തീരാ വേദനകൾക്ക് വിട; ശ്രുതി ഇന്ന് മുതൽ സർക്കാർ ജീവനക്കാരി...

കൽപ്പറ്റ: വയനാട് ഉരുൾ ദുരന്തത്തിൽ വീടും ഉറ്റവരും, പിന്നീടുണ്ടായ അപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി ഇന്ന് സർക്കാർ ജോലിയിൽ പ്രവേശിക്കും. രാവിലെ 10 മണിയോടെ കലക്ടറേറ്റിൽ എത്തി റവന്യു വകുപ്പിൽ ക്ലർക്കായി ചുമതലയേൽക്കും. ഉരുൾപ്പൊട്ടൽ ദുരന്തത്തിനു പിന്നാലെ ശ്രുതിക്ക് സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രിയും റവന്യു മന്ത്രി കെ രാജനും പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ മാസമാണ് റവന്യു വകുപ്പിൽ നിയമനം നൽകിയുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്. ജോലിയിൽ പ്രവേശിക്കുന്ന ശ്രുതിയെ ടി.സിദീഖ് എം.എൽ.എ ഇന്നലെ വീട്ടിലെത്തി അഭിനന്ദിച്ചിരുന്നു.

കഴിഞ്ഞ ജൂലൈ 30നുണ്ടായ ഉരുൾപൊട്ടലിലാണ് ശ്രുതിക്ക് കുടുംബാംഗങ്ങളെയും വീടും നഷ്ടമായത്. തുടര്‍ന്ന് താങ്ങായി നിന്ന പ്രതിശ്രുത വരന്‍ ജെന്‍സണെയും വാഹനാപകടത്തിൽ നഷ്ടമായി.

വയനാട് കൽപറ്റയിലുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് നാടിന്റെ പ്രാര്‍ഥനകളെല്ലാം വിഫലമാക്കി ജെന്‍സണ്‍ വിടപറഞ്ഞത്. ഉരുൾപൊട്ടലിനുശേഷം ബന്ധുവിനൊപ്പം കൽപ്പറ്റയിൽ കഴിയുന്ന ശ്രുതിയുടെ വിവാഹം കഴിഞ്ഞ മാസം നടത്താനിരിക്കെയായിരുന്നു വരന്‍റെ അപ്രതീക്ഷിത വിയോഗം. ഇതോടെ, ശ്രുതിയെ അറിഞ്ഞ ഓരോ മനുഷ്യന്റെയും ഉള്ളിലെ നീറുന്ന പേരാണ് ശ്രുതി.

തന്റെ കുടുംബം സ്വപ്നം കണ്ട ജീവിതം തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് എന്റെ ഭാഗത്തുനിന്നുണ്ടാവുകയെന്ന് ശ്രുതി മാധ്യമങ്ങളോട് പറഞ്ഞു. കൂടെയുണ്ടാവേണ്ടവർ ഒപ്പമില്ലെന്ന ദു:ഖമുണ്ട്... മുന്നോട്ട് ജീവിക്കാനുള്ള കൈതാങ്ങാണിത്. മുന്നോട്ട് പോവുക. സർക്കാർ വാക്ക് പാലിച്ചതിൽ സന്തോഷമുണ്ട്... എനിക്ക് വേണ്ടി പ്രാർത്ഥിച്ചവരോടെല്ലാം നന്ദിയുണ്ടെന്നും ശ്രുതി പറഞ്ഞു. 

Tags:    
News Summary - Wayanad landslide disaster Shruti is a government employee today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.