അവർ എനിക്ക് ടി.പിയെ തിരിച്ച് തരുമോ?, രാഷ്ട്രീയത്തിന്റെ പേരിൽ ആരും ഇനി കൊല്ലപ്പെടരുത് -കെ.കെ. രമ

കോഴിക്കോട്: കൊല്ലപ്പെട്ട് രണ്ടു ദിവസത്തിനുള്ളിൽ ചന്ദ്രശേഖരനെ 'കുലംകുത്തി 'എന്ന് വിളിക്കണമെങ്കില്‍ പിണറായിക്ക് ടി.പിയോട് അത്രക്ക് വിദ്വേഷം ഉണ്ടായിരിക്കണമെന്ന് കെ.കെ. രമ എം.എൽ.എ. ഇത് മാത്രം മതിയായിരുന്നു ടി.പിയുടെ കൊലക്ക് പിന്നിൽ പിണറായിയുടെ കൈയുണ്ടെന്ന് വിശ്വസിക്കാനെന്ന് രമ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഇനി എനിക്കും എന്തും സംഭവിക്കാം. പക്ഷെ ഒട്ടും പേടിയില്ല ഇനി ഇത്തരത്തിലുള്ള വിഡ്ഢിത്തം ആവർത്തിക്കാൻ സി.പി.എം ധൈര്യപ്പെടുമെന്ന് കരുതുന്നില്ല. 2012ൽ ടി.പി കൊല്ലപെടുമ്പോൾ മകന് പ്രായം 17 ആയിരുന്നു. അന്ന് അവനെ കുറിച്ച് എനിക്കുണ്ടായ ആശങ്ക ഇന്ന് ഇല്ലെന്നും രമ കൂട്ടിച്ചേർത്തു.

സി.പി.എമ്മിൽ ഗ്രൂപ്പിസം കൊടുമ്പിരി കൊണ്ട കാലത്ത് ടി.പി വി.എസിനൊപ്പം ഉറച്ചു നിന്നതാണ് ഇങ്ങനെയൊരു അന്ത്യത്തിനിടയാക്കിയത്. പല നേതാക്കളും വി.എസിന് ഒപ്പം ഉണ്ടായിരുന്നങ്കിലും ദാരുണമായ അന്ത്യം സംഭവിച്ചത് ടി.പിക്ക് മാത്രമാണ്. കാരണം ചന്ദ്രശേഖരൻ മാത്രമാണ് മറ്റൊരു രാഷ്ട്രീയ പാർട്ടിയുണ്ടാക്കി സി.പി.എമ്മിനെ വെല്ലുവിളിച്ചത്.

ആർ.എം.പി.ഐ രൂപികരിച്ച ശേഷം വി.എസ് സി.പി.എം വിടുമെന്ന് ഞാൻ അടക്കം വിശ്വസിച്ചിരുന്നു. എന്നാൽ ടി.പിയോട് ചോദിച്ചപ്പോൾ വി.എസ് സി.പി.എം വിടുമെന്ന് കരുതിയിരുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഒരു പക്ഷെ വി.എസ് സി.പി.എം വിട്ടിരുന്നെങ്കിൽ സംസ്ഥാനത്തിന്റെ രാഷ്ട്രീയ ചരിത്രം മറ്റൊന്നാകുമായിരുന്നെന്നും രമ വ്യക്തമാക്കി.

അന്വേഷണത്തിൽ പല തലങ്ങളിൽ നിന്നും വീഴ്ചയുണ്ടായിട്ടുണ്ട്. എന്നാൽ ചിലരെങ്കിലും ശിക്ഷിക്കപ്പെട്ടത് യു.ഡി.എഫ് അധികാരത്തിലിരുന്നതുകൊണ്ടാണെന്ന് ഞാൻ വിശ്വസിക്കുന്നു. കൊലപാതകത്തിന് പിന്നിൽ സി.പി.എമ്മാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതിൽ സി.പി.എം മാപ്പു പറഞ്ഞതു​കൊണ്ട് കാര്യമില്ല. അവർ എനിക്ക് ടി.പിയെ മടക്കിത്തരുമോ​?

സഖാവ് കെ.വി.സുധീഷ് മാതാപിതാക്കളുടെ മുമ്പിൽവെച്ച് കൊല്ലപ്പെട്ടപ്പോഴുണ്ടായ വേദന ഇന്നും മനസ്സിലുണ്ട്. എല്ലാ രാഷ്ട്രീയ കൊലപാതകങ്ങൾക്കും ഞാൻ എതിരാണ്. സി.പി.എമ്മായാലും കോൺഗ്രസായാലും ബി.ജെ.പിയായാലും അത് തെറ്റാണ്. രാഷ്ട്രീയത്തിന്റെ പേരിൽ ആരും ഇനി കൊല്ലപ്പെടരുത് -രമ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു 

Tags:    
News Summary - Will they give me Chandrasekharan back?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.