തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്.
കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടില്ല. മരച്ചുവട്ടിൽ വാഹനങ്ങളും പാർക്ക് ചെയ്യരുത്. വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. അപകടാവസ്ഥയിലുള്ള മരങ്ങൾ പൊതുവിടങ്ങളിൽ ശ്രദ്ധയിൽപെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കാനും നിർദേശം നൽകി.
ഉറപ്പില്ലാത്ത പരസ്യബോർഡുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവയും കാറ്റിൽ വീഴാൻ സാധ്യതയുള്ളതിനാൽ കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ ശരിയായ രീതിയിൽ ബലപ്പെടുത്തുകയോ അഴിച്ചുവെക്കുകയോ ചെയ്യണം. ചുമരിലോ മറ്റോ ചാരിവച്ചിട്ടുള്ള കോണി പോലെയുള്ള കാറ്റിൽ വീണുപോകാൻ സാധ്യതയുള്ള ഉപകരണങ്ങളും മറ്റ് വസ്തുക്കളും കയറുപയോഗിച്ച് കെട്ടിവെക്കേണ്ടതാണ്.
കാറ്റ് വീശി തുടങ്ങുമ്പോൾ തന്നെ വീടുകളിലെ ജനലുകളും വാതിലുകളും അടച്ചിടണം. ജനലുകളുടെയും വാതിലുകളുടെയും സമീപത്ത് നിൽക്കാതിരിക്കുക. വീടിൻറെ ടെറസിലും നിൽക്കുന്നത് ഒഴിവാക്കുക. ഓല മേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ വീടുകളിൽ താമസിക്കുന്നവർ മുന്നറിയിപ്പ് വരുന്ന ഘട്ടങ്ങളിൽ അധികൃതർ ആവശ്യപ്പെടുന്ന മുറക്ക് സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറിത്താമസിക്കണം.
തദ്ദേശ സ്ഥാപനതല ദുരന്ത ലഘൂകരണ പദ്ധതി പ്രകാരം കണ്ടെത്തിയ ഇത്തരം ആളുകളെ റിലീഫ് ക്യാമ്പുകളിലേക്ക് ആവശ്യമുള്ള ഘട്ടങ്ങളിൽ മാറ്റാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും റവന്യൂ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മുൻകൈയെടുക്കേണ്ടതാണ്.
കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിൽ ഏതെങ്കിലും അപകടം ശ്രദ്ധയിൽ പെട്ടാൽ ഉടനെ തന്നെ കെഎസ്ഇബിയുടെ 1912 എന്ന കൺട്രോൾ റൂമിലോ 1077 എന്ന നമ്പറിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലോ വിവരം അറിയിക്കുക.
തകരാര്‍ പരിഹരിക്കുന്ന പ്രവർത്തികൾ കാറ്റ് തുടരുന്ന ഘട്ടത്തിൽ ഒഴിവാക്കുകയും കാറ്റും മഴയും അവസാനിച്ച ശേഷം മാത്രം നടത്തുകയും ചെയ്യുക. പത്രം-പാൽ വിതരണക്കാർ പോലെയുള്ള അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം. എന്തെങ്കിലും അപകടം സംശയിക്കുന്നപക്ഷം കൺട്രോൾ റൂമിൽ അറിയിച്ച് അപകടം ഇല്ലെന്ന് ഉറപ്പ് വരുത്തി മാത്രം മുന്നോട്ടുപോകണം.
കൃഷിയിടങ്ങളിൽ കൂടി കടന്ന് പോകുന്ന വൈദ്യുത ലൈനുകളും സുരക്ഷിതമാണെന്ന് പാടത്ത് ഇറങ്ങുന്നതിന് മുമ്പ് ഉറപ്പ് വരുത്തുക. നിർമാണ ജോലികളിൽ ഏർപ്പെടുന്നവർ കാറ്റും മഴയും ശക്തമാകുമ്പോൾ ജോലി നിർത്തി വച്ച് സുരക്ഷിതമായ ഇടത്തേക്ക് മാറി നിൽക്കണം.
അടുത്ത മൂന്ന് മണിക്കൂറിൽ മഴയും ഇടിമിന്നലും ഉണ്ടാകാനിടയുള്ള ജില്ലകളുടെ പ്രവചനം കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ http://mausam.imd.gov.in/thiruvananthapuram/ എന്ന വെബ്‌സൈറ്റിൽ കൃത്യമായ ഇടവേളകളിൽ അപ്‌ഡേറ്റ് ചെയ്യുന്നതാണ്.
കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നുമുതൽ എട്ടാം തീയതി വരെ മത്സ്യബന്ധനത്തിന് കടലിൽ പോകരുതെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
സോമാലിയൻ തീരം, അതിനോട് ചേർന്ന തെക്ക് പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി പ്രദേശം, വടക്കൻ തമിഴ്‌നാട്, ശ്രീലങ്കൻ തീരം, തെക്കൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന മധ്യ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത നിലനിൽക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.