കൊച്ചി വിമാനത്താവളത്തിൽ ഇറങ്ങിയ ജെറിൻ ജോർജിനെ പിതാവ് ജോർജ് ജേക്കബും മാതാവ് ലില്ലികുട്ടിയും ചേർന്ന് സ്വീകരിക്കുന്നു.
ഹരിപ്പാട്: ഇറാനെതിരെ യു.എസും ഇസ്രായേലും സംയുക്തമായി നടത്തിയ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ഇറാനിൽ കപ്പലിൽ കുടുങ്ങിയ ആലപ്പുഴ സ്വദേശി നാട്ടിൽ തിരിച്ചെത്തി. ആലപ്പുഴ പള്ളിപ്പാട് കണ്ടത്തിൽ കിഴക്കതിൽ ജോർജ് ജേക്കബിന്റെ മകനായ ജെറിൻ ജോർജ് (30) ആണ് സുരക്ഷിതമായി നാട്ടിലെത്തിയത്. കെ.സി. വേണുഗോപാൽ എം.പി കേന്ദ്ര ഗവൺമെന്റുമായും എംബസിയുമായും നടത്തിയ നിരന്തര ഇടപെടലുകളെ തുടർന്ന് ഞായറാഴ്ച രാവിലെ 11 മണിയോടെ ജെറിൻ കൊച്ചി വിമാനത്താവളത്തിൽ എത്തിയത്.
ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'സീ സ്റ്റാർ ഷിപ്പിങ് കമ്പനി'യുടെ 'സണ്ണി' എന്ന ചരക്കു കപ്പലിലെ എഞ്ചിൻ റേറ്ററായിരുന്നു ജെറിൻ. 54 ദിവസം മുമ്പ് ദുബൈയിൽ നിന്നും കാറുകളുമായി ഇറാനിലെ ഖുറംഷാർ തുറമുഖത്ത് എത്തിയതായിരുന്നു. എന്നാൽ യുദ്ധം രൂക്ഷമായതോടെയും എമിഗ്രേഷൻ തടസ്സങ്ങൾ നേരിട്ടതോടെയും കപ്പലിന് തിരികെ പോകാനോ ജീവനക്കാർക്ക് പുറത്തിറങ്ങാനോ കഴിയാത്ത അവസ്ഥയായി. ഭക്ഷണത്തിനും മറ്റും പ്രയാസപ്പെട്ട് കപ്പലിൽ കുടുങ്ങിയതോടെ കുടുംബം വലിയ ആശങ്കയിലായിരുന്നു. തുടർന്ന് കുടുംബം കെ.സി. വേണുഗോപാൽ എം.പി വഴി ഇന്ത്യൻ എംബസിക്കും വിദേശകാര്യ മന്ത്രിക്കും അപേക്ഷ നൽകി. എം.പിയുടെ ഇടപെടലിനെത്തുടർന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ജെറിനെ കപ്പലിൽ നിന്നും മോചിപ്പിച്ചു.
ഇറാനിൽ നിന്നും റോഡ് മാർഗം അർമേനിയയിലെത്തിയ ജെറിൻ, വിമാന മാർഗം മുംബൈയിലെത്തി അവിടെ നിന്നും വിമാന മാർഗമാണ് കൊച്ചിയിലെത്തിയത്. നാട്ടിലെത്താനുള്ള വിമാന ടിക്കറ്റും കെ.സി. വേണുഗോപാൽ എം.പിയാണ് നൽകിയത്. പിതാവ് ജോർജ് ജേക്കബും മാതാവ് ലില്ലിക്കുട്ടിയും ബന്ധുക്കളും മകനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. വിമാനമിറങ്ങിയ ഉടനെ കെ.സി വേണുഗോപാൽ എം.പി തന്നെ ഫോണിൽ വിളിച്ചതായി ജെറിൻ പറഞ്ഞു.
തന്റെ മോചനത്തിനായി പ്രയത്നിച്ച എം.പിക്കും കേന്ദ്ര സർക്കാരിനും പ്രാർത്ഥനകളുമായി കൂടെനിന്ന നാട്ടുകാർക്കും മാധ്യമപ്രവർത്തകർക്കും ജെറിനും കുടുംബവും നന്ദി അറിയിച്ചു. 54 ദിവസത്തെ ദുരിതജീവിതത്തിന് ശേഷം മകൻ തിരികെ എത്തിയതിന്റെ സന്തോഷത്തിലാണ് പള്ളിപ്പാട്ടെ കുടുംബവും അയൽവാസികളും. വീട്ടിലെത്തിയ ജെറിനെ സ്വീകരിക്കാൻ നിരവധി പേരാണ് പള്ളിപ്പാട്ടെ വീട്ടിലേക്ക് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.