കാഫിർ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചവർക്കെതിരെ എന്തുകൊണ്ട് നടപടിയില്ലെന്ന് കോടതി

വടകര: വിവാദമായ കാഫിർ സ്‌ക്രീൻഷോട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്കെതിരെ എന്തുകൊണ്ട് പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് പ്രോസിക്യൂഷനോട് കോടതി. വെള്ളിയാഴ്ച കേസ് പരിഗണിക്കുന്നതിനിടെ, വിവാദ സന്ദേശം പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കാത്ത കാര്യം മുഹമ്മദ് കാസിമിന്റെ അഭിഭാഷകൻ അഡ്വ. മുഹമ്മദ് ഷാ ഉന്നയിച്ചപ്പോഴാണ് വടകര ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ ചോദ്യം. ഇതിന് വ്യക്തമായ ഉത്തരം നൽകാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല.

പൊലീസ് സമർപ്പിച്ച അധിക റിപ്പോർട്ടിൽ ഡി.വൈ.എഫ്.ഐ നേതാവ് റിബേഷിന്റെ മൊബൈൽ ഫോൺ പരിശോധനയുടെ ഫോറൻസിക് പരിശോധന ഫലമുണ്ട്. റിബേഷിന്റെ ഫോണിൽനിന്ന് സന്ദേശം സൃഷ്ടിച്ചില്ലെന്നാണ് റിപ്പോർട്ട്. എവിടെനിന്നാണ് സന്ദേശം കിട്ടിയതെന്ന വിവരമില്ല. ഇതിന്റെ ഫോറൻസിക് റിപ്പോർട്ട് ലഭിക്കാനുണ്ട്.

കാഫിർ സ്ക്രീൻ ഷോട്ട് അന്വേഷണവുമായി ബന്ധപ്പെട്ട് എം.എസ്.എഫ് നേതാവ് തിരുവള്ളൂരിലെ മുഹമ്മദ് കാസിമാണ് ഹരജി ഫയൽ ചെയ്തത്. പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ, പോരാളി ഷാജിയുടെ ഫേസ്​ബുക്ക് പേജിൽനിന്ന് വിവാദ സന്ദേശം നീക്കം ചെയ്യാൻ ഫേസ്​ബുക്കിനോട് ആവശ്യപ്പെട്ടിട്ടും നീക്കാത്തതിനാൽ മെറ്റയെ കേസിൽ മൂന്നാം പ്രതിയായി ചേർത്തിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ‘പോരാളി ഷാജി’ പേജിന്റെ അഡ്മിൻ വഹാബ്, ‘അമ്പാടിമുക്ക് സഖാക്കൾ’ പേജിന്റെ അഡ്മിൻ മനീഷ്, ‘റെഡ് ബറ്റാലിയൻ’ ഗ്രൂപ്പിൽ സന്ദേശം പോസ്റ്റ് ചെയ്ത അമൽറാം, ‘റെഡ് എൻകൗണ്ടർ’ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത റിബേഷ് എന്നിവരെയും കേസിൽ പ്രതി ചേർക്കണമെന്ന ആവശ്യം ഇദ്ദേഹം ഉന്നയിച്ചു. കേസ് 20ന് വീണ്ടും പരിഗണിക്കും

Tags:    
News Summary - Why is there no action against those who spread kafir screen shot -asks court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.