കൊച്ചി: രാജ്യം കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുേമ്പാൾ ഓരോ ദിനവും ഇന്ധനവില കൂട്ടി എണ്ണക്കമ്പനികളുടെ കൊള്ള. അസംസ്കൃത എണ്ണ വില കൂടിയതാണ് കാരണം പറയുന്നതെങ്കിലും അത് കുറഞ്ഞിരുന്ന നാളുകളിൽ ഇന്ധന വില കുറച്ചിട്ടില്ലെന്നതിന് മറുപടിയുമില്ല.
വെള്ളിയാഴ്ച തിരുവനന്തപുരത്ത് പെട്രോളിന് 28 പൈസ കൂടി 93.25 ആയി. ഡീസലിന് 33 പൈസ കൂടി 87.90 രൂപയിലും എത്തി. നാലുദിവസംകൊണ്ട് പെട്രോളിന് 97 പൈസയും ഡീസലിന് 70 പൈസയും കൂടി. മാർച്ച് 24 മുതൽ നാലുതവണയായി പെട്രോളിനും ഡീസലിനുമായി 76 പൈസ കുറച്ചിരുന്നു. തുടർന്ന് തെരഞ്ഞെടുപ്പ് കാലത്ത് 13 ദിവസം വില മാറ്റമില്ലാതെ തുടർന്നു. വോട്ടെടുപ്പും ഫലപ്രഖ്യാപനവും കഴിഞ്ഞതോടെ വീണ്ടും ജനത്തെ പിഴിയൽ തുടങ്ങി. അതേസമയം, മാർച്ച് 11ന് അസംസ്കൃത എണ്ണ ബാരലിന് 69.63 ഡോളറായിരുന്നത് ഏപ്രിൽ 26ന് 64.89ൽ എത്തിയിരുന്നു.
നിലവിൽ 68.48 ഡോളറാണ് ക്രൂഡോയിൽ വില. അസംസ്കൃത എണ്ണ വിലയിൽ വലിയതോതിൽ കുറവുവന്നിട്ടും ആനുപാതികമായ വിലക്കുറവ് പെട്രോളിനും ഡീസലിനും എണ്ണക്കമ്പനികൾ അനുവദിച്ചിരുന്നില്ല. ഈവർഷം ഇതുവരെ 30 തവണയാണ് കമ്പനികൾ ഇന്ധനവില ഉയർത്തിയത്. അതിലൂടെ പെട്രോളിന് 8.43 രൂപയും ഡീസലിന് 8.30 രൂപയും വർധിപ്പിച്ചു. എന്നാൽ, അസംസ്കൃത എണ്ണ വിലയിൽ മാറ്റങ്ങൾ വന്നിട്ടും മൂന്നുതവണ മാത്രമാണ് വില കുറക്കാൻ കമ്പനികൾ തയാറായിട്ടുള്ളൂ.
കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ രാജ്യത്ത് പ്രധാന നഗരങ്ങളിൽ ലോക്ഡൗണും യാത്രാ നിയന്ത്രണങ്ങളും നിൽക്കുന്നതിനാൽ ഇന്ധന ആവശ്യകത കുറഞ്ഞത് വിലയിൽ കുറവുകാണിക്കേണ്ട ഘടകമാണ്. അതും വിലയിൽ പ്രതിഫലിക്കുന്നില്ല. ശുദ്ധീകരിച്ച ഇന്ധനത്തിെൻറ ആഗോള വിലയും ഡോളർ നിരക്കും കണക്കാക്കി 15 ദിവസത്തെ ശരാശരി വില അളവുകോലാക്കിയാണ് എണ്ണക്കമ്പനികൾ ഇന്ധന വില നിർണയിക്കുന്നത്. ഫലത്തിൽ കയറ്റിറക്കങ്ങളുടെ ഗുണം എണ്ണക്കമ്പനികൾക്ക് മാത്രമേ ലഭിക്കുന്നുള്ളൂ.
ഡോളർ വിലയും കുറവ്
കൊച്ചി: അസംസ്കൃത എണ്ണവിലയിലെ കുറവ് രാജ്യത്തെ ഉപഭോക്താക്കളിലേക്ക് എത്തുന്നതിന് പ്രതിബന്ധമാകുന്നത് ഡോളർ, രൂപ വിനിമയ നിരക്കെന്ന വാദവും പൊളിയുന്നു. ഡോളർവില ഉയരുേമ്പാൾ അസംസ്കൃത എണ്ണ വിലയിൽ വരുന്ന കുറവിെൻറ ആനുകൂല്യം ഇറക്കുമതിയിൽ ലഭിക്കുന്നില്ലെന്നതാണ് എണ്ണക്കമ്പനികളുടെ വാദം. ഇറക്കുമതിക്ക് കൂടുതൽ രൂപ ചെലവഴിക്കേണ്ടിവരും. വെള്ളിയാഴ്ച ഡോളറിന് 73.50 രൂപയാണ് നിരക്ക്. മേയ് മൂന്നിന് 74.22 രൂപയായിരുന്നതിൽനിന്നാണ് കുറവ്. ഇതിെൻറ ഗുണഫലമായി ഇന്ധനവില കുറയേണ്ടപ്പോൾ കൂടുന്നതാണ് വിരോധാഭാസം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.