ഹിമാചലിൽ മദ്യത്തിന് 10 രൂപ സെസ്‌: കേരളത്തിലെ കോൺഗ്രസിന് എന്ത് പറയാനുണ്ട്? -എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: ഹിമാചൽപ്രദേശിൽ പശുക്കളെ സംരക്ഷിക്കാനായി മദ്യത്തിന്‌ കുപ്പിക്ക്‌ 10 രൂപ സെസ്‌ ചുമത്തിയതിനെക്കുറിച്ച്‌ കെ.പി.സി.സി നേതാക്കൾക്ക്‌ എന്താണ്‌ പറയാനുള്ളതെന്ന് സി.പി.എം സംസ്ഥാന ​സെക്രട്ടറി എം.വി. ഗോവിന്ദൻ. കേരളത്തിൽ പാവപ്പെട്ട മനഷ്യർക്ക്‌ സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിന്‌ പെട്രാളിനും ഡീസലിനും രണ്ട്‌ രൂപ സെസ് ചുമത്തിയതിനെതിരെ സമരം നടത്താൻ ആഹ്വാനം ചെയ്‌തവരാണ് കെ.പി.സി.സി നേതാക്കൾ.  അവർ ഭരിക്കുന്ന ഹിമാചൽപ്രദേശിലാണ് ഇപ്പോൾ മദ്യത്തിന്‌ കുപ്പിക്ക്‌ 10 രൂപ സെസ്‌ ചുമത്തിയത്. ഇതേക്കുറിച്ച് കോൺഗ്രസ് പ്രതികരിക്കണമെന്നും എം.വി. ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 

ജനപക്ഷ ഇടതു ബദൽ നയങ്ങൾ മുന്നോട്ടുവെക്കുന്ന കേരളത്തിലെ എൽഡിഎഫ്‌ സർക്കാരിന്‌ അനുകൂലമാണ്‌ കേരളത്തിലെ പൊതുബോധമെന്നതാണ് ജനകീയ പ്രതിരോധ ജാഥയിലേക്ക്‌ ഒഴുകിയെത്തിയ ജനപ്രവാഹം വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരുകാലത്തും നടക്കില്ലെന്ന്‌ കരുതിയ കാര്യങ്ങൾ നടന്നതിലുള്ള സന്തോഷവും സംതൃപ്‌തിയുമാണ്‌ ജനങ്ങളുടെ മുഖത്തുണ്ടായിരുന്നത്. ഇടതുപക്ഷത്തെ രാഷ്ട്രീയമായി എതിർക്കുന്നവർപോലും ജാഥയുടെ ഭാഗമായി. യുഡിഎഫ്‌ ശക്തികേന്ദ്രങ്ങളിൽപോലും വൻ സ്വീകരണമാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പിണറായി സർക്കാരിനെതിരെ വലതുപക്ഷവും മാധ്യമങ്ങളും നടത്തുന്ന അപവാദപ്രചാരണത്തിന്‌ ജനങ്ങൾ വശംവദരാകുന്നില്ലെന്നതിന്റെ സൂചനകൂടിയാണിത്. കേരളത്തിന്റെ മുന്നോട്ടുള്ള വികസനത്തിന്‌ തടയിടുന്നത്‌ കേന്ദ്രം ഭരിക്കുന്ന മോദി സർക്കാരാണെന്നും അവർക്ക്‌ പിന്തുണ നൽകുന്ന രാഷ്ട്രീയകുട്ടുകെട്ടായി കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുഡിഎഫ്‌ അധ:പതിച്ചുവെന്നും ജനങ്ങളെ നല്ല രീതിയിൽ ബോധ്യപ്പെടുത്താൻ ജാഥക്കായി.

അധ:സ്ഥിത, പിന്നോക്ക, ന്യുനപക്ഷ വിഭാഗം സി.പി.എമ്മിൽ വലിയ പ്രതീക്ഷയും വിശ്വാസവുമാണ്‌ അർപ്പിക്കുന്നത്. അരികുവൽക്കരിക്കപ്പെട്ടവർക്ക്‌ അന്തസ്സാർന്ന ജീവിതം പ്രധാനം ചെയ്യുന്നതിൽ എൽ.ഡി.എഫ്‌ സർക്കാർ കാട്ടിയ അർപ്പണബോധവും ശുഷ്‌കാന്തിയുമാണ്‌ ഇതിന്‌ കാരണം. സ്‌ത്രീകളുടെ വർധിച്ച പങ്കാളിത്തമാണ്‌ ജാഥയിലെ ശ്രദ്ധേയമായ മറ്റൊരു കാര്യം. ജനസംഖ്യയിൽ പകുതിയോളം വരുന്ന ഇവർക്ക് സാമ്പത്തിക സ്വാശ്രയത്വം നേടാനും സുരക്ഷിത ജീവിതം പ്രദാനം ചെയ്യാനും എൽഡിഎഫ്‌ സർക്കാരിന്‌ കഴിയുന്നുണ്ടെന്നതിന്റെ വിളംബരമായിരുന്നു വർധിച്ച ഈ സ്‌ത്രീ പങ്കാളിത്തം. യുവാക്കളും കുട്ടികളും വൻതോതിൽ ജാഥയിൽ പങ്കെടുത്തതും വരും തലമുറയെയും നല്ല രീതിയിൽ സ്വാധീനിക്കാൻ സി.പി.എമ്മിന്‌ കഴിന്നുണ്ടെന്നതിന്റെ തെളിവാണ്‌.

കേരളത്തെ സൊമാലിയയോട്‌ താരതമ്യപ്പെടുത്തിയ പ്രധാനമന്ത്രി മോദിക്കും കേരളത്തെ സൂക്ഷിക്കണമെന്ന്‌ ആക്ഷേപിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ഷാക്കുമുള്ള മറുപടിയാണ്‌ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ വെള്ളിയാഴ്‌ചത്തെ പ്രസംഗമെന്നും ഗോവിന്ദൻ പറഞ്ഞു. സ്‌ത്രീശാക്തീകരണത്തിലും സ്‌ത്രീവിദ്യാഭ്യാസത്തിലും തിളക്കമാർന്ന മാതൃകയാണ്‌ കേരളമെന്നാണ്‌ പ്രഥമ കേരള സന്ദർശനത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞത്‌. അത് കേരളത്തെ ആക്ഷേപിക്കുന്ന പ്രധാനമന്ത്രി മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ഷാക്കുമുള്ള മറുപടികൂടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Tags:    
News Summary - What is the opinion of KPCC about Rs 10 cess on liquor in Himachal - M.V. Govindan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.