വത്സൻ തില്ല​ങ്കേരി

കണ്ണൂരിൽ കമ്യൂണിസ്റ്റുകാർ ഭരിക്കുന്ന ക്ഷേത്രത്തിൽ വിവേചനം ഉണ്ടായെങ്കിൽ ആരാണ് ഉത്തരവാദി -വത്സൻ തില്ലങ്കേരി

പത്തനംതിട്ട: കണ്ണൂരിൽ കമ്യൂണിസ്റ്റുകാർ ഭരിക്കുന്ന ക്ഷേത്രത്തിൽ വിവേചനം ഉണ്ടായിട്ടുണ്ടെങ്കിൽ ആരാണ് ഉത്തരവാദിയെന്ന് ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരി. ഇത്തരം പ്രചാരണങ്ങളുടെ ഉദ്ദേശം തമ്മിലടിപ്പിക്കലാണെന്നും കുറുക്കന്റെ കൗശലമാണതെന്നും വത്സൻ പറഞ്ഞു. മലബാർ ദേവസ്വം ബോർഡിന് കീഴിലെ പയ്യന്നൂർ നമ്പ്യാത്രകൊവ്വൽ ശിവക്ഷേത്രത്തിൽ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന് നേരെ നടന്ന ജാതിവിവേചനം വലിയ വിവാദമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ആർ.എസ്.എസ് നേതാവിന്റെ പരാമർശം.

ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ നടന്ന സമരത്തിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് പന്തളം വലിയകോയിക്കൽ ശ്രീധർമ ശാസ്ത ക്ഷേത്രത്തിൽ ആചാര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ആചാര സംരക്ഷണ ദിനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു വത്സൻ. ‘ദക്ഷിണേന്ത്യയിൽ മതപരിവർത്തനത്തിനുള്ള ഏക തടസം ശബരിമല അയ്യപ്പനാണ്. ചതിയുടെ ചരിത്രത്തിൽ നിന്ന് ഹിന്ദു സമാജം ഒന്നും പഠിക്കുന്നില്ല. ആചാരസംരക്ഷണത്തിന് കേരളമൊട്ടാകെയുള്ള വിശ്വാസികൾക്ക് കരുത്ത് നൽകിയത് പന്തളത്തെ വിശ്വാസികളാണ്’ -അദ്ദേഹം പറഞ്ഞു.

അഞ്ച് വർഷം മുൻപ് രൂപീകൃതമായ ആചാര സംരക്ഷണ കൂട്ടായ്മ വീണ്ടും ഉണ്ടാക്കേണ്ട സാഹചര്യമാണെന്ന് അധ്യക്ഷ പ്രസംഗം നടത്തിയ പന്തളം രാജപ്രതിനിധി ശശികുമാര വർമ്മ പറഞ്ഞു. നാമജപ പ്രക്ഷോഭത്തിൽ നാമം ജപിച്ചവർക്കെതിരെ എടുത്ത കേസുകൾ ഇപ്പോഴും പിൻവലിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പൂജകൻ പാലിക്കേണ്ട നിഷ്ഠകളുടെ ഭാഗമായാണ് മന്ത്രിക്ക് വിളക്ക് നൽകാതെ താഴെ വെച്ചതെന്നും അതിനെ അയിത്തമെന്ന് പറഞ്ഞവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ജനങ്ങൾ തീരുമാനിക്കട്ടെയെന്നും അക്കീരമൻ കാളിദാസ ഭട്ടതിരിപ്പാട് പറഞ്ഞു. ദേവസ്വം സ്വർണത്തിലാണ് സർക്കാർ ഇപ്പോൾ കണ്ണ് വെക്കുന്നത്. ആചാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കാനുള്ള ബൗദ്ധിക ശ്രേണി ഇവിടെ പ്രവർത്തിക്കുന്നതായും അദ്ദേഹം ആരോപിച്ചു. 

Tags:    
News Summary - who is responsible for discrimination in temple ruled by communists in Kannur - Valsan Thillankeri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.