ചെന്നൈ: പണത്തിനുവേണ്ടി ഭാര്യയുടെ സുഹൃത്തായ നഴ്സിനെ കൊലപ്പെടുത്തിയ മലയാളി യുവാവ് അറസ്റ്റിൽ. കടലൂർ വിരുതാചലം സ്വദേശി ചൂളൈമേട് വീരപാണ്ഡി സ്ട്രീറ്റിൽ താമസിക്കുന്ന വേൽവിഴിയെ (19) കൊലപ്പെടുത്തിയ കേസിൽ പാലക്കാട് സ്വദേശി അജിത്കുമാർ (23) ആണ് ചെന്നൈ പൊലീസിെൻറ പിടിയിലായത്.
വേൽവിഴിയുടെ സുഹൃത്ത് മഹാലക്ഷ്മിയുടെ ഭർത്താവാണ് അജിത്. പണവും സ്വർണവും കടംകൊടുക്കാൻ വിസമ്മതിച്ച യുവതിയെ കഴുത്തുമുറുക്കി കൊന്ന് മൊബൈൽ ഫോണും സ്വർണാഭരണവും അപഹരിച്ച് മൃതദേഹം ചെന്നൈ കോയേമ്പടിലെ മാലിന്യക്കൂമ്പാരത്തിൽ തള്ളിയെന്നാണ് കേസ്. 14 ദിവസം മുമ്പാണ് സംഭവം. സ്വകാര്യ ഏജൻസിയിൽ ഡ്രൈവറായിരുന്ന അജിതിന് ഒരുമാസം മുമ്പ് ജോലി നഷ്ടപ്പെടുകയും അടുത്തിടെ മറ്റൊരു സ്ഥാപനത്തിൽ ഒാഫിസ് സഹായിയായി ജോലിക്ക് കയറുകയും ചെയ്തു. പണത്തിന് ആവശ്യം വന്നപ്പോൾ ഭാര്യയുടെ സുഹൃത്തായ വേൽവിഴിയെ സമീപിക്കുകയായിരുന്നു.
അജിതിെൻറ ആവശ്യം യുവതി നിഷേധിച്ചതോടെ ചുരിദാറിെൻറ ഷാൾ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. യുവതിയിൽനിന്ന് കവർന്ന സ്മാർട്ട് ഫോണും 12 ഗ്രാം സ്വർണവും സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വെച്ച് 34,000 രൂപ അജിത് എടുത്തതായും പൊലീസ് പറഞ്ഞു. യുവതിയെ കാണാതായ ഇൗ മാസം ആറിന് രാവിലെ പത്തു മണിക്കു അവരുടെ മുറിയിലേക്ക് അജിത് തനിച്ച് കയറിപ്പോകുന്ന സി.സി.ടി.വി ദൃശ്യങ്ങളാണ് തെളിവായത്. വേൽവിഴിയുടെ പിതാവ് രാജേന്ദ്രൻ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.
യുവതിയെ തെരയുന്നതിന് പൊലീസിനെ സഹായിക്കാൻ അജിത് സജീവമായി രംഗത്തുണ്ടായിരുന്നു. വീട്ടിലെത്തിയാൽ തുടർച്ചയായി ഫോൺചെയ്യുന്നതു കണ്ടിട്ടുണ്ടെന്നും ഏതോ പുരുഷ സുഹൃത്തിനൊപ്പം ഒളിച്ചോടിയതാണെന്നും ഒരു ഘട്ടത്തിൽ അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാനും ഇയാൾ ശ്രമിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.