തിരുവനന്തപുരം: കൂത്താട്ടുകുളത്ത് കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും ഏറ്റുമുട്ടി. അടിയന്തര പ്രമേയത്തിൽ ചർച്ച അനുവദിക്കാത്തതിൽ പലകുറി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം ഒടുവിൽ ഇറങ്ങിപ്പോയി. അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുക്കാൻ ഹൈകോടതിയിൽ ചെന്ന് പൊലീസ് സംരക്ഷണ ഉത്തരവ് നേടിയ കലാ രാജുവിനെ തട്ടിക്കൊണ്ടുപോകാൻ സി.പി.എം നേതാക്കൾക്ക് ഒത്താശ ചെയ്യുകയായിരുന്നു പൊലീസെന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ച അനൂപ് ജേക്കബ് കുറ്റപ്പെടുത്തി.
കൂത്താട്ടുകുളത്ത് പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നും സി.പി.എമ്മിൽ നിന്ന് കാലുമാറിയ കൗൺസിലറെ പ്രോത്സാഹിപ്പിക്കുന്ന കോൺഗ്രസ് നയമാണ് പ്രശ്നമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു. മറ്റു പാർട്ടിയിൽനിന്ന് വരുന്നവരോട് തെരഞ്ഞെടുക്കപ്പെട്ട സ്ഥാനം രാജിവെക്കാൻ ആവശ്യപ്പെടണമായിരുന്നെന്നും അദ്ദേഹം തുടർന്നു. മന്ത്രി പി. രാജീവിന്റെ മണ്ഡലത്തിലെ കരുമാലൂര്‍ പഞ്ചായത്തില്‍ ഞങ്ങളുടെ ഒരു അംഗം രാവിലെ കാലുമാറിയപ്പോൾ ഉച്ചകഴിഞ്ഞ് വൈസ് പ്രസിഡന്റാക്കിയ സി.പി.എമ്മിന്റെ പി.ബി അംഗമായ പിണറായി വിജയന് ഇതു പറയാൻ നാണമില്ലേയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തിരിച്ചടിച്ചു. ഒരു സ്ത്രീയെ വസ്ത്രാക്ഷേപം നടത്തിയതിന് പൊലീസ് കേസെടുത്ത സ്വന്തം പാർട്ടി നേതാക്കളെ ന്യായീകരിക്കുന്ന മുഖ്യമന്ത്രി അഭിനവ ദുശാസ്സനനായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇതോടെ, ഭരണപക്ഷ അംഗങ്ങൾ ബഹളം വെച്ച് പ്രതിപക്ഷ നേതാവിന്റെ പ്രസംഗം മുടക്കി. വാക്കൗട്ട് പ്രസംഗം വേഗം പൂർത്തിയാക്കാൻ സ്പീക്കർ പ്രതിപക്ഷ നേതാവിനോട് നിർദേശിച്ചപ്പോൾ ആദ്യം ഭരണപക്ഷത്തെ അടക്കിയിരുത്തൂവെന്നായി പ്രതിപക്ഷം. താൻ പറഞ്ഞിട്ടും കേൾക്കുന്നില്ലെങ്കിൽ എന്തു ചെയ്യാൻ പറ്റുമെന്ന് സ്പീക്കറുടെ മറുപടി.
സഭ നിയന്ത്രിക്കാൻ പറ്റുന്നില്ലെങ്കിൽ എന്നോട് പ്രസംഗം ചുരുക്കാൻ പറയേണ്ടെന്നായി പ്രതിപക്ഷ നേതാവ്. അത്തരം ആരോപണം വേണ്ടെന്നും മുതിർന്ന നേതാവ് പക്വതയില്ലാതെ പറയരുതെന്നും സ്പീക്കർ വ്യക്തമാക്കി. തന്നെ ആരും പക്വത പഠിപ്പിക്കേണ്ടെന്നും പറയാനുള്ളതെല്ലാം സഭയിൽ പറഞ്ഞിട്ടേ പോകൂവെന്നും പ്രതിപക്ഷ നേതാവിന്റെ മറുപടി. പ്രതിപക്ഷത്തിന് വികാര പ്രകടനമാകാമെന്നും എന്നാൽ, ഭരണപക്ഷ ബഹളത്തിന് സ്പീക്കർ കൂട്ടുനിൽക്കുന്നുവെന്ന് പറയാൻ പാടില്ലെന്നു പറഞ്ഞ് മുഖ്യമന്ത്രി ഇടപെട്ടു. പിന്നാലെ, മന്ത്രി വീണ ജോർജ് ഉൾപ്പെടെ പ്രതിപക്ഷ നേതാവിനെതിരെ ബഹളം വെച്ചു.
സ്ത്രീ പീഡനക്കേസ് പ്രതിയെ മാലയിട്ട് സ്വീകരിച്ചയാളാണ് മന്ത്രി വീണയെന്ന് പ്രതിപക്ഷ നേതാവിന്റെ കടന്നാക്രമണത്തിന് പിന്നാലെ, ബഹളം മൂർച്ഛിച്ചു. പ്രതിപക്ഷം സ്പീക്കറുടെ ചേംബറിന് മുന്നിലെത്തി. കാലുമാറിയവരെ അയോഗ്യരാക്കാൻ നിയമത്തിൽ വകുപ്പുണ്ടെന്നും എന്നാൽ, കൂത്താട്ടുകുളത്ത് സി.പി.എം ചെയ്തതുപോലെ ചുമന്നുകൊണ്ടുപോകാൻ വകുപ്പില്ലെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. പിന്നീട്, വാക്കൗട്ട് പ്രഖ്യാപിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.