വെളിയം പടിഞ്ഞാറ്റിൻകരയിലെ കൈത്തറി സഹകരണ സംഘത്തിൽ നെയ്ത്തുതൊഴിലിൽ

ഏർപ്പെട്ട സ്ത്രീ

വെളിയത്തെ നെയ്ത്ത് വ്യവസായവും പ്രതീക്ഷയറ്റ നിലയിൽ

കൊട്ടാരക്കര: പരമ്പരാഗതമായ നെയ്ത്തുഗ്രാമമായ വെളിയത്തെ കൈത്തറി വ്യവസായത്തിന് നഷ്ടപ്രതാപത്തിന്‍റെ കഥയാണ് പറയാനുള്ളത്. 1966ൽ അന്നത്തെ കൊട്ടാരക്കര എം.എൽ.എ ആയിരുന്ന ഇ. ചന്ദ്രശേഖരൻ നായർ മുൻകൈ എടുത്ത്​ വെൽടെക്സ്​ എന്ന പേരിൽ വെളിയം പടിഞ്ഞാറ്റിൻകരയിൽ സ്ഥാപിച്ച കൈത്തറി സഹകരണ സംഘം മൂന്നര പതിറ്റാണ്ടുകാലം നാടിന്‍റെ ജീവിത സാഹചര്യങ്ങളെ എറെ മെച്ചപ്പെടുത്തും വിധം മികച്ച പ്രവർത്തനമാണ് നടത്തിയത്. വെളിയത്തും പരിസരപ്രദേശങ്ങളിലുമായി ഏതാണ്ട് നാനൂറോളം കുടുംബങ്ങളാണ് ഈ സഹകരണസ്ഥാപനംകൊണ്ട് ജീവിതം പച്ചപിടിപ്പിച്ചത്. പ്രവർത്തനമാരംഭിച്ച് അഞ്ചര പതിറ്റാണ്ട് പിന്നിടുന്ന ഈ വേളയിൽ നാമമാത്രമായി നിലകൊള്ളുന്ന ഒന്നായി വെളിയം വെൽടെക്സ്​ മാറി. ഇപ്പോൾ ഈ സ്ഥാപനത്തിൽ 24 തൊഴിലാളികൾ മാത്രമാണുള്ളത്. നിലവിലുള്ള തൊഴിലാളികൾക്ക് കൃത്യമായി കൂലി പോലും ലഭ്യമാകുന്നില്ല. അഞ്ചുമാസത്തെ കൂലിക്കുടിശ്ശികയാണ് ഇപ്പോൾ, ഓണത്തിന്​ മുമ്പ് അത് കിട്ടുമെന്ന പ്രതീക്ഷയിലാണ്​ തൊഴിലാളികൾ.

ഓണക്കോടിയായി ഉപയോഗിക്കുന്ന ഡബിൾ മുണ്ട്, സിംഗിൾ മുണ്ട്, കാവിമുണ്ട്, ഷർട്ടിന്‍റെ തുണി, സ്​കൂൾ യൂനിഫോം തുണികൾ എന്നിവയാണ് ഇവിടെ ഇപ്പോൾ പ്രധാനമായി നെയ്യുന്നത്.  2017ൽ കൈത്തറി വ്യവസായത്തെ തകർച്ചയിൽ നിന്ന് രക്ഷിക്കുന്നതിന്‍റെ ഭാഗമായി സ്​കൂൾ യൂനിഫോം കൈത്തറിത്തുണിയിൽ തയ്ക്കാനുള്ള പദ്ധതി കേരളസർക്കാർ കൊണ്ടുവന്നെങ്കിലും അതിന്‍റെ പ്രയോജനം ഏറെ നാൾ നീണ്ടുനിന്നില്ല.

നൂലും കൂലിയും സർക്കാറാണ് നൽകേണ്ടത്. സർക്കാർ നൽകേണ്ട കൂലിക്കുടിശ്ശിക കൂടിവന്നു എന്നു മാത്രമല്ല തുണിയെടുപ്പും നിലച്ചു. കൂലിയും കുടിശ്ശികയു​മൊന്നും കിട്ടാതായതോടെ സ്​ത്രീതൊഴിലാളികളെല്ലാം തൊഴിലുറപ്പ് പണിയിലേക്കും മറ്റും മാറി. നൂറ്റിനാൽപതോളം തറികളാണ് ഉള്ളതെങ്കിലും അവയേറെയും പ്രവർത്തനരഹിതമായി നശിക്കുകയാണ്. സർക്കാർ ഈ ഓണക്കാലത്തെങ്കിലും കൈത്തി തൊഴിലാളികളുടെ ദുരിതത്തിന് പരിഹാരമായി എന്തെങ്കിലും ചെയ്യുമെന്ന്​ കരുതിയിരുന്നെങ്കിലും അതുണ്ടായില്ല.

Tags:    
News Summary - weaving industry at Velliyam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.