മുഖ്യമന്ത്രി നുണറായി ; സംവാദത്തിന് വെല്ലുവിളിച്ച് വി.ഡി. സതീശൻ

കൊച്ചി : ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് നിർമിച്ച വീടുകളുടെ അത്രയും പോലും 10 കൊല്ലം കൊണ്ട് എൽ.ഡി.എഫ് സർക്കാർ പണിതിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വിവിധ വകുപ്പുകൾ വഴി നടപ്പിലാക്കിയ ഈ പദ്ധതികളുടെ കൃത്യമായ കണക്കുകൾ എൽ.ഡി.എഫ് മന്ത്രിമാർ തന്നെ നിയമസഭയിൽ നൽകിയ മറുപടികളിലുണ്ട്. വികസന കാര്യങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി ഏത് വേദിയും തുറന്ന സംവാദത്തിന് താൻ തയ്യാറാണെന്നും അദ്ദേഹം വെല്ലുവിളിച്ചു.

വസ്തുതകൾ പഠിച്ചു സംസാരിക്കുന്ന തന്നെ 'നുണേശൻ' എന്ന് വിളിച്ച് അധിക്ഷേപിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. എന്നെ എങ്ങനെയെങ്കിലും തകർക്കുക എന്നതാണ് അവരുടെ ലക്ഷ്യം. മുഖ്യമന്ത്രി 'നുണറായി' ആണോ അതോ ഞാൻ 'നുണേശൻ' ആണോ എന്ന് വരുംദിവസങ്ങളിൽ ജനങ്ങൾക്ക് ബോധ്യമാകും. - അത് കൂടുതൽ യോജിക്കുന്നതെന്ന് ആർക്കാണെന്ന് നമുക്ക് നോക്കാമെന്നും സതീശൻ കൂട്ടിച്ചേർത്തു.

വയനാട് ദുരന്തബാധിതർക്കായി കോൺഗ്രസ് വാങ്ങിയ സ്ഥലത്ത് കുടിൽകെട്ടി സമരം നടത്തിയാൽ ഡി.വൈ.എഫ്.ഐക്കാരെ അടിച്ചോടിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കോൺഗ്രസ് സ്വന്തം നിലയിൽ വാങ്ങിയ ഭൂമിയിൽ വീട് നിർമാണം ആരംഭിച്ചിട്ടുണ്ടെന്നും, അവിടെ അതിക്രമിച്ചു കയറാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി സർക്കാർ പ്രഖ്യാപിച്ച വീടുകളിൽ ഇതുവരെ ആൾതാമസം തുടങ്ങാത്തതിനെ സതീശൻ രൂക്ഷമായി വിമർശിച്ചു. സ്ഥലം വാങ്ങാൻ പോലും സർക്കാർ ഒരു വർഷത്തോളം കാലതാമസം വരുത്തി. പുനരധിവാസത്തിനായി കോൺഗ്രസിന് പ്രത്യേക സ്ഥലം വിട്ടുനൽകില്ലെന്ന വാശിയായിരുന്നു സർക്കാരിനെന്നും, അതുകൊണ്ടാണ് പാർട്ടി നേരിട്ട് ഭൂമി വാങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - "Will Drive Away DYFI Workers": V.D. Satheesan Challenges CM Vijayan to Debate Over Wayanad Housing and Claims of 'Lies'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.