1. അടിമാലിയിൽ മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലം 2. മരിച്ച രാജീവ്, ബെന്നി
അടിമാലി: ഇടുക്കി ചിത്തിരപ്പുറത്ത് അനധികൃത നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് രണ്ട് തൊഴിലാളികള്‍ മരിച്ച സംഭവത്തിൽ റിസോർട്ട് ഉടമകൾക്കെതിരെ കേസ്. ഉടമയായ ഷെറിൻ അനില ജോസഫും ഭർത്താവ് സെബി സി. ജോസഫും ആണ് കേസിലെ പ്രതികൾ. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
ബുധനാഴ്ച വൈകീട്ട് 3.30നാണ് അനധികൃത റിസോര്‍ട്ടിന്റെ സംരക്ഷണഭിത്തി നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് അപകടമുണ്ടായത്. സംഭവത്തിൽ തൊഴിലാളികളായ ബൈസണ്‍വാലി ഈന്തുംതോട്ടത്തില്‍ ബെന്നി (49), ആനച്ചാല്‍ കുഴിക്കാട്ടുമറ്റം രാജീവ് (കണ്ണന് -40) എന്നിവരാണ് മരിച്ചത്.
ആനച്ചാൽ കെ.എസ്.ഇ.ബി ഓഫിസിന് സമീപമുള്ള സ്വകാര്യ റിസോര്‍ട്ടിന്റെ സംരക്ഷണഭിത്തി നിര്‍മിക്കാൻ മണ്ണ് മാറ്റുന്നതിനിടയില്‍ തൊഴിലാളികളുടെ മുകളിലേക്ക് മണ്ണ് വീഴുകയായിരുന്നു. 20 മീറ്ററിലേറെ ഉയരത്തിൽ നിന്നാണ് മണ്ണ് വീണത്.
കനത്ത മഴയാണ് മണ്ണ് ഇടിയാൻ കാരണമായത്. അടിമാലി, മൂന്നാര്‍ അഗ്നിരക്ഷാസേന യൂനിറ്റുകളും പൊലീസും എത്തി ജെ.സി.ബി ഉപയോഗിച്ച് ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് തൊഴിലാളികളെ പുറത്തെടുത്തത്. പുറത്തെടുക്കും മുമ്പ് തന്നെ ഇരുവരും മരിച്ചിരുന്നു.
അപകടമുണ്ടായ സ്ഥലം ഓറഞ്ച് സോണിൽപ്പെട്ട പള്ളിവാസൽ വില്ലേജിൽ ഉൾപ്പെടുന്നതാണ്. ചിത്തിരപുരം തട്ടാത്തിമുക്കിന് സമീപം പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടിന്റെ പിന്‍ഭാഗത്തുള്ള മണ്‍ഭാഗം മാറ്റി നടത്തിയ നിര്‍മാണമാണ് ദുരന്തത്തിന് കാരണമായത്.
റിസോര്‍ട്ട് നിര്‍മിച്ചപ്പോള്‍ അനധികൃതമെന്ന് കണ്ട് റവന്യൂ വകുപ്പ് സ്റ്റോപ് മെമ്മോ നല്‍കിയിരുന്നു. പള്ളിവാസല്‍ പഞ്ചായത്തും നിരോധന ഉത്തരവ് നല്‍കിയിരുന്നു. എന്നാല്‍, സ്റ്റോപ് മെമ്മോകള്‍ അവഗണിച്ചാണ് റിസോര്‍ട്ട് നിര്‍മാണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.