ഉള്ളു പൊട്ടുന്ന വേദന..., പുഞ്ചിരിമട്ടത്ത് ഉരുൾ പൊട്ടലിൽ തകർന്ന തന്റെ വീട് നിന്ന പ്രദേശത്ത് തിരച്ചിൽ നടക്കുമ്പോൾ ദുഃഖിതനായി ഇരിക്കുന്ന അബ്ദുൽ ലത്തീഫ് . അബ്ദുൽ ലത്തീഫിൻ്റെ 11 കുടുംബാംഗങ്ങൾ ദുരന്തത്തിനിരയായി 3 പേരുടെ മൃതദേഹം
കിട്ടാനുണ്ട്. z പി. അഭിജിത്ത്
മുണ്ടക്കൈ/പുഞ്ചിരിമട്ടം: ‘സാറേ, അവിടെ ഒന്നൂടെ തിരയണേ, ദാ അവിടെ വലിയ ഒരു കിണറായിരുന്നു, സീതകുണ്ടിലെ താഴ്ചയിൽ ആരെങ്കിലും പോയിരിക്കാം...’ ഉരുൾപൊട്ടൽ മഹാദുരന്തത്തിൽ കാണാതായ ഉറ്റവർക്കായി വെള്ളിയാഴ്ച നടന്ന ജനകീയ തിരച്ചിലിൽ മുണ്ടക്കൈ, പുഞ്ചിരിമട്ടം നിവാസികളുടെ ഉള്ളിൽനിന്നെരിഞ്ഞുവീണത് ഭീതിയുടെയും ആശങ്കയുടെയും വാക്കുകളായിരുന്നു.
തിരച്ചലിന് നേതൃത്വം നൽകിയ മന്ത്രി മുഹമ്മദ് റിയാസിനോടും ഉത്തര മേഖല ഐ.ജി കെ. സേതുരാമനോടും വീടുകളും ഉറ്റവരും നഷ്ടപ്പെട്ടവർ ദുരന്തസമയത്തെ മറക്കാനാവാത്ത കാഴ്ചകളാണ് വിവരിച്ചത്. അപകട സൂചന കാണുമ്പോൾ മുണ്ടക്കൈ പള്ളിയുടെ ഭാഗത്തായിരുന്നു തങ്ങളെല്ലാം ഒരുമിക്കുക.
എന്നാൽ, ഇത്തവണ എല്ലാ കണക്കുകൂട്ടലും തെറ്റിച്ച് ഉരുൾപൊട്ടി തങ്ങളുടെ കുടുംബങ്ങളെയും നാട്ടുകാരെയും നഷ്ടമായെന്ന് പ്രദേശവാസിയായ റഷീദ് പറഞ്ഞു. പള്ളിക്ക് സമീപത്തെ സീതക്കുണ്ട് വലിയ താഴ്ചയുള്ള ഭാഗമാണെന്നും അവിടെയെല്ലാം മൃതദേഹങ്ങൾ മൺമറയാൻ സാധ്യതയുണ്ടെന്നും റഷീദ് ഐ.ജിയോട് പറഞ്ഞു. നാട്ടുകാർ പറയുന്ന സ്ഥലങ്ങളിൽ തിരച്ചിൽ നടത്താൻ തങ്ങൾ തയാറാണെന്നായിരുന്നു ഐ.ജിയുടെ മറുപടി. നാട്ടുകാരുടെ നിർദേശങ്ങൾ മാനിച്ചായിരിക്കും തിരച്ചിൽ ദൗത്യം മുന്നോട്ടുപോവുകയെന്ന് മന്ത്രിയും ഉറപ്പിച്ചുപറഞ്ഞു.
അപകടദിവസം അർധരാത്രി അപ്രതീക്ഷിതമായെത്തിയ ദുരന്തത്തിൽ രക്ഷിക്കണേയെന്ന കൂട്ട നിലവിളികളായിരുന്നു എങ്ങും കേട്ടതെന്നും അതിപ്പോഴും കാതിൽ മുഴങ്ങുകയാണെന്നും പ്രദേശവസികൾ പറയുന്നു. ഇരുളടഞ്ഞ വീടിനു മുന്നിലൂടെ കുത്തിയൊലിച്ചെത്തിയ വെള്ളം കണ്ടതോടെ, വീട്ടിലെ കുട്ടികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ അനുഭവമാണ് 22കാരനായ വിഷ്ണു പങ്കുവെച്ചത്. മുണ്ടക്കൈ ഭാഗത്ത് 90 പേർ ദുരന്തത്തിൽ മരിച്ചെന്നും ഇനിയും 60 മൃതദേഹങ്ങൾ ലഭിക്കാനുണ്ടെന്നും നാട്ടുകാരനായ റഷീദ് ഉറപ്പിച്ചുപറയുന്നു.
അതേസമയം, മുണ്ടക്കൈ ഭാഗത്ത് 60 മൃതദേഹങ്ങൾ കിട്ടാൻ ബാക്കിയുണ്ടാവില്ലെന്നും തിരിച്ചറിയാത്തവയിൽ ഇവിടെ നിന്നുള്ളവരുണ്ടാവാമെന്നും ഐ.ജി. സേതുരാമൻ പറഞ്ഞു.
പ്രതീക്ഷയർപ്പിച്ച ഭാഗങ്ങളില്ലൊം ഹിറ്റാച്ചിയും മണ്ണുമാന്തിയും ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും മൃതദേഹാവശിഷ്ടങ്ങൾ കണാനായില്ല. രാവിലെ ആറിന് തിരച്ചിൽ തുടങ്ങുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും രണ്ട് മണിക്കൂർ വൈകിയാണ് വെള്ളിയാഴ്ച ദൗത്യം തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.