അതിരപ്പിള്ളി: പ്ലാന്റേഷൻ മേഖലയിൽ കണ്ടെത്തിയ, മസ്തകത്തിൽ മുറിവേറ്റ കാട്ടാനക്ക് ചികിത്സ നൽകി. വെറ്ററിനറി ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിൽ മയക്കുവെടി വെച്ച ശേഷമാണ് ശുശ്രൂഷ നടത്തിയത്. മുറിവ് ഗുരുതരമായ വിധം ആഴത്തിലുള്ളതായിരുന്നു. എന്നാൽ, വെടിയേറ്റതിന്റെ സൂചനകളൊന്നുമില്ല.
കാട്ടാനയെ മയക്കുവെടി വെച്ച് ചികിത്സിക്കാനുള്ള ശ്രമം വാഴച്ചാൽ, മലയാറ്റൂർ ഡി.എഫ്.ഒമാരുടെ നേതൃത്വത്തിൽ വനംവകുപ്പ് രണ്ടു ദിവസമായി നടത്തിവരുകയായിരുന്നു. ഇതിനായി ബുധനാഴ്ചയാണ് 40ഓളം പേരടങ്ങുന്ന ദൗത്യസംഘം പ്ലാന്റേഷൻ മേഖലയിലെത്തിയത്. എന്നാൽ, ആന വനത്തിൽ അപ്രത്യക്ഷമായത് തിരിച്ചടിയായി. വ്യാഴാഴ്ച ഡ്രോൺ അടക്കമുള്ള സംവിധാനങ്ങളുമായി കാട്ടാനയെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. വെള്ളിയാഴ്ചയാണ് കണ്ടെത്തിയതും ലക്ഷ്യം വിജയത്തിലെത്തിയതും.
വെള്ളിയാഴ്ച രാവിലെ ഏഴോടെ കാട്ടാനയെ പുഴയോരത്ത് കണ്ടെത്തി. കൂടെ രണ്ട് ആനകളുമുണ്ടായിരുന്നു. അതിനാൽ ശബ്ദമുണ്ടാക്കി ഒറ്റപ്പെടുത്താനായി ശ്രമം.
തുടർന്ന് ആന നേരത്തേ സ്ഥിരമായി കാണാറുള്ള തുരുത്തിൽ പോയി ഒറ്റക്ക് നിലയുറപ്പിച്ചു. മസ്തകത്തിലെ മുറിവിലേക്ക് തുമ്പിക്കൈ കൊണ്ട് മണ്ണ് കോരിയിട്ടായിരുന്നു നിൽപ്.
സൗകര്യപ്രദമായ സ്ഥലത്ത് ആനയെ കിട്ടിയതോടെ മയക്കുവെടി വെക്കാൻ തീരുമാനിച്ചു. ആദ്യത്തെ രണ്ട് ശ്രമങ്ങൾ ലക്ഷ്യത്തിൽ കൊണ്ടില്ല. തുടർന്ന് മയക്കുവെടിയേറ്റതോടെ ആന പരിഭ്രാന്തനായി അവിടെനിന്ന് പാഞ്ഞു. പിന്നാലെ സംഘവും.
പ്ലാന്റേഷനിലെ അമ്പലത്തിനരികെയാണ് ആന നിന്നത്. അവിടെ നിന്ന നിലയിൽ മയക്കത്തിലായി. ഡോക്ടർമാരുടെ സംഘം ആനയെ സമീപിച്ചു. കോണി കൊണ്ടുവന്ന് ആനയുടെ ശിരസ്സിനൊപ്പം കയറിനിന്നു. മുറിവുകളിൽ മരുന്ന് വെച്ചു. ചികിത്സ പൂർത്തിയായതോടെ ആനയെ ഉണർത്താനുള്ള മരുന്ന് കുത്തിവെച്ചു. ഉച്ചക്കു മുമ്പ് ദൗത്യസംഘം പിൻവാങ്ങി. കാട്ടാനയെ നിരീക്ഷിക്കാൻ രണ്ട് വാച്ചർമാരെ നിയോഗിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.