തിരുവനന്തപുരം: കഴിഞ്ഞ ആറ് വർഷത്തിനിടെ സംസ്ഥാനത്ത് 399 സഹകരണസ്ഥാപനങ്ങളിൽ വായ്പ തട്ടിപ്പ് ഉൾപ്പെടെ ക്രമക്കേടുകൾ. നിയമസഭയിൽ സഹകരണമന്ത്രി വി.എൻ. വാസവൻ രേഖാമൂലം നൽകിയ മറുപടിയിലാണ് ക്രമക്കേട് നടന്ന സ്ഥാപനങ്ങളുടെ പട്ടിക ഉൾപ്പെടെ പ്രസിദ്ധീകരിച്ചത്.
കരുവന്നൂർ ബാങ്കിലേതുൾപ്പെടെ 66 സ്ഥാപനങ്ങളിൽ തട്ടിപ്പ് നടന്ന തൃശൂർ ജില്ലയാണ് ക്രമക്കേടുകളിൽ മുന്നിൽ. ക്രമപ്രകാരമല്ലാതെ വായ്പ നൽകൽ, വ്യാജ സ്ഥിരനിക്ഷേപം, രസീത് ഉപയോഗിച്ച് വായ്പ ചമയ്ക്കുക, ക്ലാസിഫിക്കേഷന് അനുസൃതമല്ലാത്ത നിയമനം, സ്ഥിര നിക്ഷേപങ്ങളിൽ പലിശ നൽകിയതിലുള്ള വ്യത്യാസം, പ്രതിമാസ നിക്ഷേപ പദ്ധതിക്ക് (എം.ഡി.എസ്) ഈടില്ലാതെ തുക നൽകൽ, സ്വർണ വായ്പയിന്മേലുള്ള ക്രമക്കേട്, നീതി മെഡിക്കൽ സ്റ്റോറിലെ സ്റ്റോക് വ്യത്യാസം, സ്ഥാവരജംഗമ വസ്തുക്കൾ ക്രമവിരുദ്ധമായി ലേലം ചെയ്ത് സംഘത്തിന് നഷ്ടം വരുത്തൽ, എം.എം.ബി.എസ് പണാപഹരണം തുടങ്ങിയവ ഇക്കാലയളവിലെ ക്രമക്കേടുകളിൽ ഉൾപ്പെടുന്നു.
ബാങ്കിന്റെ പ്രവർത്തന പരിധിക്ക് പുറത്തുള്ള വസ്തുവിന്റെ ഈടിന്മേൽ വായ്പ നൽകൽ, അനുമതിയില്ലാതെ പൊതുഫണ്ട് വിനിയോഗം, സർക്കാർ ധനസഹായം ദുർവിനിയോഗം, പരിധി അധികരിച്ച് വായ്പ നൽകൽ, സർക്കുലറുകൾക്ക് വിരുദ്ധമായി വായ്പയിൽ അനധികൃതമായി ഇളവ് അനുവദിക്കൽ തുടങ്ങിയ ക്രമക്കേടുകളും കണ്ടെത്തിയതായി മന്ത്രി പറഞ്ഞു. കാലാവധി പൂർത്തിയായിട്ടും നിക്ഷേപം തിരികെ നൽകാൻ സാധിക്കാത്ത 164 സഹകരണ സംഘങ്ങൾ പ്രവർത്തിക്കുന്നതായും മറുപടിയിലുണ്ട്.
[ക്രമക്കേടുകളിൽ അന്വേഷണം നടക്കുകയാണ്. കുറ്റക്കാരെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥർക്കെതിരെ കേരള സിവിൽ സർവിസ് (തരംതിരിക്കലും നിയന്ത്രണവും അപ്പീലും) നിയമപ്രകാരമുള്ള അച്ചടക്ക നടപടി സ്വീകരിച്ചു. കേരള സഹകരണ നിയമപ്രകാരമുള്ള നടപടികളും തുക ഈടാക്കാനുള്ള നടപടികളും സ്വീകരിച്ച് ക്രിമിനൽ കേസെടുത്ത് അന്വേഷണം നടത്തിവരുന്നു.]
-വി.എൻ. വാസവൻ, സഹകരണമന്ത്രി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.