കെ.കെ കൊച്ച് : ദലിത് രാഷ്ട്രീയ - സാംസ്കാരിക നിലപാടുകൾ രൂപപ്പെടുത്തുന്നതിൽ നിസ്തുല സംഭാവനകൾ അർപ്പിച്ച മനീഷി - റസാഖ് പാലേരി

തിരുവനന്തപുരം: കേരളത്തിലെയും ഇന്ത്യയിലെയും ദലിത് സമൂഹത്തിന്റെ രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ നിലപാടുകൾ നിർണയിക്കുന്നതിലും ഇടങ്ങൾ രൂപപ്പെടുത്തുന്നതിലും നിസ്തുല സംഭാവനകൾ അർപ്പിച്ച മനീഷിയായിരുന്നു കെ.കെ കൊച്ചെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി.

കെ കെ കൊച്ചിന്റെ വിയോഗം ഒരു കാലഘട്ടത്തിന്റെ പരിസമാപ്തി കൂടിയാണ്. ചരിത്രകാരനായും എഴുത്തുകാരനായും പത്രാധിപരായും രാഷ്ട്രീയ പ്രവർത്തകനായും പ്രസാധകനായും കേരളീയ പൊതുമണ്ഡലത്തിൽ നിറഞ്ഞു നിന്ന ജീവിതമായിരുന്നു കൊച്ചേട്ടന്റേത്.

അനുഭവങ്ങളുടെ ഭാണ്ഡങ്ങളാണ് കൊച്ചേട്ടനെ രൂപപ്പെടുത്തിയത്. ജീവിതാനുഭവം, വായനാനുഭവം, രാഷ്ട്രീയാനുഭവം, സാംസ്‌കാരികമായ അനുഭവങ്ങൾ അങ്ങനെ പലതും. അതിലൂടെ വികസിച്ചു വന്ന കൊച്ചേട്ടന്റെ കാഴ്ചപ്പാടുകൾക്ക് മൗലികതയും ധീരതയുമുണ്ടായിരുന്നു. എല്ലാ സാമൂഹിക - രാഷ്ട്രീയ സംഭവ വികാസങ്ങളോടും അദ്ദേഹം സംവദിച്ചു. സംവാദങ്ങളിൽ അദ്ദേഹം പുലർത്തിയ പ്രതിപക്ഷ ബഹുമാനം ശ്രദ്ധേയമായിരുന്നു.

ചരിത്രം, സാമൂഹിക ശാസ്ത്രം, സാഹിത്യ നിരൂപണം, ഭാഷാശാസ്ത്രം, മാര്‍ക്സിസം, അംബേദ്കറിസം, ഗാന്ധിസം, ഭരണഘടന, ന്യൂനപക്ഷ പ്രശ്നങ്ങള്‍, ഫെമിനിസം, സിനിമ തുടങ്ങി നിരവധി മേഖലകള കുറിച്ച് അദ്ദേഹം ചിന്തിക്കുകയും എഴുതുകയും ചെയ്തു. വ്യവസ്ഥകളോട് കലഹിച്ചു. പൊതുബോധങ്ങളെ വെല്ലുവിളിച്ചു. ഒഴുക്കിനെതിരിൽ ശബ്ദിച്ചു. സർഗാത്മകമായും വസ്തുനിഷ്ഠപരമായും കാര്യങ്ങൾ അവതരിപ്പിക്കാനുള്ള കഴിവ് ഒരു പ്രത്യേകതയായിരുന്നു.

ഏറ്റവും അവസാനം അദ്ദേഹത്തെ വീട്ടിൽ സന്ദർശിച്ച ഘട്ടത്തിൽ അനാരോഗ്യത്തിന്റെ അവശതകൾക്കിടയിലും യോജിപ്പുകളും വിയോജിപ്പുകളും തുറന്നു ചർച്ച ചെയ്തു. വെൽഫെയർ പാർട്ടിയുടെ സ്നേഹോപഹാരം അദ്ദേഹം ഏറ്റുവാങ്ങി.

കൊച്ചേട്ടന്റെ ആത്മകഥയായ "ദലിതന്റെ" ആമുഖത്തിൽ കെ കെ ബാബുരാജ് സൂചിപ്പിച്ചതു പോലെ ആപൽകരമായി കർമം ചെയ്തൊരാൾ എന്ന വിശേഷണം കൊച്ചേട്ടനെ സംബന്ധിച്ച് ആലങ്കാരികമായ വിശേഷണമല്ല, മറിച്ച് ആ ജീവസാക്ഷ്യത്തിന് കൊടുക്കാവുന്ന ഏറ്റവും ലളിതമായ നിർവചനം മാത്രമാണ്. നിറഞ്ഞ ആദരവോടെ കൊച്ചേട്ടന് ആദരാഞ്ജലി അർപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Welfare party leader on K.K Kochu death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.