കേരളം: മരണത്തിന്റെ ആനത്താര

മലപ്പുറം: പാമ്പുകടി കഴിഞ്ഞാൽ, മനുഷ്യ-വന്യജീവി സംഘർഷത്തിൽ കേരളത്തിൽ ഏറ്റവുമധികം മരണം സംഭവിക്കുന്നത്​ കാട്ടാനയുടെ ആ​ക്രമണത്തിൽ. കഴിഞ്ഞ പത്ത് വർഷത്തിനിടെ സംസ്ഥാനത്ത്​ കാട്ടാനക്കലിയിൽ പൊലിഞ്ഞത്​ 192 ജീവനുകളാണ്. പരിക്കേറ്റത്​ 278 പേർക്ക്​. 2016 മുതൽ 2025 ജനുവരി 31 വരെയുള്ള കണക്കാണിത്​.

2021ലാണ്​ കാട്ടാനയുടെ ആ​ക്രമണം അതിരൂക്ഷമായത്​. ആ വർഷം 29 പേരുടെ ജീവനെടുത്തു. പാലക്കാട്​, ഇടുക്കി, വയനാട്​ ജില്ലകളിലാണ്​ആക്രമണം ​വ്യാപകം​. പത്ത്​ വർഷത്തിനിടെ, ഈ മൂന്ന്​ ജില്ലകളിൽ മാത്രം മരിച്ചത്​ 124 പേർ. ഇക്കാലയളവിൽ പാലക്കാട്ട്​ 48ഉം ഇടുക്കിയിൽ 40ഉം വയനാട്ടിൽ​ 36ഉം പേർക്ക്​ ജീവൻ നഷ്ട​മായി​. 2021 പാലക്കാട്​ ജില്ലക്ക്​ ഇരുണ്ട വർഷമാണ്​. ആ വർഷം പത്ത്​ പേരുടെ ജീവനാണ്​ കാട്ടാന കവർന്നത്​.

ജില്ലതല കണക്കുകളിൽ സംസ്ഥാനത്തുതന്നെ ഏറ്റവും ഉയർന്നതാണിത്​. 2017ൽ എട്ടും 2022ൽ ഏഴും മരണങ്ങൾ പാലക്കാട്​ ജില്ലയിൽ മാത്രം റിപ്പോർട്ട്​ ചെയ്തു. 2024ലാണ്​ ഇടുക്കിയിൽ കൂടുതൽ മരണം റിപ്പോർട്ട്​ ചെയ്യപ്പെട്ടത്​; ഏഴു പേർ​. കഴിഞ്ഞ വർഷം വയനാട്​ ജില്ലയിൽ ആറു പേർക്കും ജീവൻ നഷ്ടമായി. കാടും ജനവാസ മേഖലയും ഇടകലർന്നുകിടക്കുന്ന വയനാട്ടിൽ കാട്ടാന ആക്രമണം വ്യാപകമാണ്​. കാട്ടാനയുടെ മുന്നിൽപെട്ട്​ ജീവൻ തിരിച്ചുകിട്ടിയ നിരവധി പേരുണ്ട്​. കഴിഞ്ഞ പത്ത് വർഷത്തിനിടെ, വയനാട്​ ജില്ലയിൽ 87 പേർക്ക്​ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റു​. വനംവകുപ്പ്​ രേഖ പ്രകാരം സംസ്ഥാനത്തുതന്നെ ഉയർന്നതാണിത്​.

തുടർചികിത്സ​കൾ​ക്ക്​ സഹായമില്ല

വന്യജീവി ആക്രമണത്തിൽ പരിക്കേറ്റവരുടെ ചികിത്സ സർക്കാർ പൂർണമായും ഏറ്റെടുത്തിട്ടില്ല. പരിക്കുകൾക്ക്​ വനംവകുപ്പ് നഷ്ടപരിഹാരം നൽകുന്നത് കേരള റൂൾസ് ​ഫോർ പേമെന്‍റ്​ ഓഫ് കോമ്പൻസേഷൻ ടു വിക്ടിംസ് ഓഫ് അറ്റാക്ക് ബൈ വൈൽഡ് ആനിമൽസ് ഉത്തരവിലെ വ്യവസ്ഥകൾ പ്രകാരമാണ്.

സ്ഥായിയായ അംഗവൈകല്യം സംഭവിക്കുന്നവർക്ക് രണ്ട് ലക്ഷം രൂപയും പരിക്കേൽക്കുന്നവരുടെ ചികിത്സക്ക്​ പരമാവധി ഒരു ലക്ഷം രൂപ വരെയുമാണ്​ അനുവദിക്കുന്നത്​. തുടർചികിത്സ​കൾ​ക്ക്​ സഹായം കിട്ടുന്നില്ല. അതേസമയം, ആദിവാസികളുടെ മുഴുവൻ ചികിത്സച്ചെലവും വഹിക്കാൻ വകുപ്പുണ്ട്​.

Tags:    
News Summary - Wild Elephant Attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.