കോതമംഗലം കോട്ടപ്പടിയിൽ കിണറ്റിൽ വീണ കാട്ടാന കരക്ക് കയറുന്നതിന്റെ ദൃശ്യങ്ങൾ
കോതമംഗലം: കോട്ടപ്പടി വടക്കുംഭാഗത്ത് ജനവാസ മേഖലയിലെ കിണറ്റില്‍ വീണ കാട്ടുകൊമ്പനെ 12 മണിക്കൂറിന് ശേഷം രക്ഷപ്പെടുത്തി. കോട്ടപ്പാറ പ്ലാന്റേഷനില്‍നിന്ന് ഒരു കിലോമീറ്ററോളം അകലെ വിച്ചാട്ട് വര്‍ഗീസിന്റെ പുരയിടത്തിലെ കിണറ്റില്‍ ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് 15 വയസ്സ് വരുന്ന കാട്ടുകൊമ്പന് വീണത്. രാവിലെ ഏഴ് മണിയോടെയാണ് ആന കിണറ്റിലുള്ള വിവരം വീട്ടുകാര്‍ അറിഞ്ഞത്. തുടര്‍ന്ന് വനപാലകരെ വിവരം അറിയിച്ചു.
നാല് ആനകളാണ് ജനവാസ മേഖലയിൽ ശനിയാഴ്ച രാത്രി ഇറങ്ങിയത്. ചക്ക തേടി കൊമ്പനാന ഒറ്റ തിരിഞ്ഞ് കിണറിന്റെ ഭാഗത്ത് എത്തുകയായിരുന്നു. പത്തടി താഴ്ചയുള്ള കിണറിൽ നാല് അടിയോളം വെള്ളമുണ്ടായിരുന്നു. രാവിലെതന്നെ ആനയെ കരക്ക് കയറ്റാൻ വനംവകുപ്പ് ശ്രമം തുടങ്ങി. ഇതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. പ്രതിഷേധം കണക്കിലെടുത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു.
കാട്ടാന ശല്യം അവസാനിപ്പിക്കാന്‍ നടപടി വേണമെന്നും കിണര്‍ പുനര്‍നിർമിക്കാൻ വീട്ടുടമക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യം ഉയർന്നു. ഡി.എഫ്.ഒ പി. കാര്‍ത്തിക് സ്ഥലത്തെത്തി ചര്‍ച്ച നടത്തി ആവശ്യങ്ങൾ അംഗീകരിച്ച് പത്ത് മണിയോടെ മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് കിണറിന്റെ വശം ഇടിച്ച് വഴി ഒരുക്കാൻ ആരംഭിച്ചു. എന്നാല്‍ ഒരു മണിക്കൂറോളം കഴിഞ്ഞ് സ്ഥലത്തെത്തിയ ആന്റണി ജോണ്‍ എം.എല്‍.എ വനം വകുപ്പ് ഉദ്യോഗസ്ഥർ വാക്ക് പാലിക്കുന്നില്ലെന്നും ഫെൻസിങ് അടക്കം പ്രവൃത്തികൾ തടസ്സപ്പെടുത്തുന്നതിനാൽ രക്ഷാപ്രവർത്തനം നിർത്തിവെക്കണമെന്നും പറഞ്ഞു.
ഫെന്‍സിങ് നിർമാണത്തിലെ മെല്ലെപ്പോക്ക് അവസാനിപ്പിക്കുന്നതിലും സ്ഥലം ഉടമക്ക് നഷ്ടപരിഹാരം നല്‍കുന്നതിലും ജില്ലാ കലക്ടര്‍ നേരിട്ടെത്തി ഉറപ്പു നല്‍കണമെന്നായിരുന്നു ആവശ്യം. ഇതോടെ രക്ഷാദൗത്യം നിർത്തിവച്ചു. ഒരു മണിക്കൂർ കഴിഞ്ഞ് ജില്ല കലക്ടര്‍ ജി. പ്രിയങ്ക സ്ഥലത്തെത്തി എം.എല്‍.എയുമായി ചര്‍ച്ച നടത്തി. കലക്ടറുടെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ പിന്നീട് ദൗത്യം പുനരാരംഭിച്ചു. സ്വയം കയറാന്‍ കഴിയുന്ന വിധത്തില്‍ കിണറിടിച്ച് ആനയെ കരക്കെത്തിച്ചു.
കരക്ക് കയറിയ ആന റബര്‍തോട്ടത്തിലൂടെ പ്ലാന്റേഷന് ലക്ഷ്യമാക്കി ഓടി. വനംപാലകര്‍ പടക്കം പൊട്ടിച്ച് ഭയപ്പെടുത്തുകയും ചെയ്തു. രാവിലെ 11 മണിയോടെ ആരംഭിച്ച ദൗത്യം ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെയാണ് അവസാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.