ന്യൂഡൽഹി: കേരള മുഖ്യമന്ത്രി ആരെന്ന അനിശ്ചിതത്വത്തിന് ഇന്ന് വിരാമമാകും. കേരളത്തിൽനിന്നുള്ള മുതിർന്ന നേതാക്കളുമായി ചർച്ചകൾ പൂർത്തിയാക്കിയ കോൺഗ്രസ് ഹൈകമാൻഡ് ഉച്ചയോടെ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് വിവരം.
ബുധനാഴ്ച രാവിലെ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കൂടിക്കാഴ്ച നടത്തും. നിലവിൽ ഹൈകമാൻഡ് ഒറ്റ പേരിലേക്ക് എത്തിയിട്ടുണ്ടെന്നാണ് സൂചന. എ.ഐ.സി.സി അധ്യക്ഷന്‍റെ കൂടി അംഗീകാരം ലഭിച്ചാൽ പ്രഖ്യാപനം നടത്തും. മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദം ഉന്നയിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരുടെ ക്യാമ്പുകൾ ഒരുപോലെ ആകാംക്ഷയിലും ആശങ്കയിലുമാണ്.
പ്രഖ്യാപനത്തിനു മുമ്പായി ഘടകകക്ഷികളോട് ഒരിക്കൽകൂടി അഭിപ്രായം ചോദിക്കാനും സാധ്യതയുണ്ട്. തീരുമാനം വൈകുന്നതിൽ മുസ്ലിം ലീഗ് അടക്കമുള്ള ഘടകക്ഷികളെല്ലാം കടുത്ത അതൃപ്തിയിലാണ്. കേരളത്തിൽനിന്നുള്ള മുൻ കെ.പി.സി.സി പ്രസിഡന്റുമാരെയും നിലവിലുള്ള വർക്കിങ് പ്രസിഡന്റുമാരെയും ന്യൂഡൽഹി 10 ജൻപഥിലേക്ക് വെവ്വേറെ വിളിച്ചാണ് രാഹുൽ ഗാന്ധി അവസാനഘട്ട കൂടിയാലോചന നടത്തിയത്. കെ.സി. വേണുഗോപാൽതന്നെയാകും മുഖ്യമന്ത്രിയെന്ന് അദ്ദേഹത്തിന്റെ പക്ഷമുറപ്പിക്കുമ്പോൾ കേരളത്തിന്റെ വികാരം കണക്കിലെടുക്കുമെന്നാണ് വി.ഡി. സതീശൻ പക്ഷം പ്രതീക്ഷിക്കുന്നത്. എന്ത് തീരുമാനത്തിനും താൻ തയാറാണെന്ന നിലപാടിലാണ് രമേശ് ചെന്നിത്തല.
മുഖ്യമന്ത്രി പദവിക്കായി സമൂഹ മാധ്യമങ്ങളിലും തെരുവുകളിലും പ്രചാരണ രംഗത്തിറങ്ങിയതിലുള്ള അസ്വസ്ഥത രാഹുൽ പങ്കുവെച്ചിരുന്നു. വയനാട് എം.പി കൂടിയായ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി കേരളത്തിലെ പൊതുവികാരം രാഹുൽ ഗാന്ധിയെ ബോധ്യപ്പെടുത്തിയതായാണ് വിവരം. യു.ഡി.എഫിലെ പ്രബല കക്ഷികളായ മുസ്‍ലിം ലീഗും കേരള കോൺഗ്രസും വി.ഡി. സതീശനെ പിന്തുണയ്ക്കുന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. ഘടകകക്ഷികളുടെ ഈ താൽപര്യം കൂടി പരിഗണിച്ചാണ് രാഹുൽ ഗാന്ധി അവസാന നിമിഷം നേരിട്ടുള്ള ചർച്ചകൾക്ക് മുതിർന്നത്. തീരുമാനം എന്തുതന്നെയായാലും അത് ഏകകണ്ഠമാണെന്ന് വരുത്തിത്തീർക്കാനും പാർട്ടിയിലെ ഭിന്നതകൾ പരിഹരിക്കാനും ഹൈകമാൻഡ് അതീവ ജാഗ്രതയാണ് പുലർത്തുന്നത്.
ഇടതുമുന്നണിയെ നിലംപരിശാക്കിയ വിജയത്തിന്‍റെ ആരവവും തരംഗവും ഒരാഴ്ചപോലും നിലനിർത്താനായില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റിനുതന്നെ സമ്മതിക്കേണ്ടിവന്നത് പാർട്ടി നേരിടുന്ന അസാധാരണ പ്രതിസന്ധിക്ക് അടിവരയിടുന്നു. അണികൾക്കിടയിലാകട്ടെ, വലിയ നിരാശയും കനക്കുന്നു. ഉചിതമായ തീരുമാനം ഉടനുണ്ടാകുമെന്ന് പറയാനല്ലാതെ എന്തുകൊണ്ട് വൈകുന്നുവെന്നതിന് കൃത്യമായ ഉത്തരം കെ.പി.സി.സി പ്രസിഡന്‍റിന് പോലുമില്ല.
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ മന്ത്രിസഭാ ചർച്ചകളിലേക്ക് മുന്നണി കടക്കും. ഘടകകക്ഷികൾക്ക് ലഭിക്കുന്ന മന്ത്രിസ്ഥാനവും വകുപ്പുകളുമായിരിക്കും ആദ്യം ചർച്ചയായുക. മുതിർന്ന കോൺഗ്രസ് നേതാക്കളായ കെ. മുരളീധരൻ, എ.പി. അനിൽ കുമാർ, തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയവരുടെ പേരുകൾ മന്ത്രിസഭയിലേക്ക് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.