമുമ്പ് കേരളത്തിൽ എത്തിച്ച 5000 വയ്ൽ വാക്സിൻ ഏഴുദിവസംകൊണ്ടാണ് തീർന്നത്. വൈക്കം, തലയോലപ്പറമ്പിൽ രണ്ടു സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 12 പേർക്കാണ് വ്യാഴാഴ്ച തെരുവുനായുടെ കടിയേറ്റത്.

ആലപ്പുഴ കായംകുളത്തും സമാനസംഭവം ഉണ്ടായി. ഒമ്പതു പേർക്കാണ് കടിയേറ്റത്. തൃശൂരിലും തിരുവനന്തപുരം ജില്ലയിലും അടുത്തിടെ നിരവധി പേർക്ക് നായ് കടിയേറ്റു. രണ്ടാഴ്ച മുമ്പ് പാലക്കാട് നിരവധി പേരെ കടിച്ച നായ്ക്ക് പിന്നീട് പേവിഷബാധ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചു.

തെരുവുനായ് വന്ധ്യംകരണവും വാക്സിനേഷനും പേരിനുപോലും നടക്കുന്നില്ലെന്നും നടക്കുന്നതു തന്നെ ശാസ്ത്രീയമായല്ലെന്നും വാദം ശക്തമാണ്. തെരുവുനായ് നിയന്ത്രണമാർഗങ്ങൾ അടിയന്തരമായി ആരംഭിച്ചില്ലെങ്കിൽ പേവിഷബാധയുടെ കാര്യത്തിൽ ഗുരുതര സ്ഥിതിയിലേക്ക് കേരളം എത്തുമെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.

Tags:    
News Summary - Worrying about rabies; Three more deaths in a week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.