ഹിജാബ് ധരിക്കാൻ പാടില്ലെന്ന് പറയാൻ ആർക്കാണ് അധികാരം -ബൃന്ദ കാരാട്ട്

ഹിജാബ് വിവാദത്തിൽ പ്രതികരണവുമായി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് രംഗത്ത്. ഹിജാബിന്റെ പേരിലുള്ള വിവാദം മുസ്‌ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തെയാണ് ഇല്ലാതാക്കുന്നതെന്ന് അവർ ദേശാഭിമാനിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഹിജാബ് ധരിക്കാൻ പാടില്ലെന്ന് നിഷ്‌കർഷിക്കാൻ ആർക്കാണ് അധികാരമെന്നും അവർ ചോദിച്ചു.

സ്‌ത്രീകൾ ഹിജാബ്‌ ധരിക്കാൻ പാടില്ലെന്ന്‌ നിഷ്‌കർഷിക്കാൻ ആർക്കാണ്‌ അധികാരം..? എന്തുകൊണ്ടാണ്‌ ആണുങ്ങൾ തലപ്പാവ്‌ ധരിച്ച്‌ സ്‌കൂളിലോ കോളേജിലോ വരരുതെന്ന്‌ പറയാത്തത്‌. സ്‌ത്രീയുടെയും പുരുഷന്റെയും വിഷയത്തിൽ ഇരട്ടനിലപാടാണ്‌ ഭരണക്കാർക്ക്‌. ഇത്‌ അങ്ങേയറ്റം പ്രതിഷേധാർഹവും അപലപനീയവുമാണ്‌. പ്രധാനമന്ത്രിയുടെ നിശ്ശബ്ദത ക്രിമിനലുകളെ ന്യായീകരിക്കുന്നതാണ്‌. തല മറയ്‌ക്കുന്ന സ്‌കാർഫ്‌ മാത്രമാണ്‌ ഹിജാബ്‌. ബുർഖയല്ല. തെറ്റിദ്ധാരണ പരത്തുകയാണിവിടെ. ഹിജാബിന്റെ പേരിൽ വിവാദമുണ്ടാക്കുന്നവരുടെ ലക്ഷ്യം മുസ്ലിം പെൺകുട്ടികളെ ആക്രമിക്കൽമാത്രമല്ല, അവരുടെ പഠിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തെ ഇല്ലാതാക്കലുമാണ്‌. കർണാടകത്തിലെ ബിജെപി സർക്കാർ ക്രിമിനലുകൾക്ക്‌ ലൈസൻസ്‌ നൽകിയിരിക്കുകയാണെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

സ്‌ത്രീ പുരുഷനെക്കാൾ ഏഴടി പിന്നിൽ നിൽക്കണമെന്നാണ്‌ മനുവാദികൾ പറയുന്നത്‌. സ്‌ത്രീ വീട്ടുജോലിക്കും പ്രസവിക്കാനും മാത്രമുള്ളവരാണെന്ന്‌ മോഹൻ ഭാഗവതിനെപ്പോലുള്ളവരും പറയുന്നു. ആദർശകുടുംബം അങ്ങനെയായിരിക്കണമെന്ന്‌ അവർ വാദിക്കുന്നു. ബിജെപി സർക്കാർ ഹിന്ദുത്വ അജൻഡ അടിച്ചേൽപ്പിക്കുമ്പോൾ സ്‌ത്രീകളെ പലതരത്തിൽ ബാധിക്കുന്നു. പുരുഷാധിപത്യം നമ്മുടെ സാമൂഹ്യവ്യവസ്ഥയിൽ ആഴ്‌ന്നിറങ്ങിയിട്ടുണ്ട്‌. തൊഴിൽലഭ്യതയിലും കൂലിയിലുമൊക്കെ സ്‌ത്രീകൾ പിന്നോട്ടടിച്ചു. പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശംപോലും യുവതികൾക്ക്‌ നിഷേധിക്കുന്നു. ലൗ ജിഹാദ്‌, ദുരഭിമാനഹത്യ തുടങ്ങി സ്‌ത്രീപ്രശ്‌നങ്ങൾ നിരവധിയാണെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

ബിജെപിയുടെ ഏറ്റവും പ്രധാന തുറുപ്പുചീട്ട്‌ വർഗീയതയാണെന്നും, അവരുടെ നിരവധി ആയുധങ്ങളിൽ പ്രധാനമാണതെന്നും അവർ വ്യക്തമാക്കി. ബിജെപിയുടെ ഐടി സെൽ നുണ ഉൽപാദന ഫാക്ടറിയാണ്‌. അവർ നുണയും വ്യാജവാർത്തകളും സൃഷ്ടിച്ച്‌ പ്രചരിപ്പിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

Tags:    
News Summary - Who has the authority to ban hijab -Brinda Karat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.