പാലക്കാട്: റീൽസ് ചിത്രീകരണത്തിന് പോകുന്നതിനിടെ വാഹനാപകടത്തിൽ മരിച്ച അമ്മയും മകനും നാടിന്‍റെ നോവായി. ഇരുവരുടെയും സംസ്കാരം ഇന്ന് നടക്കും. മാട്ടുമന്ത നടുവക്കാട്ട് പാളയത്ത് ശരത്തിന്റെ ഭാര്യ അഞ്ജു (26), മകൻ ശ്രിയാൻ ശരത്ത് (രണ്ട്) എന്നിവരാണ് കല്ലേക്കാട് കിഴക്കഞ്ചേരിക്കാവിനു സമീപം നിയന്ത്രണംവിട്ട സ്കൂട്ടർ മറിഞ്ഞ് പൈപ്പിൽ വീണ് മരിച്ചത്. ഇൻസ്റ്റഗ്രാം റീൽസ് ചിത്രീകരണത്തിനായി സുഹൃത്ത് സൂര്യലക്ഷ്മിയോടൊപ്പം ഒറ്റപ്പാലം വരിക്കാശ്ശേരി മനയിലേക്കു പോവുകയായിരുന്നു അഞ്ജുവും മകനും. അഞ്ജുവാണ് വാഹനം ഓടിച്ചിരുന്നത്. എന്നാൽ, സന്തോഷകരമായ യാത്ര അവസാനിച്ചത് ദുരന്തത്തിലാണ്. പരിക്കേറ്റ സുഹൃത്ത് കല്ലേക്കാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
അഞ്ജുവിന്‍റെ ഭർത്താവ് മാട്ടുമന്ത നടുവക്കാട്ട് പാളയത്ത് ശരത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ കലക്ഷൻ ഏജന്‍റാണ്. ശരത്തിന്‍റെ അമ്മ സരസു മലേഷ്യയിലാണ് ജോലി ചെയ്യുന്നത്. ഇവർ ശനിയാഴ്ച എത്തിയശേഷം സംസ്കാരം നടത്തുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
അഞ്ജുവിന്‍റെയും മകന്‍റെയും വിയോഗം അറിഞ്ഞ് നാട്ടുകാരും പരിചയക്കാരും കൂട്ടുകാരുമായ നിരവധി പേരാണ് ജില്ല ആശുപത്രിയിലെത്തിയത്. മരിച്ച ശ്രീജൻ ശരത്തിന്‍റെയും അഞ്ജുവിന്‍റെയും ഏകമകനാണ്. ഇന്നലെ വൈകീട്ടോടെ ഇരുവരുടെയും പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി. മൃതദേഹങ്ങൾ ഇന്ന് വീട്ടിലേക്ക് കൊണ്ടുപോകും. മണികണ്ഠനാണ് അഞ്ജുവിന്‍റെ പിതാവ്. മാതാവ്: സുമതി. മഞ്ജു, റിഞ്ചു എന്നിവർ സഹോദരങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.